ഐതിഹ്യമാല/നടുവിലേപ്പാട്ട് ഭട്ടതിരി
വികടത്വംകൊണ്ടു വിശ്വവിശ്രൂതനും അപകടത്വംകൊണ്ട് അദ്വിതീയനുമായിരുന്ന നടുവിലേപ്പാട്ടു ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീഷുമലബാറിലുൾപ്പെട്ട പൊന്നാനിത്താലൂക്കിൽ വന്നേരി എന്ന ദേശത്താണെന്നാണ് കേട്ടിട്ടുള്ളത്. ഇദ്ദേഹം ചെറുപ്പത്തിൽ വേദാധ്യായനം ചെയ്തു താമസിച്ചിരുന്നത് തൃശ്ശിവപേരൂർ ബ്രഹ്മസ്വം മഠത്തിലായിരുന്നു. അതിനുശേഷവും പല കാരണവശാൽ ഇദ്ദേഹം ബ്രഹ്മസ്വംമഠത്തിൽ വന്നു പലപ്പോഴും താമസിക്കാറുണ്ടായിരുന്നു. അതുകൂടാതെ കൊച്ചി രാജ്യത്തുതന്നെ തലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരിക്കു സ്വൽപം പടിഞ്ഞാറുള്ള ചിറ്റണ്ട ദേവസ്വത്തിലെ ഊരാളൻമാരിലൊരാളെന്ന നിലയിൽ പലതവണയായി അവിടെയും വളരെക്കാലം താമസിച്ചിരുന്നുവത്ര.ഇദ്ദേഹത്തിന്റെ വികടത്വങ്ങൾ വിവരിക്കുകയാണെങ്കിൽ വളരെയുണ്ട്. പക്ഷെ അവയിൽ അധികവും അസഭ്യങ്ങളാകയാൽ അവയെ ഉപേക്ഷിച്ച് ഒരുവിധം സഭ്യങ്ങളായിട്ടുള്ളവ മാത്രം താഴെപ്പറഞ്ഞു കൊള്ളുന്നു.
നമ്മുടെ കഥാനായകന്റെ അച്ഛനും നല്ല വികടൻതന്നെയായിരുന്നു. ആ പാരമ്പര്യപ്രകാരമാണ് ഇദ്ദേഹം ഇങ്ങനെയായിത്തീർന്നത്. ഇദ്ദേഹത്തിനു ചെറുപ്പത്തിൽതന്നെ അച്ഛന്റെ അനുഗ്രഹവും കിട്ടീട്ടുണ്ടായിരുന്നു. പ്രസ്തുതഭട്ടതിരി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തു ചാർച്ചയുള്ള ഒരില്ലത്ത് എന്തോ കേമമായിട്ട് ഒരടിയന്തിരമുണ്ടായി. അങ്ങോട്ടു പോകാനായി ഇവർ അച്ഛനും മകനുംകൂടി യാത്രയായപ്പോൾ അങ്ങോട്ടു പോകാനായിട്ടുതന്നെ വേറെയും ചില നമ്പൂരിമാർ അവിടെ ചെന്നുകൂടി. പിന്നെ എലാവരുംകൂടിപ്പോയി. ഒന്നുരണ്ടു നാഴിക ദൂരം ചെന്നപ്പോൾ വഴിക്ക് ഒരു പുഴയുണ്ടായിരുന്നു. വേനൽക്കാലമായിരുന്നതിനാൽ പുഴയിൽ വെള്ളമധികമുണ്ടായിരുന്നില്ല. ഇറങ്ങിക്കടക്കാമായിരുന്നു. എങ്കിലും നടുക്കു ചെല്ലുമ്പോൾ നനച്ചേയ്ക്കുമോ എന്നു ചിലർക്കു സംശയം. അതുകൊണ്ട് ആരും വെള്ളത്തിലിറങ്ങാതെ എല്ലാവരും സംശയിച്ചു കരയ്ക്കു നിന്നു. അപ്പോൾ നമ്മുടെ കഥാനായകൻ "നിങ്ങൾക്കെല്ലാവർക്കും സംശയമാണെങ്കിൽ ആദ്യം ഞാനിറങ്ങി നോക്കാം. അപ്പോൾ സംശയം തീരുമല്ലോ?" എന്നു പറഞ്ഞു അദ്ദേഹം വെള്ളത്തിലിറങ്ങി നടന്നുതുടങ്ങി. കുറച്ചു നടന്നതിന്റെ ശേഷം ക്രമേണ താണു നടുക്കു ചെന്നപ്പോൾ അവിടെ ഇരുന്നു. അപ്പോൾ വെള്ളം അദ്ദേഹത്തിന്റെ കഴുത്തോളമായി. പിന്നെ കുറച്ചിട നിരങ്ങി നിരങ്ങിപ്പോയി. അപ്പോളൊക്കെ കരയ്ക്കു നിന്നിരുന്നവർക്ക് അദ്ദേഹം നടന്നുപോകുന്നു എന്നു തന്നെയാണു തോന്നിയത്. അങ്ങനെ തോന്നത്തക്കവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പോക്ക്. പിന്നെ ക്രമേണ പൊങ്ങിപ്പൊങ്ങിയെണീറ്റു നടന്ന് അക്കരെച്ചെന്നു കയറി. അപ്പോൾ "ഈ ഉണ്ണിക്കു കഴുത്തോളം വെള്ളമുള്ള സ്ഥിതിക്കു നമുക്കു നനയ്ക്കുമെന്നുള്ള കാര്യം തീർച്ചതന്നെ" എന്നു പറഞ്ഞു നമ്പൂരിമാരെല്ലാവരും ഉടുത്തിരുന്ന മുണ്ടഴിച്ചു തലയിൽ കെട്ടിക്കൊണ്ടു പുഴയിലിറങ്ങി നടന്നുതുടങ്ങി. അക്കരെച്ചെന്നു കയറുന്നതുവരെ അവർക്കാർക്കും ഒരിടത്തും മുട്ടോളം തന്നെ വെള്ളമുണ്ടായിരുന്നില്ല. അപ്പോളാണ് ഈ ബ്രഹ്മചാരി സൂത്രം കാണിച്ചു തങ്ങളെ വിഡ്ഢികളാക്കുകയാണു ചെയ്തതെന്നു നമ്പൂരി മാർക്ക് മനസ്സിലായത്. മുട്ടോളംതന്നെ വെള്ളമില്ലാതിരുന്ന പുഴയിൽ പകൽസമയത്ത് ഒട്ടു വളരെപ്പേർ ഉടുത്തതും പറിച്ചു തലയിൽക്കെട്ടിക്കൊണ്ടു നടക്കുന്നതു കണ്ടിട്ടു രണ്ടു കരയിലും നിന്നിരുന്ന ആളുകൾ കൈകൊട്ടിച്ചിരിച്ചു. നമ്പൂരിമാർ സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. അക്കരെച്ചെന്നു കയറിയപ്പോൾ നമ്പൂരിമാർ "ഉണ്ണി ഞങ്ങളെയെല്ലാവരെയും മധ്യമമാക്കിയല്ലോ. ചെറുപ്പത്തിലേതന്നെ അപകടമാണല്ലേ പഠിക്കുന്നത്? തരക്കേടില" എന്നു പറഞ്ഞു. അപ്പോൾ അച്ഛൻ ഭട്ടതിരി "ആവൂ! മനസ്സിനു സമാധാനവും സന്തോഷവുമായി. എന്റെ കാലം കഴിഞ്ഞാൽ പിന്നെ ഈ പാരമ്പര്യം പുലർത്തിക്കൊണ്ടുപോകുന്നതിന് ആരുമില്ലാതെവന്നേക്കുമോ എന്നുള്ള വിചാരം എനിക്കു വളരെയുണ്ടായിരുന്നു. ഇപ്പോൾ അതു തീർന്നു. എന്റെ ഉണ്ണി നന്നായ് വരട്ടെ!" എന്നും "അവനിങ്ങനെതന്നെ ഓരോന്നു തോന്നട്ടെ!" എന്നും പറഞ്ഞു. അക്കാലം മുതൽക്കാണു നമ്മുടെ കഥാനായകൻ പ്രസിദ്ധനായിത്തീർന്നത്. പിന്നെ അധികം താമസിയാതെ അച്ഛൻ ഭട്ടതിരി മരിച്ചു. അച്ഛന്റെ ദീക്ഷയും സമാവർത്തനവും കഴിഞ്ഞയുടനെ കഥാനായകൻ വേദാധ്യയനത്തിനായി തൃശ്ശിവപേരൂർ ബ്രഹ്മസ്വംമഠത്തിൽ ചെന്നുചേർന്നു. പിന്നെ അദ്ദേഹം അവിടെവച്ചു കാണിച്ചിട്ടുള്ള കുണ്ടാമണ്ടികൾക്കും കുസൃതികൾക്കും അവസാനമില്ല.
ഭട്ടതിരി ചെന്നുചേർന്ന കൊല്ലം അക്ഷയതൃതീയദിവസം ബ്രഹ്മസ്വം മഠത്തിൽ കേമമായിട്ട് ഒരു സദ്യയുണ്ടായിരുന്നു. മേടമാസം കാലമായിരുന്നതിനാൽ സദ്യയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും മാമ്പഴവും ധാരാളമുണ്ടായിട്ടുണ്ടായിരുന്നു. മാമ്പഴമുള്ള കാലത്ത് മോരു കൂട്ടിയാൽ മാമ്പഴംകൂടെ പിഴിഞ്ഞുകൂട്ടുക എല്ലാവർക്കുംതന്നെ പ്രായേണ രസമായിട്ടുള്ളതാണല്ലോ. വിശേഷിച്ചും നമ്പൂരിമാർക്ക് അതു ബഹുരസമായിട്ടുള്ളതാണ്. മാമ്പഴം ധാരാളമായിട്ടുണ്ടെങ്കിൽ നൂറും നൂറ്റമ്പതും മാമ്പഴം വീതം പിഴിഞ്ഞു കൂട്ടുക നമ്പൂരിമാരുടെയിടയിൽ സാധാരണമാണ്. അന്നു സദ്യയ്ക്ക് മാമ്പഴം ധാരാളമായിട്ടുണ്ടായിരുന്നുവെന്നുമാത്രമല്ല, നമ്പൂരിമാരും പതിവിൽ വളരെയധികം വന്നുകൂടീട്ടുണ്ടായിരുന്നു. എല്ലാവരും മാമ്പഴം ധാരാളമായി പിഴിഞ്ഞുകൂട്ടി. ഊണ് ഏകദേശം കഴിയാറായപ്പോൾ ഭട്ടതിരി ഒരു മാമ്പഴം പിഴിഞ്ഞ് അതിന്റെ അണ്ടി തെറിപ്പിച്ചു(തെറ്റിച്ചു). ആ അണ്ടി ചാടിച്ചാടി ആ പന്തിയിലിരുന്ന പത്തുപതിനഞ്ചു നമ്പൂരിമാരുടെ ഇല അശുദ്ധപ്പെടുത്തി. ഉടനെ അവരൊക്കെ കൈ കുടഞ്ഞ് എണീറ്റു. ഭട്ടതിരി അവിടെയിരുന്നു കരഞ്ഞുതുടങ്ങി. അപ്പോൾ ചില നമ്പൂരിമാർ "നടുവിലേപ്പാട് ഒട്ടും വിഷാദിക്കേണ്ട. ഞങ്ങൾക്കാർക്കും ഇതുകൊണ്ട് ഒരു പരിഭവവുമില്ല. ഇങ്ങനെയൊക്കെ അബദ്ധം എല്ലാവർക്കും വരുന്നതാണ്. നടുവിലേപ്പാടിനു ചെറുപ്പമല്ലേ? മേലാൽ ഇങ്ങനെ വരാതെയിരിക്കാൻ സൂക്ഷിക്കണം" എന്നു പറഞ്ഞു. അതുകേട്ടിട്ടു ഭട്ടതിരി "ഇനി ഇങ്ങനെ വരാതിരിക്കാൻ ഞാൻകഴിയുന്നതും കരുതിക്കൊള്ളാം. പക്ഷെ ഞാൻ വിഷാദിക്കുന്നതിന്റെ കാരണം നിങ്ങൾ വിചാരിക്കുന്നതല്ല. എന്റെ അച്ഛൻ ഇങ്ങനെ അണ്ടി തെറിപ്പിച്ചാൽ ആ അണ്ടി ആ പന്തിയിലുള്ള ഇലകളിലൊക്കെച്ചാടീട്ടു മറുപന്തിയിലും ചെന്ന് ഏതാനുമിലകൾ ശുദ്ധം മാറ്റുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഞാൻ അണ്ടി തെറിപ്പിച്ചിട്ട് ഈ പന്തിയിൽത്തന്നെ മുഴുവനുമെത്തിക്കാൻ കഴിഞ്ഞില്ലല്ലോ. അതു വിചാരിച്ചാണു ഞാൻ വിഷാദിക്കുന്നത്. എങ്കിലും നിങ്ങൾ പറഞ്ഞതുപോലെ മേലാൽ ഇങ്ങനെയായിപ്പോകാതിരിക്കാൻ ഞാൻ നല്ലപോലെ സൂക്ഷിച്ചു കൊള്ളാം" എന്നാണ് പറഞ്ഞത്. ഇതു കേട്ടപ്പോൾ നമ്പൂരിമാരിൽ ചിലർക്കു ദ്വേഷ്യവും ചിലർക്കു ചിരിയും വന്നു. എല്ലാവരും "അമ്പടാ!വീരാ!" എന്നു മാത്രം പറഞ്ഞിട്ടു കൈ കഴുകാൻ പോയി.
