ഒരു നരിയെ കൊന്ന വെടി (ചെറുകഥ)

രചന:മൂർക്കോത്ത് കുമാരൻ (1919)
ഒരു നരിയെ കൊന്ന വെടി 1094 മകരം/1919 ജനുവരി ലക്കം ഭാഷാപോഷിണിയിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്

രഘു, വാസു, കിട്ടു ഈ മൂന്നു സഹോദരന്മാർക്കും ശിക്കാർ നായാട്ടു മുതലായ വിനോദങ്ങളിൽ ഉള്ള വാസനയും സാമർത്ഥ്യവും പാരമ്പര്യമാണ്. അവരുടെ മച്ചുനനും സ്യാലനും ആയ സുകുമാരനും ഈ വാസനാ സാമർത്ഥ്യങ്ങൾ അവകാശപ്പെട്ടിരുന്നു. ഈ നാലുപേരും കൂടി ഒരു ഞായറാഴ്ച നായാട്ടിനു പോകാൻ ഏർപ്പാടു ചെയ്തു. ശനിയാഴ്ച വൈകുന്നേരം അവർ സംഗതിവശാൽ എന്നെ കണ്ടുമുട്ടി. എന്നെയും നായാട്ടിനു ക്ഷണിച്ചു. നായാട്ടിനെപ്പറ്റി പറഞ്ഞുകേട്ടതല്ലാതെ, അതെങ്ങനെയാണെന്ന് എൻറെ ജീവിതകാലത്ത് ഞാൻ കണ്ടിരുന്നില്ല. അതൊന്ന് അനുഭവിച്ചറിയണമെന്ന് എൻറെ മനസ്സിൽ ഏറ്റവും ഗൂഢമായ ഒരു കോണിൽ ചെറിയ ഒരാഗ്രഹം കുടികൊണ്ടിരുന്നു എന്നുള്ളത് നേരാണ്. പക്ഷേ, നരി, പന്നി മുതലായ മൃഗങ്ങളെ നായാടുമ്പോൾ ഉണ്ടാകാറുള്ള അപകടങ്ങളെപ്പറ്റി ഞാൻ പലതു പറഞ്ഞു കേട്ടതിനാലും പറങ്ങോടൻ നായരുടെ തല ആ വക അപകടങ്ങളുടെ സ്വഭാവത്തെ വിളംബരപ്പെടുത്തുന്ന ഒരു മാതകയായി എൻറെ മനസ്സിൽ പതിഞ്ഞുകിടക്കുന്നതിനാലും, മേൽപ്പറഞ്ഞ ആഗ്രഹത്തെ അതു കിടന്നിരുന്ന കോണിൽ നിന്ന് അനക്കാതിരിക്കയാണ് മേലാലുള്ള സുഖജീവിതത്തിന് അനുകൂലമായ പ്രവർത്തിയെന്ന് ഞാൻ വിശ്വസിച്ചു കഴിയുകയായിരുന്നു. ഒരിക്കൽ ഒരു നരി കടിച്ചും മാന്തിയും ഉണ്ടായിരുന്ന മുറിവുകൾ പറ്റിയിരുന്ന പറങ്ങോടൻ നായരുടെ തല അശ്വനിദേവകൾ ഉണ്ടാക്കിയ കേശപോഷണ തൈലം തന്നെ ധാര ചെയ്താലും ഒരു രോമം പോലും പുതുതായി മുളയ്ക്കാൻ നിവൃത്തിയില്ല. ആ വിധം, കലകൾ നിറഞ്ഞ്, പർവ്വതങ്ങളെയും താഴ്വരകളെയും ഉയർത്തിയും താഴ്ത്തിയും കാണിക്കുന്ന ഭൂഗോളപടം പോലെ സ്ഥിതി ചെയ്യുന്നത് ഒരിക്കലെങ്കിലും കാണുവാൻ സംഗതി വന്നവരാരും നരിനായാട്ടിൽ ഭ്രമിക്കുവാനിടയില്ല. അതുകൊണ്ട് നായാട്ടിൻറെ അനുഭവം ഉണ്ടാകുവാൻ വേണ്ടി പക്ഷേ, ഒരു ജന്മം കൂടി ജനിക്കേണ്ടി വന്നാലും, മൂക്കു കടിക്കുന്ന വല്ല കരടിയുടെയും വായിൽ ചെന്നു ചാടുന്നത് അത്ര വളരെ സുഖകരമായി തോന്നുകയില്ലെന്ന് വിശ്വസിച്ച് ഞാൻ കള്ളി ആരോടും പറയാതെ അടങ്ങിയിരിക്കുകയായിരുന്നു.

