ഈസോപ്പ് കഥകൾ/ഉപ്പു കച്ചവടക്കാരന്റെ കഴുത
←സിംഹത്തിന്റെ പ്രേമം | ഈസോപ്പ് കഥകൾ രചന: ഉപ്പു കച്ചവടക്കാരന്റെ കഴുത |
മുറിവാലൻ കുറുക്കൻ→ |
ഉപ്പു കച്ചവടം നടത്തിയിരുന്ന ഒരാൾക്ക് ഒരു ചുമട്ടു കഴുത ഉണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ ഉപ്പുചാക്കുകളുമായി ഒരു പാലം കടക്കവേ, ഓർക്കാപ്പുറത്ത് കഴുതയുടെ അടിതെറ്റി. അത് ചുമടുമായി ആറ്റിൽ വീണു. നീന്തിക്കയറിയ കഴുതയുടെ ചുമടുഭാരം ഗണ്യമായി കുറഞ്ഞിരുന്നു. കാരണം ഉപ്പെല്ലാം വെള്ളത്തിൽ അലിഞ്ഞിരുന്നു. സംഗതി മനസ്സിലാക്കിയ കഴുത അടുത്ത ദിവസം പാലംകടക്കവേ കാൽ ഇടറുന്നതായി അഭിനയിച്ചു മനഃപൂർവ്വം വെള്ളത്തിലേക്ക് വീണു. കഴുതയുടെ വിരുത് യജമാനൻ തിരിച്ചറിഞ്ഞു. അടുത്ത ദിവസം കഴുത മനപ്പൂർവ്വം വെള്ളത്തിൽ വീണെങ്കിലും കയറാൻ ഏറെ പാടുപെടേണ്ടി വന്നു. കുറെ വെള്ളവും കുടിച്ചു. ചുമടാകട്ടെ ഭാരത്തിൽ ഇരട്ടിയായതായി തോന്നുകയും ചെയ്തു. കാരണം അന്ന് യജമാനൻ ഉപ്പിനു പകരം പഞ്ഞിനിറച്ച ചാക്കായിരുന്നു ചുമടായി വെച്ചിരുന്നത്. പാഠം പഠിച്ച കഴുത പിന്നിടൊരിക്കലും ചുമടു താങ്ങാൻ വൈമനസ്യം കാട്ടിയില്ല.
- ഗുണപാഠം: :മടിയന്മാർ മല ചുമക്കും