ഈസോപ്പ് കഥകൾ/അവയവങ്ങളുടെ സമരം

(അവയവങ്ങളുടെ സമരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
അവയവങ്ങളുടെ സമരം

ശരീരാവയവങ്ങൾ ഒരുമിച്ചുകൂടി സംസാരിച്ചിരിക്കുകയായിരുന്നു. ആമാശയത്തെപ്പറ്റിയായി ചർച്ച. എല്ലാ അവയവങ്ങളും പണി എടുക്കുന്നു. എന്നാൽ ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രം. ഇത് അന്യായമായി അവയവങ്ങൾക്ക് തോന്നി. ആമാശയവും കൂടി ന്യായമായ ജോലിചെയ്യും വരെ പണിമുടക്കാൻ അവയവങ്ങൾ തീരുമാനിച്ചു. ഭക്ഷണം എടുക്കാൻ കൈകൾ വിസമ്മതിച്ചു. ഭക്ഷണം സ്വീകരിക്കാൻ വായ് തയ്യാറായില്ല. ദന്തങ്ങൾക്ക് പണിയില്ലാതായി. എന്നാൽ സമരം രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ അവയവങ്ങൾക്ക് ദുരിതമായി. കൈകൾക്ക് അനങ്ങാൻ പറ്റുന്നില്ല. വായ് വറ്റി വരണ്ടു. കാലുകൾക്ക് ശേഷിയില്ലാതായി. അപ്പോഴവർക്ക് മനസ്സിലായി. ആമാശയവും നിരന്തരമായും എന്നാൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്ന്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ശരീരം താറുമാറായി പോകുമെന്നും.

ഗുണപാഠം: ഒത്തൊരുമിച്ചു പ്രവർത്തിച്ചില്ലെങ്കിൽ അതെല്ലാവരെയും ബാധിക്കും.