ആൾമാറാട്ടം/അദ്ധ്യായം പന്ത്രണ്ട്

ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം പന്ത്രണ്ട്
[ 44 ]
11
അഡ്രിയാനായും ലൂസിയാനായും ഒരു
വേശ്യയും പിഞ്ചെന്നു പെരായിട്ടു
മന്ത്രവാദിയായ ഒരു വൈദ്യനും
മറ്റു ചില ആളുകളും

എ. അന്റി - നോക്കെടാ മിണ്ടരുതു - ഇതാ അവൾ വരുന്നു.

എ. ഡ്രോമി - യജമാനത്തീ സൂക്ഷിച്ചുകൊൾക. നിങ്ങളെ നല്ല ശീലം പഠിപ്പിക്കുന്ന വകെക്കു ഞങ്ങൾ ഏതാണ്ടോ കരുതിയിട്ടുണ്ടു.

എ. അന്റി - മിണ്ടരുതെന്നു പറഞ്ഞതു കേട്ടല്ലയോ നീ. (എന്നു പറഞ്ഞുങ്കൊണ്ടു പിന്നെയും തല്ലുതുടങ്ങി.)

വേശ്യ - അഡ്രിയാനാ ഞാൻ പറഞ്ഞതെന്തിരിപ്പു! കണ്ടോ ഭ്രാന്തില്ലെങ്കിൽ ഇപ്പോൾ അവനെയിട്ടുങ്കൊണ്ടു തല്ലേണമോ?

അഡ്രി - ശരിതന്നെ. നമ്മെക്കണ്ടപ്പൊൾ അയാളുടെ മുഖഭാവം മാറിയതു കണ്ടുകൂടായോ. എന്റെ വൈദ്യനെ ഈയാളുടെ നേർബുദ്ധി തിരികെ വരുത്തിത്തന്നാൽ എന്തുവേണമെങ്കിലും തന്നുകളയാം.

പിഞ്ചു - എടോ തന്റെ കൈ ഇങ്ങോട്ടു നീട്ടുക. നാഢി പിടിച്ചു നോക്കട്ടെ.

എ. അന്റി - താൻ നാഢിക്കു പിടിച്ചാൽ ഞാൻ താടിക്കുപിടിക്കും. അതു സമ്മതമെങ്കിലേ വേണ്ടു.

പിഞ്ചു - ഹേ ഈ മനുഷ്യനിൽ ആവസിച്ചിരിക്കുന്നു ദുരാത്മാവെ നീ എത്രമേൽ ഊറ്റപ്പെട്ടവനായിരുന്നാലും എന്റെ ശുദ്ധമുള്ള പ്രാർത്ഥ [ 45 ] നയാൽ ഇവനിൽനിന്നു ഇറങ്ങിപ്പോകേണമെന്നു ഞാൻ സ്വർഗ്ഗത്തിലുള്ള പുണ്യവാളന്മാരൊക്കയുടേയും നാമത്തിൽ നിന്നോടു കല്പിക്കുന്നു.

എ. അന്റി - ചെവി കേൾക്കെട്ടെടോ. എന്നെയല്ല തന്നെയത്രേ പിശാചു ബാധിച്ചിരിക്കുന്നതു.

അഡ്രി - അതുവ്വു. ഇതിനുമുമ്പെ അങ്ങിനെ ഒന്നും ഇല്ലാഞ്ഞു.

എ. അന്റി - പോടീ പോ - ഇവരൊക്കയോ നിന്റെ ചേനാർ? ഈ എമ്പോക്കികൾ ഒക്കെ അകത്തുണ്ടായിരുന്നതുകൊണ്ടായിരിക്കും ഉച്ചെക്കു ഞാൻ വന്നു മുട്ടിയാറെ വാതിൽ തുറക്കാഞ്ഞതു ഇല്ലയൊ?

അഡ്രി - അയ്യോ ഇന്നുച്ചെക്കു വീട്ടിൽ വന്നു തീൻ കഴിച്ചതിന്നു ദൈവമുണ്ടെല്ലാ സാക്ഷി. അവിടെത്തന്നെ ഇരുന്നെങ്കിൽ ഇപ്പോൾ ഈ അപമാനത്തിനൊന്നിനും ഇടവരാഞ്ഞേനെ.

