ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം നാല്
[ 17 ]
4
സൈറാക്ക്യൂസിലെ അന്റിപ്പൊലസ്സു

സൈ. അന്റി - ഞാൻ ഡ്രോമിയോയുടെ പക്കൽ ഏല്പിച്ചിരുന്ന പണം ഭദ്രമായി സൂക്ഷിച്ചുവെച്ചുംവെച്ചു അവൻ എന്നെത്തിരക്കി ഇറങ്ങിയിരിക്കുന്നു എന്നു സത്രപ്രമാണി എന്നോടു പറഞ്ഞുവല്ലൊ. (എന്നിങ്ങനെ തന്നെത്താൻ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ ഡ്രോമിയോ വരുന്നതു കണ്ടു അവനോടു)

എന്തായടാ ഡ്രോമിയോ നിന്റെ ഫലിതത്തിന്നൊട്ടു അടക്കം വന്നുവോ? നീ തല്ലിനു മറിപ്പൻ അല്ലയോ? ഇനിയും തുടങ്ങിക്കൊൾക നീ സത്രം അറികയില്ല. എന്നോടു പണവും വാങ്ങിയിട്ടില്ല. നിന്റെ കൊച്ചമ്മ എന്നെ വിളിപ്പാൻ നിന്നെപ്പറഞ്ഞയച്ചു. ഇനിക്കു ഫീനിക്സിൽ ഒരു വീടു ഉണ്ടായി. ഈ വകയില്ലാഞ്ഞുവോ നിന്റെ ഒടക്കു? നീ ഈ പറഞ്ഞതൊക്കയും പിച്ചലാഞ്ഞുവോ?

സൈ.ഡ്രോ - ഏപ്പറഞ്ഞതൊക്കയും യജമാനനെ ഞാൻ എപ്പോഴാണു ഇപ്രകാരം ഒക്കയും പറഞ്ഞതു.

സൈ. അന്റി - ഇപ്പോൾതന്നെ. അരനാഴികയിൽ അധികമായിട്ടില്ലല്ലോ.

സൈ.ഡ്രോ - നിങ്ങൾ പണവും തന്നു എന്നെ അയച്ചതിൽ പിന്നെ ഇപ്പോൾ മാത്രമേല്ലു ഞാൻ നിങ്ങളെക്കാണുന്നുള്ളു.

സൈ. അന്റി - എടാദ്രോഹീ. നീ പണം വാങ്ങിയിട്ടില്ലെന്നും നിനക്കു ഒരു കൊച്ചമ്മയുണ്ടെന്നും അവർ എന്നെ തീനിന്നു വിളിക്കുന്നുവെന്നും ഒക്കെപ്പറഞ്ഞതു ഇനിക്കു ഒട്ടും രസിച്ചില്ലാഞ്ഞു എന്നു നീ അനുഭവംകൊണ്ടു അറിഞ്ഞില്ലയോ.

സെ. ഡ്രോ - നിങ്ങളിൽ ഈ വിനോദശീലം കാൺകയാൽ ഇനിക്കു വളരെ സന്തോഷം തോന്നുന്നു. എന്നാൽ ഈ കളിവാക്കുകളുടെ സാരം എന്നോടുകൂടെ പറയേണമെ.

സൈ. അന്റി - എന്താ ഇനിയും നീ എന്റെ മുഖത്തിന്നുനേരെ [ 18 ] നിന്നുംകൊണ്ടു എന്നെ പരിഹസിക്കുമോ? ഞാൻ കളി പറയുന്നെന്നോ നിന്റെ വിചാരം. എന്നാൽ ഇനിയും മേടിച്ചോ.

(എന്നു പറഞ്ഞുങ്കൊണ്ടു തല്ലു തുടങ്ങി)

സെ. ഡ്രോ - അയ്യോ എന്നെ തല്ലരുതെ? നിങ്ങളുടെ കളി കാര്യമായിരിക്കുന്നുവെന്നു ഇപ്പോൾ ഇനിക്കു തോന്നുന്നു. എന്നെ ത്തല്ലുന്നതു എന്തിന്നു എന്നു പറയേണമേ.

