എന്നുള്ളിൽ സങ്കേതം കൊൾവാൻ
രാഗം സിങ്കളം ആദിതാളം
എന്നുള്ളിൽ സങ്കേതം കൊൾവാൻ വന്നവനാം തങ്ക പ്രാവേ;
നിന്നെ നിന്ദിച്ചതാലെന്നിൽ-വന്നു ബഹുസന്താപങ്ങൾ
ദോഷശക്തികളസംഖ്യം വേഷഭക്തികാണിച്ചെന്നിൽ
ദോഷമവയെന്നുപോലും-മശേഷമെന്നിൽ തോന്നിയില്ല
പാപജയമൊട്ടൊക്കെയും തോല്വിയോടെ പ്രാപിച്ചു ഞാൻ
കേവലം തൃപ്തിവരാതെ-ജീവിതം കഴിച്ചു പോന്നു
ക്ഷാമമനുഭവിച്ചയ്യോ! നാമമാത്രമായ് ഭവിച്ചു
പ്രാർഥന ധ്യാനമിതുകൾ ഓർത്തു ഞാനും ലജ്ജിക്കുന്നു.
ആശ്രയം ജഡത്തിൽ വച്ചു-ആശയോടെ ജീവിച്ചതാൽ
ദോഷമീവിധത്തിൽ വന്നു- നാശമെന്നിലേറെ ചെയ്തു
തേജസ്സിൻ കർത്തന്നാത്മാവു-തേജസ്സോടെന്നുള്ളിൽ വന്നു
വാസം ചെയ്ത നേരം തൊട്ടു-നാശമായ് ജഡത്തിൻ ശക്തി
ആവിയിന്നധിവാസത്താൽ ജീവിതം നിഷ് പ്രയാസമായ്
സാമർത്ഥ്യജയമറിഞ്ഞു-ക്ഷാമവുമകന്നു ദൂരെ
ദൈവതാതന്നല്ലേലൂയ്യാ ദൈവസുതന്നല്ലേലൂയ്യാ
ദൈവ ആവിക്കല്ലേലൂയ്യാ-ഏവമെന്നും ഹല്ലേലൂയ്യാ.