എ. അന്റി - എന്തു പറയുന്നു. ഇന്നുച്ചെക്കു ഞാൻ വീട്ടിൽ വന്നു തീൻ കഴിച്ചുവെന്നൊ? എന്തെടാ ഡ്രോമിയോ ഇന്നു നമ്മൾ വീട്ടിൽ ചെന്നു മുട്ടിയാറെ മുട്ടിത്തിരിഞ്ഞു പോരികയല്ലയോ ചെയ്തതു? ഇവൾതന്നെ എന്നെ നിന്ദിച്ചതു പോരാഞ്ഞിട്ടു വേലക്കാരെക്കൊണ്ടും നിന്ദിപ്പിച്ചില്ലയൊ?

എ. ഡ്രോമി - ഉവ്വു. യജമാനൻ പറയുന്നതത്രയും പരമാർത്ഥം തന്നെ.

അഡ്രി - കണ്ടോ വൈദ്യനെ. ആ ദ്രൊഹിയുംകൂടെ അയാളോടു ഒത്തു പറഞ്ഞുകൊള്ളുന്നതു.

പിഞ്ചു - ഒവ്വേ അതു അവന്റെ പേരിൽ ഒരു കുറ്റമായിട്ടു എണ്ണേണ്ട. തലക്കുസ്ഥിരമില്ലാത്തവരോടു ഒത്തുപറഞ്ഞുകൊണ്ടില്ലെങ്കിൽ തല്ലുകൊണ്ടേക്കുമെന്നു ഭയന്നിട്ടായിരിക്കും.

എ. അന്റി - ഈ തട്ടാൻ എന്നെ ഇപ്രകാരം അപമാനിക്കുന്നതിന്നും നീയല്ലയോ ഇടവരുത്തിയതു. ഇതൊക്കയും മനസ്സറിഞ്ഞുങ്കൊണ്ടു നീ ചെയ്തിട്ടുള്ളതാകുന്നു.

അഡ്രി - അയ്യോ ഡ്രോമിയോ അവിടെ വന്നു ഈ വിവരം പറഞ്ഞമാത്രെക്കു ഞാൻ അവന്റെ പക്കൽ പണം കൊടുത്തയച്ചുവല്ലോ.

എ. അന്റി - നീ ചെന്നു പണം ചോദിച്ചില്ലയോ. [ 46 ] അഡ്രി - ഉവ്വുവ്വു ഇവൻ വന്നു ചോദിച്ചു. ഉടനെതന്നേ ഞാൻ എടുത്തു കൊടുക്കയും ചെയ്തു.

ലൂസി - അതേയതേ. ഞാൻ ചാളികയെടുത്തുകൊണ്ടു വന്നു ജ്യേഷ്ഠത്തിയുടെ കയ്യിൽ കൊടുത്തു. അവർ അതു ഇവന്റെ പക്കലും കൊടുത്തു.

എ. ഡ്രോമി - ഞാൻ പോയതു ഒരു ചൂരൽ വാങ്ങിപ്പാൻ മാത്രമായിരുന്നു എന്നുള്ളതിന്നു പടച്ചതമ്പുരാനും ആ ചൂരൽ കച്ചവടക്കാരനും സാക്ഷി.

പിഞ്ചു - എന്നീ തള്ള എന്തിന്നേറെപ്പറയുന്നു. യജമാനനേയും ഭ്യത്യനേയും ഒരുപോലെ പിശാചു ബാധിച്ചിരിക്കുന്നു സംശയമില്ല. അതുകൊണ്ടു ഇരുപെരെയും ബന്ധിച്ചു അല്പനേരത്തേക്കു ഒരു ഇരുട്ടുമുറിയിൽ കൊണ്ടുപോയി ഇടാമെങ്കിൽ ഞാൻ സൌഖ്യം വരുത്താം.

എ. അന്റി - (അഡ്രിയാനയോടു) നീ എന്നെപ്പുറത്തിട്ടു വാതിൽ അടെച്ചുകളകയും പണത്തിന്നു ആളയച്ചാറെ കൊടുത്തയക്കാതിരിക്കയും ചെയ്തതു എന്തുകൊണ്ടെന്നു ഇപ്പോൾ പറയണം.

അഡ്രി - എന്റെ പ്രിയ ഭർത്താവേ ഞാൻ നിങ്ങളെപ്പുറത്തിട്ടു വാതിൽ അടച്ചിട്ടില്ല.

