ഈസോപ്പ് കഥകൾ/വളർത്തു നായയും ചെന്നായും

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
വളർത്തു നായയും ചെന്നായും

പട്ടിണി കിടന്നു മെലിഞ്ഞ് എല്ലും തോലുമായ ചെന്നായ് ഒരു ദിവസം ഒരു വളർത്തുനായയുമായി കണ്ടുമുട്ടി. വളർത്തുനായ പറഞ്ഞു.

"എന്റെ സഹോദരാ, നിന്റെ അലഞ്ഞു തിരിഞ്ഞുള്ള, അടുക്കും ചിട്ടയുമില്ലാത്ത ഈ ജീവിതമാണ് നിന്നെ ഈ കോലത്തിലാക്കിയത്. എന്നെ പോലെ കൃത്യമായി ജോലിചെയ്തുകൂടെ നിനക്കും? എങ്കിൽ നിനക്ക് നേരത്തിനു ഭക്ഷണം കിട്ടും."

ചെന്നായ് ചോദിച്ചു "ഞാൻ തയ്യാറാണ്.പക്ഷെ ജോലി എവിടെ കിട്ടും?"

"അത് ഞാൻ ശരിയാക്കി തരാം. എന്റെ യജമാനന്റെ അടുക്കലേക്ക് പോകാം. എന്റെ ജോലി നമ്മുക്ക് പങ്കിടാം" വളർത്തു നായ ഏറ്റു.

അങ്ങനെ അവരിരുവരും പട്ടണത്തിലേക്ക് യാത്രയായി. വളർത്തുനായയുടെ കഴുത്തിലെ ചില ഭാഗത്ത് രോമം കുറവാണ് എന്നു മനസ്സിലാക്കിയ ചെന്നായ അതിന്റെ കാരണം തിരക്കി.

"ഓ അതോ , അതൊന്നുമില്ല. രാത്രിയിൽ എന്നെ കെട്ടിയിടാനുപയോഗിക്കുന്ന ചങ്ങല പതിഞ്ഞുണ്ടായ പാടാണവിടം. ആദ്യം ഒക്കെ ഇത്തിരി അസ്വസ്ഥത തോന്നും . പക്ഷെ പിന്നീടത് ശീലമായിക്കൊള്ളും" വളർത്തു നായ നിസ്സാരമട്ടിൽ പറഞ്ഞു.

"ഓ ഹോ! അത്രയേ ഉള്ളോ? എന്റെ നായ സാറേ ഞാനില്ലങ്ങോട്ടേയ്ക്ക്. നിനക്ക് നമസ്ക്കാരം." ചെന്നായ് വിടചൊല്ലി.

ഗുണപാഠം: തടിച്ച് കൊഴുത്ത് അടിമയായിരിക്കുന്നതിനേക്കാൾ നല്ലത് പട്ടിണി കിടന്നിട്ടാണെങ്കിലും സ്വതന്ത്രനായിരിക്കുന്നതാണ്