സൈ. അന്റി - ചിലപ്പോൾ ഒരു കോമാളിയെപ്പോലെ നീ ഫലിതങ്ങൾ പറഞ്ഞു എന്നെ സന്തോഷിപ്പിച്ചുകൊൾവാൻ നിന്നെ അനുവദിക്കയാൽ നീ എന്നെ പുല്ലോളം വകവെക്കാതെ ഞാൻ കാര്യം പറയുമ്പോഴും കളിയാക്കി കളകകൊണ്ടത്രെ. ഇതൊട്ടും കൊള്ളുകയില്ല. സൂര്യൻ പ്രകാശിക്കുമ്പോൾ കൊതുകു അതിന്റെ രശ്മിചെല്ലാത്ത കോണുകളിലും മൂലകളിലും ഇരിക്കുന്നതല്ലാതെ അസ്തമനത്തിന്നുമുമ്പെ വെളിയിൽ സഞ്ചരിക്ക പതിവില്ലല്ലോ. എന്നോടു വല്ല കളിയും പറവാൻ മനസ്സുണ്ടെങ്കിൽ അതു അപ്പോഴപ്പോഴത്തെ എന്റെ ശീലം നോക്കി ചിലവിട്ടുകൊണ്ടില്ലെങ്കിൽ വരുന്ന ഭവിഷ്യം ഇപ്പോൾ നീ കണ്ടുവല്ലോ.

സൈ.ഡ്രോ - ഈ പറഞ്ഞതുകൊണ്ടൊന്നും എന്നെത്തല്ലിയതു എന്തിനെന്നു മനസ്സിലായില്ല.

സൈ. അന്റി - നീ അറിഞ്ഞില്ലയോ?

സെ. ഡ്രോ - ഇല്ല. എന്നെത്തല്ലി എന്നല്ലാതെ മറ്റൊന്നും അറി യുന്നില്ല.

സൈ. അന്റി - എന്നാൽ അതു എന്തിനെന്നു പറയട്ടേ?

സെ. ഡ്രോ - എന്തിനെന്നുതന്നെ പറഞ്ഞാൽപോരാ. എന്തോരു വകെക്കെന്നും കൂടെ പറയേണം.

സൈ. അന്റി - മുമ്പേതന്നെ എന്തിനെന്നു - നീ എന്നെ നിന്ദിച്ചുതിന്നു. പിന്നെ എന്തൊരു വകെക്കെന്നു - പറഞ്ഞതുതന്നെ പിന്നെയും പിന്നെയും പറഞ്ഞുങ്കൊണ്ടു നിന്ന വകെക്കു.

സൈ. ഡ്രോമി - പെരുത്തുപെരുത്തു ഉപകാരം.

സൈ. അന്റി - അതെന്തിന്നു?

സൈ. ഡ്രോമി - അല്ല അങ്ങോട്ടൊരു വസ്തു തരാതെ ഇങ്ങോ [ 19 ] ട്ടിത്രയും തന്നതിന്നു.

സൈ. അന്റി - അത്രേയുള്ളോ. എന്നാൽ ഇനിയും ഒരിക്കൽ നീ വല്ല ഉപകാരവും ചെയ്യുമ്പോൾ നിനക്കു ഒന്നും തരാതെയിരുന്നാൽ ഈ നഷ്ടം തീരുകയില്ലയോ? അതു കിടക്കട്ടെ. തീൻ കാലമായോ?

(ഇങ്ങിനെ പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ അഡ്രിയാനായും ലൂസിയാനായുംകൂടെ അവിടെ വന്നു)

അഡ്രി - (അന്റിപ്പോലിസിനോടു) എന്താ കണ്ടിട്ടില്ലാത്ത ഭാവം നടക്കയും ഇത്ര കോപത്തോടുകൂടെ നോക്കുകയും ചെയ്യുന്നതു. നിങ്ങൾക്കു എന്നോടു ഉണ്ടായിരുന്ന സ്നേഹം അശേഷം കളഞ്ഞും വെച്ചു ഇപ്പോൾ ഇങ്ങിനെ ദുർമ്മാർഗ്ഗമായി നടക്കുന്നതു എന്റെ പേരിൽ പതിവ്രതാഭംഗം എന്നുള്ള കുറ്റം വല്ലപ്പോഴും ഒരിക്കൽ എങ്കിലും കണ്ടിട്ടു ആയിരുവെങ്കിൽ ഇനിക്കു നിങ്ങളെ കുറ്റപ്പെടുത്തുവാൻ വകയില്ലാഞ്ഞേനേ. ഇനിയെങ്കിലും ഇതു ഒക്കെയും ഉപേക്ഷിച്ചുംവെച്ചു. സന്മാർഗ്ഗമായി നടന്നെങ്കിൽ കൊള്ളാമായിരുന്നു.

