ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
അക്ഷരനിരൂപണം
ആദിഭാഷ

ഉള്ളടക്കം

തിരുത്തുക
  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


അക്ഷരനിരൂപണം

തിരുത്തുക

ഇനി ഇവിടെ ഇപ്പൊൾ നാം നിരൂപിക്കേണ്ടത് ഈ രണ്ട് ഭാ‌ഷകളിൽ ഏതാണു ആദിഭാ‌ഷ എന്നുള്ളതാണ്. ഒരു ഭാ‌ഷയെപ്പറ്റി നിരൂപിക്കാൻ തുടങ്ങുമ്പോൾ അതിലേയ്ക്ക് പ്രത്യക്ഷമായി നമുക്കു കിട്ടുന്നത് ആ ഭാ‌ഷയുടെ ശബ്ദശാസ്ത്രമാണ്. ആദ്യം ഈ ഭാ‌ഷകളിലുള്ള അക്ഷരങ്ങളെക്കുറിച്ചു തന്നെ ആലോചിയ്ക്കാം. അപ്പോൾ സംസ്കൃതത്തിലെ ലിപികൾ ചേർന്നുണ്ടാകുന്ന വാക്കുകൾ ഏറിയകൂറും തമിഴക്ഷരങ്ങൾ കൊണ്ടു സുഖമായി ഉച്ചരിക്കാൻ നിവൃത്തിയില്ലാതെയിരിക്കുന്നതുതന്നെ ഒരു പ്രധാന വ്യത്യാസമെന്നു കാണാം. സ്വരങ്ങളിൽ ഋ, ൡ ഇവയും ഇവയുടെ ദീർഘരൂപങ്ങളും തമിഴിൽ ഇല്ല. അതുകൊണ്ട് ഘൃതം, ക്ൡപ്തം തുടങ്ങിയ സംസ്കൃത ശബ്ദങ്ങളെ തമിഴിൽ ശരിയായി ഉച്ചരിക്കാൻ സാധിക്കുന്നില്ല. സംസ്കൃതത്തിൽ സ്വരങ്ങൾ എല്ലാം ‘ഊകാലോജ്ഝ്രസ്വ ദീർഘപ്ലുതഃ’ [1]എന്ന സൂത്രപ്രകാരം മൂന്നു മാത്രകളോടു കൂടിയവയായിരിക്കുന്നു. മൂന്നു മാത്രകളുള്ള സ്വരങ്ങൾക്കു പ്ലുതങ്ങൾ എന്നു പേർ.

തമിഴിൽ ‘മുഅള പിചൈത്തൽഓരേഴുത്തിന്റേ’ [2] എന്നു തൊല്ലാചാര്യർ [3] വിധിച്ചവിധം മൂന്നു മാത്രകളുള്ള ഒരു അക്ഷരമേ ഇല്ല. കൂടാതെ സംസ്കൃതത്തിൽ അനുനാസികം, ഉദാത്തം, [ 8 ] അനുദാത്തം, സ്വരിതം [4] ഇങ്ങിനെ സ്വരങ്ങൾക്കു വിഭാഗകല്പന ഏർപ്പെട്ടുകാണുന്നു. ഈ വിഭാഗം തമിഴിൽ ഇല്ല. കവർഗം തുടങ്ങിയ പഞ്ചവ്യജ്ഞനവിഭാഗങ്ങളിൽ ഓരോന്നിലും ഈരണ്ടക്ഷരങ്ങൾ വീതമേ തമിഴ് സംഗ്രഹിക്കുന്നുള്ളു. സംസ്കൃതത്തിൽ ഒരോ ഇനത്തിലും അഞ്ച് അക്ഷരങ്ങൾ വീതം കാണുന്നു. ഇതുകൊണ്ട് ഖണ്ഡ, ഗജ, ഘടാദി ശബ്ദങ്ങൾ തമിഴിൽ നേരേ ഉച്ചരിക്കാൻ നിവൃത്തിയില്ല. സംസ്കൃതത്തിൽ ശ ‌ഷ സ ഹ എന്ന വർണ്ണങ്ങളും, അനുസ്വാരം, വിസർഗം, ജിഹ്വാമൂലീയം, ഉപധ്മാനീയം മുതലായവയും ഇരിക്കുന്നു. അനുസ്വാരം എന്നത് അർദ്ധമകാരത്തോട് സാദൃശ്യമുള്ള സ്വരാംശം കലർന്ന ഒരു വർണ്ണമാകുന്നു. ഈ വർണ്ണവിശേ‌ഷത്തെ ഒരു ബിന്ദു കൊണ്ട് ലക്ഷീകരിച്ചിരിക്കുന്നു. തമിഴിൽ ഉള്ള ‘ആയതം’ [5] എന്ന അക്ഷരത്തിനോട് ഏറെക്കുറെ തുല്യമായ ഒരു വർണ്ണമാകുന്നു വിസർഗ്ഗം. ഇത് കീഴും മേലും അടുപ്പിച്ചിടുന്ന രണ്ടു ബിന്ദുക്കൾ കൊണ്ട് ലക്ഷ്യമാക്കി ചെയ്യുന്നു. ജിഹ്വാമൂലീയം വിസർഗ്ഗത്തിന്റെയും കകാരത്തിന്റേയും അർദ്ധാംശങ്ങൾക്ക് സമാനമായ രണ്ടു ഭാഗങ്ങൾ ചേർന്നുണ്ടാകുന്ന ഒരു വർണ്ണമാകുന്നു. ഇത് ക, ഖ എന്ന രണ്ട് അക്ഷരങ്ങളുടെ മുൻപിൽ വരും. ഇതിന്റെ സ്വരൂപം, പുള്ളിയുടെ (കൂട്ടിന്റെ) അർദ്ധഭാഗം മേൽപോട്ടും അർദ്ധാംശം കീഴ്പ്പോട്ടും ഇരിക്കുന്ന രണ്ടടയാളങ്ങളോടു കൂടിയത്. ഉപധ്മാനീയം എന്നു പറയുന്നത് പകാരത്തിന്റെ പകുതിയും വിസർഗ്ഗത്തിന്റെ പകുതിയും ചേർന്ന് ഒന്നായ വർണ്ണമാകുന്നു. ഇത് പ, ഫ എന്ന രണ്ട് അക്ഷരങ്ങളുടെ ആദിയിൽ ഉപയോഗപ്പെടുന്നു. ഇതിന്റെയും[ 9 ] സ്വരൂപം മേൽപ്രകാരം തന്നെ. ഈ വർണ്ണ വിശേ‌ഷങ്ങൾ തമിഴ് ഭാ‌ഷയിൽ കണ്മാനില്ല. സംസ്കൃതത്തിലെ ച, ശ, ഷ, സ ഈ അക്ഷരങ്ങൾക്കു പകരം തമിഴിലിൽ പ്രത്യേക ലിപികൾ ഇല്ലായ്മ കൊണ്ട് ഈ എല്ലാറ്റിനും ചകാരത്തെത്തന്നെ പ്രതിനിധിയാക്കുന്നു. ഉദാഹരണം: ചണ്ഡമാരുത, ശംകര, ഷണ്മുഖ, സദാശിവാദി വാക്കുകൾ ചണ്ടമാരുത, ചംകര, ചണ്മുഖ, ചതാചിവ എന്നു എഴുതിക്കാണുന്നു.

തമിഴിൽ

‘ട റ ല ള എന്നും പുള്ളി മുന്നർ കചപവെന്നും മുവെഴുത്തൂരിയ’ [6]

ഇത്യാദി തൊൽകാപ്പിയസൂത്രങ്ങൾ കൊണ്ടു ഇന്ന അക്ഷരങ്ങൾ ഇന്ന അക്ഷരങ്ങളോടു മാത്രമേ വാക്കുകളിൽ ചേർന്നിരിക്കൂ എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. സംസ്കൃതത്തിൽ ഈ മാതിരി നിയമമില്ല.

സംസ്കൃതഭാ‌ഷയും തമിഴും വളരെ അന്തരമുള്ളവയാണെന്ന് വരുത്താൻവേണ്ടി സംസ്കൃത പദങ്ങളെ വേണ്ടവിധം ഉച്ചരിക്കാൻ സകൗര്യം സിദ്ധിക്കാത്തവിധം തമിഴിലെ അക്ഷരങ്ങൾ കുറയ്ക്കുകയും മേൽപ്രകാരം സൂത്രിച്ചു ചില പ്രത്യേക നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്താണന്നു ഒരു സന്ദേഹം ഈ പ്രകൃതത്തിൽ ചിലർ കൊണ്ടുവന്നേക്കാം. ഇങ്ങിനെ ഒരു ശങ്കയ്ക്കു വാസ്തവത്തിൽ അവസരമില്ല. എന്തെന്നാൽ കരം, കരുണ, കൽപകം, തടം, തീരം, നരൻ, പടം, പാനം മുതലായവ [ 10 ] അനേകം പദങ്ങളെ സംസ്കൃതരൂപത്തിനു വ്യത്യാസം വരാത്ത വിധം തമിഴിൽ ഉച്ചരിക്കാൻ മാർഗ്ഗം കാണുന്നു. കൂടാതെ


ചകരക്കിളവിയും അവറ്റോരറ്റേ [7]
അ ഐ, ഔ എനും മുന്റു അലം കടൈയേ
ആവോടല്ലതു യകരം മുതലാതു [8]
ഉച്ചകാരം ഇരുമൊഴിക്കുരിത്തേ [9]


ചകാരമെന്ന ശുദ്ധവ്യഞ്ജനം അ, ഐ, ഔ ഈ മൂന്നു സ്വരങ്ങളൊഴികെ മറ്റെല്ലാ സ്വരങ്ങളോടും ചേർന്നു വാക്കിൽ ആദ്യം വരും. ആകാരത്തോടു കൂടിയല്ലാതെ യകാരം ഒരു വാക്കിന്റെ മുമ്പിൽ വരില്ല. ഉകാരത്തോടുകൂടിയലാതെ ചകാരം രണ്ടു വാക്കിനു മാത്രമേ അന്തമാവൂ ഇങ്ങിനെ സൂത്രാർത്ഥം ഈ സത്രങ്ങളിൽ ചയ്യം, ചൗരീയം, യവനർ, യുത്തി, യൂപം, പച്ച മുതലായ ശബ്ദങ്ങൾ ഈ വ്യവസ്ഥയെ അതിക്രമിച്ചു നിൽക്കുന്നു എന്നു സന്ദേഹം ഉണ്ടാകാം. എന്നാൽ ഇവ സംസ്കൃതപദങ്ങൾ ആകയാൽ ഇതുകൾക്ക് ഈ വ്യവസ്ഥ വ്യാപിക്കയില്ലന്നുള്ളതുകൊണ്ട് സന്ദേഹത്തിനു അവകാശമില്ല. മധുരാചാര്യരുടെ [10] വ്യാഖ്യാനത്തിൽ ഇപ്രകാരം സമാധാനിപ്പിച്ചിരിക്കുന്നു. ഇത്രയും കൊണ്ട് സംസ്കൃത ശബ്ദങ്ങളെ വികാരപ്പെടുത്തി തമിഴ് ഭാ‌ഷാനിർമ്മിതിക്കു ഈ അക്ഷരചുരുക്കങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തുന്നതല്ലാ എന്നും, കാലാന്തരത്തിൽ സംസ്കൃതജ്ഞന്മാർ കലർന്ന് അവയ്ക്ക് നി‌ഷ്പ്രയാസം സിദ്ധിക്കുന്ന [ 11 ] സംസ്കൃതശബ്ദങ്ങളെ അവരുടെ കൃതികളിൽ അതെപടി ഘടിപ്പിക്കുന്നതിനു തുടങ്ങിയപ്പോൾ ഈ തമിഴ് എഴുത്തുകൾ അവിടെ പര്യാപ്തമല്ലെന്നു കണ്ട് ഘൃതം, ദണ്ഡം മുതലായ പദങ്ങളെ കിരുതം, തണ്ടം എന്നിങ്ങനെ രൂപാന്തരപ്പെടുത്തി ചിതച്ചൊല്ല് എന്നു പറഞ്ഞു ഉപയോഗപ്പെടുത്തിവന്നതാണെന്നും പറയുന്നതാകുന്നു യുക്തിയ്ക്കിണങ്ങുന്നത്. തമിഴിൽ റ, ന ഈ അക്ഷരങ്ങളിൽ വല്ലിനം, ഇടയിനം എന്ന രണ്ട് വിധങ്ങളും ‘ഴ‘കാരവും ഹ്രസ്വങ്ങളായ ‘എ’കാര ‘ഒ’കാരങ്ങളും ‘ആയതം’ തുടങ്ങിയ ചില അക്ഷരങ്ങളും വാക്കിൽ പ്രയോഗവി‌ഷയമായി അധികം കാണുന്നു. ഇവ സംസ്കൃത അക്ഷരമാലയിൽ കാണുന്നില്ല.