അഥവാ, കഴിഞ്ഞ ഏതോ ജന്മത്തിൽ ഒരു പറങ്ങോടൻ നായരായിരുന്നതു കൊണ്ടാണ് ഈ മൃഗയാ വിരക്തിയുണ്ടായതെന്നും ഊഹിക്കാമല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും, സ്നേഹിതന്മാർ ക്ഷണിച്ചപ്പോൾ, നായാട്ടെന്നും വിനോദമെന്നും മാത്രമല്ലാതെ നരിയെന്നും, പന്നിയെന്നും അശേഷം ആലോചിക്കാതെ, ഞാൻ കൂടി വരാമെന്നു വളരെ ഉത്സാഹത്തോടും, സന്തോഷത്തോടും ഉറപ്പായി വാഗ്ദാനം ചെയ്തു.

എന്നാൽ ഇന്നു രാത്രി ഞങ്ങളുടെ വീട്ടിൽ ഉറങ്ങാം, കാലത്തു മൂന്നു മണിക്ക് എഴുന്നേറ്റു പോകേണ്ടതല്ലേയെന്ന്, രഘു പറഞ്ഞു. ഉടനെതന്നെ, ഊണും അവിടെയാകാം എന്ന് സുകു ക്ഷണിച്ചു. ഞാൻ രണ്ടിനും സമ്മതിച്ചു. ഞങ്ങൾ സമീപവാസികളാണ്. ഞാൻ ക്ഷണത്തിൽ പോയി വിവരം അറിയിച്ചു വന്നേക്കാമെന്നു പറഞ്ഞു വീട്ടിലേക്കു നടന്നു. അവിടെ എത്തി എൻറെ ഉദ്യമത്തെപ്പറ്റി ഭാര്യയോടു പറഞ്ഞശേഷം അവളുടെ മറുപടി കേട്ടപ്പോഴാണ്, പറങ്ങോടൻ നായരുടെ തല ഓർമ്മ വന്നത്.

അല്ല നായാട്ടിനോ? നിങ്ങളോ? നിങ്ങൾക്ക് അറിയോ നരിയേയും പന്നിയേയും വെടിവയ്ക്കാൻ? എന്നുള്ള ഭാര്യയുടെ ചോദ്യത്തിൽ അടങ്ങിയ രണ്ടു മൃഗങ്ങളുടെ പേരുകൾ കേട്ട ഉടനെ വയറ്റിൽ എന്തോ ഒരു തീജ്വാല ഉണ്ടായതുപോലെ ഒരനുഭവം ഉണ്ടായി. അതു തന്നെ നെഞ്ചിലും വ്യാപിച്ചു. എന്നിട്ടും ധൈര്യം വിട്ടില്ല. സ്ത്രീകളുടെ വാക്കു നിസ്സാരമാക്കുന്ന നിലയിൽ ഞാൻ ചിലതൊക്കെ പറഞ്ഞു. ഏതായാലും സുകുമാരൻ കൂടി ഉണ്ടെന്നു കേട്ടപ്പോൾ, വൈഷമ്യത്തിലൊന്നും കൊണ്ടുപോയി തലയിടാൻ സംഗതിയില്ലെന്ന് പത്നി സമ്മതിച്ചു.

