മഹാഭാരതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ആസ്തികോദ്ഭവം


മുന്നം ജരൽക്കാരു നാമമഹാമുനി
ധന്യൻ ഗൃഹസ്ഥാശ്രമാശയില്ലായ്കയാൽ
നന്നായ്തപസ്സുകൾ ചെയ്തുവനന്തോറു-
മൊന്നിലുമാശയില്ലാതെ നടക്കുന്നാൾ
പാതാളലോകത്തു വീഴുവാനായ്ചില-
രാദിപൂണ്ടേറ്റു മധോമുഖന്മാരുമായി
പുൽക്കൊടിതന്നുടെയഗ്രമാലംബമായ്
നിൽക്കുന്നതത്രയുമല്ലതിൻ വേരുകൾ
മൂഷികന്മെല്ലെക്കറണ്ടു മുടിപ്പതും
ദോഷമില്ലാതെ ജരൽക്കാരു കണ്ടപ്പോൾ
നിങ്ങളാരെന്നാനവനുമവരോടു
ഞങ്ങൾ ചില മുനിമാരെന്നു ചൊല്ലിയാർ
പുത്രനായുണ്ടു ജരൽക്കാരു ഞങ്ങൾക്കു
പുത്രനവനില്ലയാഞ്ഞതു കാരണം
ലുബ്ധപിണ്ഡോദകന്മാരായിതു ഞങ്ങൾ
തപ്തമായൊരു തപസ്സും വൃഥാഫലം
ഞങ്ങൾ നരകത്തിൽ വീഴ്വാൻ തുടങ്ങുന്നു
മംഗലനായ നീയാരെന്നു ചൊല്ലേണം
"എങ്കിൽ ജരൽക്കാരുവായതു ഞാൻതന്നെ
നിങ്ങൾ മമ പിതാക്കന്മാരറിഞ്ഞാലും
സങ്കടം പോക്കുവാനെന്തു ഞാൻ വേണ്ടതും
ശങ്കിയാതെയരുൾചെയ്കെ"ന്നുചൊന്നപ്പോൾ
ചൊന്നാർ പിതാമഹന്മാരവൻ തന്നോടു
പുണ്യതപോവ്രതദാനധർമ്മാദികൾ
സന്തതിയില്ലായ്കിലൊക്കവെ നിഷ്ഫലം
സന്തതി കൊണ്ടേ ഗതിവരൂ നിശ്ചയം
ആകയാൽ വേൾക്കനീ വേണ്ടതുമുമ്പിനാൽ
പോകവൈകാതതിനെന്നവർ ചൊല്ലിനാർ
ഭിക്ഷയായ് മോദാലൊരു പുമാനെന്നോടു
കൈക്കോൾക ഭാര്യയായെന്നു നൽകീടുകിൽ
വേൾക്കാമവളെ സമയമെനിക്കതു
കേൾക്കാ മഹാവ്രതം പിന്നെമൊന്നുണ്ടു
പെണ്ണിനുമെന്നുടെ പേരായിരിക്കേണ-
മെന്നു ജരൽക്കാരു ചൊന്നൊരനന്തരം
ചൊല്ലിയവണ്ണമേ യോഗം വരികെന്നു
നല്ലോരനുഗ്രഹം നൽകി പിതൃക്കളും
നന്നായൊരുവനദേശേ വസിക്കുമ്പോൾ
പന്നഗനാഥനാം വാസുകിയും കണ്ടു
"എന്നുടെ സോദരിയാകിയ കന്യകാ
തന്നെ വരിച്ചുകൊൾകെ"ന്നിതു വാസുകി
നാമമവൾക്കെന്തു ചൊല്ലുകെന്നും മുനി
നാമം ജരൽക്കാരുവെന്നിതു വാസുകി
പണ്ടേ ഭവാനു തരുവാനായുണ്ടാക്കി
പുണ്ഡരീകോത്ഭവനെന്നുമറിക നീ
വഹ്നിയിൽ വീഴ്കെന്നു മാതൃശാപം കൊണ്ടു
പന്നഗവംശവും സന്നമാമെന്നതും
ചെന്നു വിധാതാവിനോടു വിബുധന്മാർ
ചൊന്നതുകേട്ടരുൾ ചെയ്തു വിരിഞ്ചനും
"മംഗലയായ ജരൽക്കാരു നാരിയെ-
യങ്ങു ജരൽക്കാരുവിന്നു കൊടുക്കണം
ഉണ്ടാമവൾപെറ്റവനൊരുനന്ദന-
നുണ്ടായ ശാപഭയമൊഴിച്ചീടുവാൻ
ഇത്ഥം വിധാതാ നിയോഗമെന്നാൾ പ്രമ-
ദോത്തമയാമിവൾ തന്നെ വേട്ടീടുക
ദീർഘപൃഷ്ഠാധിപനിങ്ങനെ ചൊന്നപ്പോൾ
ദീർഘവിലോകനമുള്ള ജരൽക്കാരു
ദീർഘവിലോചനയാം ജരൽക്കാരുവെ
ശീഘ്രം വിധിവിധിയാൽ വിവാഹം ചെയ്തു
മോക്ഷപരായണൻ വാഴുന്നകാലത്തു
സൗഖ്യം വരിവസ്യയാവളർത്താളവൾ
ചൊല്പൊങ്ങുമാസ്തികനുണ്ടാകയും ചെയ്തു
സർപ്പസത്രത്തെയൊഴിച്ചതവനല്ലോ

"https://ml.wikisource.org/w/index.php?title=ആസ്തികോദ്ഭവം&oldid=217017" എന്ന താളിൽനിന്ന് ശേഖരിച്ചത്