തമിഴക്ഷരമാലയിൽ അക്ഷരങ്ങൾ കുറവു കാണുന്നു. എങ്കിലും അ, ആ എന്നു മുറയ്ക്കു സ്വരങ്ങളും കവർഗ്ഗത്തെ പുരസ്ക്കരിച്ചു മുറയ്ക്കു വ്യഞ്ജനങ്ങളും പിന്നീട് ഇടയെഴുത്തുകളായ ‘യ, ര, ല, വ’ ങ്ങളും സംസ്കൃതവർണ്ണവ്യവസ്ഥയെ അനുകരിച്ചുകൊണ്ടു തന്നെ തമിഴിലും ഇരിക്കുന്നത് നോക്കുമ്പോൾ തമിഴിലിൽ ഉള്ള എഴുത്തുകാർ സംസ്കൃതത്തെ ആധാരമാക്കി ആവിർഭവിച്ചവ എന്നു ഇവിടെയും ഒരു സന്ദേഹം അങ്കുരിക്കാം. എന്നാൽ ഇതു അസംഗതമാകുന്നു. അകാരത്തിനു ശേ‌ഷം ആകാരവും അനന്തരം ഇകാരവും ഇങ്ങിനെ എഴുത്തുകളിലുള്ള ക്രമങ്ങളെല്ലാം യുക്തിക്കുനുഗുണമായി ഏർപ്പെടുത്തപ്പെട്ടതായിരിക്കുന്നു. ശുദ്ധവ്യഞ്ജനങ്ങളായ ക്, ങ് മുതലായ അക്ഷരങ്ങൾ സ്വരനിരപേക്ഷമായി ഉച്ചരിക്കാൻ കഴികയില്ല. അതുകൊണ്ട് സ്വരങ്ങൾ വ്യഞ്ജനങ്ങൾക്ക് ആദ്യമായി ചേർത്തതാണ്. ഈ രീതിയനുസരിച്ച് തമിഴിലിൽ സ്വരവ്യഞ്ജന നാമങ്ങൾ കൊടുത്തതത്ര. ‘ഉയിർ’ (സ്വരം) എന്നുവച്ചാൽ ആത്മാ, മെയ്യ് എന്നത് (വ്യഞ്ജനം) ശരീരം ആത്മാവില്ലാതെ ദേഹം [ 12 ] നിരുപയോഗമായിരിക്കും പോലെ സ്വരമില്ലാതെ വ്യഞ്ജനം നി‌ഷ്പ്രയോജനമായിരിക്കുന്നു. ഈ യുക്തിയെ മുൻനിറുത്തി തന്നെ സംസ്കൃതത്തിൽ ഉയിരെഴുത്തിനു സ്വരം എന്നു നാമം നൽകിയിരിക്കുന്നു.

‘സ്വയമേവ രാജന്ത ഇതി സ്വരഃ, അന്വഗ് ഭവതി വ്യഞ്ജനം’ [11]

അന്യനിരപേക്ഷമായി സ്വയം പ്രകാശിക്കുന്നവയെന്ന ഹേതുവിനാൽ സ്വരങ്ങളെന്നു നാമം സിദ്ധിച്ചിരിക്കുന്നതായി പറയപ്പെടുന്നു. മേൽ കാട്ടിയ ഭാ‌ഷ്യം ഉച്ചാരണവി‌ഷയത്തിൽ അന്യാപേക്ഷ ചെയ്യുന്നതുകൊണ്ട് മെയ്യെഴുത്തിനു18 വ്യഞ്ജനമെന്നു പേരു വന്നു കൂടി എന്നർത്ഥം.

‘നാന്തരേണാചാ, വ്യഞ്ജനസ്യോചാരണമപി ഭവതി’ സ്വരത്തോടു കൂടാതെ വ്യഞ്ജനങ്ങൾക്കു ഉചാരണം ഭവിക്കുന്നില്ല എന്നു ഈ പതാഞ്ജലഭാ‌ഷ്യത്തിനു അർത്ഥം. സ്വരങ്ങളിൽ അകാരത്തിന്റെ ഉത്ഭവത്തിനു അഥവാ അഭിവ്യക്തിക്ക് കണ്ഠം ആശ്രയസ്ഥാനമായതുകൊണ്ട് അകാരത്തെ ആദ്യം ചേർത്തു. ഇകാരത്തിനു താലു ഉൽപത്തി സ്ഥാനമാകയാൽ അതിനെ മുറയ്ക്ക് രണ്ടാമതു ചേർത്തു. ഉകാരത്തിന്റെ ഉദ്ഗമസ്ഥാനം ഓഷ്ഠമാകയാൽ അതിനെ ഇകാരത്തിനു ശേ‌ഷം ചേർത്തു. ഇപ്രകാരം അകാരഇകാരങ്ങളെ അനുക്രമമായി ആക്കി അവയ്ക്കു ശേ‌ഷം അകാര ഇകാരങ്ങളുടെ അംശങ്ങൾ ചേർന്ന ഒകാരവും മുറയ്ക്കു വിന്യസിപ്പിച്ചിട്ടുള്ളതാണ്. ദീർഘാക്ഷരങ്ങൾ ഹ്രസ്വാക്ഷരങ്ങളുടെ പിന്നാലെ വരുന്നവയാകയാൽ അവയെ ആ മുറയ്ക്കും ഇണക്കി. ഐകാര ഔകാരങ്ങളിൽ അകാര ഇകാരങ്ങളും അകാര ഉകാരങ്ങളും പ്രസ്പഷ്ടമായിരുന്ന് ഇകാര[ 13 ] ഉകാരാംശങ്ങൾ അധികം പ്രതീതമാകുന്നതുകൊണ്ട് അസ്പഷ്ടമായി അകാര ഇകാരങ്ങൾ രണ്ടും ചേർന്നിരിക്കുന്നു. എകാരഉകാരങ്ങളെ ആദ്യം ചേർത്തു അതുകളിൽ ഓരൊന്നിന്റെയും പുറകിൽ ഐകാര ഔകാരങ്ങൾ വെച്ചിട്ടുള്ളതാകുന്നു. ഇതുപോലെ തന്നെ വ്യഞ്ജനങ്ങളിൽ കകാരങകാരങ്ങൾ കണ്ഠത്തിനടുത്തുള്ള ജിഹ്വാമൂലത്തിൽ ഉത്ഭവിക്കുന്നതു നിമിത്തം അതുകളെ മുൻനിറുത്തി താലൂമദ്ധ്യവും, നാവിൻമദ്ധ്യവുമ്മായ ഇടങ്ങളിൽ നിന്നുണ്ടാകുന്ന ചകാര ണകാരങ്ങളെ കകാരണകാരങ്ങൾക്കു പിന്നീട് ഘടിപ്പിച്ച് അനന്തരം ജിഹ്വാതാല്വഗ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ടകാരണകാരകങ്ങളേയും അതിനു ശേ‌ഷം ജിഹ്വാഗ്രത്തിലും താലുവിനോടു ചേർന്ന പല്ലിനടിയിലും ഉള്ള ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന തകാരനകാരങ്ങളെയും ഓഷ്ഠസമുദ്ഭൂതങ്ങളായ പകാരമകാരങ്ങളേയും അനന്തരം വിന്യസിപ്പിച്ചിരിക്കുന്നതായി കാണുന്നു. ഓരോ ഇനങ്ങളിലും ദൃഡങ്ങളെ (വല്ലിനം) ആദ്യം ചേർത്ത് തജ്ജാതീയങ്ങളായ മൃദുക്കളെ (മെല്ലിനം) ഘടിപ്പിച്ചിരിക്കുന്നു. ഈ ക്രമം സ്വീകരിച്ചത് ദൃഡങ്ങളുടെ മുഖ്യത്വത്തേയും ഇതരത്തിന്റെ അമുഖ്യതയേയും അനുസ്മരിച്ചാകുന്നു. അല്ലാത്തപക്ഷം ദൃഡങ്ങളുടെ ഉത്ഭവസ്ഥാനമെല്ലാമൊന്നായും ഇതരത്തിന്റെ നി‌ഷ്പത്തിസ്ഥാനം നാസികകൂടി ചേർന്നു വേറായും ഇരിക്കകൊണ്ട് ഒരു പ്രഭവസ്ഥാനമുടയ ദൃഡങ്ങളെ ആദ്യം പറഞ്ഞ് അന്യങ്ങളെ രണ്ടാമത് ഉപന്യസിച്ചതാണന്നും ന്യായം പറയാം. ഈ വിധം അഞ്ചു വർഗ്ഗങ്ങളെയും ചേർത്തതിൽപിന്നെ ‘ഇടയെഴുത്ത്‘ എന്നു പറയുന്ന യരലവങ്ങളെ താലു മദ്ധ്യാന്തങ്ങളും ദന്തങ്ങളും ദന്തസഹിതമായ ചുണ്ടുകളും ഉത്പത്തിസ്ഥാനമായ മുറയ്ക്ക് ചേർത്തിരിക്കുന്നു. ഇതിനാധാരഭൂതങ്ങളായ സൂത്രങ്ങൾ തൊൽകാപ്പിയത്തിൽ നോക്കുക. ചകാരത്തോട് ഏറെക്കുറെ അടുപ്പമുള്ള ഴകാരവും ലകാരത്തോട് സംബന്ധമുള്ള ളകാരവും [ 14 ] രകാരത്തോട് അടുപ്പമുള്ള റകാരവും അനന്തരമുള്ള നകാരവും മേൽക്രമത്തെ അനുസരിക്കാത്ത അവസ്ഥ വിചാരിക്കുമ്പോൾ ജനങ്ങളുടെ വ്യത്യസ്താചാരത്തെ ആസ്പദമാക്കി ഈ എഴുത്തുകൾ പിന്നീട് ചേർത്തവയെന്നു തോന്നുമാറു അവ പ്രത്യേകിച്ചു ഘടിപ്പിച്ചിരിക്കുന്നതായും ഊഹിക്കേണ്ടതാണ്.