ഞാൻ ക്ഷണത്തിൽ പുറപ്പെട്ട്, സ്നേഹിതന്മാരുടെ വീട്ടിലെത്തി. കൂട്ടർ ശീട്ടുകളി ആരംഭിച്ചിരിക്കുന്നു. ഞാനും ചേർന്നു. എന്നിൽ സാധാരണ കാണാറുള്ള ആഹ്ലാദത്തിൻറെ അഭാവം, സമർത്ഥനായ സുകുമാരൻറെ മനസ്സിനെ ക്ഷണത്തിൽ ആകർഷിച്ചു. നായാട്ടിൻറെ സ്വഭാവത്തെപ്പറ്റിയും തോക്കുകാർ, മരത്തിന്മേൽ 'പറ്റം' അല്ലെങ്കിൽ 'മച്ചാൻ' കെട്ടി ഇരിക്കുന്നതിനെക്കുറിച്ചും അവിടെ യാതൊരുവിധ അപകടത്തിനും സംഗതിയില്ലെന്നും ആപത്തു വരുന്നതു ചില വിഡ്ഢികൾ ദുർധൈര്യം കൊണ്ടു താഴത്തിറങ്ങി വന്യമൃഗങ്ങളുടെ നേരെ ചെല്ലുന്നതു നിമിത്തമാണെന്നും മറ്റും എന്നെ ധൈര്യപ്പെടുത്തുവാനാണെങ്കിലും ആ നാട്യമേ പുറത്തു കാണിക്കാതെ സുകുമാരൻ വിസ്തരിച്ചു പറഞ്ഞു തുടങ്ങി. അതിൻറെ ഉദ്ദേശ്യം ഞാൻ ക്ഷണത്തിൽ ധരിക്കയും, സ്നേഹിതനെ മനസ്സുകൊണ്ടു ബഹുമാനിക്കുകയും ചെയ്തുവെങ്കിലും അവയൊക്കെ ഞാൻ ധാരാളം അറിയുന്ന സംഗതികളാണെന്നു ഞാനും നടിക്കുകയും ഇടയ്ക്കിടെ അതിനെ ബലപ്പെടുത്തുന്ന ചില അഭിപ്രായങ്ങൾ ആലോചിച്ചു പുറപ്പെടുവിക്കയും ചെയ്തു. ഊണിന് അന്നു നല്ല സുഖമുണ്ടായില്ല. വിശപ്പില്ലാത്തതുകൊണ്ടല്ല; തൊണ്ടയിൽ നിന്ന് ഭക്ഷണം സുഗമമായി താഴോട്ടിറങ്ങായ്കകൊണ്ട്. നെഞ്ചിൽ എന്തോ ഒരു പിടിത്തം. ധാരാളം വെള്ളം കുടിച്ചു. ഉറക്കത്തിനും ഉണ്ടായില്ല സുഖം. കണ്ണു ചിമ്മിപ്പോയെങ്കിൽ പറങ്ങോടൻ നായരുടെ തല സ്വപ്നം കാണുകയായി.

