ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം ഒൻപത്
[ 39 ]
9
സൈറാക്ക്യൂസിലെ അന്റിപ്പൊലസ്സു

സൈ. അന്റി -എന്നെക്കാണുന്നവർ ഒക്കയും ഞാൻ അവർക്കു മുഖപരിചയമുള്ള ഒരു ആളെന്നപോലെ ആചാരം കഴിക്കയും പേർ പറയുകയും സല്ക്കരിക്കയും ചിലർ പൊന്മാല മുതലായതു സമ്മാനിക്കയും ചിലർ എന്നിൽനിന്നു വളരെ ഉപകാരങ്ങൾ ലഭിച്ചിട്ടുള്ളവരെപ്പോലെ ഉപകാരസ്മരണ കാണിക്കയും ചെയ്യുന്നു. അല്പം മുമ്പേ ഇതിലെകൂടെ കടന്നുപോകുമ്പോൾ ഒരു തുന്നല്ക്കാരൻ വിളിച്ചു കേറ്റി ഇനിക്കു വിശേഷമായ ഒരു ഉടുപ്പുണ്ടാക്കുന്നതിന്നു പട്ടു വാങ്ങിയിരിക്കുന്നു എന്നും പറഞ്ഞു എന്റെ അളവെടുത്തു. സംശയം കൂടാതെ ഇതൊക്കയും ഏതാണ്ടോ ആപത്തിനുള്ള വഴിയാകുന്നു. ഈ ദിക്കിലുള്ളവരത്രയും കുണ്ടാമണ്ടിയും കൂടപത്രവും ഉള്ളവരാണെ. (എന്നിങ്ങനെയൊക്കെയും തന്നെത്താൻ പറഞ്ഞങ്കൊണ്ടുനില്ക്കുമ്പോൾ സൈറാക്ക്യൂസിലേ ഡ്രോമിയൊ വന്നു.) ഇതാ, യജമാനനെ എന്നൊടു കൊണ്ടുവരുവാൻ പറഞ്ഞ പണം എന്നു പറഞ്ഞുങ്കൊണ്ടു ചാളികകൊടുത്തു.

സൈ. അന്റി - എന്തെടാ പേ പറയുന്നുവോ? നീ കപ്പൽ തിരക്കുവാൻ പോയിട്ടു എന്തായി?

സൈ. ഡ്രോമി - യജമാനനെത്തടുത്തുവച്ചുംകൊണ്ടു നിന്ന ആ ശിപായി എവിടെ? അയാൾ നിങ്ങളെ തടുത്തുംവച്ചുംകൊണ്ടു നിന്നപ്പോൾ ആ വിവരം ഞാൻ വന്നു പറഞ്ഞുവല്ലൊ.

സൈ. ആന്റഫി - എന്നെ ശിപായി തടുത്തുവച്ചുവൊ? നിശ്ചയമായിട്ടു ഇവനും ഇനിക്കും ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു. [ 40 ] (എന്നിങ്ങനെ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ ഒരു വേശ്യാസ്ത്രീ വന്നു അന്റിപ്പൊലസ്സിനോടു)

എടോ അന്റിപ്പൊലസ്സു! തന്നെക്കണ്ടതൊരു തക്കസമയത്തുതന്നെ. താൻ തട്ടാനെക്കണ്ടുവെന്നുതോന്നുന്നു. ഇതോ ഇനിക്കു തരാമെന്നു പറഞ്ഞ മാല?

സൈ. അന്റി - സാത്താനെ നീ എന്നെപ്പരീക്ഷിക്കാതെ പൊയ്ക്കൊൾക.

സൈ. ഡ്രോമി - യജമാനനെ ഇതാണോ ചെയിത്താന്റെ തള്ള?

വേശ്യ - ഇതെന്താ യജമാനനും ഭ്യത്യനും പതിവില്ലാതൊരു സന്തോഷം കാണുന്നത്. എന്നോടുകൂടെ വന്നു തീൻ കഴിക്കരുതോ?

സൈ. ഡ്രോമി - യജമാനനെ ചെയിത്താട്ടികളോടുകൂടി തീനിന്നു പോവാൻ ഭാവമുണ്ടെങ്കിൽ നമുക്കൊരു നീളമുള്ള തവി സമ്പാദിച്ചുകൊണ്ടുവേണം.

സൈ. അന്റി - അതെന്തിന്നു?

സൈ. ഡ്രോമി - അല്ലേ പിന്നെ - പിശാചുക്കളൊടത്ര അടുക്കാമൊ? ഒട്ടു ദൂരെയിരുന്നാൽ എത്തത്തക്കവണ്ണം ഒരു തവിയുണ്ടായിരുന്നാൽ കൊള്ളാം.

