ഈസോപ്പ് കഥകൾ/രണ്ടു ചങ്ങാതിമാരും ഒരു കരടിയും

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
രണ്ടു ചങ്ങാതിമാരും ഒരു കരടിയും
"കരടിയും വഴിപോക്കരും" Milo Winter (1919) സചിത്ര ഈസോപ്പ് സമാഹാരം

വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു. അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ. കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.

"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"

മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല."

ഗുണപാഠം: :ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