എന്താണു വിദ്യ? രാവിലെയായാൽ വയറ്റിനു നല്ല സുഖം പോരെന്നു പറഞ്ഞ് ഒഴിഞ്ഞാലോ? അയ്യോ! അതു പറ്റുകയില്ല. ശേഷം മൂന്നു പേരും പക്ഷേ വിശ്വസിച്ചാലും സുകുമാരനു കാര്യം മനസ്സിലാകും. മറ്റാരോടും പറഞ്ഞില്ലെങ്കിലും അയാളുടെ മനസ്സിൽ ഞാനൊരു വെറും ഭീരുവാണെന്ന് ഉറപ്പിക്കും. അതുകൊണ്ട് വരുന്നതു വരട്ടെ, വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ? എൻറെ തലവിധി നരിയുടെ വായിൽ തലകൊണ്ടിടണം എന്നാണെങ്കിൽ ആർക്ക്, എങ്ങിനെ, അല്ലെന്നാക്കാൻ സാധിക്കും? മരിക്കുന്നതിലല്ല ഖേദം; തല പറങ്ങോടൻ നായരുടെ തല പോലെ ആയിത്തീർന്നുവെങ്കിൽ, പിന്നെ ജീവിച്ചിട്ടെന്താണ്? ഇങ്ങനെ പലതും ആലോചിച്ച്, മനസ്സിൽ വാദപ്രതിവാദങ്ങൾ നടത്തിയും തിരിഞ്ഞും മറിഞ്ഞും കിടന്നും, വളരെ നേരം കഴിഞ്ഞു. തലയ്ക്കുമീതെ വെച്ചിരുന്ന ഘടികാരം മണിക്കൂർ കഴിയുന്നതു കുറിക്കുവാൻ പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമല്ല, അതിൻറെ ടിക്, ടിക് ശബ്ദം പോലും എനിയ്ക്കു നല്ലവണ്ണം കേൾക്കാമായിരുന്നു. മനസ്സിലെ ഭയവും ഉറക്കത്തിൻറെ ശക്തിയും തമ്മിൽ ഇങ്ങനെ വളരെ നേരം ബലാബലങ്ങൾ പരീക്ഷിച്ച ശേഷം, ഒടുവിൽ ഉറക്കം ജയിച്ചു. ഞാൻ അൽപം ഉറങ്ങിപ്പോയി. അപ്പോഴയ്ക്കും കേട്ടു, ഘടികാരത്തിൻറെ 'എലാറം' കറ കറ എന്നു ശബ്ദിക്കുന്നു. അതുവരെ വളരെ മനസ്സമാധാനത്തോടുകൂടി ഗാഢനിദ്രയിലണഞ്ഞിരുന്ന എൻറെ ചങ്ങാതിമാർ ചാടിയെഴുന്നേറ്റ് എന്നെ വിളിച്ചു. സത്രജിത്തിനു സ്യമന്തകം മണി വീണ്ടും കൊണ്ടുവന്നു കൊടുത്ത ശ്രീഷ്ണഭഗവാനെ ഗാഢമായി സ്മരിച്ചുകൊണ്ട്, ഞാനും എഴുന്നേറ്റു.

ഭക്ഷണസാധനങ്ങളും തോക്കിൻറെ തിരകളും മറ്റും ഒരുക്കിവെച്ചിരുന്നവയെ ഒരു ഭൃത്യനെക്കൊണ്ടെടുപ്പിച്ച്, ഞങ്ങൾ ഓരോരുത്തർ ഓരോ ഇരട്ടക്കുഴൽത്തോക്കും താങ്ങി പുറപ്പെട്ടു. മുറ്റത്തിറങ്ങിയപ്പോൾ അകായിൽ നിന്നും സുകുമാരൻറെ ഭാര്യയാണെന്നു തോന്നുന്നു, ഇതാ കാട്ടുമുയലിനെ കിട്ടിയാൽ ഉടനെ ഇങ്ങോട്ടെത്തിക്കണേ, സാധിച്ചെങ്കിൽ ജീവനോടുകൂടി പിടിക്കുവാൻ നോക്കണം, എന്നു പറഞ്ഞു.

ആവൂ, എനിക്കു വലിയ ഒരു ആശ്വാസമായി. ഇക്കൂട്ടർ മുയലിനെ വെടിവെക്കാനാണു പോകുന്നത്. നരിയുടെയും പന്നിയുടെയും കഥയൊക്കെ എൻറെ വെറും ഊഹമായിരുന്നു എന്നു വിചാരിച്ച് ഞാൻ വലിയൊരു ദീർഘനിശ്വാസം കഴിച്ചു. ഈ ആശ്വാസം രണ്ടു മിനിട്ടു നേരം എൻറെ മനസ്സിൽ കുടികൊൾവാൻ വാസു അനുവദിച്ചില്ല. അയാൾ മെല്ലെ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ മുയലിനെ വെടിവെക്കുവാൻ പോകയാണെന്നാണ് സ്ത്രീകൾ വിചാരിച്ചിരിക്കുന്നത്. നരിയെ വെടിവെക്കുവാനാണെന്ന് അറിഞ്ഞിരുവെങ്കിൽ ഇവിടുന്നു പടിയിറങ്ങാൻ അമ്മ നമ്മളെ അനുവദിക്കില്ല.