സൈ. അന്റി - (വേശ്യയോടു) നീ എന്നെ തീനിന്നു വിളിപ്പാൻ എന്തു സംഗതി? നീയും ഈ പട്ടണത്തിലുള്ള മറ്റെല്ലാവരെപ്പോലെ ഒരു ക്ഷുദ്രക്കാരി ആകുന്നു. എന്റെ അടുക്കൽനിന്നു പൊയ്ക്കൊള്ളണമെന്നു ഞാൻ ആണയിട്ടു പറയുന്നു.

വേശ്യ - അങ്ങിനെയെങ്കിൽ ഞാൻ ഉച്ചെക്കു വന്നപ്പോൾ ഒരു മാല പകരം തരാമെന്നു പറഞ്ഞുങ്കൊണ്ടു എന്നോടു വാങ്ങിയ ആ വൈരക്കല്ലുവച്ച മോതിരമോ ഈ മാലയോ രണ്ടാലൊന്നു ഇങ്ങു തരൂ. ഞാൻ പൊയ്ക്കൊള്ളാം. പിന്നെ തന്നെ അനർത്ഥപ്പെടുത്തുവാൻ ഒട്ടു വരുന്നുമില്ല.

സൈ. ഡ്രോമി - യജമാനനെ മുമ്പേ പറഞ്ഞതുപോലെ ഇതു ഒരു കൊടിയ പിശാചുതന്നെ. കുട്ടിപ്പിശാചുക്കൾ മനുഷ്യരോടു അടുക്കുന്നതു ചുണ്ണാമ്പും മറ്റും ചോദിച്ചുകൊണ്ടല്ലയോ? എന്നാൽ ഈ ആവേശി ഈ മുതുപിശാചു - പൊന്മാല ചൊദിച്ചുങ്കൊണ്ടു വരുന്നതു കണ്ടുകൂടായൊ. അയ്യോ കൊടുത്തേക്കല്ലെ. കയ്യിൽ കിട്ടിയാൽ [ 41 ] ഉടനെ അവൾ ആ തുടലും കിലുക്കിക്കൊണ്ടു നമ്മുടെനേരെ വന്നേക്കും.

വേശ്യ - എടോ താൻ എന്നെ വഞ്ചിക്കുമെന്നു ഞാൻ തീരുമാനം കരുതിയിരുന്നില്ലല്ലോ. എന്നാൽ എന്റെ മോതിരമെങ്കിലും ഇങ്ങു തന്നേക്കൂ.

സൈ. അന്റി - എടാ ഡ്രോമിയോ ഈ പിശാചു നമ്മെ വിട്ടുപോകുവാൻ പറഞ്ഞാറെ പൊകുന്ന ഭാവമില്ല. എന്നാൽ ഇനി നമുക്കു പൊയ്ക്കളയാം.

(എന്നു പറഞ്ഞുങ്കൊണ്ടു അവർ ഇരുപേരുംകൂടെ ഓടി)

വേശ്യ - സംശയംകൂടാതെ ഈ ആന്റിപ്പോലസ്സിന്നു ഭ്രാന്തു പിടിച്ചിരിക്കുന്നു. അല്ലാഞ്ഞാൽ അയാൾ ഈ മാതിരി ആഭാസവൃത്തിയൊന്നും തുടങ്ങുകയില്ലായിരുന്നു. മാല തരാമെന്നും പറഞ്ഞു എന്നോടു മോതിരം വാങ്ങിയാറെ ഇപ്പോൾ ഒന്നും കിട്ടുകയില്ലെന്നല്ലൊ വന്നിരിക്കുന്നതു. ഇന്നുച്ചെക്കു അയാൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞ വർത്തമാനവും എല്ലാം ഭ്രാന്തെന്നു തോന്നുന്നു. ഭാര്യ അയാളെപ്പുറത്തിട്ടു വാതിലടച്ചുകളഞ്ഞതു ഒരുവേള സത്യമായിരുന്നാൽ അതു പക്ഷേ ഈ ഭ്രാന്തൻ അകത്തു കേറി വല്ല നാശവും ചെയ്യാതിരിപ്പാൻ വേണ്ടി ആയിരിക്കും. അഞ്ചാറു പൌൻ വിലപിടിച്ച മോതിരം വെറുതെ കളയുന്നതു കുറെ സങ്കടമാണെ. ഇനി അതു തിരികെ കൈക്കലാക്കുവാനുള്ള ഉപായം വേഗം അയാളുടെ വീട്ടിൽ ചെന്നു ഭാര്യയോടു അയാൾക്കും വേലക്കാരന്നും ഭ്രാന്തു പിടിച്ചിരിക്കുന്നുവെന്നും അവർ ഇരുപെരും കൂടെ എന്റെ വീട്ടിൽ ഓടിക്കേറി എന്റെ മോതിരം എടുത്തുങ്കൊണ്ടു ഓടിക്കളഞ്ഞുവെന്നും പറയുന്നതുതന്നെ. (എന്നു കരുതിക്കൊണ്ടു വേഗം അഡ്രിയാനായുടെ അടുക്കലേക്കു പോയി.)