സംസ്കൃതത്തിലും ലകാരളകാരങ്ങൾ കാണുന്നു. ‘ലളയോരഭേദഃ’ ലകാരളകാരങ്ങൾക്കു ഭേദമില്ലന്നു ഇവയെ ഒരെഴുത്തായി പരിഗണിച്ചിരിക്കുന്നതു നോക്കുക. ലകാരം തമിഴിലേപ്പോലെ തന്നെ രകാരത്തിനു ശേ‌ഷം ഘടിപ്പിച്ചിരിക്കുന്നു. ളകാരം എഴുത്തുകളുടെ അവസാനത്തിൽ പ്രത്യേകിച്ചു ചേർത്തും കാണുന്നു. ഇങ്ങിനെ ചേർത്തിരിക്കുന്നത് മേൽ കാണിച്ച ഊഹത്തിനു അനുകൂലമായിരിക്കുന്നു. ളകാരം ശിക്ഷാഗ്രന്ഥത്തിൽ കാണുന്നില്ല. സംസ്കൃതത്തിലെ അക്ഷരങ്ങളുടെ ക്രമവും ഈ യുക്തിയെ ആധാരമാക്കി ഏർപ്പെട്ടിരിക്കുന്നു.


‘കണ്ഠ്യാവഹാ വിചുയശാ
സ്താലവ്യാവോഷ്ഠജാവുപൂ
സ്യുർമൂർദ്ധന്യാ ഋടുര‌ഷാ
ദന്ത്യാ നതുലസാ സ്മൃതാഃ
ജിഹ്വാമൂലേ തു കുഃ പ്രാക്തോ
ദന്ത്യാഷ്ഠ്യോ വഃ സ്മൃതോ ബുധൈഃ
ഏ ഐതു കണ്ഠതാലവ്യോ
വോഔ കണ്ഠോഷ്ഠജൗ സ്മൃത.’ [12]


[ 15 ]

അകാരവും ഹകാരവും കണ്ഠത്തിൽ നിന്നു ഉണ്ടാകുന്നവയാകുന്നു. ഇകാരം, ചവർഗ്ഗം, യകാരം, ശകാരം ഇവ താലുദേശത്തിൽ തട്ടിയുണ്ടാകുന്നവ. ഉകാരം, പവർഗ്ഗം ഇവ ഓഷ്ഠങ്ങളിൽ നിന്നും ജനിക്കുന്നവ. ഋകാരം, ടവർഗ്ഗം, രേഫം,‌ഷകാരം ഇവ മൂർദ്ധാവിൽ നിന്നും ഉണ്ടാകുന്നു. ഇവിടെ മൂർദ്ധാവ് എന്നു പറഞ്ഞതിനു പല്ലുകൾക്ക് സമീപിച്ചു ഉൾവഴിയായി ചെന്ന മേൽഭാഗം എന്നർത്ഥം. കവർഗ്ഗം നാക്കിന്റെ അന്തർഭാഗത്തു നിന്നും ഉത്ഭവിക്കുന്നു എന്നു വിദ്വാന്മാർ അഭിപ്രായപ്പെടുന്നു. വകാരം ദന്ത്യോഷ്ഠമെന്നു പറയുന്നു. എ ഐ ഇവ കണ്ഠ്യതാലവ്യങ്ങളാകുന്നു. ഓ ഔ രണ്ടും കണ്ഠ്യോഷ്ഠ്യമെന്നു പറയുന്നു. ഈ പ്രമാണപ്രകാരം,


അകാരത്തിനു കണ്ഠവും
ഇകാരത്തിനു താലുദേശവും
ഉകാരത്തിനു ഓഷ്ഠങ്ങളും
ഋകാരത്തിനു മൂർദ്ധാവും
നകാരത്തിനു ദന്തങ്ങളും
ഏഐകൾക്കു കണ്ഠതാലുക്കളും
ഓ ഔകൾക്ക് കണ്ഠോഷ്ഠങ്ങളും


മുറയ്ക്ക് ഉത്ഭവസ്ഥാനങ്ങളാകുന്നു. വ്യഞ്ജനങ്ങളിൽ ജിഹ്വോർദ്ധ്വഭാഗത്തിൽ നിന്നും ഉണ്ടായ കവർഗ്ഗങ്ങൾ ആദ്യം ചേർത്തിരിക്കുന്നു. ആ അഞ്ചിൽ പ്രയത്നവിശേ‌ഷത്തെ അവഷ്ടംഭിക്കാത്ത കകാരത്തെമുൻ ചേർത്തും ആ വിധ പ്രയത്നശക്തി കൊണ്ടുള്ള വ്യത്യാസമാത്രത്തോടു കൂടിയ ഖകാരത്തെ അതിനു ശേ‌ഷം ചേർത്തും കകാരം പോലെ പ്രയത്നശക്തിയെ അപേക്ഷിക്കാത്തതും നാദവിശേ‌ഷത്തോടു കൂടിയതുമായ ഗകാരത്തെ മൂന്നാമതു വച്ചും അതേമാതിരി [ 16 ]പ്രയത്നബലം കൊണ്ടു മാത്രം വ്യത്യസ്തരൂപം ഭജിക്കുന്ന ഘകാരത്തെ നാലാമതു ചേർത്തും രണ്ട് ഉത്ഭവസ്ഥാനത്തോടു കൂടിയ ങകാരത്തെ അവസാനത്തും ഘടിപ്പിച്ചിരിക്കുന്നു. ഈ മുറ അഞ്ചു വർഗ്ഗങ്ങളിലും സ്വീകരിച്ചു കാണുന്നു. തമിഴിലെപ്പോലെ യരലവകളുടെ മുറകൾ ഏർപ്പെട്ടു കാണുന്നു. ശ ‌ഷ സ എന്ന അക്ഷരങ്ങളും അതേ ക്രമത്തെ അനുസരിച്ചിരിക്കുന്നു. യ ര ല എന്ന ലിപികൾ ശ ‌ഷ സ എന്ന അക്ഷരങ്ങളേക്കാൾ ലഘുക്കളായിരിക്കയാൽ മുൻക്രമം അനുസരിച്ചു ലഘുക്കളെ ആദ്യം ചേർത്തിട്ട് വർഗ്ഗസാജാത്യം കൊണ്ട് (സ്പൃ‌ഷടപ്രയത്നം സമാനമായിരിക്കമൂലം) അതിനു ശേ‌ഷം മറ്റു നാലു വർഗ്ഗങ്ങളേയും പ്രഭവസ്ഥാനക്രമാനുസാരം ഘടിപ്പിച്ച് അനന്തരം യ ര ല വ ങ്ങളെ ചേർത്തിരിക്കുന്നു.


അചോ സ്പൃഷ്ടാ യണസ്ത്വീ‌ഷ
ന്നേമസ്പൃഷ്ടാശ്ശരഃ സ്മൃതാഃ
ശേ‌ഷാ സ്പൃഷ്ടാ ഹലഃ പ്രാക്താഃ
നിബോധാനുപ്രദാനതഃ[13]


സ്വരങ്ങൾ ഉത്ഭവസ്ഥാനങ്ങളിൽ സ്പർശിച്ചുണ്ടാകുന്നവയല്ലെങ്കിലും ഒന്നോടൊന്നു തൊടാതെ സ്ഥാനങ്ങളിൽനിന്നു ജനിക്കുന്നവയാകയാൽ അസ്പൃഷ്ടങ്ങളെന്നു ഗണിക്കപ്പെടുന്നു. യ ര ല വ ങ്ങൾ ഈ‌ഷൽസ്പർശങ്ങളോടു കൂടിയിരിക്കയാൽ അവ ഈ‌ഷൽ സ്പൃഷ്ടങ്ങൾ എന്നു എണ്ണപ്പെടുന്നു. ശ ‌ഷ സ കൾ അർദ്ധസ്പർശങ്ങളാകയാൽ അവയെ അർദ്ധസ്പൃഷ്ടങ്ങൾ എന്നു പറയുന്നു. ശേ‌ഷിച്ച വ്യഞ്ജനങ്ങൾ പ്രയത്നവിശേ‌ഷത്താൽ പൂർണ്ണസ്പർശങ്ങളാകമൂലം സ്പൃഷ്ടങ്ങൾ എന്നു വിളിക്കുന്നു.

[ 17 ]

ഈ കാണിച്ചപ്രകാരം അക്ഷരങ്ങൾ യുക്ത്യനുസാരം ക്രമപ്പെടുത്തി അടുക്കിയിരിക്കുന്നു എന്നു സ്പഷ്ടമായലോ. ഹകാരം ശ ‌ഷ സ ങ്ങളോടുകൂടി തുല്യമായി ഊ‌ഷ്മാ എന്ന നാമം ആവാഹിച്ചിരിക്കുന്നു. ഊ‌ഷ്മാ എന്ന പദത്തിനു ചൂട് എന്നർത്ഥം. ഈ അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ അൽപ്പം ഉഷ്ണം സംക്രമിക്കുന്നതായി പരിഗണിച്ചു അവയ്ക്കു ഊ‌ഷ്മാക്കൾ എന്നു നാമകരണം ചെയ്തത് ആയിരിക്കാം. ഈ രീതിയനുസരിച്ചു ‘ശ ‌ഷ സ ങ്ങളോടു ഹകാരത്തെ ചേർത്തിരിക്കുന്നതായി വിചാരിക്കണം. ഉത്ഭസ്ഥാനത്തിന്റെ മുറ നോക്കുമ്പോൾ ഹകാരം കണ്ഠത്തിൽ നിന്നും ഉണ്ടാകുന്നതാകയാൽ ആദ്യം ചേർക്കേണ്ടതാണെന്നിരുന്നിട്ടും വർഗ്ഗങ്ങളിൽ നാദ സംയുക്തങ്ങളെ മുൻചേർത്ത് ഇതരത്തെ പിൻപ് ഘടിപ്പിച്ചിരിക്കും പോലെ നാദയുക്തമായ ഹകാരത്തെ നാദമില്ലാത്ത ശ ‌ഷ സങ്ങളുടെ പിന്നിൽ ചേർത്തിരിക്കുന്നു. യുക്തിമാന്മാരായ രണ്ട് ആളുകൾ തമ്മിൽ അറിയാതെ ഭിന്നസ്ഥലങ്ങളിൽ ഇരുന്ന് ഒരു വി‌ഷയത്തെ ഒരേ യുക്തിപ്രകാശത്തിൽ സാക്ഷാൽകരിച്ചു കൂടെന്നു യാതൊരു നിയമവും ഇല്ല. കൂടാതെ ഇവിടെ രണ്ടു ഭാ‌ഷകളിലേയും കണ്ടുപിടുത്തങ്ങൾക്കു വ്യത്യാസവും ഇരിക്കുന്നു.

‘അവ്വഴി ആവി ഇടൈമൈ ഇടം മിടറു ആകും മേവും മെന്മൈ മുക്കു, ഉരം പെറും വന്മൈ’ [14]

ആദ്യം പൊതുവെ പ്രഭവസ്ഥാനങ്ങൾ നിർണ്ണയിച്ച പ്രകാരം സ്വരങ്ങൾക്കും ഇടയെഴുത്തുകൾക്കും കണ്ഠം ഉത്ഭവ സ്ഥാനമാകുന്നു. മെലിനത്തിനു മൂക്കും വിലിനത്തിനു നെഞ്ചും പിറപ്പിടമാകുന്നു. [ 18 ]


‘അവ്വഴിപ്പന്നീരുയിരും തന്നിലൈ തിരിയാ
മിടറ്റു പ്പിറന്ത വളിയിൽ ഇചൈക്കും’’ [15]


മുൻപറഞ്ഞപ്രകാരം പന്ത്രണ്ട് സ്വരങ്ങളും അതത് മാത്രകൾ വ്യക്തമാകാതെ കണ്ഠസ്ഥമായ പ്രാണനാൽ ശബ്ദിക്കപ്പെടുമെന്നും

‘അവറ്റുൾ അ ആ ആയി രണ്ടു അങ്കാന്ത് ഇയലും’ [16]

അകാരാകാരങ്ങൾ രണ്ടിനും (അങ്കാത്തൽ) സംവൃതമെന്ന ഒരേ പ്രയത്നമെന്നു പറയുന്നു.

