അർദ്ധനാരീശ്വരസ്തവം

രചന:ശ്രീനാരായണഗുരു (1894)
വരൾച്ചയിൽപ്പെട്ട ഒരു പ്രദേശം സന്ദർശിച്ചപ്പോൾ ഗുരു രചിച്ചുപാടിയ സ്തോത്രം.

       
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ-
മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ
ഗംഗാനദീധാമമേ!       1

നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ?       2

ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ-
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
ന്തയ്യോ കുഴപ്പത്തിലായ്
നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വരാ!       3

ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ?
കൂറർദ്ധനാരീശ്വരാ!       4

മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ
ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ?       5

"https://ml.wikisource.org/w/index.php?title=അർദ്ധനാരീശ്വരസ്തവം&oldid=18090" എന്ന താളിൽനിന്ന് ശേഖരിച്ചത്