ലീലാങ്കണം/ഒരു ശരന്നിശ

(ഒരു ശരന്നിശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(അന്നനട)

പകലവനുടെ വിലയം കണ്ടുകൊ-
ണ്ടകമലർ വിരിഞ്ഞണഞ്ഞ യാമിനി,
പുളകിതാംഗിയായ്പ്പുതുമലരൊളി
വളർമന്ദസ്മിതം പൊഴിച്ചു നില്ക്കുന്നു!
ശരദിന്ദു തൂകും കിരണമാലകൾ
വരാഭയാർന്നിടും രജതധൂസരം
ഇടയ്ക്കിടയ്ക്കിട്ടു വിളക്കുന്നൂ പച്ച-
ച്ചെടിപ്പടർപ്പിലെത്തളിർക്കുലകളെ!
മരിച്ചുപോയൊരാപ്പകലിനെപ്പറ്റി-
ത്തിരക്കിയെന്തോ തെല്ലറിഞ്ഞ മാരുതൻ,
തരുക്കൾതന്നുടെ ഗളങ്ങളിൽ തൂങ്ങി-
ക്കരഞ്ഞുകൊണ്ടെന്തോ പുലമ്പിപ്പോകുന്നു!

നിശീഥമാം കരിങ്കുയിൽ വിടുർത്തിയ
സുശോഭനമായ ചിറകുകളിലെ
മനം മയക്കുമാറതിമനോജ്ഞമാ-
യനേകമാർന്നെഴും കനകപ്പുള്ളിപോൽ-
പ്രകൃതിദേവിതൻ ഗളത്തിൽ ചാർത്തിനോ-
രകൃതകരമ്യമലർമാല്യങ്ങൾപോൽ-
ഗഗനമാം നീലക്കടലാസ്സിലെന്നോ
ജഗദീശൻചേർത്ത ലിപികളെന്നപോൽ-
നടനംചെയ്തിടും ശരന്നിശയുടെ
നിടിലത്തിൽക്കാണും ഹിമോദകാംശംപോൽ-
വിയല്ലതികയിൽ വിളങ്ങിക്കാണായി
വിരിമലരുകൾ-വിലസൽത്താരകൾ
ചലൽത്തിരകളാൽ പുളകംചാർത്തിടും
ജലനിധി വിതുമ്പിടും നുരച്ചുണ്ടിൽ,
നിശാധിപൻ നിജകരങ്ങളാലൊരു
പ്രശാന്തലാവണ്യരസായനം തൂകി,
അതിൻകരയിൽനിന്നുറങ്ങിടും, ശൈല-
തതികൾതന്നുടെ തലകൾതന്നിലും,
അതിലണയുന്ന നദികളിലുള്ള
പുതുമണൽത്തിട്ടിൻനികരങ്ങളിലും,
കുടപ്പനകളൊട്ടുയർത്തിയ പച്ച-
ക്കുടകൾതന്നുടെ മുകൾപ്പരപ്പിലും,
വിലസൽപ്പച്ചപ്പുൽത്തൊടിയണിഞ്ഞോരു
മലഞ്ചെരുവിന്റെ വിരിമാറിങ്കലും,
തുഷാരലേപനം തുടരുന്നൂ മന്ദം
സുഷമയാർന്നിടും സുധാകരൻ-വരൻ!

ഇതുവിധമൊരു ശരന്നിശയാണെൻ
മതിയിൽ മായാത്ത മനോഹരചിത്രം!. . .
അതു നിനച്ചിനിക്കരയുന്നില്ല ഞാൻ
ഹതവിധിയുടെ ദുരന്തചേഷ്ടിതം!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/ഒരു_ശരന്നിശ&oldid=23167" എന്ന താളിൽനിന്ന് ശേഖരിച്ചത്