സംസ്കൃതത്തിൽ ‘സംവൃതം മാത്രികം ജ്ഞേയം, വിവൃതം തു ദ്വിമാത്രികം [17]‘ ഒരു മാത്രയുള്ള അകാരം സംവൃതം അതായത് ഉത്ഭവസ്ഥാനങ്ങളുടെ സങ്കോചരൂപപ്രയത്നത്തോടു കൂടിയത് രണ്ട് മാത്രകളുള്ള ആകാരം വിവൃതം അതായതു പ്രഭവസ്ഥാനങ്ങളുടെ വികാസരൂപപ്രയത്നത്തോടുകൂടിയതെന്നർത്ഥം.

നന്നൂലിൽ, ‘ഇ ഈ എ ഏ ഐ അങ്കാപ്പോടു, അൺപൽ മുതനാ വിളിമ്പുറവരുമേ’ [18] എന്ന സൂത്രത്താലും, തൊൽക്കാപ്പിയം, ‘ഇ ഈ എ ഏ ഐ ഇചൈക്കും അപ്പാലൈന്തും അവറ്റോ രന്ന അവൈതാം അൺപൽ മുതൽനാ വിളിമ്പുറൽ ഉടൈയ’ [19] എന്ന സൂത്രത്താലും ഇ ഈ എ ഏ ഐ ഈ [ 19 ] എഴുത്തുകൾക്ക് (അങ്കാത്തലും) അൺപലൈയടിനാവോരം പൊരിന്തുതലുമാകിയ പ്രയത്നം പറയപ്പെട്ടിരിക്കുന്നു.


‘ഉ ഊ ഓ ഔ എന ഇചൈയ്ക്കും അപ്പാൽ ഐന്തും ഇതഴ്കുവിന്തിയലും’ [20] എന്ന സൂത്രത്താൽമേൽക്കാണിച്ച അക്ഷരങ്ങൾക്ക് ചുണ്ടുകൂട്ടൽ പ്രയത്നമെന്നു പറയുന്നു.

സംസ്കൃതത്തിൽ മുൻ കാട്ടിയ പ്രമാണപ്പടി ‘ഇ ഈ’ എന്ന രണ്ടിനും താലുപ്രഭവസ്ഥാനവും

‘സ്വരാണാമു‌ഷ്മണാഞ്ചൈവ കരണം വിവൃതം സ്മൃതം.’ [21]

സ്വരങ്ങൾക്കും ശ ‌ഷ സ ഹ ഈ വക ഊ‌ഷ്മാക്കൾക്കും വിവൃതം പ്രഭവസ്ഥാനവികാസം പ്രയത്നമെന്നു വിചാരിക്കപ്പെടുന്നു എന്ന പ്രമാണപ്രകാരം ഉത്ഭവസ്ഥാനവികാസം പ്രയത്നവും എ ഐ കൾക്ക് കണ്ഠതാലുക്കൾ ഉല്പത്തിസ്ഥാനവും വിവൃതം പ്രയത്നവും ഉ ഊ കൾക്ക് ഓഷ്ഠങ്ങൾ പിറപ്പിടവും വിവൃതം പ്രയത്നവും ഓ ഔ ഈ ലിപികൾക്ക് കണ്ഠം, ഓഷ്ഠം ഈ രണ്ടും പ്രഭവസ്ഥാനവും വിവൃതം പ്രയത്നവുമാണെന്നും വ്യവസ്ഥ കാണുന്നു. തമിഴിൽ പൊതുവേ സ്വരങ്ങൾക്കു കണ്ഠം മാത്രം ഉത്ഭവസ്ഥാനമാണന്നും പ്രയത്നങ്ങൾ പലതാണന്നും പറഞ്ഞിരിക്കുന്നു. സംസ്കൃതത്തിൽ സ്വരങ്ങൾ ഓരോന്നിനും ഓരോ പ്രഭവസ്ഥാനങ്ങളും ഒരേ പ്രയത്നവുമായി വിവരിച്ചിരിക്കുന്നതും ഈ രണ്ടു ഭാ‌ഷയിലുള്ള ലിപികൾക്ക് സംബന്ധമില്ലന്നു തെളിയിക്കുന്നു. ഉദ്ധരിച്ചു കാണിച്ച നന്നൂൽ സൂത്രപ്രകാരം വ്യഞ്ജനങ്ങളിൽ ഇടയിനങ്ങൾക്ക് കണ്ഠവും വലിനങ്ങൾക്ക് നെഞ്ചും മെല്ലിനങ്ങൾക്ക് നാസികയും ഉല്പത്തി [ 20 ]സ്ഥാനങ്ങളായി പറയപ്പെട്ടിരിക്കുന്നു. വ്യഞ്ജനങ്ങൾക്ക് ഈ കാണിച്ച സ്ഥാനങ്ങൾ ഉത്ഭവസ്ഥാനങ്ങൾ ആകുമെന്നും സ്വരങ്ങൾക്കെല്ലാം കണ്ഠം സ്ഥാനമെന്നും മേൽ വിവരിച്ച നന്നൂൽ സൂത്രം പൂർവ്വകാലത്തെ തമിഴ്വ്യാകരണങ്ങൾക്ക് അനുയോജിക്കുമാറു നന്നൂൽ കർത്താവിനാൽ എഴുതപ്പെട്ടതെന്നും എല്ലാ അക്ഷരങ്ങളും കണ്ഠത്തിൽ നിന്നും വ്യക്തമാകുന്നതിനാൽ സ്വരങ്ങൾക്കു കണ്ഠം സ്ഥാനമെന്നു നന്നൂൽ കർത്താവ് വ്യവസ്ഥാപിച്ചത് ചേരുമെന്നും തൊൽകാപ്പിയരും സ്വീകരിച്ചിരുന്നതായി കാണാം. എന്നാൽ വ്യഞ്ജനങ്ങളുടെ സ്ഥാനനിർണ്ണയം യുക്തിക്കു ഇണങ്ങായ്കയാൽ അതു സംബന്ധിച്ചുള്ള പൂർവ്വസൂത്രാർത്ഥത്തെ തൊൽകാപ്പിയർ തന്റെ ശാസ്ത്രത്തിൽ പ്രദിപാദിക്കാതെ ഉപേക്ഷിച്ചു കളഞ്ഞുവെന്നും പരിഗണിക്കാം. നന്നൂൽ, തൊൽകാപ്പിയണ് ഈ രണ്ടു ശാസ്ത്രങ്ങളിലുള്ള സൂത്രങ്ങളിലെ അർത്ഥവ്യത്യാസത്തിനു കാരണം ആരായുന്നവർക്കു ഈ വസ്തുത നല്ലതുപോലെ മനസ്സിലാകും.


‘കകാരങകാര മുതൽ നാ അണ്ണം’ [22]
ചകാര അകാരം ഇടൈ നാ അണ്ണം’ [23]
‘ടകാര ണകാരം നൂനിനാ അണ്ണം’ [24]


ഇത്യാദി തൊൽകാപ്പിയസൂത്രങ്ങളാലും, നന്നൂലിൽ [ 21 ]

‘കങ്ങവും ചങ്ങവും ടണവും മുതൽ ഇടൈ നൂനിനാ അണ്ണം ഉറമുറൈ വരുമേ’ [25]

ഇത്യാദി സൂത്രങ്ങളാലും ഉല്പത്തിസ്ഥാനങ്ങളുടെ വിശേ‌ഷവിധികൾ തൊൽകാപ്പിയത്തിലും നനൂലിലു സമാനമായിത്തന്നെ ഇരിക്കുന്നു.

ഈ വിധികളും സംസ്കൃതത്തിലുള്ള സ്ഥാനവിധികളിൽ നിന്നു ഏതാണ്ടു വ്യത്യസമാണ്. സംസ്കൃതശബ്ദാനുശാസനത്തിൽ കകാരങ്ങൾക്ക് താലു ഉത്ഭവസ്ഥാനമായി പറയുന്നില്ല. ടകാര ഞകാരങ്ങൾക്ക് മൂർദ്ധാവു സ്ഥാനമായി പറഞ്ഞിരിക്കുന്നു. അതുകൊണ്ടു ഓരോരുത്തർ യുക്തിക്കനുഗുണമായി സ്ഥാനനിർണ്ണയം ചെയ്തു എന്നാല്ലാതെ ഒരു കൂട്ടർ ഇതരന്മാരെ അനുകരിചു വിധി കല്പിച്ചു എന്നൂഹിക്കുന്നതിനു ന്യായം കാണുന്നില്ല. തൊൽകാപ്പിയം നൂറ്റിരണ്ടാമത് സൂത്രത്തിൽ [26] ഗ്രന്ഥകർത്താവ് വ്യവ്യസ്ഥാപിച്ച രീതി അനുസരിച്ച് അക്ഷരങ്ങളുടെ ഉത്പത്തിസ്ഥാനങ്ങളെ കാണിച്ചതായും സംസ്കൃത പ്രമാണ(വേദ)ങ്ങളിൽ വേറേ വൈജാത്യങ്ങൾ അന്തർഭവിചിട്ടുണ്ടെങ്കിലും ആ ശാസ്ത്രങ്ങളിൽ നിന്നും അറിഞ്ഞു കൊള്ളേണ്ടതാണന്നും ഇവിടെ ആ വൈചിത്രങ്ങളെ കാണിക്കുന്നില്ലന്നും [ 22 ] പറഞ്ഞു കാണുന്നു. [27] ആകയാൽ തമിഴിലും സംസ്കൃതത്തിലും ഭിന്ന രീതിയിൽ വിവരിച്ചവയെ നിർദ്ദോ‌ഷങ്ങളെന്നു യുക്തികൾ മൂലം സാധിക്കാമെന്നു വരുകിലും തമ്മിൽ സംബന്ധമില്ലാതെ അക്ഷരങ്ങളുടെ ഉത്പത്തിമാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതിൽ യാതൊരു സന്ദേഹവുമില്ല ആവശ്യമായ അക്ഷരങ്ങളെ മാത്രം സംസ്കൃത എഴുത്തുകളിൽ നിന്നും പെറുക്കിഎടുത്തുകൊണ്ട് അവയുടെ ഉത്പത്തിസ്ഥാനാദികളെ സംസ്കൃതരീതികളോട് സംബന്ധമില്ലാത്തവിധം തങ്ങൾ തന്നെ കണ്ടുപിടിച്ചു കാലാന്തരത്തിൽ എഴുതിക്കൊണ്ടതാണന്നുള്ള സ്ഥൂലസന്ദേഹത്തിനു ഇവിടെ ഇടമില്ല.

