ഹരി: ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
ശ്രീമഹാദേവൈ നമഃ
വാമാംഗത്തിങ്കൽവാർപൂങ്കുഴൽവളവസനം കുങ്കുമം കൊങ്കതെച്ചി-
പ്പൂമങ്ങും കാന്തി മറ്റേപ്പുറമതിലനലൻ നല്ല പാമ്പെല്ലുചർ മ്മം
സോമശ്രീശോഭവെണ്ണീർ ജടകളിരുപുറത്തിങ്കലും തിങ്കൾ തേജ-
സ്സോമൽ സൌന്ദര്യമെന്നീഗുണമുടയഹരൻ തൻ പദം മുമ്പിടുന്നേൻ (1)
അത്ര തന്നെയല്ല,
വല്ലാതുള്ളരസേനവാനവർ വരന്മാരൊത്തുമാരാന്തകൻ
നില്ലാതങ്ങുവരുമ്പൊളുള്ള വലുതായോരാർ പ്പുവായ്‌ക്കും വിധൌ
കല്യാണത്തിനു കോപ്പണിഞ്ഞു കുതുകാൽ വാഴുന്നകുന്നിന്മകൾ
ക്കുല്ലാസത്തൊടുദിച്ച സം ഭ്രമമതെന്നുൾ പ്പൂ തണുപ്പിക്കണം (2)
ഡംഭേറും വിത്തപൻ തീർത്തൊരുവിവിധപദാർത്ഥങ്ങളെ ഭംഗമെന്യെ
ജൃംഭിച്ചാർത്ത്യാ ചിലത്തീട്ടുടനഥ വളരും ക്ഷുത്തുകൊണ്ടത്തലോടെ
ഗംഭീരാരാവമിട്ടങ്ങിനെ ധനപതി തൻ പിമ്പുറത്തമ്പിലോടും
കുംഭീന്ദ്രാസ്യന്റെ കുംഭത്തൊടു പടപൊരുതും കുമ്പയെ കുമ്പിടുന്നേൻ (3)
കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെക്കണ്ടുകിട്ടാഞ്ഞുകൂട്ടം
കൂടികൊണ്ടങ്ങുഗോപീജനമഥ പുളിനേ വാണുടൻ കേണിടുമ്പോൾ
കോടിക്കാമപ്രകാശം തടവിടുമുടലിലിൻ ധാടിയോടെത്തിയോരാ
ക്കോടക്കാർ വർ ണ്ണനെന്നെക്കരുണയൊടുകടാക്ഷിച്ചു രക്ഷിച്ചിടേണം (4)
പ്രേമപ്പെട്ടു വിളങ്ങണം മമ ഹൃദി ശ്രീവിഷ്ണുമായേതിരി-
ഞ്ഞോമൽ പന്തടിയും ചുമന്ന ചൊടിയും കേടറ്റ നിന്മോടിയും
ശ്രീമൽ പൂവൊളിമേനിയും കളമൊടാക്കാമാരിയേയും മുഴു-
ക്കാമഭ്രാന്തതിലിട്ടുമുക്കിയ വിലാസത്തിന്റെ സത്തും സദാ (5)
മയ്‌ക്കണ്ണാൾ മൌലിമാലാമണികളുടെ
ലലാടത്തൊടും ചിത്തതാരിൽ
തർ ക്കം കൂടാതെ താരിൽ തരുണിയുടെ സുതൻ
തന്നൊടും പിന്നെ മോദാൽ
മുക്കണ്ണൻ തന്രെ മൂർ ദ്ധാവൊടുമഴകൊഴുകും
പാർ വ്വതീ പാദമോടും
തക്കം പോലൊത്തിണങ്ങും കുടിലകുളുർ മതി
