കളങ്കാനന്ദത്താ-
ലിത്ര നാളെന്നാത്മാവി
ലമലേ, പേർത്തും പേർത്തും
പുളകം പൂശിച്ചു നീ!

എങ്ങനെ മറക്കും ഞാൻ
പ്രാണനാളത്തോടൊട്ടി-
ത്തങ്ങിനിന്നീടും നിത്യ-
മംഗളാസ്പദേ, നിന്നെ?

ദിവ്യാത്മബന്ധം ലോകം
മറ്റൊന്നായ് വ്യാഖ്യാനിയ്ക്കാം
ദൈവത്തിൻ മുന്നിൽ, പക്ഷേ
തെറ്റുകാരല്ലല്ലോ നാം!

അതിനാലധീരമ-
ല്ലെൻമനമൊട്ടും ലോക-
ഗതികണ്ടിടയ്ക്കിട-
യ്ക്കല്ലലിലടിഞ്ഞാലും.

ഭൂവിൽ ഞാൻ നിന്നെക്കണ്ടു-
മുട്ടിടാതിരുന്നെങ്കിൽ-
ജ്ജീവിതസൌന്ദര്യം ഞാ-
നറിയാതിരുന്നേനേ!

നിസ്വാർത്ഥസ്നേഹാമൃത-
മാധുര്യം, നീയാണാദ്യം
നിസ്വനാമെന്നെ സ്വദി-
പ്പിച്ചതി പ്രപഞ്ചത്തിൽ.

നിന്നിലൂടീക്ഷിപ്പൂ ഞാൻ
സ്ത്രീത്വത്തിൻ മാഹാത്മ്യത്തെ
നിന്നിലൂടാരാധിപ്പൂ
ശക്തിയെസ്സഹർഷം ഞാൻ!

സന്തതം നവരക്ത-
പുഷ്പസഞ്ചയമെന്റെ
സങ്കൽപം, നിൻതൃക്കാൽക്ക-
ലർച്ചിച്ചുനിൽപൂ, ദേവി! ...
                        14-8-1119
       3

നനീലിമയെപ്പുണർന്നടു-
ത്തണയും കോകിലകൂജനങ്ങളേ,
പ്രണയാകുല ഞാ, നശേഷമി-
ന്നനുമോദിക്കുകയില്ല നിങ്ങളെ!
വികസിച്ചു വിലാസസുസ്മിതം
വിതറീടും നവകോരകങ്ങളേ,
വിരഹാകുല ഞാൻ, ക്ഷമിക്കുവിൻ
വിഗണിച്ചീടുകിലിന്നു നിങ്ങളെ!
അനുഭൂതികൾ വീശി നിന്നൊര-
ക്കനകപ്പൂങ്കതിരസ്തമിച്ചിതോ?
ഇനിവീണ്ടുമുദിയ്ക്കയില്ലയോ
തനിയേ നീ തളിരിട്ട ഭാഗ്യമേ?
                        22-10-1118

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ഗൃഹലക്ഷ്മി&oldid=36116" എന്ന താളിൽനിന്ന് ശേഖരിച്ചത്