ഈസോപ്പ് കഥകൾ/മോഷ്ടാവും അമ്മയും
←"ചെന്നായ്!" കരഞ്ഞ ബാലൻ | ഈസോപ്പ് കഥകൾ രചന: മോഷ്ടാവും അമ്മയും |
വൃദ്ധനും മരണവും→ |
പള്ളിക്കൂടത്തിൽ നിന്നും തന്റെ സഹപാഠിയുടെ ഒരു പുസ്തകം മോഷ്ടിച്ചു കൊണ്ടുവന്ന ബാലനെ അവന്റെ മാതാവ് ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല അവനെ അനുമോദിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അടുത്ത തവണ അവൻ മോഷ്ടിച്ചത് ഒരു മേലങ്കി ആയിരുന്നു. അതും മാതാവ് അനുമോദിച്ചു. ബാലൻ യുവാവായപ്പോഴും മോഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മോഷണവസ്തുക്കളുടെ മൂല്യവും അധികരിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു നാൾ അവൻ കവർച്ചക്കിടെ പിടിക്കപ്പെട്ടു. വധശിക്ഷയാണ് അവനു വിധിക്കപ്പെട്ടത്. വിലങ്ങുവെച്ച കൈകളുമായി അവനെ വധിക്കപ്പെടാൻ കൊണ്ടുപോകുമ്പോൾ അവന്റെ അമ്മയും അലമുറയിട്ടുകൊണ്ട് അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
അവൻ പറഞ്ഞു "എനിക്ക് എന്റെ അമ്മയോടു രണ്ട് വാക്കു രഹസ്യമായി പറയാനുണ്ട്
എന്നിട്ടവൻ മാതാവിന്റെ അടുക്കലേക്ക് ചെന്നു.പെട്ടെന്ന് അവൻ അമ്മയെ ആക്രമിച്ചു, അമ്മയുടെ ചെവി കടിച്ചു മുറിച്ചു. അമ്മ അവനെ കഠിനമായി ശകാരിച്ചു. അപ്പോൾ അവൻ വിലപിച്ചു
ഞാൻ ആദ്യമായി ഒരു പുസ്തകം കട്ടുകൊണ്ടുവന്നപ്പോൾ അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഞാൻ അപമാനിതനായി മരിക്കേണ്ടിവരില്ലായിരുന്നു"
- ഗുണപാഠം: :കള്ളത്തരം മുളയിലേ നുള്ളണം. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.