ക്കൂമ്പിനെക്കുമ്പിടുന്നേൻ (6)
(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)
സാരാസാരമറിഞ്ഞീടും പരനെഴും ദോഷങ്ങളെ ചൊല്‌കയി-
ല്ലോരോരോഗുണമുള്ളതാസകലവും തോഷിച്ചു ഘോഷിച്ചിടും
ഈ രാജേന്ദ്രസദസ്യരെത്രഗുണവാന്മാരാണിതോരു വിധൌ
പാരാതിങ്ങിവർ വന്നതെന്നുടെകുരുത്വത്തിന്റെകുത്താണഹോ (7)
(നാലുപുറത്തും നോക്കീട്ട്)
ഭംഗ്യാരംഗം മുഴങ്ങുമ്പടി സുരുചിരമാം ഗീതവാദ്യപ്രയോഗം
നങ്ങ്യാരും നമ്പിയാരും നലമൊടിഹ തകർ ക്കുന്നു വായ്‌ക്കുന്ന മോദം
ശൃംഗാരം പാരമേറുന്തകിൽ കുഴൽ മുരളീകാഹളീവേണുവീണാ
ശൃംഗാരാവങ്ങൾ കേട്ടീസ്സഭപരമരസം പൂണ്ടുകൊണ്ടാടിടുന്നൂ (8)
(അണിയറയിലേക്ക് നോക്കീട്ട്)
പട്ടൊന്നമ്പോടുടുക്കും പുനരതു തെളിയാഞ്ഞിട്ടഴിക്കും കുചത്തെ
ക്കെട്ടും പെട്ടന്നഴിക്കും കുറിതൊടുമുടനേമായ്‌ക്കുമീവണ്ണമായി
കഷ്ടം കാലം കഴിക്കുന്നിതു കഠിനമെടോ നേരമോ പാതിരാവാ-
യൊട്ടും നില്‌ക്കാതെ വേഗാലിനി വരിക ചലാപാംഗിനീരംഗദേശേ (9)
നടി (വന്നിട്ട്)
ചൊല്പൊങ്ങീടും സഭക്കാരിവർ തവ തരുവാൻ
മല്‌ക്കരേ നല്കിയോരീ
നൽ പ്പത്രം കണ്ടുകിട്ടാഞ്ഞണിയറയതിൽ ഞാ-
നൊക്കെയും നോക്കി നോക്കി
ഉൾ പ്പൂ വാടിഭ്രമിച്ചേനധികമതുവശാൽ
താമസം വന്നതാണി-
ങ്ങിപ്പോൾ കിട്ടീ ധരിച്ചീടണമുടനിതുവാ-
ങ്ങിച്ചു വായിച്ചിടേണം (10)
സൂത്രധാരൻ (എഴുത്തു വാങ്ങി വായിക്കുന്നു)
"ഭംഗ്യാ ശൃംഗപുരേശ്വരോത്സവമതിന്നായിട്ടു ദൂരത്തു നി-
ന്നിങ്ങാമോദമൊടൊത്തണഞ്ഞൊരുസദസ്യന്മാർ പരമ്മാനസേ
തിങ്ങും പ്രേമമിയന്നു മാധവനടശ്രേഷ്ഠൻ ധരിച്ചീടുവാൻ
ഭംഗം വിട്ടെഴുതുന്ന നല്ലൊരു മഹാസത്തായ കത്താണിത് (11)
ഉമാവിവാഹാഭിധമായ നാടകം
ക്രമാലശേഷം സരസം നടിക്കണം
അമാന്തമില്ലാതിതു സാമ്പ്രതം നട-
പ്രമാണിയായോരു ഭവാൻ നടത്തണം എന്ന് (12)
നടി (കേട്ടിട്ട്) ഈ നാടകം ആരുണ്ടാക്കിയതാണ്.
