ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം ഒന്ന്
[ 4 ]
1
ആൾമാറാട്ടം
ഒരു നല്ല കെളിസല്ലാപം

ഈജയിൻ - തിരുമനസ്സുകൊണ്ടു എന്നോടു ഒരു കരുണയും കാണിക്കയില്ലെന്നുതന്നെ ഉറച്ചിരിക്കുന്നുവെങ്കിൽ കാലതാമസം കൂടാതെ എന്റെ മരണഭീതികൾക്കു ഒക്കെയും ഒരു നിവൃത്തി വരുത്തി തരുമാറാകേണം.

സൊലീനസ്സു രാജാവു - സൈറാക്ക്യൂസുകാരനായ വ്യാപാരീ നീ ഇനി ഏറെയൊന്നും പറഞ്ഞിട്ടു ആവശ്യമില്ല. ന്യായരഹിതമായി യാതൊന്നും നമുക്കു പ്രവൃത്തിച്ചുകൂടാ. കുറഞ്ഞോരു നാൾക്കുമുമ്പു നമ്മുടെ വ്യാപാരികളുടെ നേരെ നിങ്ങളുടെ രാജാവു കാണിച്ചിട്ടുള്ള കാഠിന്യതയെക്കുറിച്ചു ഓർത്താൽ നിന്നോടു ലേശംപോലും ദയ കാണിപ്പാൻ പാടില്ല. ആ ക്രൂരന്റെ കൈവശത്തിൽ അകപ്പെട്ടുപോയ നമ്മുടെ പാവപ്പെട്ട വ്യാപാരികൾക്കു പണംകൊടുത്തു തങ്ങളുടെ ജീവനെ വീണ്ടുകൊൾവാൻ ഗതിയില്ലാഞ്ഞതിനാൽ അവരുടെ പ്രാണഹാനി വന്നു. അതിൽ പിന്നെ കലഹപ്രിയരായ ആ ദിക്കുവാസികളും ഞങ്ങളും തമ്മിൽ അന്യോന്യം വ്യാപാരം ചെയ്തുകൂടായെന്നും എഫേസൂസിൽ ജനിച്ചിട്ടുള്ളവരിൽ ആരെയെങ്കിലും സൈറാക്ക്യൂസിൽ വെച്ചു കാൺകയൊ അപ്രകാരംതന്നെ സൈറാക്ക്യൂസിൽ പിറന്നിട്ടുള്ള യാതൊരുത്തനെയെങ്കിലും എഫേസൂസിലെ അതൃക്കകത്തു കാലെടുത്തുകുത്തിയപ്രകാരം കാൺകയോ ചെയ്താൽ ഒരായിരം വരാഹൻകൊണ്ടു അവൻ തന്റെ ജീവനെ വീണ്ടുകൊള്ളാത്തപക്ഷം അവന്റെ വസ്തുവകകൾ ജപ്തിചെയ്തു വിറ്റു സർക്കാരിൽ ചേർക്കുമെന്നും ഇരുപാട്ടുകാരും കൂടിയ ഒരു യോഗമുഖേന നിശ്ചയിച്ചു സ്ഥിരപ്പെടുത്തിയിരിക്കുന്നു. നിന്റെ വസ്തുക്കൾ മോഹവിലെക്കു വിറ്റാലും അവയ്ക്കു നൂറു വരാഹനിൽ അപ്പുറം കിട്ടുകയില്ലാത്തതുകൊണ്ടു രാജ്യചട്ടപ്രകാരം നീ മരണത്തിനു യോഗ്യനായിരിക്കുന്നു. [ 5 ] ഈജയിൻ - എന്നാൽ ഇനി തിരുമേനിയുടെ വാക്കുകൾ അവ സാനിക്കുന്നതിനോടുകൂടെ എന്റെ കഷ്ടതകൾക്കും ഒരു അവസാനം വരുത്തിത്തരേണമെന്നു മാത്രമേ ഞാൻ ഇച്ഛിക്കുന്നുള്ളൂ.

രാജാവു - എന്നാൽ നീ നിന്റെ സ്വദേശം വിട്ടു പുറപ്പെട്ടു. ഇവിടെ വന്നിറങ്ങുവാനുള്ള കാരണം എന്തെന്നു പറക.