ഹതവിധി! എനിക്കു പിന്നെയും ഒരു അസ്വാസ്ഥ്യം തുടങ്ങി. വഴിയിൽ സ്നേഹിതന്മാർ പല നേരമ്പോക്കുകളും പറയുന്നുണ്ട്. ഞാൻ യാതൊന്നും കേൾക്കുന്നില്ല. കേട്ടതൊന്നും മനസ്സിലാകുന്നില്ല. ചിരിച്ചെങ്കിൽത്തന്നെ വായല്ലാതെ, ഹൃദയം അതിൽ പങ്കു കൊള്ളുന്നില്ല.

സൂര്യൻ ഉദയഗിരിയിലെത്തി. ഞങ്ങൾ ഒരു കാട്ടിൻറെ സമീപത്തും എത്തി. അവിടെ ഞങ്ങളുടെ വരവും കാത്ത് രണ്ടു പോലീസ് കാൺസ്റ്റബിൾമാർ നിൽക്കുന്നുണ്ടായിരുന്നു. ഇൻസ്പെക്ടറെ കണ്ടയുടനെ അവർ, ശരീരത്തിലെ മാംസപേശികളെയൊക്കെ നേരെ നിർത്തി, സല്യൂട്ടു ചെയ്തു. അവരോട് വാസു, കാടു തെളിയിക്കുന്നവർ എത്തിയോ? എന്നു ചോദിച്ചു.

ഇതാ, അവരൊക്കെ തയ്യാർ എന്നു പറഞ്ഞു: അവരെ വിളിക്കുവാൻ വേണ്ടി കാൺസ്റ്റബിൾമാർ അൽപ്പം ദൂരത്തേക്കു നടന്നുപോയി. അതിനിടയ്ക്കു ഞങ്ങൾ അവിടെയിരുന്നു കുറെ കാപ്പിയും പലഹാരവും മറ്റും കഴിച്ചു. ചുരുക്കിപ്പറയാം. സൂര്യൻ നല്ലവണ്ണം പ്രകാശിച്ചു. ഞങ്ങൾ കാട്ടിൽ കയറി, ചെറിയൊരു തോട്ടിൻറെ വക്കിൽ എത്തിയപ്പോൾ അവിടെയാണ് ഒരു കടുവയുള്ളതെന്ന് ഒരാൾ പറഞ്ഞു. വലിയൊരു മരത്തിന്മേൽ കെട്ടിയുണ്ടാക്കിയ 'പറം' ചൂണ്ടിക്കാണിച്ച്, നിങ്ങൾ ഇതിന്മേൽ കയറി ഇരുന്നുകൊൾവിൻ, എന്നു വാസു എന്നോടു പറഞ്ഞു. ഒരു പശുവിനു കഷ്ടിച്ചു നടന്നുപോകുവാൻ മാത്രം വിസ്താരമുള്ള ഒരു വഴിയുടെ അടുക്കലാണ് ആ 'പറം'. അതിനു അൽപ്പം ദൂരത്തായി, മറ്റൊരു പറം ഉണ്ടായിരുന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അതിന്മേൽ ഞാനിരിക്കാം എന്നു സുകുമാരൻ പറഞ്ഞു. കിട്ടു എൻറെ അടുക്കൽ വന്നു പുറത്തു തട്ടിക്കൊണ്ട്, എന്താ പേടിയുണ്ടോ? ഒന്നും പേടിക്കുവാനില്ല സൂക്ഷിച്ച് ഇരുന്നു കൊൾവിൻ. വല്ല മൃഗത്തേയും നല്ല ലാക്കിൽ കണ്ടെങ്കിൽ മാത്രം വെടിവെച്ചാൽ മതി എന്ന് ഇംഗ്ലീഷിൽ പറഞ്ഞു വളരെ പ്രോത്സാഹജനകമായ വിധത്തിൽ മനോഹരമായി ഒന്നു മന്ദഹസിച്ചു. ഞാനും ഒരു പച്ചച്ചിരി ചിരിച്ചു. മൃഗത്തിനു വെടികൊണ്ടാലും ഇല്ലെങ്കിലും ഞങ്ങളൊക്കെ മടങ്ങി ഇവിടെയെത്തുന്നതുവരെ താഴത്തിറങ്ങരുത്, എന്നു രഘുവും പറഞ്ഞു.