ഒരിക്കൽ ഭട്ടതിരി തൃശ്ശിവപേരൂർ പടിഞ്ഞാറേ പ്രദക്ഷിണവഴിയിൽ നിന്നിരുന്നപ്പോൾ ഒരു പട്ടരുടെ ശവം ചിലർകൂടി കെട്ടിയെടുത്തു ശ്മശാനസ്ഥലത്തേയ്ക്കു കൊണ്ടുപോകുന്നതു കണ്ടിട്ടു ഭട്ടതിരി "ഈ പട്ടർക്കു ദീനമെന്തായിരുന്നു?" എന്നു ചോദിച്ചു. അപ്പോൾ കൂട്ടത്തിലുണ്ടായിരുന്നതിലൊരാൾ "ദീനം വിശേഷിച്ചൊന്നുമുണ്ടായിരുന്നില്ല. വിഷംതീണ്ടി മരിച്ചതാണ്" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാൽ എനിക്കുകൂടി ഒന്നു നോക്കണം. മരിച്ചുപോയിയെന്നുള്ള കാര്യംതന്നെ എനിക്കത്ര വിശ്വാസമായിട്ടില്ല. ശവം അവിടെ താഴെ വെയ്ക്കാൻ പറയുക" എന്നു പറഞ്ഞു. അപ്പോൾ ഒരാൾ "വാസുനമ്പ്യാർ, മാളിയേക്കൽക്കർത്താവ്,കാക്കരനമ്പൂരി മുതലായ യോഗ്യൻമാരൊക്കെ പഠിച്ച വിദ്യകളെല്ലാം പരീക്ഷിച്ചു നോക്കീട്ടും ഫലമുണ്ടായില്ല. മരിച്ചുപോയി എന്ന് അവരെല്ലാവരും തീർച്ചപ്പെടുത്തുകയും ചെയ്തു. ഇനി ഇദ്ദേഹമെന്തിനാണ് നോക്കുന്നത്? ഒന്നും വേണ്ട. നടക്കുവിൻ" എന്നു പറഞ്ഞു. ഉടനെ മറ്റൊരാൾ "അങ്ങനെ തീർച്ചപ്പെടുത്തേണ്ട. അവരൊക്കെ നോക്കീട്ടു ഫലമുണ്ടായില്ലെന്നുവെച്ച് ഇദ്ദേഹം നോക്കീട്ട് ഫലമുണ്ടാകരുതെന്നില്ലല്ലോ. ഉണ്ടായില്ലെങ്കിൽ വേണ്ട. അതുകൊണ്ടു നമുക്കു നഷ്ടമൊന്നും വരാനില്ലല്ലോ. ഒരു സമയം ഇദ്ദേഹത്തിന്റെ പ്രയോഗം ഫലിച്ചുവെങ്കിൽ വലിയ കാര്യമായല്ലോ. ഇല്ലെങ്കിൽപ്പിന്നെ നമുക്കു കൊണ്ടുപോയി ദഹിപ്പിക്കാം" എന്നു പറഞ്ഞു. ഏതെങ്കിലും ശവം താഴെയിറക്കിവെച്ചു. ഉടനെ ഭട്ടതിരി അടുത്തുചെന്നു കുനിഞ്ഞു ചെവിയിൽ "പെരുമനത്ത മ്പലത്തിൽ തിരുവിതാംകൂർ മഹാരാജാവിന്റെ തിരുനാൾസംബന്ധിച്ചുള്ള അമ്പലംകുലുക്കി വാരം നാളെയാണ്. ഇക്കൊല്ലം വിശേഷാൽ ഓരോ ഉറുപ്പിക പ്രതിഗ്രഹവുമുണ്ട്" എന്നു മൂന്നു പ്രാവശ്യം പറഞ്ഞു. ശവത്തിനു ഒരിളക്കവുമുണ്ടായില്ല. ഉടനെ ഭട്ടതിരി "ഇനി കൊണ്ടുപോയി ദഹിപ്പിക്കാം. മരിച്ചുപോയതുതന്നെ. തീർച്ചയായി. പട്ടരുടെ ഒരു തലയ്ക്കെങ്കിലും സ്വൽപ്പം ജീവനുണ്ടെങ്കിൽ സദ്യയും പ്രതിഗ്രഹവുമുണ്ടെന്നു കേട്ടാൽ തല പൊക്കാതിരിക്കയില്ല. നിങ്ങൾ ഇനി ഒരു കാര്യംകൂടി ചെയ്യണം.വിഷമിറക്കാൻ ശ്രമിച്ചവരുടെ പേരു പറയുന്ന കൂട്ടത്തിൽ നടുവിലേപ്പാട്ട് ഭട്ടതിരിയും നോക്കി എന്നുകൂടി പറഞ്ഞേയ്ക്കണം. അത്രതന്നെ" എന്നു പറഞ്ഞു. ശവം കൊണ്ടുവന്നവർ അതു ദഹിപ്പിക്കാൻ കൊണ്ടുപോവുകയും ചെയ്തു.
വാധ്യാൻനമ്പൂരിക്കു തൃശ്ശിവപേരൂർ ഒരിടത്ത് ഉപായത്തിൽ ഒരു കിടപ്പിന്റെ വട്ടമുണ്ടായിരുന്നു. അദ്ദേഹം വേളികഴിച്ചിരുന്ന ആളായിരുന്നതിനാൽ ഇത് ഏറ്റവും ഗോപ്യമായിട്ടായിരുന്നു. വേളി കഴിച്ചിട്ടുള്ളവർ വേറെ ഒരു കിടപ്പിന്റെ വട്ടം കൂടിയുണ്ടാക്കുന്നത് ഏറ്റവും നിഷിദ്ധമായിട്ടാണ് അക്കാലത്ത് എല്ലാവരും വിചാരിച്ചിരുന്നത്. അതിനാൽ ഇത് ആരും അറിയരുതെന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു വാധ്യാൻനമ്പൂരിയുടെ വിചാരം. എങ്കിലും ഇത് എല്ലാവരും അറിഞ്ഞിട്ടുമുണ്ടായിരുന്നു. ഇത് ഇല്ലത്തറിഞ്ഞാൽ അന്തർജ്ജനം മനസ്താപപ്പെടുകയും ശണ്ഠകൂടുകയും ചെയ്തെങ്കിലോ എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നു.അതിനാൽ പതിവായി കിടപ്പു ബ്രഹ്മസ്വംമഠത്തിൽത്തന്നെയാണെന്നാണ് അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നത്. അത്താഴം കഴിഞ്ഞാൽ അദ്ദേഹം ബ്രഹ്മസ്വംമഠത്തിൽ കിടക്കാറുമുണ്ടായിരുന്നു. പക്ഷേ അവിടെ എല്ലാവരും ഉറക്കമാകുമ്പോൾ അദ്ദേഹം പതുക്കെയെണീറ്റു പുറത്തിറങ്ങിപ്പോകുമെന്നേ ഉള്ളൂ. ആരും കാണാതെയിരിക്കാനായി ഇരുട്ടത്താണ് വാധ്യാൻ നമ്പൂരിയുടെ എഴുന്നള്ളത്ത് പതിവ്.
വാധ്യാൻനമ്പൂരി പുറത്തിറങ്ങിപ്പോയാലുടനെ ഭട്ടതിരിയും പോകും.ഭട്ടതിരിയുടെ കിടപ്പ് ഇന്ന സ്ഥലത്തെന്നു നിശ്ചയമില്ല. തരമുള്ളിടത്തെന്നേ അദ്ദേഹം നിശ്ചയിച്ചിരുന്നുള്ളു. അതിനാൽ ഓരോ ദിവസം ഓരോ സ്ഥലത്തു മാറിമാറിയതായിരിക്കും അദ്ദേഹത്തിന്റെ കിടപ്പ്. എവിടെയായി രുന്നാലും വാധ്യാൻനമ്പൂരി തിരിച്ചുവരുന്നതിനുമുമ്പു ഭട്ടതിരി ബ്രഹ്മസ്വം മഠത്തിലെത്തും. അങ്ങനെയാണു പതിവ്. എന്നാൽ ചില ദിവസങ്ങളിൽ മുൻപേ മഠത്തിലെത്തുന്നതു വാധ്യാൻനമ്പൂരിയായിരിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ വാധ്യാൻനമ്പൂരി ഭട്ടതിരിയെ ദേഷ്യപ്പെടുകയും ശകാരിക്കുകയും മറ്റും ചെയ്യുകയും പതിവായിരുന്നു. അതുകൂടാതെയിരിക്കുന്നതിനു ഭട്ടതിരി ഒരു കൗശലം കണ്ടുപിടിച്ചു. കിടപ്പെവിടെയായിരുന്നാലും വെളുപ്പാൻകാലത്തേ പോയി കുളിച്ചു വടക്കുന്നാഥനെ ദർശനം കഴിക്കുക എന്നൊരു പതിവുവെച്ചു. മഠത്തിൽ ചെല്ലാൻ സ്വൽപം താമസിച്ചു പോയാലും "എവിടെപ്പോയിരുന്നു?" എന്നു വാധ്യാൻനമ്പൂരി ചോദിച്ചാൽ 'കുളിച്ചുതൊഴാൻ പോയിരുന്നു' എന്നു പറയാമല്ലോ. ഇതായിരുന്നു ഭട്ടതിരി കണ്ടുപിടിച്ച കൗശലം!
അക്കാലത്തു ജനങ്ങൾക്കു ഈശ്വരഭക്തി ഇക്കാലത്തുള്ളതിൽ വളരെയധികമുണ്ടായിരുന്നു. അക്കാലത്തു തൃശ്ശിവപേരൂരുണ്ടായിരുന്ന സ്ത്രീകളിലും വെളുപ്പാൻകാലത്തേ പോയി ചിറയിൽച്ചെന്നു കുളിച്ചു വടക്കുന്നാഥദർശനം കഴിക്കാത്തവർ അധികമുണ്ടായിരുന്നില്ല. ഭട്ടതിരിക്കും ഇതൊരു വലിയ ഭാഗ്യമായിട്ടാണ് തോന്നിയിരുന്നത്. കാലത്തേ കുളിച്ച് അമ്പലത്തിലെത്തി, മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നതിനാൽ തൊഴാനായി നടയിൽ ഇരിപ്പും ജപവുമൊക്കെ കണ്ടാൽ അദ്ദേഹം ഇഹലോകത്തിൽ നടക്കുന്ന കാര്യങ്ങളൊന്നും കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ മനസ്സു സാക്ഷാൽ പരമാത്മാവിങ്കൽ ലയിച്ചിരിക്കുകയാണെന്നും തോന്നുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കണ്ണും ചെവിയും മനസ്സുമെല്ലാം നടയിൽ തൊഴാൻ ചെല്ലുന്നവരിൽത്തന്നെയായിരുന്നു. അതിനാൽ ഒരു സ്ത്രീ തനിച്ചു പതിവായി വടക്കുന്നാഥന്റെ നടയിൽ ചെന്നു തൊഴുതു വളരെ പതുക്കെ പ്രാർത്ഥിച്ചിരുന്നതുകൂടി എന്താണെന്നു അദ്ദേഹം മനസ്സിലാക്കി. ആ സ്ത്രീ പതിവായി പ്രാർത്ഥിച്ചിരുന്നത് "എന്റെ വടക്കുന്നാഥ! എനിക്ക് ഉടലോടുകൂടി സ്വർഗ്ഗത്തിൽ പോകാൻ സംഗതിയാക്കിത്തരണേ" എന്നായിരുന്നു. ഒരു ദിവസം ആ സ്ത്രീ തൊഴാൻ വരുന്ന സമയത്ത് ആരും കാണാതെ ശ്രീകോവിലിനകത്തു കടന്നു ബിംബത്തിന്റെ പുറകിൽചെന്ന് ഒളിച്ചിരുന്നു. സ്ത്രീ വന്നു പതിവുപോലെ തൊഴുതു പ്രാർത്ഥിച്ചപ്പോൾ ഭട്ടതിരി ശബ്ദം മാറ്റി "അങ്ങനെതന്നെ. അടുത്ത കറുത്തവാവുന്നാൾ അർദ്ധരാത്രി സമയത്തു ശ്രീമൂലസ്ഥാനത്തുള്ള ആൽത്തറയിൽ വന്നാൽ മതി. അവിടെ വിമാനം വരും" എന്നു പറഞ്ഞു. സ്ത്രീ അതുകേട്ടു "ഇതു വടക്കുന്നാഥൻ തന്നെക്കുറിച്ചു പ്രസാദിച്ച് അരുളിച്ചെയ്തതാണ്" എന്നു വിശ്വസിച്ചു സന്തോഷസമേതം വീണ്ടും വന്ദിച്ചുകൊണ്ട് വീട്ടിലേയ്ക്കു മടങ്ങിപ്പോയി. സ്ത്രീ പോയയുടനെ ഭട്ടതിരി പുറത്തിറങ്ങി ബ്രഹ്മസ്വംമഠത്തിലേയ്ക്കും പോയി.
