ഉദ്യാനലക്ഷ്മി/രാഗോപഹാരം
രാഗോപഹാരം
മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ
വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ.
കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ്ടുതാരക പൂക്കൾ ഞാൻ
തത്വചിന്തകൾകൊണ്ട് കൂരിരുൾ മുറ്റിയോരെന്റെ മാനസം
മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാൽ
പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി
തമ്മിലൊന്നു പുണർന്നു നമ്മുടെ കൺമുനകളും നമ്മളും
അസ്സുഖോന്മാദ വിസ്മൃതിയിലെൻ അക്ഷികൾ ഒന്നടയവേ,
അത്തരം നോക്കിയെന്റെ വേർപെട്ടിതപ്രതീക്ഷിതമായി നീ
നിഷ്ഫലം നിൻ സമാഗമം വെറും സ്വപ്നമാത്രമായ് തോന്നിമേൽ
ഒറ്റെവാക്കെന്നോടോതിടാതെന്നെ വിട്ടുപോയി നീ എങ്കിലും
ഏതുമേ നിൻ വിയോഗ ചിന്തയാൽ വേദനിച്ചതില്ലെന്മനം
കണ്ടുഞാനെന്റെ കാൽചുവട്ടിലാ രണ്ടു താരക പൂവുകൾ
ഉണ്ടെനിക്കുനിന്നോർമ്മക്കായ് ഇന്നീ രണ്ടു പൂവുകളെങ്കിലും
നിന്നുപഹാരമാമിവയെ ഞാൻ എന്നുമോമനിച്ചീടുവെൻ
എന്മനസ്സിൻ നിഗൂഡതയിൽ വെച്ചുമ്മവെച്ചീടുവെൻ