അതു വലിയൊരു മരമായിരുന്നു. താഴത്തുനിന്നു രണ്ടുവാര ഉയരത്തിൽ അതിൻറെ വലിയൊരു കൊമ്പു വെട്ടിയെടുത്ത സ്ഥലം ചാണക്കല്ലുപോലെ പരന്നു മൃദുവായിരുന്നു. ഞാൻ ഒരു വിധത്തിൽ മരത്തിന്മേൽ കയറി. ഇരിക്കാൻ നല്ല സുഖമുള്ള 'പറം'. ഒരു പക്ഷേ ഉറങ്ങിപ്പോയെങ്കിൽ ഉരുണ്ടു താഴെ വീണുപോകാൻ സംഗിതിയില്ല. ഞാൻ അവിടെ കയറി ഇരിപ്പായി. തോക്കിൽ രണ്ടു തിരകൾ നിറച്ചു. കാലുകൾ നീട്ടി തോക്കിൻറെ കുഴലുകൾ കാലിൻറെ മദ്ധ്യത്തിലാക്കിപ്പിടിച്ചു. സുകുമാരൻ മറ്റേ പറത്തിന്മേലും കയറി ഇരുന്നു. ഞങ്ങൾക്കു തമ്മിൽ കാണാം. സുകു കുറെ അടയ്ക്കാക്കഷണം വായിൽ ഇട്ടു ചവച്ചും ഇറക്കിയും കൊണ്ട് യാതൊരു കൂസലും ഇല്ലാതെ അവിടെ ഇരിക്കുന്നതു കണ്ടപ്പോൾ, എനിക്ക് അസൂയ തോന്നി. കൂട്ടരൊക്കെ കാട്ടിലേക്കു കയറി. സ്നേഹിതന്മാരൊക്കെ ഓരോ പറത്തിന്മേൽ കയറി ഇരുന്നിരിക്കണം. വളരെ നേരത്തേക്കു യാതൊരു ശബ്ദവും ഇല്ല.

ഞാൻ പഠിച്ച ഈശ്വരസ്തുതികളും, സ്തോത്രങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു.