തനിക്കുണ്ടാകാൻ പോകുന്ന അഭ്യുദയത്തെക്കുറിച്ചു സ്ത്രീയും താൻ നിശ്ചയിച്ചിരിക്കുന്ന വിദ്യയെക്കുറിച്ചു ഭട്ടതിരിയും ആരോടും പറഞ്ഞില്ല. രണ്ടുപേരും കറുത്തവാവു വരാനായി കാത്തിരുന്നു. വാവുന്നാൾ രാത്രിയിൽ ബ്രഹ്മസ്വംമഠത്തിൽ എല്ലാവരും ഏകദേശമുറക്കമായപ്പോൾ ഭട്ടതിരി അവിടെ നിന്നിറങ്ങി, ഒരു സ്ഥലത്തുനിന്ന് ഒരു തൊട്ടിൽ കൈവശപ്പെടുത്തി, ഭംഗിയായി അലങ്കരിച്ച് അതും ഒരു കപ്പിയും കയറുമെടുത്തുകൊണ്ട് ശ്രീമൂലസ്ഥാനത്തു ചെന്ന് ആലിൻമേൽ കയറിയിരുന്നുകൊണ്ട് കപ്പിയും കയറുമിട്ടു തൊട്ടിൽ മേൽപോട്ടു വലിചുകയറ്റാനും കീഴ്പോട്ട് ഇറക്കാനും സൗകര്യപ്പെടുത്തി ആലിന്റെ ഒരു കൊമ്പത്തു കെട്ടിതൂക്കിയുറപ്പിച്ചു. പറഞ്ഞിരുന്ന സമയത്തുതന്നെ സ്ത്രീ അവിടെ ചെന്നുചേർന്നു. ഉടനെ ഭട്ടതിരി കയറയച്ചു തൊട്ടിൽ മന്ദം മന്ദം ഇറക്കിക്കൊടുത്തു. ഇരുട്ടായിരുന്നുവെങ്കിലും നക്ഷത്രപ്രകാശംകൊണ്ടു സ്ത്രീ അതു കണ്ടു വിമാനംതന്നെ എന്നു തീർച്ചപ്പെടുത്തി. അതിൽ കയറാനായി ഭാവിച്ചപ്പോൾ ഭട്ടതിരി വല്ലാത്ത ഒരു ശബ്ദത്തിൽ "വസ്ത്രമെല്ലാം അഴിച്ചു താഴെയിട്ടിട്ടു വേണം കയറാൻ" എന്നു പറഞ്ഞു. സ്ത്രീ അപ്രകാരം ചെയ്തു. സ്ത്രീ തൊട്ടിലിൽ കയറി ഇരുന്നുകഴിഞ്ഞപ്പോൾ ഭട്ടതിരി കയറു പിടിച്ചു സാവധാനത്തിൽ മേൽപോട്ടു വലിച്ചു. സ്ത്രീക്കു കീഴ്പോട്ടു ചാടാനും മേൽപോട്ടു കയറാനും ആലിന്റെ കൊമ്പത്തു പിടിക്കാനും ഒട്ടും വയ്യാത്ത സ്ഥിതിയിലായപ്പോൾ കയറ് ആലിന്റെ കൊമ്പത്തു കെട്ടിയുറപ്പിച്ചു. പിന്നെ ഭട്ടതിരി "ഇനി അവിടെയിരുന്നു സുഖിക്കാം. ഇതുതന്നെ സ്വർഗ്ഗം" എന്നു പറഞ്ഞിട്ട് ഇറങ്ങിപ്പോയി.
നേരം വെളുത്തപ്പോൾ സ്വാമിദർശനത്തിനായിട്ടു വന്നവരും മറ്റുമായി ശ്രീമൂലസ്ഥാനത്തു അസംഖ്യമാളുകൾ കൂടി. എല്ലാവരും മേൽപോട്ടു നോക്കി. "ഇതെന്താരത്ഭുതം" എന്നു പറഞ്ഞുകൊണ്ടു കൊട്ടുകയും ചിരിക്കുകയും ആർത്തുവിളിക്കുകയും മറ്റും ചെയ്തു കലശൽകൂട്ടി. അപ്പോൾ ആ സ്ത്രീക്കുണ്ടായ ലജ്ജയും വ്യസനവും എത്രമാത്രമെന്നു പറയുവാൻ പ്രയാസം. കുറച്ചു കഴിഞ്ഞപ്പോൾ സ്ത്രീയുടെ വീട്ടുകാർ ഇതറിഞ്ഞു ആളുകളെ അയച്ചു സ്ത്രീയെ താഴെയിറക്കി വസ്ത്രം ധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. അതോടുകൂടി ആ സ്ത്രീ ഉടലോടുകൂടി സ്വർഗ്ഗത്തിൽ പോകണമെന്നുള്ള ആഗ്രഹവും പ്രാർത്ഥനയും വേണ്ടെന്നുവെച്ചു എന്നുമാത്രമല്ല ലജ്ജ കൊണ്ടു അധികം പുറത്തിറങ്ങി സഞ്ചരിക്കാതെയുമായി.
ഭട്ടതിരി ആ സ്ത്രീയെ സ്വർഗ്ഗത്തിലാക്കാൻ പോയ സമയത്തു വാധ്യാൻനമ്പൂരി അദ്ദേഹത്തെ അന്വേഷിക്കുകയും കാണാഞ്ഞിട്ടു വളരെ ദേഷ്യപ്പെടുകയും ചെയ്തു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞപ്പോഴേക്കും ഭട്ടതിരി മഠത്തിലെത്തി. അപ്പോഴും വാധ്യാൻ നമ്പൂരി ഉണർന്നു കിടക്കുകയായിരുന്നു. അതിനാൽ ഭട്ടതിരി ചെന്നതറിഞ്ഞു ഉടനെ വിളിച്ചു വീണ്ടും വളരെ ദേഷ്യപ്പെട്ടിട്ട് "നടുവിലേപ്പാട് ഇനി പതിവായി ഞാൻകിടക്കുന്ന കട്ടിലിന്റെ ചുവട്ടിൽതന്നെ കിടക്കണം മാറിക്കിടന്നിട്ടാണ് ഞാനറിയാതെ ഇറങ്ങിപ്പോകാനിടയാകുന്നത്. കുളിക്കാനും തൊഴാനുമൊന്നും വെളുപ്പാൻകാലത്തു പോകണമെന്നില്ല. അതൊക്കെ നേരം വെളുത്തിട്ടു മതി. വെളുപ്പാൻകാലത്തു കിടക്കുന്ന സ്ഥലത്തുതന്നെ ഇരുന്നു വല്ല സങ്കീർത്തനങ്ങളോ മറ്റോ ചൊല്ലിയാൽ മതി" എന്നു പറഞ്ഞു. ഭട്ടതിരി "ഈ പതിവു വലിയ ഉപദ്രവമാണ്. ഇതൊന്നു ഭേദപ്പെടുത്തണം. ആട്ടെ, തരമുണ്ടാക്കാം" എന്നു മനസ്സുകൊണ്ട് ആലോചിച്ചു തീർച്ചയാക്കി തരംനോക്കിക്കൊണ്ടിരുന്നു. ആയിടയ്ക്ക് വാധ്യാൻ നമ്പൂരിയും അത്താഴം കഴിഞ്ഞാൽ ബ്രഹ്മസ്വംമഠത്തിൽതന്നെ കിടക്കുകയല്ലാതെ പുറത്തേയ്ക്കിറങ്ങാറില്ലായിരുന്നു. അതിനാൽ ഭട്ടതിരിക്കു തരമൊന്നും കിട്ടിയില്ല.
അങ്ങനെ പത്തുപതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം രാത്രിയിൽ മഠത്തിൽ എല്ലാവരും ഉറക്കമായ സമയം വാധ്യാൻനമ്പൂരി "നടുവിലേപ്പാട് ഉറക്കമായോ?" എന്നു ചോദിച്ചു. ഭട്ടതിരി അപ്പോൾ ഉറക്കമായിട്ടില്ലായിരുന്നു. എങ്കിലും മിണ്ടാതെ ഉറങ്ങിയതുപോലെ കിടന്നു. എല്ലാവരും ഉറക്കമായി എന്നു തീർച്ചപ്പെടുത്തി വാധ്യാൻനമ്പൂരി പതുക്കെയെണീറ്റു വാതിൽ തുറന്നു, പുറത്തിറങ്ങി വാതിൽചാരിക്കൊണ്ട് അവിടെ നിന്നു യാത്രയായി. വാധ്യാൻ നമ്പൂരി പോയി സ്വൽപം കഴിഞ്ഞപ്പോൾ ഭട്ടതിരിയും പിന്നാലെ പോയി. വാധ്യാൻനമ്പൂരി പോകുന്നത് ഇന്ന സ്ഥലത്തേയ്ക്കാണെന്നു നിശ്ചയമുണ്ടായിരുന്നതിനാൽ ഭട്ടതിരി ഒരെളുപ്പവഴിയിൽകൂടിപ്പോയി വാധ്യാൻനമ്പൂരിയെത്തുന്നതിനു മുൻപേ അവിടെയെത്തി ഒരു സ്ഥലത്ത് ഒളിച്ചിരുന്നു. അപ്പോൾ കറുത്തപക്ഷമായിരുന്നതിനാൽ ആരും കാണുകയില്ലെന്നുള്ള നിശ്ചയമുണ്ടായിരുന്നു. വാധ്യാൻ നമ്പൂരി അവിടെയെത്തി വാതിലിനു മുട്ടിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വാതിൽ തുറന്നു. അകത്തു കടന്നയുടനെ കാൽ തേച്ചുകഴുകാനും മറ്റുമായി ഓവറയിലേയ്ക്കു പോയി. വെള്ളം അവിടെ ഉണ്ടായിരുന്നതുകൊണ്ടു തികഞ്ഞില്ലെങ്കിലോ എന്നു വിചാരിച്ചു ഒരു തമല വെള്ളമെടുത്തുകൊണ്ടു പിന്നാലെ ഭാര്യയും പോയി. വാതിൽ അടച്ചില്ല. തുറന്നുതന്നെ കിടന്നിരുന്നു. അതിനാൽ ആ തരത്തിനു ഭട്ടതിരി അകത്തു കടന്നു കട്ടിൽച്ചുവട്ടിൽ ചെന്നു കിടന്നു. അവിടെ പിന്നെയും വിളക്കു കൊളുത്തുകയുണ്ടായില്ല. അതിനാൽ അദ്ദേഹത്തെ കാണാനിടയായുമില്ല.
വെളുപ്പാൻകാലമായപ്പോൾ ഭട്ടതിരി എണീറ്റിരുന്നു "തുമ്പിക്കയ്യിലമർന്ന പൊൻകലശവും മറ്റുള്ള കൈപത്തിലും" ഇത്യാദി സങ്കീർത്തനം ചൊല്ലിത്തുടങ്ങി. അന്ന് ഉറങ്ങാൻ താമസിച്ചതുകൊണ്ട് ആ സങ്കീർത്തനം കേട്ടാണ് വാധ്യാൻനമ്പൂരി ഉണർന്നത്. ഉടനെ അദ്ദേഹം ദേഷ്യത്തോടും ലജ്ജയോടും കൂടി "ആരാണത്, കട്ടിൽച്ചുവട്ടിൽ സങ്കീർത്തനം തുടങ്ങിയിരിക്കുന്നത്?" എന്നു ചോദിച്ചു.
ഭട്ടതിരി: ഞാൻതന്നെ
വാധ്യാൻ: ആര് നടുവിലേപ്പാടോ?
ഭട്ടതിരി: അതെ.
വാധ്യാൻ: എന്നേ! അപകടം. താനെന്തിനാണ് ഇവിടെ വന്നത്?
ഭട്ടതിരി: ഞാൻവാധ്യാൻ കിടക്കുന്ന കട്ടിലിന്റെ ചുവട്ടിൽത്തന്നെ കിടക്കണമെന്നും വെളുപ്പാൻകാലത്തു സങ്കീർത്തനം ചൊല്ലണമെന്നുമല്ലേ പറഞ്ഞിരുന്നത്? ഗുരുനാഥൻ പറയുന്നതുപോലെ ചെയ്യാതിരിക്കുന്നത് ഗുരുത്വത്തിനു പോരായ്കയാണല്ലോ എന്നു വിചാരിച്ചു ഞാനിവിടെ വന്നു കിടന്നു. വെളുപ്പാൻ കാലമായതുകൊണ്ടു സങ്കീർത്തനം ചൊല്ലിത്തുടങ്ങിയതാണ്.
വാധ്യാൻ: വെളുപ്പാൻകാലമായോ?
ഭട്ടതിരി: ഉവ്വ്
ഇതു കേട്ടപ്പോൾ വാധ്യാൻനമ്പൂരിക്കു പരിഭ്രമമായി. "എന്നാൽ വേഗം പോകാം" എന്നു പറഞ്ഞു രണ്ടുപേരുംകൂടി അവിടെ നിന്നുപോയി. വഴിക്കുവെച്ചു വാധ്യാൻനമ്പൂരി ഭട്ടതിരിയോട് "മേലാൽ നടുവിലേപ്പാടിന്റെ ഇഷ്ടംപോലെ എവിടെയെങ്കിലും കിടക്കുകയോ പോവുകയോ ഒക്കെ ചെയ്തോളു. എന്നെ ഇങ്ങനെയൊക്കെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി. നടുവിലേപ്പാടിനു ഞാൻ സ്വാതന്ത്ര്യം തന്നിരിക്കുന്നു" എന്നു പറഞ്ഞു. "എനിക്ക് സ്വാതന്ത്ര്യം വേണമെന്നും മറ്റുമില്ല എല്ലാം വാധ്യാന്റെ ഇഷ്ടംപോലെ മതി" എന്നു ഭട്ടതിരിയും പറഞ്ഞു. ഏതെങ്കിലും അന്നു മുതൽ ഭട്ടതിരി സ്വതന്ത്രനായിത്തീർന്നു. എവിടെക്കിടന്നാലും എവിടെപ്പോയാലും എന്തായാലും ഒരു ചോദ്യവുമില്ലാതെയുമായി. അതിനാൽ ഭട്ടതിരി പിന്നെ വേദാധ്യയനം മതിയാക്കി കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു.
