ഒടുക്കത്തെ താരാട്ട്

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 121 ]
ഒടുക്കത്തെ താരാട്ട്


അമ്മതൻ വാത്സല്യസത്തേ! - സ്നേഹ-
പ്പൊന്മയക്കൂട്ടിലെത്തത്തേ!
കല്യാഭ കോലുമഹസ്സേ! - യാർക്കും
കല്യാണമേറ്റും മഹസ്സേ!
നീയിത്രവേഗം പിരിഞ്ഞു - പോമെ-
ന്നാരിത്രനാളുമറിഞ്ഞു?
അമ്മിണീ, ചിത്തം തപിക്കും - പെറ്റോ-
രമ്മയെമ്മട്ടിൽ സഹിക്കും?
അയ്യോ! പിളരുന്നെൻ മർമ്മം - തീവ്രം
വയ്യേ, യഖിലമെൻ കർമ്മം!
കേഴുന്നതെന്തിനു ഞാനും - അതു
പാഴിലെന്നോതുന്നു വാനും
ആയിരം മിന്നൽ നശിപ്പൂ - വിണ്ണിൽ
തോയദമെല്ലാം സഹിപ്പൂ!
ഉള്ളിലൊതുങ്ങാത്ത ഖേദം - കണ്ണീർ-
ത്തുള്ളിയായ്‌പോവതു ഭേദം!...
മാമക മാനസംതന്നിൽ - അഞ്ചു
തൂമലർക്കാലങ്ങൾ മുന്നിൽ
പ്രേമക്കുരുന്നൊന്നുദിച്ചു - പൂത്ത-
നാമൊരു കാന്തിമ വാച്ചു;
എൻ കതിരോൻ കതിർവീശി - യതിൽ
കുങ്കുമച്ചാറേറ്റം പൂശി.

[ 122 ]

കൈവന്ന തോഷാൽ പുളച്ചു - നിത്യം
തൈവല്ലിയാടിക്കളിച്ച.
ഉഷ്ണത്തിൻ കാഠിന്യംകൊണ്ടു - പാരം
തൃഷ്ണാർത്തയായി വരണ്ടു!
ചൈത്രമാ വല്ലിയെപ്പുല്കി - യൊരു
മുത്തൊളിക്കോരകം നല്കി,
അമ്മലർമൊട്ടു വിരിഞ്ഞു - പെട്ടെ-
ന്നെൻ മനോഭാസ്വാൻ മറഞ്ഞു!
അന്ധതയെങ്ങും പരന്നു - മമ
ചിന്തകളെല്ലാം തകർന്നു!
മൃണ്മയമെന്നുടെ ഗാത്രം - കാത്തി-
തമ്മലരൊന്നിനുമാത്രം!
വാരൊളിചിന്നുമസ്സൂനം - എന്നും
വാടില്ലെന്നോർത്തതു ശൂന്യം!...
തങ്കമേ! നിന്റെ ചരിത്രം - പാപ-
പങ്കിലമല്ലോ പവിത്രം!
മൃത്യവിൻ പാഴ്നിഴലൊട്ടും - നിന്നി-
ലെത്തിയിട്ടില്ലൊരു മട്ടും;
പൊന്നുഷസ്സിങ്കൽ മറയും - ഒരു
സുന്ദരതാരകം നീയും!
കണ്ടകാകീർണമാം മാർഗം-എന്യേ
കണ്ടതു നീ ദിവ്യസ്വർഗം!...

കാണുന്നു നിന്നെ ഞാൻ മുന്നിൽ - പെറ്റു
വീണൊരക്കാഴ്ചയെൻ മുന്നിൽ.
ആയതന്നങ്കത്തിൽ വാണു - പിഞ്ചു-
വായും പിളർന്നു നീ കേണു.
കേഴുന്ന നിന്നെ നിനച്ചു - തോഷാൽ
ചൂഴവും നില്പോർ ചിരിച്ചു.
ഇന്നു നീ മന്ദഹസിപ്പൂ - ലോകം
നിന്നിതാ ബാഷ്പം പൊഴിപ്പൂ!....

[ 123 ]

ഓമനേ! നിൻ കവിൾത്തട്ടിൽ - നിന്റെ
താതനെ ഞാന കണ്ടിരുട്ടിൽ
തോരാത്ത കണ്ണീരൊഴുക്കി - നിന്നെ
താരാട്ടുപാടിയുറക്കി.
ദുർഭഗ ഞാനിപ്പോൾ പാടി - യന്ത്യ -
നിദ്രയ്ക്കീത്താരാട്ടുകൂടി!....

"https://ml.wikisource.org/w/index.php?title=ഒടുക്കത്തെ_താരാട്ട്&oldid=63072" എന്ന താളിൽനിന്ന് ശേഖരിച്ചത്