ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
സൂര്യനും കാറ്റും

കാറ്റും സൂര്യനും തർക്കമായി. ആർക്കാണ് കൂടുതൽ ശക്തി എന്നതായിരുന്നു വിഷയം. അപ്പോൾ ഒരു വഴിയാത്രക്കാരൻ പോകുന്നത് കണ്ട് സൂര്യൻ പറഞ്ഞു

“നമ്മുടെ തർക്കം പരിഹരിക്കാനൊരു മാർഗ്ഗം ഞാൻ കാണുന്നു. ദാ ആ പോകുന്ന വഴിയാത്രക്കാരന്റെ മേൽക്കുപ്പായമൂരിക്കാൻ സാധിക്കുന്നവനാണ് ശക്തൻ. ആദ്യം നീ ശ്രമിക്ക്”

ഇതും പറഞ്ഞ് സൂര്യൻ മേഘത്തിനുള്ളിലേക്ക് പിൻവലിഞ്ഞു. കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി. എന്നാൽ കാറ്റിന്റെ ശക്തിയേറുന്തോറും വഴിയാത്രക്കാരൻ തന്റെ മേൽക്കുപ്പായം കൂടുതൽ മുറുക്കുകയായിരുന്നു. ഒടുവിൽ കാറ്റ് വീശൽ മതിയാക്കി പിൻവാങ്ങി. അപ്പോൾ സൂര്യൻ പ്രത്യക്ഷപ്പെട്ട് തിളങ്ങി. ചൂട് സഹിക്കവയ്യാതെ യാത്രക്കാരൻ ഉടൻ തന്നെ മേൽക്കുപ്പായമൂരി.

ഗുണപാഠം: മൃദു സമീപനം കാഠിന്യത്തെക്കാൾ ഫലവത്തായിരിക്കും."