ഒരിക്കൽ ഭട്ടതിരി കോഴിക്കോട്ടെത്തി താമസിച്ചിരുന്ന കാലത്തു "കോപ്പാട്ടാട്ടി" എന്നു പ്രസിദ്ധയായിരുന്ന സ്ത്രീ എങ്ങനെയോ അബദ്ധത്തിൽ കിണറ്റിൽ വീണുപോകുന്നതിനിടയായി. കോപ്പാട്ടാട്ടിക്ക് ഇരുപത്തേഴു ഭർത്താക്കൻമാരും പിന്നെ ഒട്ടുവളരെ ഇഷ്ടൻമാരും അസംഖ്യം സേവൻമാരും അനവധി വേഴ്ചക്കാരുമുണ്ടായിരുന്നു. ആട്ടി കിണറ്റിൽച്ചാടിയെന്നു കേട്ട ക്ഷണത്തിൽ അവരെല്ലാവരും അവിടെ ഓടിയെത്തി. ചെന്നവരെല്ലാം ആട്ടിയെ പിടിച്ചു കയറ്റാനായി കിണറ്റിലേയ്ക്കു ചാടി. അങ്ങനെ ആളുകളെക്കൊണ്ടു കിണറു നിറഞ്ഞു. ആ സമയത്തു നടുവിലേപ്പാടു ഭട്ടതിരിയും അവിടെയെത്തി. അപ്പോൾ ആളുകളെക്കൊണ്ടു കിണറു നിറഞ്ഞിരിക്കുന്നതായി കണ്ട് അദ്ദേഹം അവിടെനിന്നു പോയി അതിനടുത്ത വീട്ടിലെ കിണറ്റിൽച്ചെന്നു ചാടി. കോപ്പാട്ടാട്ടിയെ എല്ലാവരുംകൂടി കരയ്ക്കു കയറ്റിക്കഴിഞ്ഞപ്പോൾ അടുത്ത വീട്ടിൽ ഒരു നിലവിളി കേൾക്കുകയാൽ അതിന്റെ കാരണമറിയുന്നതിനായി എല്ലാവരും അങ്ങോട്ടോടി. അവിടെയും കിണറ്റിൽ തന്നെയായിരുന്നു നിലവിളി. ചെന്നു നോക്കിയപ്പോൾ കിണറ്റിൽ നടുവിലേപ്പാടു ഭട്ടതിരിയായിരുന്നു. എല്ലാവരുംകൂടി അദ്ദേഹത്തെയും കരയ്ക്കു കയറ്റിയിട്ട് "അവിടെയ്ക്കെന്താണിങ്ങനെ അബദ്ധം പറ്റിയത്?" എന്നു ചോദിച്ചപ്പോൾ ഭട്ടതിരി "എനിക്ക് അബദ്ധമൊന്നും പറ്റിയില്ല. ഞാൻ കോപ്പാട്ടെ കിണറ്റിൽച്ചെന്നു നോക്കിയപ്പോൾ അവിടെ സ്ഥലമൊട്ടുമുണ്ടായിരുന്നില്ല. കൊപ്പാട്ടാട്ടിയുടെ സേവ നമുക്കുണ്ടായാൽ കൊള്ളാമല്ലോ എന്നു വിചാരിച്ചു ഞാൻ പിന്നെ ഇവിടെ വന്ന് ഈ കിണറ്റിൽ ചാടി അത്രേയുള്ളൂ" എന്നു പറഞ്ഞു. അപ്പോൾ കാര്യമൊന്നുമില്ലാതെ സേവയ്ക്കുവേണ്ടി മാത്രം കിണറ്റിൽ ചാടിയ വരെല്ലാം സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
ഇങ്ങനെ ഓരോ മന്നത്തങ്ങൾ കാണിച്ചുകൊണ്ടു കോഴിക്കോട്ടു കുറച്ചു ദിവസം താമസിച്ചതിനുശേഷം ഭട്ടതിരിയുടെ യാത്ര നേരെ തിരുവനന്തപുരത്തേയ്ക്കായിരുന്നു. തിരുവനന്തപുരത്തു ചെന്നു മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചതിന്റെ ശേഷം ഏതാനും ദിവസം അവിടെത്താമസിച്ചു. അതിനിടയ്ക്ക് ഭട്ടതിരി അനേകം മന്നത്തങ്ങൾ കാണിക്കുകയും പറയുകയുമുണ്ടായി. അച്ഛൻ അനുഗ്രഹിച്ചിട്ടുള്ളതിന്റെ ഫലമോ എന്തോ ഭട്ടതിരിയുടെ ഫലിതപ്രയോഗങ്ങളും വാക്കുകളുമെല്ലാം തിരുമനസ്സിലേയ്ക്കു വളരെ രസിക്കുകയാണു ചെയ്തത്. കുറച്ചു ദിവസംകൊണ്ടു ഭട്ടതിരി അവിടെ ഒരുവിധം സേവൻമാരുടെ കൂട്ടത്തിലായിത്തീർന്നു. സമയം ചോദിക്കാതെ തിരുമുമ്പിൽ ചെല്ലാം, വെടിപറയാം, ചിരിക്കാം ഇതിനൊന്നും വിരോധമില്ലാതെയായി. അവിടെയുള്ള സേവൻമാരും ഉദ്യോഗസ്ഥൻമാരും മറ്റുമൊക്കെ ഭട്ടതിരിക്കു പരിചിതൻമാരായിത്തീരുകയും ചെയ്തു.
ഇത്രയുമൊക്കെ ആയതിന്റെ ശേഷം ഒരു ദിവസം ഭട്ടതിരി പത്മതീർത്ഥത്തിന്റെ തെക്കേക്കരെ നിന്നിരുന്നപ്പോൾ സർവ്വാധികാര്യക്കാർ അതിലെകൂടി കടന്നു വലിയ കൊട്ടാരത്തിലേക്കു പോയി. അദ്ദേഹം പൊന്നാരഞ്ഞാണവും അരനിറച്ചു പൊന്നേലസ്സും ധരിച്ചു നേര്യമുണ്ടു മുടുത്ത് മാർത്താണ്ഡവർമ്മയിലെ പപ്പുത്തമ്പിയുടെ വേഷത്തിലായിരുന്നു പോയത്. അതു കണ്ടിട്ടു ഭട്ടതിരി പഞ്ചപുച്ഛമൊതുക്കി വാപൊത്തി ഓച്ഛാനിച്ചുകൊണ്ടു പിന്നാലെ ചെന്നു. അപ്പോൾ സർവ്വാധികാര്യക്കാർ തിരിഞ്ഞുനോക്കീട്ടു ഗൗരവത്തോടുകൂടി "എന്താ?" എന്നു ചോദിച്ചു. അപ്പോൾ ഭട്ടതിരി ആരും കേൾക്കാത്തവിധത്തിൽ പതുക്കെ "ആസനം കടിക്കാമോ?" എന്നു ചോദിച്ചു. അതു കേട്ടു സർവ്വാധികാര്യക്കാർ ദേഷ്യപ്പെട്ടു മുഖം വീർപ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ക്ഷണത്തിൽ പോയി. തിരുമുമ്പാകെച്ചെന്നയുടനെ വളരെ സങ്കടത്തോടുകൂടി "ഒരു വടക്കൻപട്ടേരി കുറച്ചു ദിവസമായി ഇവിടെ താമസിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിന്റെ ശകാരംകൊണ്ട് അടിയന് ഇവിടെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെയായി. അദ്ദേഹത്തിന് ഇന്നതേ പറയാവൂ എന്നില്ല. ശുദ്ധമേ അസഭ്യം തന്നെയാണ് പറയുന്നത്. അടിയൻ ഇപ്പോൾ ഇങ്ങോട്ടു വിടകൊണ്ടപ്പോൾത്തന്നെ അദ്ദേഹം ഒരു ചീത്തവാക്കു പറയുകയുണ്ടായി. ഇതൊക്കെ തിരുമനസ്സറിയിക്കാവുന്നതല്ലാത്തതുകൊണ്ട് അറിയിക്കുന്നില്ല. ഇവിടെ അദ്ദേഹത്തെ വേണ്ടതിലധികം കൽപിച്ചു ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആരെയും ഭയവും ബഹുമാനവും ഇല്ലാതെയാവുകയും അധികപ്രസംഗം വർദ്ധിക്കുകയും ചെയ്യുന്നത്" എന്നും മറ്റും തിരുമനസ്സറിയിച്ചു. ഉടനെ കൽപ്പിച്ചു ഒരു ഹരിക്കാരനെ അയച്ചു വിളിപ്പിച്ചു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി. "ഭട്ടതിരി സർവ്വാധികാര്യക്കാരെ ശകാരിച്ചു എന്നും മറ്റും പറയുന്നുവല്ലോ എന്താ അത്?" എന്നു കല്പ്പിച്ചു ചോദിച്ചു. അപ്പോൾ ഭട്ടതിരി "ഞാൻ ശകാരിക്കുകയും മറ്റുമുണ്ടായില്ല. അങ്ങനെ അറിയിച്ചുവെങ്കിൽ അതു ഭോഷ്ക്കാണ്. ഉണ്ടായ സംഗതി ഞാനിവിടെ അറിയിക്കാം. സർവ്വാധികാര്യക്കാർ ഈ നേര്യമുണ്ടുമുടുത്തു ഇങ്ങോട്ടു പോന്നപ്പോൾ ഈ പൊന്നേലസ്സും പൊന്നരഞ്ഞാണവും വെളുത്തു ചുമന്ന് ഉരുണ്ടുതടിച്ച ഈ ആസനവും ഒക്കെപ്പാടെ കണ്ടപ്പോൾ ഈ ആസനമൊന്നു കടിച്ചാൽ കൊള്ളാമെന്ന് എനിക്കൊരു മോഹം തോന്നി. അദ്ദേഹത്തിന്റെ അനുവാദവും സമ്മതവും കൂടാതെ പിടിച്ചു കടിക്കുന്നതു ന്യായമല്ലല്ലോ എന്നു വിചാരിച്ചു ഞാൻ'ആസനം കടിക്കാമോ' എന്നു ചോദിച്ചു. അതിന് ഇത്രമാത്രം ദേഷ്യപ്പെടാനും സങ്കടപ്പെടാനും തിരുമനസ്സറിയിക്കാനും മറ്റുമുള്ള കാര്യമൊന്നുമില്ല. മനസ്സുണ്ടെങ്കിൽ സമ്മതിക്കണം ഇല്ലെങ്കിൽ മനസ്സില്ലെന്നു പറഞ്ഞേയ്ക്കണം. അല്ലാതെ വല്ലതുമുണ്ടോ" എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് "ഇതിനെക്കുറിച്ചാലോചിച്ചു വേണ്ടതുപോലെ ചെയ്തുകൊള്ളാം. ഇപ്പോൾ നിങ്ങൾക്കു പോകാം" എന്നു കല്പ്പിച്ചു രണ്ടുപേരെയും അയച്ചു.
സർവ്വാധികാര്യക്കാരൻ നേര്യമുണ്ടുമുടുത്തു തിരുമുമ്പിൽ ചെല്ലുന്നതു തിരുമനസ്സിലേയ്ക്കും ഒട്ടും രസമില്ലായിരുന്നു. അതിനെക്കുറിച്ച് ഒന്നും കൽപിക്കാറില്ലായിരുന്നു എന്നേ ഉള്ളൂ. അങ്ങനെയിരുന്നപ്പോൾ ഭട്ടതിരി ഈ വഴക്കുണ്ടാക്കിത്തീർത്തതു തിരുമനസ്സിലേയ്ക്കു വളരെ സന്തോഷമായി. അതിനാൽ, "മേൽമുണ്ടുകൂടാതെ ഒറ്റമുണ്ടുമാത്രം ഉടുത്തു മേലാൽ ആരും തിരുമുമ്പിൽച്ചെന്നുകൂടാ" എന്നു അന്നുതന്നെ കൽപന പ്രസിദ്ധപ്പെടുത്തി. ഇതു ഭട്ടതിരിക്കും മറ്റും പലർക്കും വളരെ സന്തോഷകരമായിയെങ്കിലും സർവ്വാധികാര്യക്കാർക്കു ഒട്ടും രസമായില്ല. എങ്കിലും കൽപ്പന അനുസരിക്കാതെയിരിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അടുത്ത ദിവസം മുതൽ സർവ്വാധികാര്യക്കാരും മേൽമുണ്ടുപയോഗിച്ചുതുടങ്ങി. ആ കൽപ്പന പിന്നീടാരും ഭേദപ്പെടുത്തിയില്ല അത് അങ്ങനെതന്നെ സ്ഥിരപ്പെട്ടു. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നുമുണ്ടല്ലോ.
ആ സംഗതി ഇങ്ങനെ അവസാനിച്ചുവെങ്കിലും സർവ്വാധികാര്യക്കാർക്കു ഭട്ടതിരിയോടുള്ള വിരോധം തീർന്നില്ല. പക്ഷെ അതു ഫലിപ്പിക്കാൻ മാർഗ്ഗമൊന്നുമില്ലാതെയിരുന്നതുകൊണ്ട് അദ്ദേഹമതു മനസ്സിൽവെച്ചുകൊണ്ടിരുന്നു. അതു ഭട്ടതിരി മനസ്സിലാക്കി എങ്കിലും കൂട്ടാക്കിയില്ല. ഭട്ടതിരി ആരെയും കൂട്ടാക്കുന്ന ആളല്ലല്ലോ. തരം കിട്ടിയാൽ ഇനിയും സർവ്വാധികാര്യക്കാരെ മധ്യമമാക്കണമെന്നു ഭട്ടതിരിയും നിശ്ചയിച്ചു.
ഒരു ദിവസം രാത്രിയിൽ ഭട്ടതിരി ഒരു റോഡരികിൽ മലവിസർജ്ജനം ചെയ്തുകൊണ്ടിരിന്ന സമയം സർവ്വാധികാര്യക്കാർ ഗൂഢമായി ഒരു സ്ഥലത്തു പോകുന്നതിനായി ആ റോഡിൽക്കൂടിചെന്നു.അദ്ദേഹത്തിന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. അടുത്തുചെന്നപ്പോൾ റോഡരികിൽ ഒരാൾ ഇരിക്കുന്നതായിത്തോന്നീട്ട് അദ്ദേഹം "ആരത്" എന്നു ചോദിച്ചു. ഉടനെ ഭട്ടതിരി "ആളറിഞ്ഞിട്ടെന്തുവേണം" എന്ന് അങ്ങോട്ടും ചോദിച്ചു. ഇരുട്ടുകൊണ്ടു കാണാൻ വയ്യായിരുന്നുവെങ്കിലും ഒച്ചകേട്ടു പരസ്പരം അറിഞ്ഞു. അതിനാൽ സർവാധികാര്യക്കാർ "മതി മതി, മനസ്സിലായി" എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "മതിയെങ്കിൽ ഇനി പ്രയാസപ്പെടണമെന്നില്ല. അധികമുള്ളത് അവിടെ കിടന്നോട്ടെ. പട്ടി തിന്നു കൊള്ളും" എന്നു പറഞ്ഞിട്ട് എണീറ്റുപോയി. "ഈ മന്നനോട് ഇനിയും സംസാരിച്ചാൽ വല്ലവരും കേട്ടേയ്ക്കും അതു കുറച്ചിലാണ്" എന്നു വിചാരിച്ചു സർവ്വാധികാര്യക്കാരും പോയി. എങ്കിലും അദ്ദേഹം സാമാന്യത്തിലധികം മധ്യമമായിയെന്നുള്ളതു പറയണമെന്നില്ലല്ലോ.
