ചപലകേളി

ആനന്ദദേവതേ, നീ പോയൊരാ വഴിവക്കിൽ
ഞാനെത്രനേരം നിന്നെ കാത്തു നിന്നു!
പൊന്നണിപ്പുലരൊളി വിണ്ണിങ്കലാകമാനം
ചിന്നിപ്പരന്നതുതൊട്ടന്തിയോളം,
ശോകാന്ധകാരം തിങ്ങി രാഗതാരകൾ മിന്നി-
യേകാന്തരാത്രി വീണ്ടും പുലരുവോളം
ആ വഴിവക്കിൽത്തന്നെ, യാവഴിമുക്കിൽത്തന്നെ-
യാവിധം നിന്നു ഹാ ഞാൻ നോക്കിനിന്നെ!
എന്നിട്ടും നിന്നെക്കാത്തുനിന്നിട്ടും, നിർദ്ദയേ, നീ
വന്നില്ലൊന്നതുവഴി, മടങ്ങിവീണ്ടും!
തന്നിഷ്ടക്കാരിയല്ലേ; മറ്റൊരുമാർഗ്ഗമായി-
ട്ടെന്നെക്കാണാതെ, നീയങ്ങൊളിച്ചുപോന്നു.
എന്നെങ്കിലുമെനിക്കും കിട്ടുമൊരവസരം
നിന്നെയിതുവിധം കബളിപ്പിക്കാൻ!
അന്നിതു, മിതിനുള്ള 'വാശി' യുമൊരുമിച്ചു
തന്നിടാം നിനക്കു ഞാൻ മതിയാവോളം!
ഇന്നു നീ ജയിച്ചുകൊൾ, കിന്നു നീ ചിരിച്ചുകൊൾ-
കൊന്നും ഞാൻ പറയുന്നില്ലോമലാളേ! ...