ഉത്തരഭാഗം

ആറ്റിൻ നേരായ്‌ക്കരിവരമദം നീടൊഴുക്കും വടക്കിൻ-
കൂറ്റിന്നിൻറങ്ങഴകു പൊഴിയിക്കിൻറ പുണ്യാംബുരാശേഃ
മാറ്റാർ കൂപ്പും മഹിതമണികണ്ടന്നയോദ്ധ്യേവ രാമ-
ന്നേറ്റം വശ്യാ ജയതി നഗരീ സാ കടന്തേരി നാമ്നാ.        1

ഓരോ പെണ്മാൻമിഴികൾ ഭവനംതോറുമൻപോടു ചെൻറ-
ങ്ങാരാഞ്ഞെല്ലാപ്പൊഴുതുമിടമാടമ്പു വാരാത വാറു്
വീരന്മാർ മേൽപ്പുലര മലരമ്പെയ്തുതാൻ വീരനാവാൻ
മാരന്നൂണും കുളിയുമവിടെച്ചാല വൈകിൻറുതല്ലോ.        2

ചേടീവക്ത്രം പുനരൊരു കരംകൊണ്ടുടൻ പൊത്തയിത്വാ
മാടോപാന്തേ വളർമതിയുടേ മാർവിൽ മാൻപേട കണ്ടു്
ഊടേ കാട്ടിച്ചിലമരതകക്കല്ലു പൈംപുല്ലു പോലേ
വാടാമാലക്കുഴലികൾ ചതിച്ചങ്ങണച്ചീടുമേടം.        3

മത്തേഭാനാം വളർ ചെവികളാമാലവട്ടങ്ങൾകൊണ്ടും
നെച്ചേന്തീടും മൃദു കുതിരവാലായ വെഞ്ചാമരൈശ്ച
കെല്പാൎന്നീടും പടയിൽ നടുവേ സാദരം വീജ്യമാനാ
നിത്യം വീരത്തിരുവനിതയും തത്ര മേവീടുമേടം.        4

വില്പാൻ ചെൽകിൽ ത്രിഭുവനമിദം കൊള്ളുമാറാൎജ്ജിതാൎത്ഥൈ-
രാൎയ്യപ്രായൈരിനിയ വചസാമാൎയ്യവംശപ്രധാനൈഃ
നാനാ രത്നദ്രവിണമണിയിൻറാപണശ്രേണി തോറും
നാണിപ്പോമാറളക നളിനപ്പെൺ കളിച്ചീടുമേടം.        5

ബാലസ്ത്രീണാം മുലയിൽ മലിയും കുങ്കുമച്ചാറു ചേറായ്-
ച്ചാലപ്പണ്ണും കമലകലിതാ ശ്രീമതി ശൈലകന്യാ
മാലക്കാലത്തളികൾ തെളിവുറ്റൂമ്പിനോരാമ്പൽ വമ്പു-
റ്റോലും കോലപ്പവനനൊടുടൻ ചേൎന്നു മേവിടുമേടം.        6

ദ്വീപാൽ ദ്വീപാൽക്കടലരികൊളം ചൊങ്കിൽ വന്നൎത്ഥജാലം
കൂടക്കൂട ക്രമുകമരിചം കൊണ്ടുചെൻറങ്ങു നൽകി
തോണിക്കൂട്ടം മുഴുകമുഴുകക്കൊണ്ടുചെൻെറാൻറിനോടൊ-
ൻെറത്തിത്തിങ്ങത്തണലിലണയത്താഴ മേവീടുമേടം.        7

ഈടിക്കൂടിക്കനമളികുലം ചേൎന്ന പൂങ്കാവു തോറും
കൂടക്കൂടത്തുടുതുട മലർത്തേൻറൽ പൊയ്പോരു നേരം
ആടിക്കൊണ്ടൽപ്പെരുമഴയിതെൻറിങ്ങനേ കല്പയിത്വാ
വേടക്കാലത്തഴകൊടു മയിൽക്കൂട്ടമാടീടുമേടം.        8

പൊന്മാടത്തിൻ നിഴലെ വെയിലെൻേറാൎത്തു പെയ്യിൻറ വെള്ളം
തേന്മാവിൻേറ മധുരസമിതെൻറമ്പിനോട്ടുമ്പി നിൻറു്
മാന്മേലോരോ പരിചിൽ മടവാർ പാടുമപ്പഞ്ചമത്തിൽ
ത്താന്മേലാവാൻ തെളിവൊടു കുയിൽപ്പേട പാടീടുമേടം.        9