ഈജയിൻ- പറയാവതല്ലാത്ത എന്റെ ദുഖങ്ങളെ വിവരിപ്പാൻ എന്നൊടു കല്പിക്കുന്നതിനേക്കാൾ വലുതായൊരു ഭാരം എന്റെമേൽ ചുമത്തുവാനില്ല. ഞാൻ സൈറാക്ക്യൂസിൽ പിറന്നു വളർന്നു. വ്യാപാ രത്താൽ സമ്പന്നനായി. വിവാഹം ചെയ്തു സുഖേനെ പാർത്തുവ രുമ്പോൾ എപ്പിഡാമ്‌നിൽ ഉണ്ടായിരുന്ന എന്റെ പങ്കു കച്ചവടക്കാരൻ മരിച്ചുപോകയും അവന്റെ പക്കൽ ഉണ്ടായിരുന്ന മുതൽ കാര്യങ്ങൾ ഒക്കയും പലരുടേയും കൈവശം ആയിപ്പോകയും ചെയ്കയാൽ ആയതു കരസ്ഥമാക്കാൻവേണ്ടി ഭാര്യയെ സൈറാക്ക്യൂസിൽ പാർപ്പിച്ചുംവെച്ചു ഞാൻ മറ്റേടത്തുപോയി താമസിക്കേണ്ടിവന്നു. ഞാൻ പോയി ഏകദേശം ആറുമാസം കഴിഞ്ഞപ്പോഴേക്കു എന്റെ ഭാര്യ വിരഹതാപത്താൽ വേഗത്തിൽ എന്റെ അടുക്കൽ വന്നുചേർന്നു. അവിടെ വന്നിട്ടു അധികനാൾ ചെല്ലുന്നതിനുമുമ്പേ അവൾ ഇരട്ട പ്രസവിച്ചു. രണ്ടും ആൺകുട്ടികൾ. കാഴ്ചയിൽ അവർക്കിരുപേർക്കും യാതൊരു വ്യത്യാസവും ഇല്ലാഞ്ഞതിനാൽ ഒരുപ്രകാരത്തിലും തമ്മിൽ തമ്മിൽ തിരിച്ചറിയുവാൻ വഹിയാഞ്ഞു. അന്നേദിവസം തന്നെ അവിടെയുള്ള ഒരു പാവപ്പെട്ട സ്ത്രീയും ഇപ്രകാരം തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത രണ്ടു ആൺകുട്ടികളെ പ്രസവിച്ചു. അവരുടെ മാതാപിതാക്കന്മാർ തുലോം പാവപ്പെട്ടവരായിരുന്നതുകൊണ്ടു ഞാൻ ആ കുട്ടികളെ വിലെക്കു വാങ്ങി എന്റെ പുത്രന്മാരുടെ പരിചാരകന്മാരാകുന്നതിനായിട്ടു വളർത്തിക്കൊണ്ടുവന്നു. അങ്ങിനെ കുറെ നാളുകൾ കഴിഞ്ഞശേഷം എന്റെ ഭാര്യ കുട്ടികളേയുംകൊണ്ടു സ്വദേശത്തിലേക്കു പോകുന്നതിന്നു ദിവസേന എന്നെ നിർബ്ബന്ധിക്കയാൽ ഒടുവിൽ മനസ്സുകേടോടുകൂടെയെങ്കിലും ഞാനും അതിന്നു സമ്മതിച്ചു. ഞങ്ങൾ കപ്പൽകയറി എപ്പഡാമ്‌നിൽനിന്നു ഒരു കാതംവഴി ദൂരമായില്ല അതിനു മുമ്പു എല്ലായ്പോഴും കാറ്റിന്നു അനുകൂലമായിരിക്കുന്ന കടൽ കോപിച്ചതിനാൽ ഞങ്ങൾ അപകടത്തിൽ ആയിരിക്കുന്നു എന്നും മരണം അടുത്തിരിക്കുന്നു എന്നും കണ്ടു. ഇനിക്കു അതിങ്കൽ ഏറെ ഭയമി [ 6 ] ല്ലാഞ്ഞെന്നുവരികിലും ഭാര്യയുടെ കരച്ചിലും കുട്ടികളോടുള്ള വാത്സല്യവും ഹേതുവാൽ അവരുടെയും എന്റെയും ജീവനെ അല്പംകൂടെ ദീർഘമാക്കുന്നതിനു വല്ല ഉപായവും ഉണ്ടോയെന്നു നോക്കേണ്ടിവന്നു. മുങ്ങിത്തുടങ്ങിയ ആ കപ്പലിൽ ഞങ്ങളെ ഇട്ടും കളഞ്ഞുകപ്പൽക്കാർ അതിലെ വഞ്ചി ഇറക്കി അവരുടെ ജീവരക്ഷയ്ക്കുള്ള വഴി തേടി. എന്റെ ഭാര്യ ഞങ്ങളുടെ മക്കളിൽ ഒരുവനേയും മറ്റെ ഇരട്ടപ്പിള്ളകളിൽ ഒരുവനേയുംകൂടെ ഒരു പലകയുടെ അറ്റത്ത് ചേർത്തുകെട്ടി. മറ്റവരെ ഇരുവരേയും ഞാൻ പലകയുടെ മറ്റേ അറ്റത്തും ബന്ധിച്ചശേഷം അവർക്കു സഹായത്തിന്നായി ഞങ്ങളും ഓരോ അറ്റത്തും പിടിച്ചുകൊണ്ടു കിടന്നു. കപ്പൽ മുഴുവനും മുങ്ങിയശേഷം കുറെനേരത്തേക്കു ഞങ്ങൾ അങ്ങിനെ പലകയിൽ പിടിച്ചുകൊണ്ടു പൊങ്ങിഒഴുകി. പിന്നെ സൂര്യൻ ഉദിച്ചപ്പോൾ കാറ്റു സാവധാനമായി. ദൂരെനിന്നു രണ്ടു കപ്പൽ ഞങ്ങളുടെനേരെ വരുന്നതുകണ്ടു. എന്നാൽ അവ വന്നെത്തുന്നതിനുമുമ്പെ - ഹാ ഇനി എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ! പിന്നീടു സംഭവിച്ചതു ഒക്കെയും ഈ പറഞ്ഞിടംകൊണ്ടു എടുത്തുകൊള്ളേണമെ.