ഈ വിരോധമെല്ലാം മനസ്സിൽവെച്ചുകൊണ്ടു സർവ്വാധികാര്യക്കാർ പിറ്റേദിവസം ഒരു കാര്യം ചെയ്തു. തിരുവനന്തപുരത്തു നമ്പൂരിമാർ എത്രപേരു ചെന്നാലും അവരെയൊക്കെ മണ്ഡപത്തിൽ ജപത്തിനു ചാർത്തുകയും ജപക്കാർക്കു പ്രതിദിനം ഒരു പണം വീതം ദക്ഷിണ കൊടുക്കുകയും പതിവാണ്. അതനുസരിച്ചു ഭട്ടതിരിയും തിരുവനന്തപുരത്തു ചെന്ന ദിവസംതന്നെ ജപം ചാർത്തിച്ചിട്ടുണ്ടായിരുന്നു. ആ പണം ഭട്ടതിരിക്കു പൂജ്യമാക്കണമെന്നു നിശ്ചയിച്ചു സർവ്വാധികാര്യക്കാർ ജപം ചാർത്തുന്ന പിള്ളയെ വരുത്തി ഭട്ടതിരിയുടെ പേരു കുത്തിക്കളയാൻ ചട്ടംകെട്ടുകയും പിള്ള കുത്തിക്കളയുകയും ചെയ്തു. ഭട്ടതിരി അതറിഞ്ഞിട്ടു പിന്നെ മൂന്നുദിവസം കൊട്ടാരത്തിൽ പോയില്ല. നാലാം ദിവസം തിരുമുമ്പാകെച്ചെന്നപ്പോൾ "എന്താ ഭട്ടതിരി ഇയ്യിടെ ഇങ്ങോട്ട് കാണാതിരുന്നത്?" എന്നു കൽപ്പിച്ചു ചോദിച്ചു.
ഭട്ടതിരി: മൂന്നു ദിവസത്തേയ്ക്ക് ഒരശുദ്ധിയുണ്ടായിരുന്നു.
മഹാരാജാവ്: ആരാണ് മരിച്ചത്?
ഭട്ടതിരി: സാരമില്ല, എന്റെ പേരാണ്
മഹാരാജാവ്: പേരോ? പേരു മരിക്കുമോ? അസംബന്ധം പറയുന്നതെന്താണ്?
ഭട്ടതിരി: അസംബന്ധമല്ല, വാസ്തവമാണ്. സർവ്വാധികാര്യക്കാർ എന്റെ പേരു കുത്തി. അദ്ദേഹം വലയ താപ്പാനയാണെന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹം കുത്തിയാൽ മരിക്കാതെയിരിക്കുമോ?
ഇതു കേട്ടപ്പോൾ തിരുമനസ്സിലേയ്ക്കു കാര്യം മനസ്സിലായി. ഉടനെ ഭട്ടതിരിയുടെ പേരു വീണ്ടും ചാർത്തുന്നതിനും പേരു കുത്തിയ ദിവസങ്ങളിലെ ദക്ഷിണകൂടി കൊടുക്കുന്നതിനും കൽപിച്ചു ചട്ടം കെട്ടി. അതിലും സർവ്വാധികാര്യക്കാർ മധ്യമമാവുകതന്നെ ചെയ്തു. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചു അമ്മച്ചിക്കു പുത്തനായിപ്പണിയിച്ചു കൊടുത്ത അമ്മവീട്ടിന്റെ വാസ്തുബലിയും പാലുകാച്ചുമായി. പുണ്യാഹവും പാലുകാച്ചും അവിടെവച്ചു കേമമായിട്ടു ഒരു ബ്രാഹ്മണസ്സദ്യയും കഴിച്ച് ഗൃഹപ്രവേശം നടത്തുകയെന്നാണു തീർചപ്പെടുത്തിയത്. ജപത്തിനായും പള്ളിത്തേവാരത്തിനായും മറ്റും തിരുവനന്തപുരത്തു താമസിച്ചിരുന്ന നമ്പൂരിമാരെയും സദ്യയ്ക്കു ക്ഷണിച്ചു. അപ്പോൾ നമ്പൂരിമാർക്കു വലിയ സംശയമായിത്തീർന്നു. "പുത്തനായിപ്പണിയിച്ചതാണെങ്കിലും അമ്മവീടെന്നു സങ്കൽപിച്ചിരിക്കുന്ന സ്ഥലത്തു പോയി ഊണു കഴിക്കാമോ?" എന്നായിരുന്നു അവരുടെ സംശയം. പോകാതെയിരുന്നാൽ മഹാരാജാവു തിരുമനസ്സിലേയ്ക്കു തിരുവുള്ളക്കേടുണ്ടായേയ്ക്കുമോ എന്നുള്ള ശങ്കയും അവർക്കുണ്ടാകാതെയിരുന്നില്ല. ആകപ്പാടെ നമ്പൂരിമാർ വലിയ പരുങ്ങലിലായിത്തീർന്നു. ഒടുക്കം അവരെല്ലാവരുകൂടി നടുവിലേപ്പാടിനോടുകൂടി ആലോചിച്ചിട്ട് തീർച്ചയാക്കാം എന്നു നിശ്ചയിച്ചു. അവരെല്ലാം ഒരു സ്ഥലത്തു കൂടിയിരുന്നുകൊണ്ടു ഭട്ടതിരിയെ വരുത്തി ഈ വസ്തുതകളെല്ലാം പറഞ്ഞു. ഭട്ടതിരി മനസ്സുകൊണ്ടു സ്വൽപമാലോചിച്ചിട്ട്, "ഇതിനു ഞാൻ വല്ലതും സമാധാനമുണ്ടാക്കാം. നമ്മുടെ അവസ്ഥയ്ക്കു കുറവു വരികയുമില്ല. തിരുവുള്ളക്കേടുണ്ടാവുകയുമില്ല. എന്നാൽപ്പോരേ? പക്ഷേ ഒരു കാര്യം വേണം. തൽക്കാലം നിങ്ങളിലാരെങ്കിലും രണ്ടോ മൂന്നോ ഉറുപ്പിക ഇങ്ങോട്ടു തരണം. ഇന്നുതന്നെ വൈകുന്നേരം അതു മടക്കിത്തരികയും ചെയ്യാം. സദ്യ നാളെയാണല്ലോ.അതുകൊണ്ട് ഇനിയും ഒട്ടും താമസിക്കാൻ പാടില്ല" എന്നു പറഞ്ഞു.
അതുകേട്ടു സന്തോഷിച്ച് ഉടനെ ഒരു നമ്പൂരി മൂന്നു രൂപാ കൊടുത്തു. ഭട്ടതിരി അതു ചാലക്കടയിൽ കൊണ്ടു ചെന്നു കൊടുത്തു ഒരു കോളാമ്പി മേടിച്ചു. അപ്പോൾത്തന്നെ കച്ചവടക്കാരോട് "ഇത് എനിക്കല്ല മറ്റൊരാൾക്കുവേണ്ടയാണ്. ഇതുകൊണ്ടുചെന്ന് അയാളെക്കാണിച്ചിട്ട് കോളാമ്പിയുടെ ഭാഷയും വിലയും അയാൾക്കു സമ്മതമായെങ്കിൽ കോളാമ്പിയെടുക്കും. അയാൾ സമ്മതിച്ചില്ലെങ്കിൽ ഞാൻ കോളാമ്പി തിരിയെ കൊണ്ടുവരും. അപ്പോൾ പണം മടക്കിത്തരണം" എന്നു ഭട്ടതിരി പറയുകയും അങ്ങനെ ചെയ്യാമെന്നു കച്ചവടക്കാരൻ സമ്മതിക്കുകയും ചെയ്തിട്ടാണ് കോളാമ്പി വാങ്ങിയത്.
ഭട്ടതിരി കോളാമ്പി ഒരു മുണ്ടിൽ പൊതിഞ്ഞു കക്ഷത്തിൽ വെച്ചു കൊണ്ട് ഉടനെ തിരുമുമ്പാകെച്ചെന്നു. അപ്പോൾ തിരുമനസ്സുകൊണ്ട് "കക്ഷത്തിലെന്താണ്?""എന്നു കൽപ്പിചു ചോദിച്ചു.
ഭട്ടതിരി: ഇത് ഇവിടെ അറിയിക്കാൻ തക്കവണ്ണമുള്ളതൊന്നുമല്ല. രണ്ടുമൂന്നു ദിവസത്തിനകം വടക്കോട്ടു പോയാൽ കൊള്ളാമെന്നുണ്ട്. അപ്പോൾ കൊണ്ടുപോകാനായിട്ട് ഇപ്പോൾ ചാലക്കടയിൽ നിന്നു വാങ്ങിയതാണ്.
മഹാരാജാവ്: അതുകൊണ്ട് നമുക്കു കാണാൻ പാടില്ലെന്നുണ്ടോ?
ഭട്ടതിരി: എന്നന്നൊന്നുമില്ല. ഒരു നിസ്സാര സാധനമാണ് എന്നേ ഉള്ളൂ.
മഹാരാജാവ്: ആട്ടെ, എങ്കിലും കാണട്ടെ; എടുക്കൂ
ഭട്ടതിരി പിന്നെയും വളരെ മടി ഭാവിച്ചു. ഒടുക്കം തിരുമനസ്സിലെ നിർബന്ധംകൊണ്ടു കോളാമ്പി മുണ്ടിനകത്തുനിന്നെടുത്തു താഴെവെച്ചു.
മഹാരാജാവ്: ഹേ! കോളാമ്പിയോ! നല്ല ശിക്ഷയായി. നാം തന്നെ ഒന്നു മുറുക്കി ആദ്യം ഇതിൽത്തുപ്പാം.
ഭട്ടതിരി: അങ്ങനെയാവാം. പക്ഷേ അത് ഇന്നു പാടില്ല. ഒരു വഴിപാട് നിശ്ചയിച്ചിട്ടുണ്ട്. അതു കഴിഞ്ഞിട്ടേ ഇതിൽത്തുപ്പാവൂ എന്നാണു വെച്ചിരിക്കുന്നത്.
മഹാരാജാവ്: എന്തു വഴിപാടാണ്?
ഭട്ടതിരി: ആദ്യം ഇതിൽ പാൽപ്പായസം വെച്ചു പത്മനാഭസ്വാമിക്കു നിവേദിക്കുക. പിന്നെത്തുപ്പിത്തുടങ്ങുക എന്നാണു നിശ്ചയിരിക്കുന്നത്.
മഹാരാജാവ്: (തിരുമനസ്സിൽ സ്വൽപമൊന്നാലോചിച്ചിട്ട്) മനസ്സിലായി, പൊയ്ക്കോളൂ.
ഇതു കേട്ടു ഭട്ടതിരി ഇറങ്ങിപ്പോയി, കോളാമ്പി ചാലക്കടയിൽ കൊണ്ടു ചെന്നു കൊടുത്തു രൂപാ വാങ്ങി, അതു കൊടുത്ത നമ്പൂരിക്കു മടക്കിക്കൊടുത്തു. ഭട്ടതിരി പോയയുടനെ തിരുമനസ്സുകൊണ്ട് അമ്മവീട്ടിലേക്കു കല്പിച്ചാളയച്ചു ബ്രാഹ്മണസദ്യ അമ്മവീട്ടിൽവെച്ചു വേണ്ടെന്നും അമ്പലങ്ങളിൽ എവിടെയെങ്കിലും വെച്ചു നടത്തികൊള്ളാമെന്നും ചട്ടംകെട്ടി. അമ്മവീട്ടിൽ ആദ്യം ബ്രാഹ്മണസ്സദ്യ നടത്തുകയും പിന്നീട് അമ്മച്ചി പാർക്കുകയും ചെയ്യുന്നതു കോളാമ്പിയിൽ നിവേദ്യംവെച്ച് ആദ്യം ദേവനു നിവേദിക്കുകയും പിന്നീട് തുപ്പുകയും ചെയ്യുന്നതുപോലെയാണെന്നാണ് ഭട്ടതിരിയുടെ വാക്കിന്റെ സാരമെന്നു തിരുമനസ്സിലേയ്ക്ക് അതു കേട്ടപ്പോൾത്തന്നെ മനസ്സിലായി എന്നു പിന്നീടുണ്ടായ ചട്ടംകെട്ടുകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ.
