ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ഐകമത്യം മഹാബലം

ഒരു കൃഷിക്കാരനു നാലുമക്കളുണ്ടായിരുന്നു. എന്നാൽ അവർ തമ്മിൽ എന്നും വഴക്കായിരുന്നു. പിതാവിന്റെ ഉപദേശങ്ങൾക്കോ, ശകാരങ്ങൾക്കോ ഒന്നും അവരെ രമ്യതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പിതാവ് അവരോട് കുറെ വിറകുകൊള്ളികൾ ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ശേഖരിക്കപ്പെട്ട വിറകുകൊള്ളികൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു വലിയ കെട്ടാക്കിയിട്ട് പിതാവ് മക്കളോടു പറഞ്ഞു."നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് പൊട്ടിക്കൂ".

മക്കൾ ഒരോരുത്തരായി ആ കെട്ടിലെ വിറകു ഒടിക്കാൻ ശ്രമിച്ചുനോക്കി.സാധിക്കാതെ വന്നപ്പോൾ അവർ ഒരുമിച്ചു ശ്രമിച്ചു. എന്നിട്ടും സാധിച്ചില്ല.

അപ്പോൾ പിതാവ് ആ കെട്ടഴിച്ചു, വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ പറഞ്ഞു. ഏവർക്കും അത് നിഷ്പ്രയാസം സാധിച്ചു. ആ പിതാവ് മക്കളോട് പറഞ്ഞു, "നിങ്ങൾ ഓരോരുത്തരും വെവ്വേറെ നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും. എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു നേരിടാം".

ഗുണപാഠം: ഐകമത്യം മഹാബലം