അഹിംസ

രചന:ശ്രീനാരായണഗുരു
തിരുക്കുറളിലെ ചില ആശയങ്ങൾ ഗുരു ഈ കൃതിയിൽ കടംകൊണ്ടിട്ടുണ്ട്.


നിരുപദ്രവമാം ജന്തു-
നിരയെത്തൻ ഹിതത്തിനായ്
വധിപ്പോനു വരാ സൗഖ്യം
വാണാലും ചത്തുപോകിലും.       1

ഉപദ്രവിക്ക ബന്ധിക്ക
കൊല്ലുകെന്നിവയൊന്നുമേ
ചെയ്യാത്ത ജന്തുപ്രിയനു
ചേരും പരമമാം സുഖം.       2

ചിന്തിപ്പതും ചെയ്യുവതും
ബുദ്ധി വെയ്പ്പതുമൊക്കവേ
ഏതിനേയും കൊന്നിടാത്തോ-
നെന്നും സഫലമായ് വരും.       3

കൊല്ലാതെകണ്ടു ലോകത്തു
കിട്ടാ മാംസങ്ങളൊന്നുമേ,
കൊല പാപവുമാകുന്നു
കളവിൻ മാംസഭക്ഷണം.       4

മാംസമുണ്ടാവതും പ്രാണി-
വധവും പീഡനങ്ങളും
മനസ്സിലോർത്തു വിടുവിൻ
മാംസഭക്ഷണമാകവേ!       5

"https://ml.wikisource.org/w/index.php?title=അഹിംസ&oldid=18041" എന്ന താളിൽനിന്ന് ശേഖരിച്ചത്