തമസ്സിൽ

നിശ്ചലം നീലനിശീഥം-ചിരിച്ചതാ
നിൽക്കുന്നു മുന്നിൽ നീ, വെള്ളിനക്ഷത്രമേ!
ദൂരെ, മജ്ജാസ്ഥിരക്താദിശക്തിക്കേറെ
ദൂരെ, 'പ്പുണർകെ' ന്നോതി നിൽക്കുന്നു നീ.
മദ്യോദിതാലക്തികോത്ക്കടശക്തിയായ്
മത്സരിച്ചീടുമീ മത്സിരാമണ്ഡലം,
സൽക്കാരശാല തുറക്കുന്നതെന്നി, ല-
സ്തപ്തവർണ്ണങ്ങൾ കൈകോർത്തുനിന്നാടുവാൻ.
എന്നാൽ, ക്കറുപ്പും വെളുപ്പുമല്ലാതെ വേ-
റൊന്നുമി, ല്ലെല്ലാമിരുട്ടാണു ചുറ്റിലും.
ചുറ്റുമിരുട്ടാണു മുജ്ജന്മമെന്നപോ-
ലറ്റംപെടാത്തോരറിയായ്മയെന്നപോൽ.

നീമാത്രമേയുള്ളു വെണ്മ-നിൻചാരെയാ
നീലമേഘം വീണുറങ്ങീ- ചിരിപ്പൂ നീ!
നീയുംകറുക്കുമോ, ദൂരം ചതിക്കുമോ
നീയും കരിക്കട്ടതന്നെയോ, മായികേ?

നിന്നെക്കൊതിപ്പൂ ഞാ, നെന്നെത്തഴുകുവാൻ
നിന്നിടുന്നൂ സർവ്വസന്നദ്ധയായി നീ.
എങ്കിലുമാവൽച്ചിറകടി ചീറ്റുന്ന
പങ്കിലാകാശമകറ്റുന്നു നമ്മളെ!

സ്പന്ദിപ്പു മന്മനം-മേഘമുറങ്ങട്ടെ
മന്ദഹസിക്കു നീ, സങ്കൽപലോലുപേ!
നീയും തുടിപ്പിതോ നിസ്സഹായേ, ഹന്ത
നീറിടുന്നോ നിൻ മൃദുലഹൃദയവും.

അങ്ങെഴു ദിവ്യസപര്യയിലുല്ലാസ-
ഭംഗമുൾച്ചേർന്നു വിളർത്തുപോയ് നിന്മുഖം.
പോരികിങ്ങോട്ടെൻ നഖങ്ങളാൽ നിന്നിളം-
താരെതിർമെയ്യിലള്ളിപ്പിടിച്ചങ്ങനെ
രക്തം പൊടിപ്പിച്ചു നിന്നെപ്പിടപ്പിച്ചു
മത്തടിച്ചാർത്തു രസിച്ചിടട്ടൊന്നു ഞാൻ.
കാണുമാത്മാവൊന്നടുപ്പിക്കിലാ, ലോല-
വീണാരവത്തിലു, മെന്തെങ്കിലും നഖം.
കേണിടും നേരവും കോരിത്തരിപ്പിച്ച-
താണെന്റെ ശോണോജ്ജ്വലാശ്ലേഷമാലകൾ.

ആ വിണ്ണിൽ മുള്ളുകളില്ല, രസമില്ല
ഭൂവാണുകാമ്യം വരികയിങ്ങോട്ടു നീ.
ഉദ്രസം ഗൂഢമായ് കീഴ്പോട്ടു പാഞ്ഞിടു-
മെത്ര നക്ഷത്രങ്ങൾ കണ്ടിരിക്കുന്നു ഞാൻ!
വേദാന്തമെന്തു പറകിലും ജന്മങ്ങൾ
വേണം കുറച്ചൊക്കെ നോവണം ജീവിതം.

എന്നോടു മന്ത്രിപ്പു മാംസം "ചതിക്കില്ല
നിന്നെയെന്നാളുമക്കാറ്റിനെപ്പോലെ ഞാൻ.
പുഞ്ചിരിതൻ പൊൻകിനാവാണു കണ്ണീരിൽ
നെഞ്ചിടിപ്പേറ്റുന്ന ജാഗരമല്ല ഞാൻ."
വായുവെന്നോടുപദേശിച്ചു- "പാടില്ല
വാടി നീ വീഴുമൊരുദിന, മെങ്കിലും,
എന്നിലുൾച്ചേർന്നിടും നിൻ ദിവ്യ സൌരഭം
നന്നു നീയെന്നെത്തലോടു നക്ഷത്രമേ!
സ്വപ്നപ്രിയനെന്റെ മാംസത്തിനൊത്തിടും
സ്വർഗ്ഗം രചിക്കാ, നമൃതം പകരുവാൻ" ...

എന്തു സൌരഭമെൻ ചുറ്റുമെൻ ചുണ്ടത്തു
ചെന്തളിർച്ചുണ്ടൊന്നുരുമ്മുന്നു ഗാഢമായ്!
മേഘം മറഞ്ഞു, നീ പോന്നു തമസ്സിന്റെ
മേചകത്തോപ്പിലൊളിച്ചൊളിച്ചെത്തി നീ.
ഇല്ല നിനക്കുമെനിക്കും ചിറകുകൾ
ഇല്ല നമുക്കു പരിവേഷരശ്മികൾ.
താരമായ്ത്തോന്നീ നിനക്കു ഞാനും-ശരി
ദൂരം ചതിച്ചു-ഹാ, തെറ്റിദ്ധരിച്ചു നാം.
എങ്കിലെന്തേതേതു ദേവനും കിട്ടാത്ത
സന്തോഷമൂർച്ഛയ്ക്കധീനരാണിന്നു നാം.
മന്നിലെപ്പുൽക്കൊടി വാടിക്കരിഞ്ഞുപോം
വിണ്ണിലേ മേഘവും മാഞ്ഞുമാഞ്ഞുപോം.
എല്ലാമിരുട്ടും വെളിച്ചവും ചേർന്നതാ-
ണില്ലാ തനിച്ചൊ, ന്നഖിലവും സങ്കരം!

നിന്മാംസമെന്നെസ്സുഖിപ്പിപ്പു-രശ്മികൾ
കൽമഷാരോപണം ചെയ്തകറ്റീടിലും
സ്വപ്നം തമസ്സിലേ പൂക്കൂ തമസ്സിന്റെ
തൽപത്തിലത്ഭുതസ്വർഗ്ഗമീക്ഷിപ്പു ഞാൻ.
മറ്റു സത്യത്തിൻ ശരികളേക്കാട്ടിലും
മത്സ്വപ്നമേ, നിന്റെ തെറ്റിനിച്ഛിപ്പു ഞാൻ.
മണ്ണടിഞ്ഞീടുമെന്മാംസം വളം വെച്ച
മന്ദാരവൃക്ഷം വിഷവൃക്ഷമാകുമോ? ...