ഭട്ടതിരി ഒരിക്കൽ ഒരു വഴിയാത്രയിൽ ഒരു ദിവസം നേരം വൈകിയപ്പോൾ അത്താഴം കഴിച്ചുപോകണമെന്നു വിചാരിച്ച് ഒരമ്പല ത്തിങ്കൽ ചെന്നുചേർന്നു. നേരം സന്ധ്യയാകാറായിട്ടും അവിടെ ശാന്തിക്കാരൻ വന്നു നട തുറക്കുകയോ വിളക്കു വെയ്ക്കുകയോ ചെയ്തിരുന്നില്ല. നട തുറന്നു തൊഴുതിട്ടു പോയാൽ കൊള്ളാമെന്നു വിചാരിച്ച് അവിടെ ഒരാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അയാളല്ലാതെ അവിടെയെങ്ങും വേറെ ആരുമുണ്ടായിരുന്നില്ല. അതിനാൽ ഭട്ടതിരി ആ മനുഷ്യനോടുതന്നെ ആ ക്ഷേത്രം ആരുടെ വകയാണെന്നും അവിടുത്തെ പതിവുകളെങ്ങനെയൊക്കെയാണെന്നും മറ്റും ചോദിച്ചു. അപ്പോൾ ആ മനുഷ്യൻ "അമ്പലം ഇവിടെ അടുക്കൽതതന്നെയുള്ള ഒരു മനയ്ക്കലെ വകയാണ്. ഇവിടെ കാലത്തു രണ്ടേകാലും വൈകുന്നേരം ഒന്നേകാലും ഇടങ്ങഴി അരിവീതമാണ് പൂജാനിവേദ്യത്തിനു വകവെച്ചിരിക്കുന്നത്. അതുകൂടാതെ കാലത്തും വൈകുന്നേരവും ഈരണ്ടു നമസ്ക്കാരത്തിനും വകവെച്ചിട്ടുണ്ട്. നമസ്ക്കാരം വഴിപോക്കരായി വരുന്ന ബ്രാഹ്മണർക്കു കൊടുക്കണമെന്നാണ് വെച്ചിരിക്കുന്നത്. ഈ വകയ്ക്കെല്ലാമുള്ള നെല്ലു മനയ്ക്കൽനിന്നു കഴകക്കാരൻ വാരിയരെ ഏൽപ്പിച്ചുകൊടുക്കും. വാരിയർ പതിവായി കണക്കുപ്രകാരമുള്ള അരി കൊടുത്തുകൊള്ളണമെന്നാണ് ഏർപ്പാട്. എന്നാൽ ഇവിടെ ബ്രാഹ്മണർക്കു നമസ്ക്കാരം (ഭക്ഷണം) കൊടുക്കുകയാകട്ടെ കണക്കുപ്രകാരമുള്ള അരി മുഴുവനും വെച്ച് ദേവനു നിവേദിക്കുകയാകട്ടെ ഒരിക്കലും പതിവില്ല. നമസ്ക്കാരത്തിനുള്ള അരി മുഴുവനും ശാന്തിക്കാരൻ അദ്ദേഹത്തിന്റെ മഠത്തിൽക്കൊണ്ടുപോയിവെച്ച് ഊണു കഴിക്കും. നിവേദ്യത്തിനു രണ്ടു നേരവും ഒഴക്കരിയിലധികം വാരിയർ കൊടുക്കാറില്ല. നെല്ലു മുഴുവനും പുഴുങ്ങിയുണക്കിക്കുത്തിവെച്ചു വാര്യത്തുള്ളവരൂണുകഴിക്കും. ഒഴക്കരിയിൽ കൂടുതലിട്ടു നിവേദ്യം വെയ്ക്കണമെങ്കിൽ വഴിപാടുകാരാരെങ്കിലും കൊണ്ടുവരണം. ഇങ്ങനെയൊക്കെയാണ് ഇവിടുത്തെ പതിവ്. സന്ധ്യ കഴിയാതെ ഇവിടെ ഒരു ദിവസവും നടതുറന്നു വിളക്കുവെയ്ക്കാറില്ല. പ്രതിദിനം മൂന്നാഴിയെണ്ണവീതം ഇവിടെ വിളക്കുവകയ്ക്കു മനയ്ക്കൽനിന്നു കൊടുക്കുന്നുണ്ട്. അതു മുഴുവനും ശാന്തിക്കാരനും കഴകക്കാരനുംകൂടി പങ്കുവെച്ച് എടുക്കുകയാണ് പതിവ്. ഇവിടെ വിളക്കിനു വഴിപാടുകാർ കൊണ്ടുവരുന്ന എണ്ണ തന്നെ മുഴവൻ വേണ്ടാ. രണ്ടുനേരവും മിന്നാമിനുങ്ങിന്റെ പൃഷ്ടം പോലെ ഓരോ തിരി കൊളുത്തിവെച്ചാൽ മതിയല്ലോ. മനയ്ക്കലേക്ക് ഇതുപോലെ നാൽപതു ക്ഷേത്രങ്ങളുണ്ട്. എല്ലാ സ്ഥലങ്ങളിലും ദിവസംതോറും ചെന്നു കാര്യങ്ങളന്വേഷിക്കുക പ്രയാസമാവുകയാൽ ഇവിടുത്തെ കാര്യങ്ങൾക്കെല്ലാം ശാന്തിക്കാരനെയും കഴകക്കാരനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മനയ്ക്കൽനിന്ന് ഒന്നും അന്വേഷിക്കാറില്ല. എല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് അവിടുത്തെ വിശ്വാസം. അതുകൊണ്ടാണ് ഇവരുടെ അഴിമതിയും അക്രമവും ഇത്രത്തോളം വർദ്ധിച്ചത്. ചിലപ്പോൾ മനയ്ക്കൽ നിന്നു വലിയ തിരുമേനി ഇവിടെ എഴുന്നള്ളുകയും ഇവരുടെ ചില കളവുകൾ കണ്ടുപിടിക്കുകയും കഴകക്കാരനെ പിടിച്ചു പ്രഹരിക്കുകയും ശാന്തിക്കാരനെമ്പ്രാന്തിരിക്കു രണ്ടും നാലും പണവും മറ്റും പ്രായശ്ചിത്തം നിശ്ചയിക്കുകയും ചെയ്യാറുണ്ട്. എങ്കിലും ഇവിടെ ഇവരുടെ അക്രമങ്ങൾക്ക് ഇതുവരെ യാതൊരു കുറവും വന്നിട്ടില്ല"" എന്നു പറഞ്ഞു. ഭട്ടതിരി ഇതെല്ലാം കേട്ടുധരിച്ചതിന്റെ ശേഷം "ആട്ടെ, എങ്കിലും കുളി കഴിക്കാമല്ലോ" എന്നു പറഞ്ഞ് അമ്പലക്കുളത്തിൽത്തന്നെയിറങ്ങി കുളികഴിച്ച് അമ്പലത്തിൽച്ചെന്നു മുണ്ടുകൾ രണ്ടും ഉണങ്ങാനിട്ടിട്ടു കൗപീനമാത്രധാരിയായി അവിടെയിരുന്നു. അപ്പോഴേയ്ക്കും ഒരു ചെറിയ പാത്രത്തിൽ ഒഴക്കരിയും ഒരു തീക്കൊള്ളിയുമെടുത്തുകൊണ്ടു കഴകക്കാരനുമവിടെയെത്തി. ഉടനെ ഭട്ടതിരി "വാരിയരേ! നമുക്ക് അത്താഴം കഴിച്ചു പോയാൽക്കൊള്ളാമെന്നുണ്ട് അതിവിടെ തരമാകുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി വാരിയർ "എന്തോ എനിക്കറിഞ്ഞുകൂടാ. ശാന്തിക്കാരനോടു ചോദിക്കണം" എന്നു പറഞ്ഞു.
ഭട്ടതിരി: അങ്ങനെ പറഞ്ഞാൽപ്പോരാ. നമുക്കിവിടെച്ചില വഴിപാടുകളും നടത്തേണ്ടിയിരിക്കുന്നു. അതിനൊക്കെ വാരിയരുടെ സഹായമാണ് നമുക്കു പ്രധാനമായി വേണ്ടത്.
വാരിയർ: റാൻ, വഴിപാട് എന്തൊക്കെയാണാവോ
ഭട്ടതിരി: വിളക്ക്, മാല, പഞ്ചസാരപ്പായസനിവേദ്യം, പിന്നെ ഒരു രണ്ടേകാലിടങ്ങഴി വെള്ളനിവേദ്യം ഇതൊക്കെ വേണം. വ്യാഴാഴ്ചതോറും ഇവയൊക്കെ ഒരു വിഷ്ണുക്ഷേത്രത്തിൽ നടത്താറുണ്ട്. ഒരു ബ്രാഹ്മണനെ കാൽകഴുകിച്ച് ഊട്ടുകയുംവേണം. അതിനു ശാന്തിക്കാരനായാലും മതി. സാമാന്യംപോലെ ഒരു ഭക്ഷണത്തിന്റെ വട്ടമൊക്കെ വേണം. അതൊട്ടും മോശമാകരുത്. നമ്മുടെ കയ്യിൽ പണമുണ്ട് അതെത്ര വേണമെങ്കിലും ചെലവുചെയ്യാൻ തയ്യാറാണ്. എങ്കിലും വാരിയരുടെ സഹായംകൂടാതെ ഒന്നും നടക്കുകയില്ലല്ലോ.
വാരിയർ: പണമുണ്ടെങ്കിൽ ഒക്കെ നടക്കും. അടിയൻ എല്ലാം ശരിയാക്കാം.
ഭട്ടതിരി: എന്നാൽ മതി. ഒടുക്കം വാരിയർ പറയുന്ന സംഖ്യ ബോധ്യപ്പെടുത്താം.
വാരിയർ : എന്നാൽ വേണ്ടതെല്ലാം ഇപ്പോൾകൊണ്ടു വിടകൊള്ളാം.
എന്നു പറഞ്ഞു വാരിയർ ഓടിപ്പോയി. പോകുന്ന വഴിക്കു ശാന്തിക്കാരനെക്കണ്ട് "ഇന്നു വിശേഷാൽച്ചില വഴിപാടുകളുണ്ട്. ക്ഷണത്തിൽക്കുളിച്ച് അമ്പലത്തിലേയ്ക്ക് ചെല്ലണം" എന്നു കൂടി പറഞ്ഞിട്ടാണ് വാരിയർ പോയത്. വാരിയരുടെ വാക്കു കേട്ടു തനിക്കും വല്ലതുമാദായമുണ്ടാകുമെന്നു വിചാരിച്ചു ശാന്തിക്കാരനും ക്ഷണത്തിൽ "കുളിച്ച് കുറ്റിത്തലയും കുടഞ്ഞ്" അമ്പലത്തിലെത്തി. തന്റെ പതിവും ആവശ്യങ്ങളുമെല്ലാം ഭട്ടതിരി ശാന്തിക്കാരനോടു പറഞ്ഞു. അതു കേട്ടു ശാന്തിക്കാരനും സന്തോഷിച്ച് ഓടിപ്പോയി അദ്ദേഹത്തിന്റെ മഠത്തിൽനിന്ന് അരിയും കറിക്കോപ്പുകളും പാലും മറ്റും കൊണ്ടുവന്ന് എല്ലാം തയ്യാറാക്കിത്തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ സകല സാധനങ്ങളും കൊണ്ടു വാരിയരും അമ്പലത്തിലെത്തി. അപ്പോഴേയ്ക്കും ശാന്തിക്കാരൻ നിവേദ്യങ്ങൾ അടുപ്പത്താക്കുകയും കറിക്കു നുറുക്കുകയും കഴിച്ചിരുന്നു. അതു കണ്ടിട്ട് എമ്പ്രാൻ തന്നെ നഷ്ടപ്പെടുത്താൻ ഭാവിക്കുകയാണല്ലോ എന്നു വിചാരിച്ചു വാരിയർക്കും വാരിയർ സാമാനങ്ങളെല്ലാം കൊണ്ടുവന്നിരിക്കുന്നതു തന്നെ നഷ്ടപ്പെടുത്താനാണല്ലോ എന്നു വിചാരിച്ചു എമ്പ്രാനും ദേഷ്യം കലശലായി. വാരിയർ എമ്പ്രാനോട് "സാമാനങ്ങളെല്ലാം വട്ടം കൂട്ടിക്കൊണ്ടുവരണമെന്ന് ആവശ്യക്കാരൻ എന്നോടാണ് ആദ്യം പറഞ്ഞത്. അതുകൊണ്ട് ഞാൻകൊണ്ടുവന്നിരുക്കുന്ന സാമാനങ്ങൾതന്നെ എടുത്തു ഉപയോഗിക്കണം. അങ്ങേടെ സാമാനമൊന്നും ഇവിടെ ഉപയോഗിക്കാൻ പാടില്ല" എന്നു പറഞ്ഞു. അതുകേട്ട് എമ്പ്രാൻ "വാരിയരുടെ സാമാനങ്ങളൊന്നും ഇവിടെക്കൊള്ളുകയില്ല. പാൽ വെള്ളം ചേർത്തതാണ്. അരി വെളുത്തിട്ടില്ല" എന്നും മറ്റും പറഞ്ഞുതുടങ്ങി. അമ്പലത്തിൽ ജപിച്ചു കൊണ്ടിരുന്ന ഭട്ടതിരി ഇവരുടെ വഴക്കുകേട്ടിട്ട്, "നിങ്ങൾ തമ്മിൽ ശണ്ഠ കൂടേണ്ട. രണ്ടുപേരുടെ സാമാനങ്ങളും ഉപയോഗപ്പെടുത്തിക്കൊള്ളണം. അതുകൊണ്ടു ദോഷമൊന്നും വരാനില്ലല്ലോ. നിങ്ങൾക്കു രണ്ടുപേർക്കും പണം കിട്ടണമെന്നല്ലേ ഉള്ളു? അതു ബോധ്യപ്പെടുത്താൻ ഞാനുണ്ടല്ലോ. വഴക്കും ശണ്ഠയും കൂടാതെ കാര്യം നടക്കട്ടെ" എന്നു പറഞ്ഞു. അതു കേട്ടു രണ്ടുപേരും സമാധാനപ്പെടുകയും ചെയ്തു.
