ഈസോപ്പ് കഥകൾ/ഉറുമ്പും പുൽച്ചാടിയും

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ഉറുമ്പും പുൽച്ചാടിയും


1919 സചിത്ര ഈസോപ് കഥകളിൽ നിന്ന് by Milo Winter

അത് വേനൽക്കാലം ആയിരുന്നു. പുൽച്ചാടി പാടത്തു തുള്ളിക്കളിച്ച് പാട്ടുപാടി മതിമറന്നാഹ്ളാദിക്കുകയായിരുന്നു. ഒരു ധാന്യമണി തന്റെ കൂട്ടിലേക്ക് കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്ന ഉറുമ്പ് ആ വഴി കടന്നുപോയി.

"ഇങ്ങനെ കഷ്ടപ്പെടാതെ," പുൽച്ചാടി ചോദിച്ചു, "നിനക്കെന്താ എന്നോടൊത്തു കളിച്ചാൽ?"

"ഞാൻ മഞ്ഞുകാലത്തേക്ക് ഭക്ഷണം ശേഖരിക്കുകയാണ്", ഉറുമ്പ് പറഞ്ഞു. "നീയും അങ്ങനെ ചെയ്താൽ നന്നായിരിക്കും".

"മഞ്ഞുകാലത്തെക്കുറിച്ച് എന്തിനു പ്രയാസപ്പെടണം?" പുൽച്ചാടി ചോദിച്ചു, "നമുക്കിപ്പോൾ ധാരാളം ഭക്ഷണമുണ്ടല്ലോ." പക്ഷെ ഉറുമ്പ് തൻറെ പ്രയത്നം തുടർന്നു.

മഞ്ഞുകാലം വന്നു. പുൽച്ചാടി പട്ടിണി കിടന്നു ചാകാറായി. ഉറുമ്പുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം എന്നും വിതരണം ചെയ്യുന്നത് അവൻ കണ്ടു. അപ്പോഴവനു മനസ്സിലായി:

ഗുണപാഠം: സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.