രാജാവു - ഹേ അങ്ങിനെയല്ല. നിനക്കു മാപ്പു തന്നുകൂടായെങ്കിലും ഈ ആപത്തുകൾ ഒക്കയും കേട്ടാൽ നമുക്കു നിന്റെ പേരിൽ കനിവു തോന്നിയേക്കുമായിരിക്കുമല്ലൊ.

ഈജയിൻ - കപ്പൽ അടുത്തുവരുന്നതിനുമുമ്പെ ഞങ്ങളുടെ പലക ഒരു പാറയിന്മേൽ ചെന്നു അടിച്ചു നടുവേ ഒടിഞ്ഞു പോയി. ഇങ്ങനെ ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞെന്നു വരികിലും ഇരുപേർക്കും ഒരുപോലെയുള്ള സന്തോഷ സന്താപങ്ങൾക്കു ഇടയുണ്ടായിരുന്നു. അവരെ മൂവരേയും കൊറിന്തിലെ മുക്കുവർ പിടിച്ചു കേറ്റുന്നതു ഞങ്ങൾ കണ്ടു. ഏറെ താമസിയാതെ ഒരു കപ്പൽ വന്നു ഞങ്ങളേയും പിടിച്ചുകേറ്റി. ആ കപ്പൽ ഓട്ടത്തിന്നു തുലോം സാവധാനമുള്ളതല്ലാഞ്ഞെന്നുവരികിൽ ഞങ്ങൾ പിന്നെയും ഒന്നിക്കുന്നതിന്നു ഇടവന്നേനെ. എന്നാൽ അതു അസാദ്ധ്യമെന്നു കാണുകകൊണ്ടു കപ്പൽക്കാർ ചൊവ്വേ ഓടിച്ചുപോയി ഞങ്ങളെ സൈറാക്ക്യൂസിൽ ഇറക്കു. ഇങ്ങിനെ ഭാഗ്യത്തിന്റെ ഉച്ചയിൽനിന്നു ഇനിക്കുണ്ടായ അധോഗതിയെക്കുറിച്ചു തിരുമനസ്സുകൊണ്ടു കേട്ടുവല്ലോ.