എമ്പ്രാന്തിരി വെപ്പെല്ലാം കഴിച്ചു പൂജയ്ക്കു പോയി. പ്രസന്ന പൂജയ്ക്ക് നടയടച്ചപ്പോൾ ഭട്ടതിരി തിടപ്പള്ളിയിലെത്തി ഒരിലയെടുത്തു വെച്ചു താനേ വിളമ്പി ഊണു തുടങ്ങി. എമ്പ്രാന്തിരി "അല്ലാ! ഇങ്ങനെയാണോ കാൽകഴുകിച്ചൂട്ടുന്നത്?" എന്നു ചോദിച്ചു. അതിനു മറുപടിയായി ഭട്ടതിരി "കാൽകഴുകിച്ചൂട്ടുക എന്നു പറഞ്ഞാൽ തന്റെ മുതൽ ചെലവുചെയ്ത് ഒരു ബ്രാഹ്മണനു ഭക്ഷണം കൊടുക്കുക എന്നേ അർത്ഥമുള്ളു. പൊരുൾ പോകുന്നിടത്താണല്ലോ പുണ്യം. എമ്പ്രാന്റെ ഊണു കഴിയുമ്പോൾ കാൽകഴുകിച്ചൂട്ടിയതിന്റെ ഫലം എനിക്കു കിട്ടും. എമ്പ്രാനും ഒരിയിലയെടുത്തുവെച്ചു വിളമ്പിയുണ്ടോളൂ" എന്നു പറഞ്ഞു. ഉടനെ എമ്പ്രാന്തിരിയും ഉണ്ണാനിരുന്നു. പിന്നെ ഭട്ടതിരി എമ്പ്രാന്തിരിയുടെ കൈപ്പുണ്യത്തെ വർണ്ണിച്ചുതുടങ്ങി.
"ഹേ! എമ്പ്രാൻ ദേഹണ്ഡമൊക്കെ വളരെ നന്നായി. ഈ അമ്പലക്കിണറ്റിലെ വെള്ളം വളരെ മാഹാത്മ്യമുള്ളതുതന്നെ. എന്നും കോരി ദേവന്റെ തലയിലൊഴിക്കുന്നതല്ലേ? അങ്ങനെയല്ലാതെയിരിക്കുമോ? അതോടുകൂടി എമ്പ്രാന്റെ കൈപ്പുണ്യവുംകൂടി ചേർന്നപ്പോൾ മുഴുവനായി. പഞ്ചസാരപ്പായസത്തിനെന്നല്ല, സകലവിഭവങ്ങൾക്കും ഈ വെള്ളത്തിന്റെ സ്വാദാണു മുമ്പിട്ടുനിൽക്കുന്നത്. കുറേശ്ശെ അമൃതിന്റെ സ്വാദുമുണ്ട്. അതു എമ്പ്രാന്റെ കൈപ്പുണ്യംകൊണ്ടു വന്നതായിരിക്കും" എന്നും മറ്റുമായിരുന്നു ഭട്ടതിരി പറഞ്ഞത്. ഈ ശകാരമെല്ലാം സ്തുതിയാണെന്നാണ് എമ്പ്രാന്തിരി മനസ്സിലാക്കിയത്. അതിനാൽ ഇതിനു മറുപടിയായി എമ്പ്രാന്തിരി പറഞ്ഞത് "ഇതൊന്നും നമ്മുടെ സാമർത്ഥ്യംകൊണ്ടല്ല. എല്ലാം ഭഗവാന്റെ കൃപകൊണ്ടാണ്" എന്നായിരുന്നു.
ഭട്ടതിരിയും എമ്പ്രാന്തിരിയും ഊണു കഴിഞ്ഞു കൈ കഴുകി ബലിക്കൽപ്പുരയിൽ പോയിരുന്നു പണത്തിന്റെ കണക്കു പറഞ്ഞു തുടങ്ങി. വാരിയർ തിടപ്പള്ളിയിൽക്കയറി ഉണ്ണാനുമിരുന്നു. എമ്പ്രാന്തിരി പറഞ്ഞ കണക്കൊന്നും ഭട്ടതിരി സമ്മതിച്ചില്ല. ഒടുക്കം ഭട്ടതിരി "ഇവിടെ രണ്ടു നേരവും ഈരണ്ടുപേർക്കു നമസ്ക്കാരത്തിനു വകവെച്ചിട്ടുണ്ടല്ലോ. അതെല്ലാം താൻ മോഷ്ടിച്ചെടുക്കുകല്ലേ പതിവ്? ഇന്ന് ഒരു നേരം ഞാനുണ്ടതിനു തനിക്കു പണം തരണമോ? ഞാനൊരു കാശും തരാൻ ഭാവമില്ല. താനെന്തു ചെയ്യും?" എന്നു ചോദിച്ചു. അതു കേട്ട് എമ്പ്രാന്തിരി കോപിച്ചു വിറച്ചു ഭട്ടതിരിയെ തല്ലാനായി കൈയോങ്ങിക്കൊണ്ട് അടുത്തു ചെന്നു. ഉടനെ ഭട്ടതിരി എണീറ്റു എമ്പ്രാന്തിരിയുടെ കൈക്ക് ഒരു തട്ടും ചെകിട്ടത്ത് ഒരടിയും വെച്ചുകൊടുക്കുകയും "അയ്യോ!" എന്ന് ഉറക്കെ ഒന്നു നിലവിളിക്കുകയും ഒരുമിച്ചുകഴിഞ്ഞു. അടികൊണ്ട ക്ഷണത്തിൽ എമ്പ്രാന്തിരി ബോധം കെട്ടു നിലത്തു വീണു. നിലവിളി കേട്ടു വാരിയർ പരിഭ്രമിച്ചു എച്ചിൽക്കൈ മടക്കിപ്പിടിച്ചുകൊണ്ടു ബലിക്കൽപ്പുരയിലേയ്ക്ക് ഓടിച്ചെന്നു. "ഇവിടെ എന്താണ് ഒരു നിലവിളി കേട്ടത്? ആരാണു നിലവിളിച്ചത്?" എന്നു വാരിയർ ചോദിച്ചു. അപ്പോൾ ഭട്ടതിരി കരഞ്ഞുംകൊണ്ട് "ഈ എമ്പ്രാൻ ഞാൻ പണം കൊടുത്തത് പോരെന്നും പറഞ്ഞ് എന്നെത്തല്ലി. ഞാനാണു നിലവിളിച്ചത്. ഇതിനെല്ലാം സാക്ഷി വാരിയരാണ്. ഈ ഉണ്ടായ സംഗതികളെല്ലാം ക്ഷേത്രത്തിന്റെ ഉടമസ്ഥനോട് ഇപ്പോൾത്തന്നെ പറയണം. സാക്ഷി പറയാൻ വാരിയരും എന്റെ കൂടെ വരണം. ഊണു കഴിച്ചുവരൂ. വാരിയരുടെ പണം ഞാൻ ഒട്ടും കുറയ്ക്കുകയില്ല എന്നെത്തല്ലിയതുകൊണ്ട് എമ്പ്രാന് ഇനി ഞാൻ ഒരു കാശുപോലും കൊടുക്കയില്ല. എമ്പ്രാനു കൊടുക്കാനുള്ളതുകൂടി വാര്യർക്കു തന്നേയ്ക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോഷിച്ചു വാരിയർ ഊണു മുഴുവനാക്കാനായിട്ട് തിടപ്പള്ളിയിലേക്കു പോയി. ക്ഷണത്തിൽ ഊണു കഴിച്ചു കൈയും കഴുകി വാരിയർ വീണ്ടും ബലിക്കൽപ്പുരയിലെത്തി. എമ്പ്രാന്തിരി അപ്പോഴും പൂർവ്വസ്ഥിതിയിൽ ബോധരഹിതനായി അവിടെത്തന്നെ കിടന്നിരുന്നു. ഭട്ടതിരിയെ അവിടെയെങ്ങും കണ്ടുമില്ല. അദ്ദേഹം വാരിയർ വരുന്നതിനു മുമ്പേ പമ്പകടന്നിരിക്കുന്നു.
പിന്നെയൊരിക്കൽ ഭട്ടതിരി ഒരു വഴിയാത്രയിൽ ഒരു ദിവസം മധ്യാഹ്നസമയത്ത് ഊണുകഴിച്ചു പോകണമെന്നുള്ള ഉദ്ദേശത്തോടുകൂടി ത്തന്നെ ഒരില്ലത്തു കയറിച്ചെന്നു. അപ്പോൾ അവിടെ പുരയുടെ വാതിലുകളൊക്കെ അടച്ചിരുന്നതിനാൽ മുറ്റത്തു നിന്നുകൊണ്ടു രണ്ടുമൂന്നു ചുമച്ചു. എന്നിട്ടും ആരെയും പുറത്തേയ്ക്കു കാണാതെയിരുന്നതിനാൽ ഇറയത്തു കയറിയിരുന്നുകൊണ്ട് "ഹേ ഹേ! ഇവിടെ ആരുമില്ലയോ? ഈ വാതിലൊന്നു തുറക്കണം" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെ നാലഞ്ചു പ്രാവശ്യം പറഞ്ഞപ്പോൾ ഗൃഹസ്ഥൻ നമ്പൂരി വന്നു വാതിൽ തുറന്നു ദുർമുഖം കാണിച്ചുകൊണ്ടു പുറത്തേയ്ക്കു വന്ന് ഉച്ചസ്വരത്തിൽ "ആരാണിവിടെക്കയറിവന്നു കലശൽകൂട്ടുന്നത്? പടിക്കു പുറത്തു പോകണം" എന്നു പറഞ്ഞു. അതു കേട്ടിട്ടും ഭട്ടതിരി "അയ്യോ! അങ്ങനെ പറയരുതേ. ഞാൻവഴിപോക്കനായ ഒരു ബ്രാഹ്മണനാണ്. വഴി നടന്നും വെയിലു കൊണ്ടും ഞാൻ ഏറ്റവും അവശനായിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കവയ്യാതെയായിട്ടാണ് ഇവിടെക്കയറി വന്നത്. എനിക്കിപ്പോൾ കുറച്ചു കഞ്ഞിയോ ചോറോ വല്ലതും തന്നാൽ അതൊരു വലിയ സുകൃതമായിരിക്കും. ഒന്നും കഴിക്കാതെ ഇനി ഇവിടെനിന്ന് ഒരടിപോലും നടക്കാൻ ഞാൻശക്തനല്ല" എന്ന ഏറ്റവും താണ സ്വരത്തിൽപ്പറഞ്ഞു. ഇതുകേട്ടിട്ടും ഗൃഹനാഥന്റെ മനസ്സിന് ഒരലിവുമുണ്ടായില്ല. അദ്ദേഹം വീണ്ടും ഉച്ചത്തിൽത്തന്നെ "പോകാനല്ലേ പറഞ്ഞത്. നടക്കാൻ വയ്യെങ്കിൽ പടിക്കു പുറത്തു പോയിക്കിടന്നോളൂ. ഇവിടെ ഇരിക്കാൻ പാടില്ല. വരുന്നവർക്കൊക്കെ കഞ്ഞിയോ ചോറോ കൊടുക്കാൻ ഇവിടെ വഴിയൂട്ടും മറ്റുമില്ല. ആരും കാണമിട്ടിട്ടുമില്ല. ഇങ്ങനെ തട്ടിപ്പും പറഞ്ഞ് ഉണ്ണാനായിട്ടു കയറിവരുന്നവർക്കൊക്കെ ചോറു കൊടുത്തിട്ടുള്ള പുണ്യം ഇവിടെ ആവശ്യമില്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാൽ വെറുതേ വേണ്ട. ഞാൻ പണം തരാം. ഏതുവിധത്തിലായാലും സ്വൽപം വല്ലതും കഴിക്കാതെ പോകാൻ നിവൃത്തിയില്ല. ഞാൻ സാമാന്യത്തിലധികം വലഞ്ഞു. അതുകൊണ്ട് പറയുന്നതാണ്. കൃപയുണ്ടാകണം" എന്ന് പിന്നെയും പറഞ്ഞു. അതു കേട്ടിട്ടും ഗൃഹസ്ഥന്റെ മനസ്സിനു ഒരിളക്കവുമുണ്ടായില്ല. "എടോ തന്റെ ജാടയൊന്നും ഇവിടെപ്പറ്റുകയില്ലെന്ന് ആദ്യമേ ഞാൻ പറഞ്ഞില്ലേ? അങ്ങോട്ടു പറയുന്നതൊന്നും മനസ്സിലാക്കാത്തതെന്താണ്? തന്റെ മർക്കടമുഷ്ടിയുംകൊണ്ടു താനിറങ്ങിപ്പോവൂ. ഇവിടെ പറ്റുകയില്ല. പണത്തിനു ചോറുകൊടുക്കാൻ ഇതു ഹോട്ടലും മറ്റുമല്ല.