എ. ഡ്രോമി - എന്റെ പ്രിയ യജമാനനെ ഇവർ ഇന്നു എന്റെ പക്കൽ പണം തന്നയച്ചിട്ടില്ല. നമ്മെപ്പുറത്തിട്ടു കതകു അടച്ചുകളഞ്ഞതു പരമാർത്ഥവും ആകുന്നു.

അഡ്രി - അമ്പേ ദുഷ്ടാ! നീ അപ്പറഞ്ഞതു രണ്ടും വ്യാജമല്ലയോ?

എ. ആന്റി - അമ്പേ ദുഷ്ടേ! നീ ഇപ്പറയുന്നതശേഷവും ശുദ്ധമേ ഭോഷ്കല്ലയോ? ഈ ആഭാസന്മാരെ ഒക്കയും കൂട്ടിക്കൊണ്ടു എന്നെ ഇപ്രകാരം അപമാനിക്കുന്നതിന്നു നിന്നോടു ഞാൻ തക്കപോലെ ചോദിക്കയില്ലെന്നോ ഭാവം?

അഡ്രി - എന്റെ വൈദ്യനെ ഇവരെ വേഗം പിടിച്ചു കെട്ടുക. അല്ലെങ്കിൽ എന്നോടു ഇപ്പോൾ വക്കാണം തുടങ്ങും.

പിഞ്ചു - രണ്ടുമൂവരെക്കൂടെ വിളിപ്പീനോ! ഉതറിക്കുന്നുവല്ലോ. [ 47 ] എ.അന്റി - അയ്യോ പാവോ! എന്നെക്കൊല്ലുന്നേ! എടോ ശിപായി തന്റെ തടവുപുള്ളിയായ എന്നോടു ഇവർ ഇപ്രകാരം ചെയ്യുന്നതിനു താൻ സമ്മതിച്ചുകൊടുക്കുന്നുവോ?

ശിപായി - അല്ല കൂട്ടരേ.. പറഞ്ഞതിന്മണ്ണം ഇതെന്തോരു കൂത്താണെ. ഇയാൾ തടവുകാരനാണെ. വിടുവിൻ. വിടുവിൻ.

പിഞ്ചു - അവനേയും കെട്ടു. അവനേയും കെട്ടു. അവനും തലയ്ക്കു നല്ല തുമ്പില്ലെന്നു തോന്നുന്നു.

ശിപായി - ഒവ്വേ അതു ദക്ഷിണ മേടിപ്പാനുള്ള പണിക്കാണെന്നു തോന്നുന്നു. ചോരയുള്ള കോയിലോടു കളിക്കരുതെന്നു കേട്ടിട്ടില്ലയോ? ഇയാളെ വിട്ടാൽ ഞാൻ ഉത്തരം പറയേണ്ടിവരും.

അഡ്രി - ആകട്ടെടോ താൻ വരൂ. അയാൾ ആർക്കാണെ കൊടുപ്പാനുള്ളതു? എന്തുമാത്രം കൊടുപ്പാനുണ്ടു. ആ കാര്യം ഞാൻ തീർത്തുകൊള്ളാം. നിങ്ങൾ ഏതെങ്കിലും ഇവരെ വീട്ടിൽ കൊണ്ടു പോയി എന്താണെന്നാൽ ചെയ്‌വിൻ.

(വൈദ്യനും കൂട്ടരുംകൂടെ അന്റിപ്പോലസ്സിനേയും ഡ്രോമിയോയെയും പിടിച്ചുകെട്ടിക്കൊണ്ടുപോയി)

ശിപായി - (അഡ്രിയാനയോടു) അൻജീലോ എന്നു പേരായ തട്ടാനെ അറിയുമോ? അവനോടു നിങ്ങളുടെ കെട്ടിയവൻ ഒരു പൊന്മാല വാങ്ങിയിട്ടുണ്ടു. അതിന്റെ വില കൊടുത്തിട്ടില്ല.

അഡ്രി - എന്റെപേർക്കൊരു മാല തീർപ്പിക്കുന്നുണ്ടു എന്നു പറയുന്നതു കേട്ടു. എന്നാൽ അവിടെ കൊണ്ടുവന്നു കണ്ടില്ല.