സൈ. അന്റി - അല്ല ഈ പറയുന്നതു എന്നോടോ? ഞാൻ നിങ്ങളെ അറിയുന്നില്ല. ഞാൻ ഈ എപ്പേസൂസിൽ വന്നിട്ടു രണ്ടു നാഴികേല്ലു ആയിട്ടുള്ളു. നിങ്ങൾ ഈ പറഞ്ഞു കൊണ്ടുവരുന്നതിന്റെ സാരമെന്ത് എന്നു ഇനിക്കു അശേഷം മനസ്സിൽ ആകുന്നില്ല.

ലൂസി - ഇതെന്തുകൊണ്ടാ ജ്യേഷ്ടാ ഇപകാരമൊക്കയും തുടങ്ങുന്നത്? നിങ്ങളെ വിളിച്ചുകൊണ്ടുവരുവാൻ ഡ്രോമിയോയെ പറഞയച്ചാറെ വരായ്കകൊണ്ടല്ലയോ ഞങ്ങൾതന്നെ ഈ പതിനാറാംനാഴികയ്ക്കു ഇറങ്ങിത്തിരിച്ചതു.

സൈ. അന്റി - ഡ്രോമിയോയെ പറഞ്ഞു അയച്ചുവോ?

സൈ. ഡ്രോമി - എന്നെയോ?

അഡ്രി - അതേ നിന്നെത്തന്നെ. നീയല്ലയോ തിരിച്ചു വന്നു യജമാനൻ നിന്നെത്തല്ലിയെന്നും വീടും കൂടും ഭാര്യയും ഒന്നും ഇല്ലാത്തപ്രകാരം പറഞ്ഞെന്നും അറിയിച്ചതു?

സൈ. അന്റി - എടാ നീ ഈ സ്ത്രീയുമായി സംഭാഷിക്കയുണ്ടായോ ? നിങ്ങളുടെ ഈ കൂട്ടുകെട്ടിന്റെ സാരമെന്ത്? [ 20 ] സൈ. ഡ്രോമി - എന്റെ യജമാനനേ ഞാൻ ഇവരേ ഇതുകൂടെക്കൂട്ടി ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ.

സൈ. അന്റി - എടാ ദ്രോഹീ. നീ ആപ്പറയുന്നതു ശുദ്ധമേ ഭോഷ്കല്ലയോ? ഇവർ പറഞ്ഞ വാക്കുകളൊക്കെയും കമ്പോളത്തിൽവെച്ചു നീ എന്നോടു പറഞ്ഞുവെല്ലോ.

സൈ. ഡ്രോമി - എന്റെ ആയുസ്സോടു ഇടയിൽ ഇപ്പോൾ മാത്രമെ ഇവരെ കാൺകയും സംസാരിക്കയും ചെയ്തിട്ടുള്ളു.

സൈ. അന്റി - ഇവർ പിന്നെ എങ്ങിനെ നമ്മുടെ പേർ അറിഞ്ഞു. ഇവർക്കു ദിവ്യചക്ഷുസ്സുണ്ടോ?

അഡ്രി - ഹാǃ ഈ എമ്പോക്കിയൊടു കൂടിക്കൊണ്ടു എന്നെ ഇപ്രകാരം നിന്ദിക്കുന്നതു എത്ര പോരാത്ത കാര്യമെന്നു ഓർക്ക. നിങ്ങൾ ഒരു മാവും ഞാൻ അതിനോടുകൂടെ ഒട്ടിച്ചു ചേർക്കപ്പെട്ട ഒരു കൊമ്പും അല്ലയോ? എന്നെക്കൂടാതെ ഈ തടിയേൽ പിടിപെട്ടിരിക്കുന്നതു ഒക്കയും ദോഷമല്ലാതെ ഒരു ഗുണവും വരുത്താത്ത ഇത്തിക്കണ്ണികൾ ആക കൊണ്ടു അവയെ പറിച്ചു എറിഞ്ഞുകളയുന്നതുതന്നെ ഉത്തമം. വരൂ നമുക്കു പോകാം.

(എന്നു പറഞ്ഞുങ്കൊണ്ടു അവൾ അന്റിപ്പോലസ്സിന്റെ കൈയ്ക്കു കടന്നുപിടിച്ചു)

സൈ. അന്റി - ഛീ എന്നേ വിഷമമെǃ ഇതെന്തൊരു വിസ്മയം. ഒരുനാളും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഈ പെൺപിറന്നവർ എന്നെപ്പിടിച്ചു വലിക്കുന്നുവല്ലൊ. ഞാൻ ഇവളെ സ്വപ്നത്തിൽ വിവാഹം കഴിച്ചുവോ? അതൊ കാണുന്നെന്നും കേൾക്കുന്നെന്നും ഇനിക്കു തോന്നുന്നതു ഒരു സ്വപ്നമൊ? എന്തായാലും ശരി ഇവളോടുകൂടെപ്പോകതന്നെ. ഇവളുടെ അപേക്ഷയെ നിസ്സാരമാക്കുന്നില്ല. (എന്നീ പ്രകാരം മനോരാജ്യം വിചാരിച്ചു)

ലൂസി - ഡ്രോമിയോ നീ വേഗം ചെന്നു വേലക്കാരോടു തീൻ കൊണ്ടെവെക്കുവാൻ പറക.