പടിക്കു പുറത്തിറങ്ങിപ്പോവാനല്ലേ പറഞ്ഞത്? ഇനിയും പോകാത്തപക്ഷം ഞാൻ തീക്കനൽ കോരിക്കൊണ്ടുവന്നു തന്റെ തലയിലിടും. അതിനിടയാക്കാതെ താനിറങ്ങിപ്പോവൂ" എന്നാണു ഗൃഹസ്ഥൻ പറഞ്ഞത്. ഇത്രയും കേട്ടിട്ടും ഭട്ടതിരി ഒഴിച്ചുപോയില്ല. അദ്ദേഹം പിന്നെയും താണു തൊഴുതുകൊണ്ട് "അയോ മൂസ്സ്, ഇതു കഠിനമാണ്. ഇങ്ങനെ പറയരുത്. ഒരു നിവൃത്തിയുമില്ലാതെയായിട്ടു ഞാൻ പറയുന്നതാണ്. ഒരു പിടിച്ചോറെങ്കിലും തരുന്നതിനു ദയവുണ്ടാകണം. അതിനൊന്നിനും മനസ്സില്ലെങ്കിൽ കുറച്ചു പച്ചവെള്ളം തന്നാലും മതി. ഒന്നും കഴിക്കാതെ എനിക്ക് എണീക്കാൻപോലും വയ്യ. ഞാൻവല്ലാതെ ക്ഷീണിച്ചുപോയി" എന്നു പറഞ്ഞു. ഇതിനു മറുപടിയായി ഗൃഹസ്ഥൻ പറഞ്ഞത് "തനിക്കു വെള്ളം കോരിക്കൊണ്ടു വന്നു തരാൻ തന്റെ ശമ്പളക്കാരാരും ഇവിടെയില്ല. വെളളം കുടിക്കണമെങ്കിൽ പുഴയിൽച്ചെന്നു കോരിക്കുടിക്കൂ. ഇവിടെ അതൊന്നും സാദ്ധ്യമല്ല. താനിവിടെ നിന്ന് ഇറങ്ങിപ്പോവൂ. ഇനിയും താനിറങ്ങിപ്പോവാത്തപക്ഷം ഇവിടെപ്പാർക്കുന്ന വൃഷലിപ്പെണ്ണിനെ ഞാനിങ്ങോട്ടുവിളിക്കും. അവൾ മുറ്റമടിക്കുന്ന ആയുധവും കൊണ്ടിങ്ങോട്ടു വന്നാൽ തന്നെ ഇവിടെനിന്നോടിക്കും. അതിനിടയാക്കാതെ ഇറങ്ങിപ്പോവുകയാണു നല്ലത്" എന്നാണ്. ഇത്രയും കേട്ടപ്പോൾ ഭട്ടതിരി "ഇവിടെ മര്യാദകൊണ്ടു കാര്യമൊന്നും പറ്റുകയില്ല ഏതെങ്കിലും ഒരു പൊടിക്കൈകൂടി പ്രയോഗിച്ചു നോക്കാം" എന്നുവിചാരിച്ചു. കോപഭാവത്തോടുകൂടി എണീറ്റു രണ്ടാംമുണ്ട് അരയിൽ മുറുക്കിക്കെട്ടി കണ്ണും ചുവത്തി വിറച്ചുകൊണ്ടു ഗൃഹസ്ഥനോടു "എടോ! താൻ മഹാദുഷ്ടൻതന്നെ. തന്നെമാത്രം വിചാരിച്ചാൽ പോരല്ലോ, ഇവിടെ ഒരന്തർജ്ജനവും രണ്ടുമൂന്നു കിടാങ്ങളുമുണ്ടല്ലോ. പുരാതനമായ ഒരു ബ്രാഹ്മണഗൃഹവുമാണല്ലോ എന്നു വിചാരിച്ചു ഞാനിതുവരെ ക്ഷമിച്ചു. ഞാനൊരു കടുംകൈ പ്രയോഗിച്ചാൽ അതു പ്രതിവിധി ഇല്ലാത്തതായിരിക്കും. നാലഞ്ചു ദിവസം മുൻപ് ഇതുപോലെ ഞാനൊരില്ലത്തു പോയിരുന്നു. അവിടുത്തെ ഗൃഹസ്ഥനും തന്നെപ്പോലെ ഒരു ദുഷ്ടനായിരുന്നു. അവിടെയും ഞാൻ ആദ്യം വളരെ ക്ഷമിച്ചു. ഒടുക്കം അതുകൊണ്ടൊന്നും പറ്റുകയില്ലെന്നു തോന്നുകയാൽ ഞാനൊരു കടുംകെ അവിടെ പ്രയോഗിച്ചു. അതുതന്നെ ഇവിടെയും പ്രയോഗിക്കാനാണു ഞാൻ ഭാവിക്കുന്നത്. അതു സമ്മതമാണോ എന്ന് അകത്തു ചെന്ന് അന്തർജ്ജനഇത്തോടുകൂടി ചോദിക്കൂ. പിന്നെ പശ്ചാത്തപിച്ചാൽ ഫലമൊന്നുമുണ്ടാവുകയില്ല. അതും ഞാനാദ്യമേ പറഞ്ഞേയ്ക്കാം" എന്നു പറഞ്ഞു. ഇവരുടെ സംവാദങ്ങളെല്ലാം കേട്ടുകൊണ്ട് അകത്തു നിന്നിരുന്ന അന്തർജ്ജനം ഭട്ടതിരിയുടെ അപ്പോഴത്തെ ഭാവം കാണുകയും ഒടുക്കം പറഞ്ഞ വാക്കു കേൾക്കുകയും ചെയ്തു വല്ലാതെ ഭയപ്പെട്ടു നമ്പൂരിയെ അകത്തേക്കു വിളിച്ചു. "ഇയ്യാൾ സാമാന്യക്കാരനല്ലെന്നാണു തോന്നുന്നത്. എന്തെല്ലാമനർത്ഥങ്ങളാണാവോ ഉണ്ടാക്കിത്തീർക്കുന്നത്? രണ്ടുമൂന്നു കിടാങ്ങളുള്ളവർക്കെങ്കിലും ആപത്തൊന്നും വരാതെ സൂക്ഷിക്കണമല്ലോ. അതുകൊണ്ട് ക്ഷണത്തിൽച്ചെന്ന് അദ്ദേഹത്തെ സമാധാനപ്പെടുത്തി ഭക്ഷണം കൊടുത്തു സന്തോഷിപ്പിച്ചയയ്ക്കണം. അല്ലെങ്കിൽ വലിയ ആപത്തു വല്ലതും വന്നു കൂടുമെന്നാണു തോന്നുന്നത്" എന്നു പറഞ്ഞു. ഭട്ടതിരിയും ഗൃഹസ്ഥൻ നമ്പൂരിയും തമ്മിൽ അത്യുച്ചത്തിലുണ്ടായ സംവാദം കേട്ട് അതിന്റെ കാരണമറിയുന്നതിനായി അയൽവാസികളായ ഒട്ടുവളരെ ജനങ്ങളും അവിടെ വന്നുകൂടിയിരുന്നു. അവരുമെല്ലാവരും അന്തർജ്ജനം പറഞ്ഞതു പോലെ തന്നെ പറഞ്ഞു. അതെല്ലാംകൂടി കേൾക്കുകയും കോപിച്ചു സംഹാരരുദ്രനെപ്പോലെയുള്ള ഭട്ടതിരിയുടെ നില കാണുകയും ചെയ്തപ്പോൾ ഗൃഹസ്ഥൻനമ്പൂരിയും ഭയവിഹ്വലനായിത്തീർന്നു. ഉടനെ അദ്ദേഹം ഭട്ടതിരിയുടെ അടുക്കൽച്ചെന്നു പാദങ്ങളിൽ വീണു നമസ്കരിച്ചിട്ട് "അല്ലയോ ബ്രഹ്മണോത്തമ! ക്ഷമിക്കണേ, ക്ഷമിക്കണേ. അങ്ങയുടെ മാഹാത്മ്യമറിയാതെ ഞാൻ പറഞ്ഞുപോയതെല്ലാം സദയം ക്ഷമിക്കണേ. കോപത്തെ അടക്കിയാലും. ആപത്തൊന്നുമുണ്ടാക്കിത്തീർക്കാതെ എന്നെയും ഈ കുടുംബത്തെയും അവിടുന്നു രക്ഷിക്കണം. ക്ഷണത്തിൽ കുളിച്ചുവരിക. ഇവിടെ ഊണിനെല്ലാം കാലമായിരിക്കുന്നു. കുളിച്ചുവരാത്ത താമസമേ ഉള്ളൂ. അങ്ങേയ്ക്കു കുടിക്കുനീർവീഴ്ത്തീട്ടു വേണം എനിക്കും ഉണ്ണാൻ" എന്നു പറഞ്ഞു. അതു കേട്ടു ഭട്ടതിരി തന്റെ കൗശലം ഫലിച്ചുവല്ലോ എന്നു വിചാരിച്ചു ഉള്ളുകൊണ്ട് ചിരിച്ച് "ഇപ്പോളെങ്കിലും നല്ല ബുദ്ധിയുണ്ടായല്ലോ. ഭാഗ്യംതന്നെ. ഇവിടെ മറ്റേതിന്റെ കാലമായില്ലെന്നാണ് തോന്നുന്നത്. ഇനി എനിക്കു കോപവും ദേഷ്യവുമൊന്നുമില്ല.അതൊക്കെത്തീർന്നിരിക്കുന്നു. ഞാൻ ക്ഷണത്തിൽ കുളിച്ചുവന്നേയ്ക്കാം. എന്റെ ഒരു കുളിയും തേവാരവുമൊക്കെ രാവിലെ കഴിഞ്ഞിരിക്കുന്നു. വഴി ശുദ്ധമായതുകൊണ്ടു ഒന്നു കുളിക്കണമെന്നേ ഉള്ളൂ. രണ്ടാംകുളിക്കു താമസത്തിനു വകയില്ലല്ലോ. ഇപ്പോൾ വന്നേയ്ക്കാം" എന്നു പറഞ്ഞു പോയി ക്ഷണത്തിൽ കുളി കഴിച്ചുവന്നു. ഭട്ടതിരി കുളിച്ചുവന്നപ്പോഴേയ്ക്കും ഇലയും പലകയും വെച്ച് എല്ലാം തയ്യാറാക്കിയിരിക്കുന്നു. ഗൃഹസ്ഥൻതന്നെ സാദരം വിളമ്പിക്കൊടുത്തു. ഭട്ടതിരി സുഖമായി ഊണു കഴിക്കുകയും ചെയ്തു. ഊണു കഴിഞ്ഞു കൈ കഴുകിക്കഴിഞ്ഞയുടനെ ഭട്ടതിരിയെ ഗൃഹസ്ഥൻനമ്പൂരി പുറന്തളത്തിൽ കൊണ്ടുപോയി ഒരു പായയും തലയിണയും മുറുക്കാനുള്ള സാധനങ്ങളും കൊണ്ടുചെന്നു കൊടുക്കുകയും "ഇനി ഇവിടെ ഇരിക്കുകയോ കിടക്കുകയോ മുറുക്കുകയോ ഒക്കെയാവാം. ഞാനുംപോയി ഊണു കഴിച്ചുവരാം" എന്നു പറയുകയും ചെയ്തിട്ട് ഉണ്ണാൻ പോയി.
ഗൃഹസ്ഥൻ നമ്പൂരി ഊണുകഴിച്ചു ഭട്ടതിരിയുടെ അടുക്കലെത്തിയപ്പോഴേയ്ക്കും അവിടെ ദിവ്യനായിട്ട് ഒരാൾ വന്നിരിക്കുന്നു എന്നു കേട്ടു വേറെയും പലർ വന്നുകൂടി. അപ്പോൾ ഗൃഹസ്ഥൻനമ്പൂരി ഭട്ടതിരിയോട് "ഇപ്പോൾ ഒക്കെ സാമാധാനമായല്ലോ ഇനി വർത്തമാനമൊക്കെ പറയുക. ഇല്ലം എവിടെയാണ്? ഇല്ലപ്പേരെന്താണ്? നാലഞ്ചു ദിവസം മുമ്പ് ഒരില്ലത്തു ഒരു കടുംകൈ പ്രയോഗിച്ചതായിപ്പറഞ്ഞുവല്ലോ അതെന്താണ്? ഇതൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്റെ ഇല്ലം കുറച്ചു തെക്കാണ്. ഇല്ലപ്പേരു 'നടുവിലേപ്പാട്ട്' എന്നാണ് സാധാരണയായി പറഞ്ഞുവരുന്നത്. ഞാൻപ്രയോഗിച്ച കടുംകൈയിനെക്കുറിച്ചു ചോദിക്കേണ്ട. അതു കേൾക്കാതെയിരിക്കുകയാണു നല്ലത്. കേട്ടാൽ നിങ്ങളെല്ലാവരും മൂക്കത്തു കൈവിരൽ വെച്ചുപോകും. അതുകൊണ്ട് അതു പറയാൻ നിർബന്ധിക്കരുത്" എന്നു പറഞ്ഞു. അതു കേട്ട് എല്ലാവരും "അവിടുന്ന് അങ്ങനെ പറയുന്നത് സങ്കടമാണ്. അതു കേട്ടാൽക്കൊള്ളാമെന്ന് ഞങ്ങൾക്കൊക്കെ വളരെ ആഗ്രഹമുണ്ട്. അതു കൊണ്ട് അതു നിശ്ചയമായിപ്പറയണമെന്നു ഞങ്ങളെല്ലാവരും നിർബന്ധപൂർവം അപേക്ഷിച്ചുകൊള്ളുന്നു" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "അത്ര നിർബന്ധമാണെങ്കിൽപ്പറയാം. കേട്ടോളൂ. ഞാൻആ ഇല്ലത്തു ചെന്നിട്ട് ആദ്യം ഇവിടെപ്പറഞ്ഞതുപോലെയൊക്കെ വളരെപ്പറഞ്ഞുനോക്കി. ഒടുക്കം അവിടെ പച്ചവെളളംപോലും കിട്ടുകയില്ലെന്നു തീർച്ചയായപ്പോൾ ഞാനെന്റെ രണ്ടാംമുണ്ടും കുടയുമെടുത്തു പടിക്കലിറങ്ങി എന്റെ വഴിക്കങ്ങു പോയി. അതാണു ഒടുക്കം പ്രയോഗിച്ച കടുംകൈ. അതു തന്നെയാണ് ഞാനിവിടെയും പ്രയോഗിക്കാൻ ഭാവിച്ചത്. അല്ലാതെ ഞാനെന്തു ചെയ്യും? ഞാനും നിങ്ങളെപ്പോലെ ഒരു മനുഷ്യനാണല്ലോ" എന്നു പറഞ്ഞു ഇതു കേട്ടു നമ്പൂരിയെ നോക്കി എല്ലാവരും ചിരിച്ചു. തനിക്കു പറ്റിയ വിഡ്ഢിത്തം വിചാരിച്ചു ഗൃഹസ്ഥൻ നമ്പൂരി സാമാന്യത്തിലധികം ഇളിഭ്യനായി. ഭട്ടതിരി അവിടെ നിന്നിറങ്ങിപ്പോവുകയും ചെയ്തു.