രാജാവു - നീ ഇപ്പോൾ ആരെക്കുറിച്ചു പരിതപിച്ചുവരുന്നുവോ [ 7 ] അവരെപ്രതി നിനക്കും അവർക്കും ഇതുവരെയും സംഭവിച്ചിട്ടുള്ളതൊക്കെയും വിവരം പോലെ നമ്മൊടു പറക.

ഈജയിൻ - എന്റെകൂടെ ഉണ്ടായിരുന്ന ആ മകന്നു പതിനെട്ടുവയസ്സായപ്പോൾ തന്റെ സഹോദരനെയും മറ്റും തിരക്കുവാനായിട്ടു തന്നേയും തന്നെപ്പോലെതന്നെ സഹോദരനെക്കാണേണമെന്നു ആഗ്രഹിച്ചുവരുന്ന പരിചാരകനെയും വിടേണമെന്നു എന്നോടു അപേക്ഷിച്ചു. അവരെക്കാണേണം എന്നുള്ള താല്പര്യം ഇനിക്കും ഉണ്ടായിരുന്നതിനാൽ എന്നോടു കൂടെയുണ്ടായിരുന്നവരേയും വിട്ടുപിരിയേണ്ടിവന്നു. അങ്ങിനെ കൈവിട്ടുപോയ മകനേപ്രതി കൈവശമുണ്ടായിരുന്നവനെക്കൂടെ കളഞ്ഞുംവെച്ചു ഇതാ ഇപ്പൊൾ ആറു സംവത്സരമുണ്ടു ഞാൻ ചുറ്റിനടക്കുന്നു. ഗ്രീസിലും ആസീയായിൽ മിക്കയിടവും അനേഷിച്ചുംവെച്ചു സ്വന്ത ദിക്കിലേക്കു പോകുംവഴി അവരെക്കാണുമെന്നുള്ള ആശ കുറയുമെങ്കിലും ഒരിടവും അന്വേഷിക്കാതെ ഇട്ടേപ്പാൻ മനസ്സില്ലാഞ്ഞിട്ടു ഇവിടെയും വന്നേ. എന്നാൽ ഇവിടെ എന്റെ കഥ അവസാനിപ്പിച്ചല്ലോ മതിയാവു. അവർ ജീവിച്ചിരിക്കുന്നു എന്നു കേട്ടിട്ടു മരിച്ചെങ്കിൽ ഞാൻ ഭാഗ്യവാനായിരുന്നു.

രാജാവു - ഭാഗ്യദോഷിയായ ഈജയിനെ നിന്റെ കാര്യം നമുക്കു ദുർബ്ബലപ്പെടുത്തിക്കൂടാത്ത രാജ്യചട്ടങ്ങൾക്കും ആണെക്കും വിരോധമല്ലാഞ്ഞു എന്നുവരികിൽ നിനക്കു സഹായിക്കുന്നതിന്നു നമുക്കു യാതൊരു മടിയുമില്ല. എന്നാൽ ഇപ്പോൾ നമ്മുടെ മാനഹാനി വരുത്തിയിട്ടെങ്കിലും മരണത്തിന്നു വിധിച്ചുപോയ നിനക്കു നമ്മാൽ കഴിയുന്ന സഹായം ചെയ്തുതരാം. അതുകൊണ്ടു വ്യാപാരീ നീ ഇന്നു വൈകുന്നതിനകം ഇരുന്നിട്ടോ കടം വാങ്ങിയിട്ടോ എങ്ങിനെയെങ്കിലും നിന്നെ വീണ്ടുകൊൾവാനുള്ള പണം ഉണ്ടാക്കിക്കൊണ്ടുവന്നാൽ നിനക്കും ജീവിക്കാം. ആയതല്ലെങ്കിൽ മരിക്കേ പാടുള്ളൂ. ആരോച്ചാരേ ഇവനെക്കൊണ്ടുപോക.

ഈജയിൻ - ആശയും സഹായവും ഇല്ലാത്തവനായ എന്റെ ജീവനെ ഒരു മാത്രനേരത്തേക്കുകൂടെ വെച്ചേച്ചിട്ടു എന്തു സാദ്ധ്യം. (എന്നു പറഞ്ഞുകൊണ്ടു ആരോച്ചാരുടെ പിന്നാലെ പോയി)