അതാ ഭയങ്കരമായ ഒരു ശബ്ദം! കൈകൊട്ടും ആർപ്പുവിളിയും, ടിന്നിനു മുട്ടുന്ന ശബ്ദവും കേട്ടു തുടങ്ങി. ഞാൻ സ്തോത്രം ചൊല്ലുന്നതും മുറുകിത്തുടങ്ങി. കുറെ നേരം കഴിഞ്ഞു പെട്ടെന്നു താഴോട്ടു നോക്കിയപ്പോൾ കണ്ട കാഴ്ച എന്തു പറയുന്നു! വലത്തുകയ്യും, ഇടത്തുകാലും അൽപ്പം മുമ്പോട്ടുവച്ച്, ആരാണീ ധിക്കാരികൾ, എന്നു ചോദ്യം ചോദിക്കുമ്പോഴുള്ള പ്രകൃതിയെ അഭിനയിക്കുന്ന നോട്ടങ്ങളോടുകൂടെ, വാലിൻറെ അഗ്രംമാത്രം ചലിപ്പിച്ചുകൊണ്ടു നിൽക്കുന്നു, ഒരു വ്യാഘ്രം. എൻറെ വയറ്റിൽ പൊക്കിളിൻറെ അടുക്കെയായി, പെട്ടെന്നൊരു വിദ്യുച്ഛക്തി പ്രകാശിച്ചപോലെ ഒരനുഭവമുണ്ടായി. പുറത്തു നടുവെല്ലിൽ കൂടെ ഒരു പുഴു ഇഴഞ്ഞു കയറുന്നുണ്ടെന്നു തോന്നി. വിവേകാനന്ദസ്വാമിയെ ഒരവസരത്തിൽ ശ്രീരാമകൃഷ്ണപരമഹംസൻ തൊട്ടപ്പോൾ, എല്ലാ വൃക്ഷങ്ങളും ഭവനങ്ങളും എന്നുവേണ്ടാ സർവചരാചരങ്ങളും കീഴ്മേൽ മറിഞ്ഞ് അന്തർദ്ധാനം ചെയ്ത്, രണ്ടാമതും പൂർവസ്ഥിതിയിൽ ആയതുപോലെ സ്വാമിക്ക് ഒരനുഭവമുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഏകദേശം അതുപോലെയുള്ള ഒരനുഭവം എനിക്ക് ഈ അവസരത്തിലുണ്ടായി. ഭക്തിക്കും ഭയത്തിനും തമ്മിലുള്ള സാമ്യം, ആ വാക്കുകളുടെ ആദ്യവർണ്ണങ്ങളിൽ മാത്രമല്ലെന്ന് എനിക്കുതോന്നി. എൻറെ പരിഭ്രമത്തിൽ നിന്നു ഞാൻ അൽപ്പം നിവൃത്തനായയുടനെ, സുകുമാരനെ ഒന്നു നോക്കി. അയാൾ തോക്കെടുത്തു സൂത്രം പിടിക്കുവാൻ ഭവിക്കയാണെന്നു കണ്ടയുടനെ എൻറെ തോക്കിൻറെ കാഞ്ചികൾ രണ്ടും ഞാനറിയാതെ എൻറെ വിരലുകൾ പോക്കി, തോക്കെടുത്തു സൂത്രം നോക്കാൻ കൈയ്യുടെ വിറയൽ അൽപ്പം ശമിക്കട്ടെ എന്നു വിചാരിച്ചു തീരുന്നതിനു മുൻപിൽ, കാഞ്ചികൾ വീണു. വെടി പൊട്ടി. ഞാൻ പിന്നോട്ടു ചാഞ്ഞു വീണു; തോക്കു കയ്യിൽനിന്നു താഴത്തും വീണു. അൽപ്പനേരം മൂർഛിച്ചുവോ എന്നൊരു ശങ്ക. അടുക്കരുത്, അടുക്കരുത് എന്നു സുകുമാരൻ വിളിച്ചു പറയുന്നതുകേട്ടു, ഞാൻ നിവർന്നിരുന്ന്, താഴോട്ടുനോക്കുവാൻ ഒരുവിധം ധൈര്യപ്പെട്ടു. നരി വെടികൊണ്ടു വീണുരുളുന്നു. എനിക്കുണ്ടായ ആശ്വാസവും സന്തോഷവും അഭിമാനവും ധീരതയും ഒന്നും പറവാനില്ല. അടുക്കരുത്, അടുക്കരുത് എന്ന് ഞാനും നിലവിളിച്ചു. അടുക്കാതിരിക്കാനുള്ള അവസരമൊക്കെ കഴിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം എൻറെ നിലവിളി കേട്ടപ്പോൾ സുകുമാരൻ പൊട്ടിച്ചിരിച്ചത്. നരി അനങ്ങാതെ കേവലം മൃതപ്രായനായി കിടക്കുന്നു. സുകുമാരൻ മരത്തിൽ നിന്ന് ഇറങ്ങാൻ ഭാവിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഞാൻ, ഇതാ ഇറങ്ങരുത്-രഘു പറഞ്ഞിട്ടില്ലേ? എന്നു നിലവിളിച്ചു പറഞ്ഞു. സുകുമാരൻ എന്നെ സന്തോഷിപ്പിക്കാനായിരിക്കും, അവിടെത്തന്നെ ഇരുന്നു. അതിൽ പിന്നെ ഉച്ചത്തിൽ, നരിയാണ്, ചത്തിരിക്കുന്നു, അടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. മൂന്നുനാലു മിനിട്ടു കഴിഞ്ഞു. കാടുതെളിക്കാൻ ഏർപ്പെട്ടിരുന്ന ചിലർ ചാടിയെത്തി. അതിലൊരു ധിക്കാരി ഇതാരുടേതാണ് തോക്കു താഴത്ത്? എന്നു ചോദിച്ചു. ഞാൻ ഇതിനു മറുപടി പറായാതെ മിഴിച്ചുനിൽക്കുന്നതു കണ്ടപ്പോൾ അതു മരത്തിന്മേൽനിന്ന് ഇറങ്ങാൻ സാധിക്കാത്തതിനാൽ അയാൾ താഴത്തേക്കിട്ടതാണ് - എന്നു സുകുമാരൻ പറഞ്ഞു. ഞാനും സുകുവും താഴത്തിറങ്ങി. ഉടനെ സ്നേഹിതന്മാർ മൂന്നുപേരും ചാടിയെത്തി. എന്നെ എല്ലാവരും അഭിനന്ദിച്ചു.