സൈ. ഡ്രോമി - അയ്യോ എന്റെ മാതാവെǃ നിശ്ചയമായിട്ടു ഇതു ചെയിത്താന്മാർ കുടിയിരിക്കുന്ന ഒരു പ്രദേശമാണെ. അവർ പറയുംപ്രകാരമൊക്കെയും കേട്ടില്ലെന്നുവരികിൽ അവർ ജപിച്ചു എന്നെ പട്ടിയോ പൂച്ചയോ ഓന്തോ അരണയോ വല്ലോം ആയിട്ടു [ 21 ] മാറ്റിക്കളയും. (എന്നിങ്ങനെ വിചാരിച്ചുങ്കൊണ്ടു നിന്നു.)

ലൂസി - എടാ കുരങ്ങേ കഴുതേ നീ എന്താ ഈ പിറുപിറത്തുങ്കൊണ്ടു നില്ക്കുന്നത്.

സൈ. ഡ്രോമി - അയ്യോ ചതിച്ചല്ലോ, യജമാനെ എന്റെ ആകൃതിയിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ?

സൈ. അന്റി - ഇല്ലെടാ. ആകൃതിയിലല്ല മനസ്സിലത്രേ നമുക്കിരുപേർക്കും മാറ്റം ഭവിച്ചിരിക്കുന്നത്.

സൈ. ഡ്രോമി - അല്ല യജമാനനെ. മനസ്സിനും അങ്ങിനെതന്നെ. ആകൃതിക്കും മാറ്റം സംഭവിച്ചിരിക്കുന്നു. ഞാനൊരു കുരങ്ങായിപ്പോയെന്നു ഇനിക്കു തോന്നുന്നു.

ലൂസി - എടാ കുരങ്ങായിട്ടില്ല. കഴുതയായിട്ടത്രേ നീ മാറിയിരിക്കുന്നതു.

സൈ. ഡ്രോമി - ശരിതന്നെ. ഇനിക്കു പുല്ലുതിന്നെങ്കിൽ കൊള്ളായിരുന്നുവെന്നു തോന്നുന്നുവല്ലോ.

അഡ്രി - മതിമതി. യജമാനന്നു തക്ക ഭ്യത്യൻ. വിശന്നു പ്രാണൻ പൊരിയുന്നു. ഭർത്താവെ വരിക. ഡ്രോമിയോ വാതിൽക്കൽ നിന്നു കൊൾക. വല്ലവരും വന്നു യജമാനനെ തിരക്കിയാൽ തീൻ തിന്നുന്നു എന്നു പറക. ഒരുത്തരേയും അകത്തു കടത്തേണ്ട. വാ ലൂസിയാനാ.

സൈ. അന്റി - ഞാൻ സ്വർഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ. ഉറങ്ങുന്നുവോ ഉണർന്നിരിക്കുന്നുവോ? ബുദ്ധിഭ്രമത്തോടോ സുബോധത്തോടുകൂടിയോ ഇരിക്കുന്നതു. ഇവരുടെ ഇഷ്ടപ്രകാരമൊക്കയും ചെയ്കതന്നെ. അതിനാൽ വരുന്നതെന്തെങ്കിലും വരട്ടേ (എന്നു വിചാരിച്ചു.)

സൈ. ഡ്രോമി - യജമാനനേ എന്നാലെന്താ ഞാൻ വാതിൽ കാവല്ക്കാരനാകട്ടോ?

അഡ്രി - അങ്ങിനെതന്നെ. വല്ലവരേയും അകത്തോട്ടു കേറ്റിപ്പോയാൽ അറിയാം.

ലൂസി - ജ്യേഷ്ട വാ. വാ. ഇത്ര താമസിച്ചു ഒരിക്കലും നാം ഉച്ചയ്ക്കലത്തേ ഭക്ഷണം കഴിച്ചിട്ടില്ല.

(എന്നു പറഞ്ഞുകൊണ്ടു അവർ ചെന്നു തീനിനിരുന്നു.)