വേശ്യ - അയാളുടെ വിരലേൽ കിടക്കുന്ന എന്റെ മോതിരം തട്ടിയെടുത്തുങ്കൊണ്ടു പോന്നപുറകേ ഞാൻ വന്നപ്പോൾ ഒരു പൊന്മാല കഴുത്തിൽ കിടക്കുന്നതു ഞാൻ കണ്ടു.

അഡ്രി - ഉള്ളതായിരിക്കും. ഏതെങ്കിലും തട്ടാനെക്കണ്ടു ഇതിന്റെ വിവരം മുഴുവനും അറികതന്നെ.

(എന്നു പറഞ്ഞുങ്കൊണ്ടു അവർ കുറെ അങ്ങോട്ടു നടന്നപ്പോൾ ലൂസിയാനാ പുറകോട്ടു നോക്കി. സൈറാക്ക്യൂസിലെ അന്റിപ്പൊലസ്സും ഡ്രോമിയോയും വാളൂരി കയ്യിൽ പിടിച്ചുകൊണ്ടു പാഞ്ഞുവരുന്നതുകണ്ടു ജ്യേഷ്ഠത്തിയോടു) “എന്റെ പൊന്നു ചേടുത്തി ഇതാ അവർ കെട്ടുപൊട്ടിച്ചുംകളഞ്ഞു ഊരിയ വാളോടുകൂടെ നമ്മുടെനേരേ [ 48 ] പാഞ്ഞുവരുന്നു. നമ്മേ കൊന്നുപോകേയുള്ളൂ."

അഡ്രി - നമുക്കു ഇവിടെ കിടന്നു നിലവിളിച്ചു അഞ്ചാറുപേരെക്കൂടെ വിളിച്ചുകൂട്ടി ഇവരെ ഇനിയും പിടിച്ചുകെട്ടണം. “അയ്യോ പാവോ - കൂവെ കുക്കുക്കൂവേ - ഓടിവരീനോ - പിടിപ്പീനോ."

ശിപായി - ജീവൻ വേണമെന്നുണ്ടായിരുന്നാൽ ഓടിക്കൊൾവിൻ.

സൈ. അന്റി - എടാ ഈ കാർമ്മിണികൾക്കൊക്കെയും വാളിനോടു വലിയ മടുപ്പുതന്നെ.

സൈ. ഡ്രോമി - അതെയതേ. യജമാനനേ ഭർത്താവെന്നു വിളിച്ചുകൊണ്ടുവന്നവൾ ഇതാ ഇപ്പോൾ പറുപറെ ഓടുന്നു.

സൈ. അന്റി - വഴിയമ്പലത്തിൽ ചെന്നു നമ്മുടെ കെട്ടുംകെടയും ഒക്കെ എടുത്തു കപ്പലിൽ കേറിയെങ്കിൽ മാത്രമേ ജീവൻ കിട്ടിയെന്നു പറയാവു.

സൈ. ഡ്രോമി - ഒവ്വേ ഈ പട്ടണത്തിലുള്ളവർ നല്ല ജന്മാന്ത്രക്കാരാണെ - അവർ നമ്മോടു ഒരു ദോഷവും ചെയ്കയില്ല. അവർ നല്ലവാക്കു പറകയും നമ്മെ സല്ക്കരിക്കയും സ്വർണ്ണസരപ്പളിമാല മുതലായതു കൊണ്ടുവന്നു കാഴ്ചവെക്കയും ചെയ്യുന്നതു കണ്ടില്ലയോ? ഈ രാത്രി ഇവിടത്തന്നെ താമസിക്കേണം. മഹാമേരുപോലെയുള്ള ആ ശനിയുടെ അസഹ്യം ഇല്ലായിരുന്നെങ്കിൽ എന്റെ ആയുസ്സുകാലം മുഴുവനും ഈ സൌമ്മ്യ ആളുകളുടെ ഇടയിൽതന്നെ കഴിച്ചുകൊള്ളുന്നതു ഇനിക്കു പൊന്നു സമ്മതം.

സൈ. അന്റി - എന്തെല്ലാം നന്മയുണ്ടായാലും. ഞാൻ ഈ രാത്രി ഇവിടെത്താമസിക്കയില്ല. നീ വേഗം പോയി നമ്മുടെ സാമാനങ്ങൾ എടുത്തുകൊണ്ടുവരിക.