മനു‌ഷ്യൻ മുൻപ് നാഗരികത്വമില്ലാതിരുന്ന അവസ്ഥയിൽ നിന്നു ഉത്തരോത്തരം നാഗരികത്വമുള്ള സ്ഥിതിയെ ആശിക്കുകയല്ലാതെ നാഗരികത്വത്തോടെ ഇരുന്നുകൊണ്ട് അതിന്റെ അഭാവദശയെ അഭില‌ഷിക്കുക സാധാരണമല്ല. അരവിന്ദം, മന്ദാരം, മൃദുലം, കുസുമം, ഗംഭീരം, ഭൃംഗനാദം തുടങ്ങിയ വാക്കുകളെ തമിഴ് രൂപത്തിൽ ആക്കുമ്പോൽ ഈ രണ്ടു ഭാ‌ഷകളെയും അറിയുന്നവർക്ക് സംസ്കൃതത്തിലുള്ള ഭംഗിയും ഗാംഭീര്യവും തമിഴിൽ കിട്ടുകയില്ലന്നു തോന്നാതെ ഇരിക്കുകയില്ല. ഇതുകൊണ്ടാണു തമിഴിന്റെ പിരിവുകളായ കർണ്ണാടകം, തെലുങ്ക് മുതലായ ഭാ‌ഷകളിൽ സംസ്കൃത അക്ഷരങ്ങളെ അനന്തരകാലങ്ങളിൽ കലർത്തിക്കാണുന്നത്. എന്നാൽ തമിഴ് എഴുത്തുകൾ സംസ്കൃതലിപികളിൽ അടങ്ങിയിരിക്കകൊണ്ട് സംസ്കൃതഎഴുത്തുകൾ നല്ലപോലെ പഠിച്ചവർക്ക് തമിഴെഴുത്തു[ 23 ]കളെ ഉച്ചരിക്കുന്നതിനു പ്രയാസമില്ല. തമിഴ് മാത്രം അറിയുന്നവർക്ക് സംസ്കൃതത്തിലെ വിശേ‌ഷാൽ അക്ഷരങ്ങൾ ഉച്ചരിക്കാൻ എളുപ്പം സാധിക്കുന്നുമില്ല. ഇതിൽ നിന്നും സംസ്കൃതത്തിൽ കൂടുതൽ എഴുത്തുകൾ ഉച്ചരിക്കുവാൻ അധികം പ്രയത്നമുണ്ടന്നു സിദ്ധമായി. വി‌ഷമം അധികമുള്ള അക്ഷരങ്ങളുടെ ഉച്ചാരണത്തിനു അധികമായ പ്രയത്നം വേണമെന്നു സിദ്ധം. ഏതേതു അക്ഷരങ്ങൾ അതിപ്രയത്നങ്ങൾ കൊണ്ട് മാത്രമേ ഉച്ചരിക്കുവാൻ കഴിയുകയുള്ളൂ എന്നു നാം കാണുന്നുവോ അവ ലഘുപ്രയത്നത്താൽ ഉച്ചരിക്കാവുന്ന അക്ഷരങ്ങളുടെ പിന്നാലെ ഉണ്ടായവയെന്നൂഹിക്കുന്നതാണു ന്യായം. ഈ യുക്തിയെ മുൻനിറുത്തി പോകുമ്പോൾ സംസ്കൃതലിപികളും തമിഴക്ഷരങ്ങളും ഒരേ കാലത്തിൽ ഒന്നിച്ചിരുന്നു എന്നും, ആ കാലത്തിൽ തമിഴരും സംസ്കൃതക്കാരും ഒരേ വർഗ്ഗക്കാരായിരുന്നു പിന്നെ പിരിഞ്ഞവരാണന്നും, അങ്ങിനെ പിരിഞ്ഞു അനേക നൂറ്റാണ്ടുകൾക്കു ശേ‌ഷം അക്ഷരങ്ങളുടേയും വാക്കുകളേയും ഒന്നിനു പിറകേ വേറൊന്നായി അനേകം പ്രാവശ്യം മാറ്റി മറിച്ചുഒടുവിൽ ഒരു രീതിയിൽ ഉറപ്പിച്ചു ആ ഭാ‌ഷയ്ക്കു സംസ്കൃതം (സംസ്കരിക്കപ്പെട്ടത്) എന്നു നാമകരണം ചെയ്തിരിക്കണമെന്നും, തമിഴർ മൂലഭാ‌ഷയേയും അക്ഷരങ്ങളേയും ഭേദഗതിചെയ്യാൻ വിമുഖരായിരുന്നകാരണം പഴയ തമിഴ് വ്യാകരണമുറകളെ ആദരിച്ചുപോന്നിരുന്നു എന്നും, കാലാന്തരത്തിലുണ്ടായ ദാക്ഷിണാത്യന്മാരായ സംസ്കൃതപ്രചരണത്തിൽ അഗസ്ത്യപ്രഭുതികൾ സംസ്കൃതത്തെ തഴുകിപ്പിടിച്ചു തമിഴിനു പല പരി‌ഷ്ക്കാരങ്ങളും ചെയ്യാൻ ഇടയായിട്ടുള്ളതാണന്നും പറയാതെ കഴിയുകയില്ല. [ 24 ]

സംസ്കൃതമെന്ന ഒരു ഭാ‌ഷ പിരിഞ്ഞുപോയതിൽ പിന്നെയും വേദത്തിലുള്ള പദങ്ങളേയും അതിനുശേ‌ഷമുണ്ടായ പുരാണപദങ്ങളേയും അനന്തരം പാണിനിമഹർ‌ഷിയുടെ കാലം മുതൽ അഭേദമായ വ്യവസ്ഥയെ അവലംബിച്ചിരിക്കുന്ന പദങ്ങളുടെ സ്ഥിതിയേയും ഓരോന്നായി വിചിന്തനം ചെയ്യുമ്പോൾ ആ ഭാ‌ഷയ്ക്കു പൂർവ്വരൂപത്തിൽ യിടരെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നതായി ഊഹിയ്ക്കാം. ഉദാഹരണത്തിനു ഋഗ്വേദത്തെ തന്നെ എടുക്കാം. ടി വേദം ഒന്നാം അഷ്ടകം, ഒന്നാം അനുവാകം രണ്ടാം ഋക് ‘അഗ്നിഃ പൂർവ്വേഭിഃ’ എന്നിരിക്കുന്നു. ഇതിൽ പൂർവ്വേഭിഃ എന്ന രൂപം ഇപ്പോൾ പൂർവ്വൈഃ എന്നു നടപ്പിൽ ഇരിക്കുന്നു. ഇതുപോലെ അനേകം മാറ്റങ്ങൾ കാണാം. കൂടാതെ സ്വരങ്ങളിൽ ഋ, ൡ എന്ന അക്ഷരങ്ങളുടെ സന്നിവേശവിശേ‌ഷത്തെ ഇരിപ്പിന്റെ സ്വഭാവത്തെകുറിച്ചു വിചാരിക്കുമ്പോൾ ആ എഴുത്തുകൾ രണ്ടും അനന്തരകാലത്തിൽ ഉൾപെടുത്തിയവയെന്നു തന്നെ തോന്നിപ്പോകുന്നു. എന്തെന്നാൽ സ്വരങ്ങൾക്കു വിവൃതം പ്രയത്നമെന്നു വിധിച്ചു കാണുന്നു. രേഫലകാരങ്ങൾക്ക് ഈ‌ഷൽസ്പൃഷ്ടം പ്രയത്നമാകുന്നു. ഋ, ൡ ഈ രണ്ട് സ്വരങ്ങൾക്ക് ‘ദുഃസ്പൃഷ്ടശ്ചതേി വിജ്ഞേയോ ലുകാര പ്ലുത ഏവ ച’ [28] എന്ന പ്രമാണത്താൽ ഈ‌ഷൽസ്പൃഷ്ടം പ്രയത്നമെന്നു നിർണ്ണയിച്ചിരിക്കുന്നു. എന്നാൽ വിവൃതപ്രയത്നം എന്ന വ്യത്യാസമേ രേഫലകാരങ്ങൾക്കുള്ളു. മറ്റുസ്വരങ്ങളെല്ലാം ഒരേ പ്രയത്നത്തോടുകൂടിയും ഈ രണ്ട് അക്ഷരങ്ങൾ മാത്രം ഇങ്ങനെ വ്യത്യാസപ്പെട്ടും ഇരിക്കുന്നതിനേയും ഉത്ഭവസ്ഥാനക്രമപ്പടി എല്ലാ എഴുത്തുകളേയും ഘടിപ്പിരിക്കേ താലുമൂലവും ദന്തങ്ങളും യഥാസംഖ്യം [29] [ 25 ] പ്രഭവസ്ഥാനങ്ങളായ ഋ, ൡ ക്കളെ ഓഷ്ഠജമായ ഉകാരത്തിനു ശേ‌ഷം മുറവിട്ട് ചേർത്തിരിക്കുന്നതിനേയും കുറിച്ചു വിചന്തനം ചെയ്യുമ്പോൾ ഋകാരലുകാരങ്ങൾ ഉപയോഗിക്കേണ്ടിടത്തു മുൻ കാലത്തു തമിഴ് രീതിയ്ക്കോ അഥവാ മറ്റുവിധത്തിലോ കാര്യനിർവഹണം ചെയ്തുപോന്നു എന്നും, അതിൽ പിന്നെ ഇങ്ങിനെ രണ്ടക്ഷരങ്ങളെ സൃഷ്ടിച്ചു എന്നും അനുമാനിക്കത്തക്കതാണ്.