നരിക്ക് വെടി എവിടെയാണെന്നു നോക്കിയപ്പോളഅ‍ വലത്തു ചെവിയുടെ താഴത്താണെന്നു കണ്ടു. എൻറെ 'പറം' നരിയുടെ ഇടത്തുഭാഗത്താണല്ലോ എന്നു ഞാൻ ഉടനെ ഓർമ്മിച്ചു. ഞാൻ സുകുമാരൻറെ മുഖത്തു ഗൂഢമായൊന്നു നോക്കി.

                            പല നിലയിലും പല പ്രകാരവും
                            പല നാളും കാത്ത.....

സുകുമാരൻ ഉടനെ, കാട്ടിൽനിന്നിറങ്ങിവന്ന്, ഈ നരി രണ്ടാമതു മടങ്ങാനാണ് ഭാവിച്ചത്, അപ്പോഴാണ് ഇയാളുടെ വെടി എന്നു പറഞ്ഞ്, എന്നെ ഒന്നു കടാക്ഷിച്ചു. നരിയെ കെട്ടിയെടുത്ത് എല്ലാവരും പുറപ്പെടുമ്പോൾ ഞാൻ കയറിയിരുന്ന മരത്തിനിടയിൽ ചാണക്കല്ലുപോലെ ഉണ്ടായിരുന്നതായി പറഞ്ഞ സ്ഥലം, സുകുമാരൻ എന്നെ സ്വാകാര്യം ചൂണ്ടിക്കാണിച്ചുതന്നു. അവിടെ രണ്ട് ഉണ്ടകൾ തറച്ച ദ്വാരങ്ങൾ നല്ലവണ്ണം കാണാമായിരുന്നു. നരി ചത്തത് സുകുമാരൻറെ വെടിക്കായിരുന്നുവെന്ന് ഇനി പറയേണ്ടതില്ലല്ലോ. പക്ഷേ ഞാൻ ഇന്നും വലിയ നരിനായാട്ടുകാരനായിട്ടാണ് അറിയപ്പെടുന്നത്.

"https://ml.wikisource.org/w/index.php?title=ഒരു_നരിയെ_കൊന്ന_വെടി&oldid=205250" എന്ന താളിൽനിന്ന് ശേഖരിച്ചത്