ഗായകൻ

ആ മണിവീണയിലാരുമറിയാതൊ-
രാനന്ദഗാനമടർന്നു വീണൂ.
വിശ്രാന്തി വീശിയതിൻമൃദുവീചികൾ
വിശ്വം മുഴുവനും വ്യാപരിച്ചു.
നശ്വരജീവിതം പൊക്കിയെടുത്തതു
ശശ്വൽപ്രകാശത്തിൽ വിന്യസിച്ചു.
നക്ഷത്രകോടീരം ചൂടിച്ചതിനെയൊ-
രക്ഷയഭാസ്സിലലങ്കരിച്ചു.

സ്വർഗ്ഗവും ഭൂമിയും കൈകോർത്തുനിൽക്കുമ-
ച്ചക്രവാളത്തിൻ ചവിട്ടുകല്ലിൽ,
രാവും പകലും പുണർന്നിരുമാർഗ്ഗമായ്-
പ്പോവുമക്കാലത്തിൻ പൂവനത്തിൽ,
പ്രേമനികുഞ്ജത്തിൽ, വെച്ചതു ജീവനെ-
യോമനിച്ചോമനിച്ചുമ്മവെച്ചു.
കണ്ണുമടച്ചതിൻകാൽക്കലൊരായിരം
കർമ്മാങ്കുരങ്ങളൊതുങ്ങിനിന്നു
കോമളമാമതിൻവെള്ളിവെളിച്ചത്തിൽ
വ്യാമോഹരേഖകൾ മങ്ങിമാഞ്ഞു.
എന്തെല്ലാമിമ്മട്ടിലായിട്ടെ, ന്തെന്നിട്ടും
സംതൃപ്തനായീലപ്പാട്ടുകാരൻ!
കാണാമവന്റെ വിളർത്ത മുഖത്തൊരു
നീണാളായ് നീങ്ങാത്ത നീലമേഘം.
പ്രാണനിലേയ്ക്കു ചുഴിഞ്ഞൊന്നു നോക്കിയാൽ
ക്കാണാം വ്രണങ്ങൾ പരശ്ശതങ്ങൾ
നിത്യമിബ്രഹ്മാണ്ഡം മുങ്ങീ, യവൻ പയ്ത
നിശ്ശബ്ദസംഗീതനിർത്സരിയിൽ.
എന്നാ, ലവനോ, വിദൂരയെങ്ങോ നിൽക്കു-
മൊന്നിനെത്തേടുകയായിരുന്നു.
നൊന്തുകരയുമവനിലജ്ഞാതമാ-
മെന്തോ, ചിറകിട്ടടിച്ചിരുന്നു.
ഏതോവിരഹം കടിച്ചവനെപ്പൊഴും
ചേതന ചോരയൊലിച്ചിരുന്നു.
ആ മഹാസിദ്ധി, യാ വിസ്മയ, മാസ്സുഖ-
മാ മഞ്ജുസംഗീത, മാ വെളിച്ചം,
ആഗമിയ്ക്കായ്കി, ലവനു മറ്റായിര-
മാനന്ദലബ്ധികൊണ്ടെന്തു കാര്യം?
åå *åå *åå *

