പ്പുഴവക്കിലെപ്പൂങ്കാവിലായിര-
മപ്സരകന്യമാരെത്തി.
നീരാളസാരിയൊരൽപമുലഞ്ഞതിൽ
നീരസം ഭാവിച്ചൊരുത്തി.
നെറ്റിയിൽക്കുങ്കുമപ്പൊട്ടിട്ടതന്നത്ര
പറ്റിയിട്ടില്ലെന്നൊരുത്തി.
നേരെപകുത്തിട്ടു കെട്ടിയ കാർകുഴൽ
നേരെയായില്ലെന്നൊരുത്തി.
മാറണിപ്പൊൻമണിമാലകൾ പോരാത്ത
മാലിയന്നോളായൊരുത്തി.
വാർമുടിക്കെട്ടിലെ വാസന്തപ്പൂമാല
വാടിയതായ് മറ്റൊരുത്തി.
മഞ്ജിരകങ്ങൾ കിലുക്കിനോക്കി, സ്സുഖ-
ശിഞ്ജിതം പോരാഞ്ഞൊരുത്തി.
തങ്കത്തരിവളച്ചാർത്തുകളില്ലാത്ത
സങ്കടമായ്പ്പിന്നൊരുത്തി.
എന്തിനുവിസ്താര, മായതന്നെന്തൊരു
സൌന്ദര്യമത്സരരംഗം!
മത്സരം, സൌന്ദര്യമത്സരം, സൌഭാഗ്യ-
മത്സരം-മത്സരം മാത്രം!

   * * *

പ്രേമോത്സവങ്ങൾക്കു മെന്മയേറീടുന്ന
കാമദഹേമന്തകാലം.
ചന്ദനശീതള ചന്ദ്രികാ ചർച്ചിത-
സുന്ദരയാമിനീകാലം.
ആടിക്കുഴഞ്ഞു വന്നോളങ്ങളോരോന്നു
പാടും യമുനതൻകൂലം
ചുറ്റുമുന്മാദസൌരഭം മേൽക്കുമേൽ
മുറ്റിനിൽക്കും സുമജാലം.
ഊൽക്കടപ്രേമപ്രകടനകേളികൾ
ക്കൊക്കെയുമെന്തനുകൂലം!
നിർവ്യാജരാഗമേ, നിന്നിലലിയുകിൽ
നിർവൃതിയാണനുവേലം!

മോദതരളിതരാമവർക്കൊന്നുപോൽ
സ്വേദജലാങ്കിതം ഫാലം
ചെമ്പനീർപ്പൂക്കൾ വിടർന്നുനിന്നങ്ങനെ
വെമ്പിത്തുടുത്ത കപോലം
മിന്നൽപ്പിണരുകൾ വട്ടമിട്ടങ്ങനെ
മിന്നുന്ന പൊന്നാലവാലം,
സദ്രസം സഞ്ജാതമായിതത്തന്വികൾ
നർത്തനം ചെയ്യുകമൂലം!

ആലവാലത്തിൻ നടുവിലൊരു ബാല-
നീലകദംബം ലസിപ്പൂ-
പ്പിലിത്തിരുമുടിച്ചാർത്തും നവവന-
മാലാകലാപവും ചാർത്തി,
ലോലമുരളീരവം പെയ്തുപെയ്തൊരു
നീലകദംബം ലസിപ്പൂ!

   * * *

സ്വപ്നം, വെറും സ്വപ്ന, മെന്മുന്നിൽ ഞാൻകണ്ട
സ്വർഗ്ഗമെങ്ങയ്യോ, പറന്നൂ? ...
                        14-11-1113
       14

നീറുന്നു മന്മനം-മന്ദഹസിപ്പൂ, ഹാ,
നീലാംബരത്തിലെത്താരാകുമാരികൾ
സുന്ദരം വിശ്വം-തുളുമ്പുന്നു ചുറ്റിലും
ചന്ദ്രിക, മർമ്മരം പെയ്യുന്നു മാരുതൻ.
ഉദ്രസം കൈകോർത്തു പൂനിലാവിത്സ്വപ്ന-
നൃത്തം നടത്തുന്നു നീലനിഴലുകൾ.
ചൂഴെത്തുളുമ്പുന്നു വീർപ്പിടും വായുവി-
ലേഴിലമ്പാലതൻ നേർത്ത പരിമളം.
സുന്ദരംവ്വിശ്വം-മഥിതമെൻ മാനസം
സ്പന്ദിപ്പൂതീവ്രം, മ്ഴിനീർ തുടപ്പു ഞാൻ!

ആരാലണഞ്ഞെന്റെ മുന്നിൽ നിന്നീടുവോ-
ളാരു ണി, യാരു നീ, യാകാരമോഹിനി?
പച്ചത്തളിർപ്പട്ടണി, ഞ്ഞിളം പുഞ്ചിരി-
പ്പിച്ചകപ്പൂക്കളുതിർത്തുകൊണ്ടങ്ങനെ,
സോമാംശൂധാരയിലൂടാ വിയത്തിൽ നി-
ന്നാമന്ദമൂർന്നൂർന്നിറങ്ങിവന്നെത്തി നീ!
തത്തുന്നു, ഹാ, നിൻമുഖത്തിനുചുറ്റു, മൊ-
രുൽഫുല്ലദീപ്തപരിവേഷമണ്ഡലം!
ആരു നീ, യാരു നീ, യത്ഭുതരൂപിണി?
ആരുനീ, യാരുനീ, യാനന്ദദായിനി?
                        16-9-1119

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/നർത്തകികൾ&oldid=36124" എന്ന താളിൽനിന്ന് ശേഖരിച്ചത്