സന്ദേഹാരംഭം

തിരുത്തുക

വ്യജ്ഞനങ്ങളെ അപേക്ഷിച്ചു സ്വരങ്ങൾക്ക് പ്രയത്നം കുറവായിരിക്കകൊണ്ട് രണ്ടാമതു പറഞ്ഞവയാണു ആദ്യം സിദ്ധങ്ങളായെതെന്നു നിരൂപിക്കാം. ഈ മുറയ്ക്കു ഇ, ഉ, ഋ, ൡ ഈ അക്ഷരങ്ങൾ രൂപികരിച്ചതിൽ പിന്നെ സ്ഥാനസാമ്യം കൊണ്ട് അവയ്ക്കു തുല്യങ്ങളായ യ, ര, ല, വ എന്നീ വ്യജ്ഞനങ്ങൾ സ്വരങ്ങൾക്കുനുരൂപങ്ങളായി ഏർപ്പെടുത്തപ്പെട്ടതാകുന്നു. അതുകൊണ്ട് തമിഴിലിൽ പൂർവ്വകാലങ്ങളിൽ ഋ, ൡ എന്ന അക്ഷരങ്ങൾ ഉണ്ടായിരുന്നു. പിൻപ് ഉപയോഗമിലായ്കകൊണ്ട് ഉപേക്ഷിക്കപ്പെട്ടതാണു അല്ലാതെ സംസ്കൃതത്തിൽ ഋ ലു ക്കൾ പിന്നെ ചേർക്കപ്പെട്ടവയല്ല എന്നിങ്ങനെ ഒരു ശങ്ക ഇവിടെ അങ്കുരിക്കാം.അങ്ങിനെയാണങ്കിൽ ഇ, ഉ, ഋ, ൡ ഈ അക്ഷരങ്ങളുടെ മുറയെയനുസരിച്ചു ഇകാരതുല്യമായ യകാരത്തെ ആദ്യമായും ഉകാരസദൃശമായ വകാരത്തെ രണ്ടാമതും ഋകാര തുല്യമായ രേഫത്തെ മൂന്നാമതും ലുകാരസമമായ ലകാരത്തെ നാലാമതും അന്തസ്ഥങ്ങളായി ഘടിപ്പിക്കേണ്ടതായിരുന്നു. അങ്ങിനെ കാണാത്തതുകൊണ്ട് ഈ ശങ്കയ്ക്ക് അവസരമില്ല. അതുകൊണ്ട് അനന്തരകാലത്ത് യകാര, വകാരങ്ങളുടെ അംശങ്ങൾ ‘ഇ, ഉ’ക്കളിൽ അടങ്ങിയിരിക്കുന്നതായി[ 26 ]ക്കണ്ട് ഏതോ ചില സകൗര്യങ്ങളെ ഉദ്ദേശിച്ചു അവയ്ക്കു തുല്യങ്ങളായ രകാരലകാരങ്ങളുടെ അംശങ്ങൾ അന്തർഭവിച്ച രണ്ടക്ഷരങ്ങളെ സംസ്കൃതക്കാർ ഏർപ്പെടുത്തിയതാണന്നു പറയുന്നതാകുന്നു യുക്തിക്കു കുറെ യോജിച്ചത്. ഈ രണ്ടക്ഷരങ്ങളിൽതന്നെ ൡകാരം ഋകാരത്തെ അപേക്ഷിച്ചു വളരെ പിൻപ് ഉണ്ടായതാണെന്നു പറയണം. എഴുത്തുകൾ ഉത്ഭവിക്കുന്നതിനുള്ള കാരണമായിരിക്കുന്നത് ജനങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ അത്ര. ൡകാരം ഒഴിച്ചു മറ്റുള്ള അക്ഷരങ്ങളിൽ അനേകം വാക്കുകൾ ഉണ്ടായിക്കാണൂന്നു. ലു എന്നുള്ള അക്ഷരത്തിൽ ക്ൡപ്തം എന്നൊരു വാക്ക് മാത്രമേയുള്ളു. ഈ വസ്തുത ‘ഋൡ-ക്’[30] എന്ന മാഹേശ്വരസൂത്രത്തിൽ ഭാ‌ഷ്യസന്ദർഭം കൊണ്ട് പതഞ്ജലി മഹർ‌ഷി വ്യക്തമാക്കിയിട്ടുണ്ട്. കുറേക്കാലം ആശയങ്ങളെ അറിയിക്കുന്നതിനു തക്ക വാക്കുകൾ ഇല്ലാതിരുന്ന ശേ‌ഷം ഒരേ അർത്ഥത്തെ കുറിക്കുന്നതായി പലരിൽ നിന്നും പല കാരണങ്ങളാൽ ബഹുവിധമായ വാക്കുകളും അവയ്ക്കു ‘വാരിവാഹക-വലാഹക’ ഈ മാതിരി വികാരങ്ങളും ഒട്ടുവളരെ ഉണ്ടായി. ഒടുവിൽ ഒരുവന്റെ വാക്ക് ഇതരന് അറിയാൻ പാടില്ലാത്ത വിധത്തിൽ ഭാ‌ഷ അവ്യവസ്ഥിതമായി പടരുവാൻ തുടങ്ങി. ഇതിനു പരിഹാരമായി മേലിൽ കണ്ടമാനം വാക്കുകൾ വർദ്ധിക്കാത്തവിധം വ്യവസ്ഥ ഏർപ്പെട്ടതിനു അടുത്ത് മുൻ കാലത്തു ‘ന’കാരവും ക്നപ്തമെന്നവാക്കും ഉത്ഭവിച്ചിരിക്കണം. അന്നു മുതൽ പുതിയ ശബ്ദങ്ങൾ ഉണ്ടാകാൻ നിവർത്തിയില്ലാത്തതുനാൽ ഈ ഇനത്തിൽ കൂടുതൽ വാക്കുകൾ ഉണ്ടാകാഞ്ഞതാണെന്ന് ഊഹിക്കാം. പ്രാകൃതത്തിൽ ഋ ൡ എന്ന രണ്ടക്ഷരങ്ങൾ കാണാത്തത് ഈ ഊഹത്തീനു ഉപോദ്ബലകമാണു. വരരുചി [ 27 ] രചിച്ച പ്രാകൃതപ്രകാശത്തിൽ ‘ഋതോത്’, ‘ഋരീതി’ ഈ സൂത്രങ്ങളാൽ ചിലേടത്ത് ഋകാരത്തിനു പകരം അകാരവും ചിലെടത്ത് രി എന്നും, ‘ൡതഃ ക്ൡപ്ത ഇലിഃ’ എന്ന സൂത്രം കൊണ്ട് ‘ക്ൡപ്ത’ ശബ്ദത്തിലുള്ള ‘ൡ’വിനു ‘ഇലി’ എന്നും ആദേശം വരുമെന്നു പറഞ്ഞിരിക്കുന്നു. ‘തൃണം’ എന്ന വാക്കിനു ‘അ’കാരാദേശം വന്നു ‘തണം’ എന്നാകുന്നതും ‘ഋണ’ ശബ്ദത്തിനു ‘രി’ പകരം വന്നു ‘രിണം’ എന്ന രൂപമുണ്ടാകുന്നതും ‘ക്ൡപ്തം’ എന്ന പദത്തിൽ അകാരത്തിനു ആദേശം വന്നു ‘കിലിത്തം’ എന്ന രൂപം സിദ്ധിക്കുന്നതും ഇവിടെ ഉദാഹരണം. ഇതുകൊണ്ട് ഋ എന്ന അക്ഷരം ‘രി’ അല്ലെങ്കിൽ ‘അ’ കാരമായും ‘ൡ’എന്ന ലിപി ‘ഇലി’ എന്നും ഭേദപെട്ടും അല്ലാതെ പ്രകൃതത്തിലിരിക്കയില്ലന്ന് സിദ്ധിച്ചല്ലോ. സംസ്കൃതത്തിൽ ലുകാരം കൊണ്ട് ക്ൡപ്തമെന്ന ഒരു വാക്കു മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നതും മേൽകാണിചിട്ടുണ്ട്.

വരരുചി അസമർത്ഥന്മാരെ ഉദ്ദേശിച്ചു സംസ്കൃത്തതിലെ ‘ഋ’കാര‘ൡ’കാരാദി വി‌ഷമാക്ഷരങ്ങൾ വേറേവിധം മാറ്റി നവീനമായും ലഘുവായും പ്രാകൃതമെന്നൊരു ഭാ‌ഷ സൃഷ്ടിച്ചു എന്നല്ലാതെ പ്രാകൃതത്തിൽനിന്നും സംസ്കൃതം ഉണ്ടായതല്ല എന്നു പറയുകയാണങ്കിൽ ആശയങ്ങളെ പ്രകാശിപ്പിക്കുവാൻ സംസ്കൃതവാക്കുകൾ ധാരാളമായിരിക്കെ എന്തിനായി ഇങ്ങിനെയൊരു പ്രാകൃതഭാ‌ഷയുണ്ടാക്കി? അന്യോന്യം ആശയാവി‌ഷ്കരണം ചെയ്യുന്നതാണല്ലോ ഭാ‌ഷയുടെ പ്രയോജനം. ഓരോ സ്ഥലത്ത് ഓരോ ഭാ‌ഷയുണ്ടാകാം. എന്നാൽ ഒരിടത്ത് ഒരു ഭാ‌ഷ പ്രചുരപ്രചാരമായി ശോഭിക്കുമ്പോൾ അവിടെ വേറൊരു ഭാ‌ഷ ഉത്ഭവിക്കുവാൻ കാരണമില്ല. അശക്തന്മാരെ ഉദ്ദേശിച്ചു ഉണ്ടാക്കി എന്നു പറഞ്ഞാൽ ബഹുകാലം പരമ്പരയാ നിലനിന്നു പോന്നിരുന്ന ശക്തി വരരുചിയുടെ കാലത്ത് ആകസ്മികമായി [ 28 ] കുറഞ്ഞുപോയതെങ്ങനെ എന്നൊരു ചോദ്യം പുറപ്പെടും. ഇന്ന് സംസ്കൃതം സ്വഭാ‌ഷയായിരിക്കുന്ന ജാതിക്കാർക്കു ഇതരഭാ‌ഷക്കാരേക്കാൾ ഉച്ചാരണവൈഭവവും വൈജാത്യവും ഏറിയിരിക്കുന്നതായിട്ടാണു കാണുന്നത്. പരമ്പരാവാസന കൊണ്ട് വി‌ഷമവി‌ഷയങ്ങളുടെയും സ്വാധീനത ലഘുസിദ്ധമായിട്ടാണല്ലോ അഭിജ്ഞന്മാർ മതിക്കുന്നത്.

ഇനി ഉച്ചരിക്കുന്നതിനു വി‌ഷമം തോന്നിക്കുന്ന ‘ഖ, ഘ, ധ’ മുതലായ അക്ഷരങ്ങളെപ്പോലെ ഋൡക്കൾ അത്ര പ്രയാസമുള്ളവയല്ല അതുകൊണ്ട് ശ്രമനിവൃത്തിയെ നിമിത്തമാക്കി ഋൡക്കൾ തള്ളിയതാണന്നു വരികിൽ അതിഖരാദികൾ മുൻപേ തന്നെ ഉപേക്ഷിക്കപ്പെടേണ്ടിയിരുന്നു. കൂടാതെ പ്രാകൃതത്തിൽ സ്വീകരിച്ചിട്ടുള്ള അന്തസ്ഥങ്ങളായ ‘ര, ല’ ഈ അക്ഷരങ്ങളെ അപേക്ഷിച്ചു ഋൡക്കൾക്ക് കൂടുതൽ ശ്രമം വേണമെന്നും തോന്നുന്നില്ല. പിന്നെയും ‘ഖിദേർവ്വിസുരഃ, ക്രുധേർജുരഃ, ‘ചർച്ചേശ്ചമ്പഃ, ത്രസേർവ്വജ്ജഃ, ‘മൃജേർലുഭസുപ’ [31].

‘ഖിദ’ ധാതുവിനു ‘വിസുര‘, ‘ക്രുധ്‘ ധാതുവിനു ‘ജുര‘, ‘ചർച്ച‘ ധാതുവിനു ‘ചമ്പ’, ‘ത്രസ’ ധാതുവിനു ‘വർജ്ജ’, ‘മൃജ’ ധാതുവിനു ‘ലുഭസുപാ’ക്കൾ ഇവ ആദേശങ്ങളായി വരും എന്നർത്ഥം. ‘ഖിദ്യതേ’ ‘വിസുരഇ’ ‘ക്രുധ്യതി’ ‘ജുരഇ’ ‘ചർച്ചതി’ ‘ചമ്പ ഇ’ ‘ത്രസ്യതി’ ‘വ ́ഇ’ ‘മാർഷ്ടി’ ‘ലുഭഇ’ ‘സുപഇ’ ഇവ ഉദാഹരണങ്ങൾ. ഖേദിക്കുന്നു, കോപിക്കുന്നു, വിചാരിക്കുന്നു, ഭയപ്പെടുന്നു, ശുദ്ധമാക്കുന്നു എന്നർത്ഥം. ഇപ്രകാരം സംസ്കൃതത്തിലുള്ള ധാതുക്കൾക്ക് മുഴുവനും അസംബന്ധങ്ങളായ ആദേശങ്ങളെ വിധിച്ചത് ലഘുപ്പെടുത്താനാണോ? കൂടാതെ മഹാരാഷ്ട്രി, ശൗരസേനി, മാഗധി, പൈശാചി ഈ [ 29 ] വിഭാഗത്തോടുകൂടിയ പ്രാകൃതത്തിൽ ആദ്യം പറഞ്ഞ ഭാ‌ഷയെക്കുറിചു അധികമായ വിവരങ്ങൾ പ്രാകൃതപ്രകാശത്തിൽ കാണപ്പെടുന്നു. ഇപ്പോൾ മഹാരാഷ്ട്രദേശീയർ സംസാരിച്ചു വരുന്ന മഹാരാഷ്ട്രഭാ‌ഷയാകട്ടെ പ്രാകൃതത്തിന്റെ പിരിവായി പറയപ്പെട്ട മഹാരാഷ്ട്രഭാ‌ഷയോട് സംബന്ധപ്പെട്ടതായിരിക്കുന്നു എന്നു പറയുകയല്ലാതെ അതു തന്നെയാണു ഇതു എന്നു പറയത്തക്ക നിലയിൽ ഇന്നു ഇരിക്കുന്നില്ല. പ്രാകൃതമഹാരാഷ്ട്രം നന്നായി പഠിച്ചവൻ ഇതരത്തെ അറിഞ്ഞു എന്നു പറവാൻ തീരെ സന്നദ്ധനാകുമെന്നു തോന്നുന്നില്ല. ഒരു ഭാ‌ഷയിൽ തന്നെ കാലപര്യയം കൊണ്ട് ചിലേടത്തു ചില വ്യത്യാസങ്ങൾ ഉണ്ടായി എന്നു വരും; എങ്കിലും അതിലും വ്യാകരണവ്യവസ്ഥ ഇരിക്കുന്ന കാലത്തോളം ആ ഭാ‌ഷയല്ലാ ഈ ഭാ‌ഷയെന്നു തോന്നുമാറു മിറ്റും വ്യത്യാസപ്പെട്ടു പോകയില്ല. വളരെ പുരാതനകാലം മുതൽ നടപ്പിൽ ഇരിക്കുന്ന ഈ തമിഴ്ഭാ‌ഷ കാലദേശങ്ങൾ കൊണ്ട് അവിടവിടെചില ഭേദങ്ങളെ അവലംബിച്ചിട്ടുണ്ടങ്കിലും ഒന്നോടെ രൂപാന്തരപ്പെടാതെ ഇരിക്കുന്നതു തന്നെ ദൃഷ്ടാന്തം.