പണ്ടത്തെപ്പാഴറ്റ പട്ടാംബരങ്ങളും,
പണ്ടത്തെ രത്നവിഭൂഷകളും,
ഓരോന്നഴിച്ചഴിച്ചെല്ലാമെടുത്തവൻ
ദൂരെയ്ക്കിരുളിൽ വ;ലിച്ചെറിഞ്ഞു.
നിസ്സംശയമവനായവയൊക്കെയും
ദുസ്സഹഭാരങ്ങളായിരുന്നു.
ഇന്നവൻ ജീർണ്ണവസനനായ് ച്ചുറ്റുന്നു
കണ്ണീരുമായി, നിൻവീഥിതോറും!
ആ മണിവീണയിലില്ലൊരു നേരിയ
കാമദസംഗീതവീചിപോലും
പൊട്ടിത്തകർന്നതാണിന്നതിൻ തന്ത്രികൾ
നിഷ്ഠൂരലോകത്തിൻ മർദ്ദനത്താൽ
ലൌകികമോഹങ്ങൾ മുന്നിൽത്തടകയാൽ
വൈകിയവനിങ്ങു വന്നുചേരാൻ.
ഏകാന്തരാത്രിയിൽക്കൂരിരുട്ടത്തവ-
നേകനായ് ചുറ്റുന്നു നിൻതെരുവിൽ.
എങ്കിലു, മിന്നെത്ര സംതൃപ്തനാണെന്നോ
സങ്കൽപലോലനാപ്പാട്ടുകാരൻ!
ചുട്ട കണ്ണീരാൽ നിറഞ്ഞു കഴിഞ്ഞുപോയ്
കഷ്ട, മവനുടെ ഭിക്ഷാപാത്രം!
കാണുന്നീലാ മുഖത്തെന്നാ, ലതൃപ്തിതൻ-
കാർമുകിൽ രേഖകളൊന്നുപോലും.
നീന്തിക്കളിക്കുകയാണാ മുഖത്തിന്നൊരു
ശാന്തിതൻ നേരിയ പുഞ്ചിരികൾ.
മുട്ടിവിളിയ്ക്കുന്നു പിന്നെയും വന്നവൻ
കൊട്ടിയടച്ച നിൻവാതിലിന്മേൽ.
ഭീകരരാത്രിയാണെങ്ങുമിരുട്ടുമാ-
ണേകാകിയാണവനെന്തു ചെയ്യും?
അയേ്യാ, വെളിച്ചമേ, നീ, യവനായൊന്നു
പയെ്യത്തുറക്കുകാ വാതിൽ വീണ്ടും!

åå *åå *åå *

വാടിയിലായിരം പൂക്കളിലൂടവൻ
വാടാത്തൊരൊന്നിൻ സുഗന്ധമേറ്റു
ഒറ്റ മലരിലൊരിയ്ക്കലും വറ്റാതെ
മുറ്റിത്തുളുമ്പും മരന്ദഗന്ധം.
തെറ്റിത്തെറിച്ചവൻ കണ്ടിതങ്ങീ ലോക-
മൊട്ടുക്കുള്ളായിരം പുവുകളിൽ!
സ്വർഗ്ഗീയരശ്മികൾ കിക്കിളിയാക്കുന്നൊ-
രക്കൽപമഞ്ജരിയുമ്മവെയ്ക്കാൻ,
കഷ്ടമഗ്ഗായകചിത്രപതംഗക-
മെത്ര തവണ കുതിച്ചു നോക്കി!
എന്നിട്ടുമെന്തതിൻ നിശ്ശബ്ദമോഹങ്ങ-
ളൊന്നൊന്നായൊക്കെക്കരിഞ്ഞുപോയി!

മൃൺമയപഞ്ജരം വിട്ടു വിശുദ്ധമാം
വിൺമലർത്തോപ്പിൻ വിശാലതയിൽ,
ചേലിലതൊന്നിനിപ്പാറിപ്പറക്കട്ടെ
മൂളിപ്പാട്ടോരോന്നു മൂളിമൂളി.
അപ്രേമഗായകൻ പാടുന്നതൊക്കെയും
ചിൽപ്രഭേ, നിന്റെ മഹിമയല്ലേ?
സമ്മതമായില്ല മൺകട്ടകൾകതു
നിൻമുഖത്താനന്ദം വീശിയിട്ടും.
നിന്നെക്കുറിച്ചുള്ളതാകയാലൂഴിയി-
ലൊന്നോടഗ്ഗാനങ്ങൾ പാവനങ്ങൾ
സാദരമപ്രേമഗായകനായിനി
വാതിൽ തുറക്കൂ, വെളിച്ചമേ നീ!
                        23-10-1111

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ഗായകൻ&oldid=36678" എന്ന താളിൽനിന്ന് ശേഖരിച്ചത്