സൂത്രധാരൻ
ഇക്കാവാകിയ രാജ്ഞി തന്റെ തനയൻ കുഞ്ഞുണ്ണി ഭൂപന്റെ തൽ
തൃക്കാൽ സേവകനായ ശിഷ്യനമലൻ ദേവൌഘസേവാരതൻ
ചൊല്‌ക്കൊള്ളുന്നൊരു കോടിലിം ഗനൃവരൻ കൊച്ചുണ്ണിഭൂപാലനാ-
ണിക്കാര്യം വിരചിച്ചതെന്നറിക നീ മാങ്കണ്ണിമാർ മൌലികേ (13)
നടി: ഹ് ഹ്
നന്ദ്യാകവീന്ദ്രവിബുധെന്ദ്രഗുണങ്ങലെല്ലാം
നന്നായ് സ്തുതിച്ചിടുമൊരീക്കവിരാജകാവ്യം
നന്നാകുമിങ്ങതു നടപ്പതിനായ് സദസ്യ-
രിന്നാജ്ഞ ചെയ്തതതിയോഗ്യമതീവഭാഗ്യം (14)
സൂത്രധാരൻ
കൊച്ചുണ്ണിക്ഷിതിപന്റെ നല്‌ക്കവിതയാണീനമ്മളാണാടുവാൻ
മെച്ചം നായിക ലോകനായികയതാണീമ്മട്ടു താൻ നായകൻ
പുച്ഛിക്കില്ല സദസ്യർ നല്ല ഗുണവാന്മാരാണയേ പണ്ടു ഞാ-
നിച്ഛിച്ചോരു ഗുണങ്ങളിന്നിഹ തികഞ്ഞിട്ടുണ്ടു പിട്ടല്ലമെ (15)
നടി:
ശരിയാണിതു സർ വ്വവും നിനച്ചാൽ
പരിതോഷം മമ പാരമേറിടുന്നു
പരിചോടിനിയെന്തു ചെയ്യണം ഞാ-
നരിയോരങ്ങു തെളിഞ്ഞതോതിടേണം (16)
നീലത്തഴക്കുഴലി നിസ്തുലശോഭയോടു
ചേലൊത്തിരിസ്സഭകൊഴുപ്പതിനിപ്പൊൾ മോദാൽ
പാലൊത്ത വാണി വിളയാടിടുമീവസന്ത-
കാലത്തെ വാഴ്‌ത്തി വടിവോടയി പാടിടേണം (17)
നടി:
ഉല്ലാസത്തൊടു ഭൃംഗാവലിഗുണഗണവും
പൂക്കളായുള്ളൊരമ്പും
വില്ലും മന്ദാനിലസ്യന്ദനവുമിവ ചമ-
ച്ചീ വസന്തം ഹൃദന്തേ
വല്ലാതേന്തും പ്രമോദാൽ ത്രിഭുവനമഖിലം
വെല്ലുവാൻ കോകിലത്തിൻ
ചൊല്ലാലിപ്പോൾ വിളിക്കുന്നിതു നിജസഖി
കന്ദർപ്പനെ ദ്ദർപ്പമോടെ (18)
(അണിയറയിൽ )
അമായം മങ്ങീടും രതിയുടയ ദുശ്ശങ്കകളെ ഞാൻ
സമാധനഞ്ചൊല്ലിക്കളമൊടുകളഞ്ഞാശുവരുവൻ
അമാന്തം കാണില്ലിങ്ങതിനയി വസന്തപ്രിയസഖ
പ്രമാദം കൂടാതങ്ങരഞൊടിയടങ്ങീടുക മുദാ (19)
(എന്ന് രണ്ടാളും കേൾക്കുന്നു)
സൂത്രധാരൻ (നോക്കിട്ട്)
അല്ലൽ പെട്ടൊരു കാന്ത തന്നൊടു സമാധാനങ്ങളോരോതരം
ചൊല്ലിക്കൊണ്ടിത ചൂതബാണനിഹ വന്നെത്തുന്നുകത്തുമ്മുദാ
ഉല്ലാസാലിനി വേണ്ട കാര്യമഖിലം ചെയ്തീടുവാൻ നോക്കു മൽ
കല്യാണാം ഗി നടക്കയല്ലി നടിമാർ ചൂടുന്ന ചൂഡാമണേ (20)
(എന്ന് സൂത്രധാരനും നടിയും പോയി)
പ്രസ്താവന കഴിഞ്ഞു

"https://ml.wikisource.org/w/index.php?title=ഉമാവിവാഹം&oldid=143636" എന്ന താളിൽനിന്ന് ശേഖരിച്ചത്