അതുകൊണ്ട് സംസ്കൃതഭാ‌ഷ നടപ്പാക്കുന്നതിനു മുൻപ് പ്രാകൃതം ദേശഭാ‌ഷയായിരുന്നുവെന്നും, ചില ബുദ്ധിമാന്മാർ അതിനെ പരി‌ഷ്കരിച്ചു സംസ്കൃതമെന്നു നാമകരണം ചെയ്തു എന്നും, സംസ്കൃതഭാ‌ഷ ചില ജനങ്ങൾ മാത്രം അഥവാ പ്രത്യേക വിദ്യാഭ്യാസവി‌ഷയത്തിൽ മാത്രം ഉപയോഗിച്ചു വന്നിരിക്കാം. എന്നാൽ പൊതുവേ ദേശഭാ‌ഷയായിരുന്നതു പ്രാകൃതമായിരുന്നു എന്നും സംസ്കൃതം ഇതര ഭാ‌ഷകളേക്കാൾ വിശേ‌ഷമായി പരിണമിച്ചതുകൊണ്ട് ആ ഭാ‌ഷയെ അനാദിദേവ ഭാ‌ഷയാണെന്നും, അതിൽ എഴുതപ്പെട്ടിട്ടുള്ള വേദപുരാണാദി ഗ്രന്ഥങ്ങൾ ഈശ്വരനാൽ ബ്രഹ്മദേവനു ഉപദേശിക്കപ്പെട്ട്, ബ്രഹ്മദേവനാൽ നിർമ്മിക്കപ്പെട്ടതെന്നും, മറ്റും പറയുമെന്നും അന്യഭാ‌ഷകളെല്ലാം [ 30 ] മ്ലേഛ (മ്ലേഛ അവ്യക്തേ ശബ്ദേ, അസ്ഫുടേ അപശബ്ദേ ചേത്യർത്ഥഃ - സിദ്ധാന്ത കൗമുദി; അസ്പഷ്ടോച്ചാരണത്തിലും ശബ്ദശാസ്ത്രാനുസാരമലാത്ത ശബ്ദ പ്രയോഗത്തിലും എന്ന് അർത്ഥം; ന മ്ലേഛിത വൈ ‘മ്ലേഛിക്കരുത്’ - വേദവാക്യം, ‘നാപഭാ‌ഷിതവൈ’ അപഭാ‌ഷിക്ക വ്യാകരണവിരോധമായി പറയരുതെന്നു അർത്ഥം) ഭാ‌ഷകളാണെന്നു സംസ്കൃത പക്ഷപാതികൾ പറയുന്നു. ഈ അഭിപ്രായം പിൽക്കാലത്തുള്ളവരിൽ പ്രബലപ്പെട്ടതുനിമിത്തം അവരിലൊരാളായ വരരുചി മുനി സംസ്കൃതത്തിൽ നിന്നു ഉണ്ടായതെന്നു അന്യന്മാർക്കു തോന്നത്തക്കവണ്ണം സംസ്കൃതാക്ഷരങ്ങൾക്കു ആദേശങ്ങൾ വിധിച്ച് പ്രാകൃതത്തെ പരി‌ഷ്കരിക്കകൊണ്ട് ആ വ്യാകരണസമ്പ്രദായം സംസ്കൃതാഭിജ്ഞന്മാർക്കു ഉപകാരപ്പെട്ടതായി. എന്നിട്ടും ആ പരി‌ഷ്കരണരീതിയെ ജനങ്ങൾ പണിപ്പെട്ടും ആദരിച്ചു വന്നു. എങ്കിലും കാലക്രമേണ അശക്യമായി തീർന്നതുകൊണ്ട് ആ പരിപാടി ഉപേക്ഷിക്കുകയും തന്മൂലം പ്രാകൃതവും ഇക്കാലത്തെ മഹാരാഷ്ട്രിയും രണ്ടായി പിരിയുകയും പ്രാകൃതം സംസ്കൃതജ്ഞന്മാർക്കു നാടകം, സട്ടകം മുതലായ കൃതികൾ നിർമിക്കുന്നതിനു മാത്രം ഇന്നു ഉപയോഗത്തിലിരിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരൂപിക്കുന്നതു യുക്തമായിരിക്കും.

പാണീനീയശിക്ഷയിൽ ‘ത്രി‌ഷ ഷ്ടിശ്ചതു‌ഷ്‌ഷ ഷ്ടിർവ്വാ വർണ്ണാഃ ശംഭുമതേ മതാഃ. പ്രാകൃതേ സംസ്കൃതേ ചാപി സ്വയം പ്രാക്താ സ്വയംഭുവാ’ അക്ഷരങ്ങൾ പ്രാകൃതത്തിലും സംസ്കൃതത്തിലും ബ്രഹ്മദേവപ്രാക്തങ്ങളായി കാണുന്നു. എന്നാൽ പ്രാകൃതത്തിൽ ഋ, ൡ മുതലായവ കാണുന്നില്ല. അതു വിവാദവി‌ഷയമായിരുന്നാലും ഇവിടെ അപ്രകൃതമെന്നു വിട്ടതാണ്. ഈ പ്രമാണത്തിൽ ഈ രണ്ട് ഭാ‌ഷകളും ഒരുപോലെ [ 31 ]അനേകകാലമായി നടപ്പിലിരിക്കുന്നു എന്നു സിദ്ധിക്കുന്നതു മാത്രമല്ല ‘പ്രഥമ പരിത്യാഗേ മാനാഭാവഃ’ മുൻപിലൊന്നാമത്തതിനെ ചേർക്കാതെ വിട്ടുകളയുന്നതിനു പ്രമാണം കാണുന്നില്ല എന്ന ന്യായമ്പ്രകാരം ‘സംസ്കൃതേ പ്രാകൃതേ ചാപി’ എന്നു പറയേണ്ടതായി ഇരിക്കെ മറിച്ചു പഠിച്ചിരിക്ക കൊണ്ടും, പ്രാകൃതസംജ്ഞയ്ക്ക് സ്വാഭാവികമെന്നു അർത്ഥമുള്ളതിനാലും സംസ്കൃതനാമം പരി‌ഷ്കരിക്കപ്പെട്ടതെന്ന ഭാവത്തെ ആവാഹിക്കുന്നതിനാൽ അതു സംസ്കരിക്കപ്പെടാത്ത പൂർവ്വരൂപത്തോടുകൂടിയ ഒരു ഭാ‌ഷയെ അപേക്ഷിച്ചുകൊണ്ടിരിക്കുമെന്നുള്ളതിനാലും, പ്രാകൃതം സംസ്കൃതത്തേക്കാൾ വളരെ മുൻപ് ഉള്ളതെന്നും കിട്ടുന്നു. ഇവിടെ പ്രാകൃതശബ്ദത്തിനു സംസ്കൃതമാകുന്ന പ്രകൃതിയോടുകൂടിയതെന്നാണ് അർത്ഥം എന്നു പറയുന്നെങ്കിൽ [32] ‘സംസ്കൃതമാകുന്ന’ എന്ന അർത്ഥം ആ പദം ഇല്ലാതിരിക്കുമ്പോൾ എങ്ങനെ സിദ്ധിക്കുമെന്ന് ഒരു ചോദ്യത്തിനു ഇവിടെ ഇടം ഉണ്ട്. പേരിട്ടവരുടെ ഇച്ഛാമാത്രം കൊണ്ട് ആർത്ഥം കിട്ടുമെന്നു പറഞ്ഞാൽ ശ്രവണമാത്രയിൽ സ്വാഭാവികമെന്നുള്ള അർത്ഥത്തെ പെട്ടന്നു സ്ഫുരിപ്പിക്കുന്ന ഈ ഒരു വാക്കേ കിട്ടിയുള്ളോ? പ്രകൃതിയിൽ നിന്നു ഉത്ഭവിച്ചു എന്നുള്ള അർത്ഥത്തെ നിസ്സന്ദേഹം ഉദ്ബോധിപ്പിക്കുന്ന വികൃതമെന്ന വാക്കിനെ ഈ സ്ഥാനത്തു സംജ്ഞയായി ഉപയോഗിച്ചു കൂടായിരുന്നോ? അതുകൊണ്ട് സ്വാഭാവികമെന്നുള്ള അർത്ഥത്തെ ആസ്പദമാക്കി നടപ്പിൽ കൊണ്ടുവന്നിരുന്ന സംജ്ഞയെ നവവ്യാഖ്യാതാക്കന്മാർ സ്വേച്ഛപോലെ അർത്ഥാന്തരപ്പെടുത്തിയതാണന്നല്ലാതെ ഇവിടെ മറ്റൊന്നും ശങ്കിക്കാനില്ല. കൂടാതെ, സംസ്കൃതത്തിൽ ‘ഏകദ്വിബഹുക്കളെന്നു’ വചനത്രയം [ 32 ] കാണുന്നു. പ്രാകൃതത്തിൽ ‘ദ്വിവചനസ്യ ബഹുവചനം’ (പ്രാ. പ്ര. പ-6, സൂ-63) [33] എന്നു കാണുന്നതുകൊണ്ട് ഏകവചനവും ബഹുവചനവും അല്ലാതെ ദ്വിവചനമില്ലന്നു സിദ്ധമായി. പ്രാകൃതം സംസ്കൃതത്തിൽ നിന്നുത്ഭവിച്ചിരുന്നു എങ്കിൽ സംസ്കൃതം സ്വീകരിക്കുന്ന ദ്വിവചനം ഇല്ലാതിരിക്കാൻ കാരണമില്ല. അതിൽ ഈ പ്രാകൃതവിധിയെ അറിയണമെങ്കിൽ സംസ്കൃതം നല്ലതുപോലെ അറിഞ്ഞിരിക്കണം താനും. അങ്ങിനെ അറിഞ്ഞവർക്കു ദ്വിവചന മെന്നൊന്നു കൂടി അധികമായതുകൊണ്ട് യാതൊരു വി‌ഷമവും തോന്നുകയില്ല. ഇതിനു പുറമേ സംസ്കൃതഭാ‌ഷയിലൊരിടത്തും പ്രവേശനം ലഭിയ്ക്കാത്ത (ഇടചൊല്ലുകൾ) നിപാതങ്ങൾ സംശയാർത്ഥത്തെ സൂചിപ്പിക്കുന്ന ‘ഇര‘, സംഭാ‌ഷണത്തെ കുറിക്കുന്ന ‘‘വലേ’’ ഇത്യാദി പ്രാകൃതത്തിൽ കടന്നു കൂടാൻ കാരണമെന്താണ്? സംസ്കൃതത്തിൽ ഇന്നിന്ന ധാതുക്കൾ ആത്മനേപദത്തിൽ മാത്രമേ പ്രയോഗിക്കാവൂ എന്ന നിയമം കാണുന്നു. പ്രാകൃതത്തിൽ ഈ നിയമം ഇല്ല. ഉദാഹരണം സഹ് ധാതു സംസ്കൃതത്തിൽ ആത്മനേപദമാത്ര പ്രായോഗികമായിരിക്കുന്നു. ‘സഹതേ’ സഹിക്കുന്നു എന്നർത്ഥം പ്രാകൃതത്തിൽ ‘സഹയി’ ‘സഹയേ’ എന്ന രണ്ടു രൂപത്തിലും പ്രയോഗിച്ചു കാണുന്നു. അതുകൊണ്ട് ഉത്തമപുരു‌ഷൈകവചനത്തിൽ പരസ്മൈപദപ്രത്യയമായ ‘മോ’ ‘മു’ ‘മ’ എന്ന മൂന്നു പ്രത്യയങ്ങൾ വിധിക്കപ്പെട്ടിരിക്കുന്നതും നോക്കുമ്പോൾ നിയമത്തോടു കൂടാതെ ലഘുവാക്കുന്നതിനെന്നുള്ള വാദത്തിനും സാംഗത്യമില്ല. ഇനിയും പല ഉദാഹരണങ്ങളുള്ളത് വിസ്തരഭയത്താൽ ഉദ്ധരിക്കുന്നില്ല. [ 33 ]

