ഈശാവാസ്യോപനിഷദ് ഭാഷ
ഈശാവാസ്യോപനിഷദ് ഭാഷ (വിവർത്തനം) രചന: |
1887നും 97നും ഇടയിൽ വിവർത്തനം ചെയ്യപ്പെട്ടു. |
- ഈശൻ ജഗത്തിലെല്ലാമാ-
- വസിക്കുന്നതുകൊണ്ടു നീ
- ചരിക്ക മുക്തനായാശി-
- ക്കരുതാരുടെയും ധനം. 1
- അല്ലെങ്കിലന്ത്യംവരെയും
- കർമ്മം ചെയ്തിങ്ങസംഗനായ്
- ഇരിക്കുകയിതല്ലാതി-
- ല്ലൊന്നും നരനു ചെയ്തിടാൻ. 2
- ആസുരം ലോകമൊന്നുണ്ടു
- കൂരിരുട്ടാലതാവൃതം
- മോഹമാർന്നാത്മഹന്താക്കൾ
- പോകുന്നൂ മൃതരായതിൽ. 3
- ഇളകാതേകമായേറ്റം
- ജിതമാനസവേഗമായ്
- മുന്നിലാമതിലെത്താതെ
- നിന്നുപോയിന്ദ്രിയാവലി. 4
- അതു നില്ക്കുന്നു പോകുന്നി-
- തോടുമന്യത്തിനപ്പുറം
- അതിൻ പ്രാണസ്പന്ദനത്തി-
- ന്നധീനം സർവകർമ്മവും. 5
- അതു ലോലമതലോല-
- മതു ദൂരമതന്തികം
- അതു സർണ്ണാന്തരമതു
- സർവത്തിന്നും പുറത്തുമാം. 6
- സർവഭൂതവുമാത്മാവിൽ
- ആത്മാവിനെയുമങ്ങനെ
- സർവഭൂതത്തിലും കാണു-
- ന്നവനെന്തുള്ളു നിന്ദ്യമായ്? 7
- തന്നിൽ നിന്നന്യമല്ലാതെ
- എന്നു കാണുന്നു സർവവും
- അന്നേതു മോഹമന്നേതു
- ശോകമേകത്വദൃക്കിന്? 8
- പങ്കമറ്റംഗമില്ലാതെ
- പരിപാവനമായ് സദാ
- മനസ്സിൻ മനമായ് തന്നിൽ
- തനിയേ പ്രോല്ലസിച്ചിടും. 9
- അറിവാൽ നിറവാർന്നെല്ലാ-
- മറിയും പരദൈവതം
- പകുത്തു വെവ്വേറായ് നല്കീ
- മുൻപോലീ വിശ്വമൊക്കെയും. 10
- അവിദ്യയെയുപാസിക്കു-
- ന്നവരന്ധതമസ്സിലും
- പോകുന്നൂ വിദ്യാരതര-
- ങ്ങതേക്കാൾ കൂരിരുട്ടിലും. 11
- അവിദ്യകൊണ്ടുള്ളതന്യം
- വിദ്യകൊണ്ടുള്ളതന്യമാം
- എന്നു കേൾക്കുന്നിതോതുന്ന
- പണ്ഡിതന്മാരിൽ നിന്നു നാം. 12
- വിദ്യാവിദ്യകൾ രണ്ടും ക-
- ണ്ടറിഞ്ഞവരവിദ്യയാൽ
- മൃത്യുവെത്തരണം ചെയ്തു
- വിദ്യയാലമൃതാർന്നിടും. 13
- അസംഭൂതിയെയാരാധി-
- പ്പവരന്ധതമസ്സിലും
- പോകുന്നൂ സംഭൂതിരത-
- രതേക്കാൾ കൂരിരുട്ടിലും. 14
- സംഭൂതികൊണ്ടുള്ളതന്യ-
- മസംഭൂതിജമന്യമാം
- എന്നു കേൾക്കുന്നിതോതുന്ന
- പണ്ഡിതന്മാരിൽ നിന്നു നാം. 15
- വിനാശം കൊണ്ടു മൃതിയെ-
- ക്കടന്നമൃതമാം പദം
- സംഭൂതികൊണ്ടു സംപ്രാപി-
- ക്കുന്നു രണ്ടുമറിഞ്ഞവർ. 16
- മൂടപ്പെടുന്നു പൊൻപാത്രം
- കൊണ്ടു സത്യമതിൻ മുഖം
- തുറക്കുകതു നീ പൂഷൻ!
- സത്യധർമ്മന്നു കാണുവാൻ. 17
- പിറന്നാദിയിൽനിന്നേക-
- നായി വന്നിങ്ങു സൃഷ്ടിയും
- സ്ഥിതിയും നാശവും ചെയ്യും
- സൂര്യ! മാറ്റുക രശ്മിയെ. 18
- അടക്കുകിങ്ങു കാണ്മാനായ്
- നിൻ കല്ല്യാണകളേബരം
- കണ്ടുകൂടാത്തതായ് കണ്ണു-
- കൊണ്ടു കാണപ്പെടുന്നതായ്. 19
- നിന്നിൽ നില്ക്കുന്ന പുരുഷാ-
- കൃതിയേതാണതാണു ഞാൻ;
- പ്രാണൻ പോമന്തരാത്മാവിൽ;
- പിമ്പു നീറാകുമീയുടൽ. 20
- ഓമെന്നു നീ സ്മരിക്കാത്മൻ!
- കൃതം സർവം സ്മരിക്കുക
- അഗ്നേ! ഗതിക്കായ് വിടുക
- സന്മാർഗ്ഗത്തൂടെ ഞങ്ങളെ. 21
- ചെയ്യും കർമ്മങ്ങളെല്ലാവു-
- മറിഞ്ഞീടുന്ന ദേവ! നീ
- വഞ്ചനം ചെയ്യുമേനസ്സു
- ഞങ്ങളിൽ നിന്നു മാറ്റുക.
- അങ്ങേയ്ക്കു ഞങ്ങൾ ചെയ്യുന്നു
- നമോവാകം മഹത്തരം. 22