ഇങ്ങനെ പ്രാകൃതഭാ‌ഷയ്ക്കു സംസ്കൃതം പോലുള്ള ഗാഭീര്യവും ഋ, ൡ, ‌ഷ മുതലായ അക്ഷരങ്ങളും ക്ത, ഷ്ണ തുടങ്ങിയ വിജാതീയവർണ്ണസംശ്ലിഷ്ടസംയുക്താക്ഷരങ്ങളും ഇല്ലാത്തതുകൊണ്ടും തമിഴിലെപ്പോലെ ഏകബഹുക്കളെന്ന രണ്ടുവചനങ്ങളും മാത്രം കാണുന്നതിനാലും ഈ പ്രാകൃതഭാ‌ഷ സംസ്കൃതവിഭാഗത്തിനും മുൻപും തമിഴ് ഭാ‌ഷയ്ക്കു പിൻപും ഉണ്ടായഭാ‌ഷകളിലൊന്നെന്ന് ഊഹിക്കാൻ ന്യായമുണ്ട്. അതു കൊണ്ട് ഋ,ൡക്കൾ അന്യസ്വരങ്ങൾ നടപ്പിലായതിൽ പിന്നെ പ്രചാരമായതെന്നു വ്യവസ്ഥാപിക്കുന്ന വി‌ഷയത്തിൽ യുക്തി ഭംഗം ലേശമില്ല തന്നെ. ശ‌ഷസഹങ്ങളും അവയുടെ സന്നിവേശവിശേ‌ഷത്തെക്കുറിച്ചു വിചാരിക്കുമ്പോൾ ഇതരവ്യഞ്ജനങ്ങൾ നടപ്പായതിനുശേ‌ഷം ഉണ്ടായവയെന്നു അനുമാനിക്കാം. ഉത്ഭവ സ്ഥാനക്രമമനുസരിച്ചു ഹകാരം കണ്ഠ്യമായതുകൊണ്ട് അതിനെ വ്യജ്ഞനങ്ങളിലാദ്യവും അതിനു ശേ‌ഷം അതിനോടു സാദൃശ്യമുള്ള ഊ‌ഷ്മാക്കളേയും അനന്തരം ജിഹ്വാമൂലോദ്ഭുതങ്ങളായ കവർഗ്ഗാദി അഞ്ചിനേയും പിന്നെ യരലവങ്ങളേയും ഘടിപ്പിച്ചിരിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രയത്നമുറയെ ആധാരമാക്കി ഈ‌ഷൽസ്പൃഷ്ടങ്ങളായ യ ര ല വങ്ങളെ മുൻപു ചേർത്തുപിന്നെ അർദ്ധസ്പൃഷ്ടങ്ങളായ ശ ‌ഷ സങ്ങളെ അടുക്കി, അനന്തരം സ്പൃഷ്ടങ്ങൾ, അർദ്ധസ്പൃഷ്ടങ്ങൾ, ഈ‌ഷൽസ്പൃഷ്ടങ്ങൾ ഇങ്ങിനെ മുറയ്ക്കു അഞ്ചു വർഗ്ഗങ്ങളും മുമ്പേ ചേർത്ത് അതിനു ശേ‌ഷം ശ ‌ഷ സങ്ങളേയും അനന്തരം യ ര ല വ ങ്ങളേയും ഘടിപ്പിച്ചിരിക്കുകയോ വേണ്ടതായിരുന്നു. ശ ‌ഷ ഈ എഴുത്തുകൾ പ്രാകൃതമഹാരാഷ്ട്രത്തിൽ കാണപ്പെടുന്നില്ല. അതുകൊണ്ട് ഈ എഴുത്തുകളും ഋ,ൡക്കളെപ്പോലെ പിന്നീട് നടപ്പായവയെന്നു സിദ്ധിക്കുന്നു. വർഗ്ഗങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന അതിഖരമൃദുഘോ‌ഷങ്ങളായ മുമ്മൂന്നു എഴുത്തുകളും അനന്തരകാലത്തു ചേർക്കപ്പെട്ടവ തന്നെ. [ 34 ]

കുറിപ്പുകൾ

തിരുത്തുക
  1. പാണീനീയസൂത്രം 1-2-27
  2. തൊൽകാപ്പിയം, എഴുത്തതികാരം, നുൻമരപു - മൂന്നു മാത്ര അളവുള്ള ഒറ്റയക്ഷരം ഇല്ല എന്നർത്ഥം.
  3. തൊല്ലാചാര്യർ - തൊൽകാപ്പിയത്തിന്റെ കർത്താവ്.
  4. സ്വരത്തിന്റെ മൂന്നു വിധങ്ങൾ. ഉച്ചത്തിലോ താഴ്ത്തിയോ സാധാരണരീതിയിലോ ഉച്ചരിക്കപ്പെടുമ്പോഴുള്ള പ്രകാരഭേദങ്ങളാണിവ.
  5. ആയതം - തമിഴിൽ ഉ എന്നൊരു അക്ഷരമുണ്ട്. അതിന്റെ പേരത്ര ആയതം. അതു വിസർഗ്ഗം പോലെ ഉച്ചരിയ്ക്കപ്പെടുന്നു
  6. തൊൽകാപ്പിയം, എഴുത്തതികാരം, നൂൻമരപു, സൂത്രം ഞ്ജന്ധ - ട, റ, ല, ള എന്നീ വ്യജ്ഞനങ്ങൾക്ക് ക, ച, പ എന്നിവ മൂന്നും പരമാകും. ഉദാ: കേട്ക, നിർക, ചെല്ക, കൊൾക, കാട്ചി, പയിർചി, വൽചി, നീൾചടൈ, കേട്പ, നിർപ, ചെൽപ, കൊൾപ.
  7. തൊൽകാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 62
  8. തൊൽകാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 65
  9. തൊൽകാപ്പിയം എഴുത്തതികാരം, മൊഴിമരപു, സൂത്രം 75
  10. മധുരാചാര്യർ - തൊൽകാപ്പിയത്തിന്റെ വ്യാഖ്യാതാവായ മതുരൈ പാരത്തുവാചി നച്ചിനാർക്കിനിയർ
  11. പാതജ്ഞലഭാ‌ഷ്യം 1-2-29
  12. പാണിനീയശിക്ഷ ശോകം 17, 18.
  13. പാണീനീയശിക്ഷ, ശോകം ന്ധ8, രണ്ടാമത്തെ പാദത്തിൽ ശലഃ എന്നാണു ശിക്ഷയിൽ കാണുന്നത്.
  14. നന്നൂൽ, എഴുത്തിയൽ, സൂത്രം75.
  15. തൊൽകാപ്പിയം, എഴുത്തതികാരം, സൂത്രം 77
  16. ടി സൂത്രം 85
  17. പാണിനീയശിക്ഷ, ശോകം 20
  18. നനൂൽ, എഴുത്തിയൽ, സൂത്രം 77
  19. തൊൽകാപ്പിയം, എഴുത്തതികാരം, സൂത്രം 86
  20. ടി സൂത്രം 85
  21. പാണിനീയശിക്ഷ, ശോകം 21
  22. തൊൽകാപ്പിയം, എഴുത്തതികാരം, പിറിപ്പിയൽ, സൂത്രം ന്ധ9, ക ങ എന്നിവ അടിനാക്ക് മേൽഭാഗത്തു സ്പർശിച്ചുണ്ടാകുന്നു.
  23. ടി സൂത്രം 90 ച, ഞ എന്നിവ നാക്കിന്റെ മദ്ധ്യഭാഗം മേൽഭാഗം സ്പർശിച്ചുണ്ടാകുന്നു.
  24. സൂത്രം 91 ട, ണ എന്നിവ നാക്കിന്റെ അറ്റം മേൽഭാഗത്തു സ്പർശിച്ചുണ്ടാകുന്നു.
  25. നന്നൂൽ, സൂത്രം 79

  26. എല്ലാ എഴുത്തും വെളിപ്പടക്കിളന്തു
    ചെലിയ പള്ളിയെളുതരു വളിയിൽ
    പിറപ്പെടു വിടുവഴി ഉറഴ്ചിവാരത്തു
    അകത്തെഴുവളിയിച്ചൈ അരിൽ തപനാടി
    അളവിർ കോടൽ അന്തണർ മറൈത്തേ (തൊൽകാപ്പിയം 102)


    അക്ഷരങ്ങളായി പുറത്തു വരുന്നതിനു മുൻപ് നാഭിയിൽ നിന്ന്, വായു, അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനത്തു തങ്ങി വെളിയിൽ വരുന്ന വിധവും മാത്രയും ബ്രാഹ്മണരുടെ വേദത്തിൽ പറഞ്ഞിട്ടുണ്ട്.


  27. അ ന തിവൺനുവലാതു എഴുന്തു പുറത്തിചൈക്കും
    മെയ്തെരിവളിയിചൈ അളപുനുവന്റിചിനേ (തൊൽകാപ്പിയം 103)


    അതിവിടെ എടുത്തുപറയുന്നില്ല. അക്ഷരരൂപത്തിൽ പുറത്തു വരുന്ന വായുവിന്റെ അളവു മാത്രമേ പറഞ്ഞിട്ടുള്ളു.

  28. പാണിനീയശിക്ഷ, ശോകം 5
  29. യഥാക്രമം
  30. മാഹേശ്വരസൂത്രം 2
  31. ഇവയെല്ലാം വരരുചി രചിച്ച പ്രാകൃതപ്രകാശത്തിലെ സൂത്രങ്ങളാണ്.
  32. ഹേമചന്ദ്രവ്യാകരണം, പ്രാകൃതചന്ദ്രിക തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.
  33. വരരുചി, പ്രാകൃതപ്രകാശം, പരിച്ഛദേം 6, സൂത്രം 63, ദ്വിവചനത്തിന്റെ സ്ഥാനത്തും ബഹുവചനമാണ് പ്രാകൃതത്തിലുള്ളതെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=ആദിഭാഷ/അക്ഷരനിരൂപണം&oldid=53354" എന്ന താളിൽനിന്ന് ശേഖരിച്ചത്