രുതരുതെന്നു വിലക്കിയിട്ടു-
മനുസരിച്ചീടാത്ത വിഭ്രമമേ,
അകലെപ്പോ വേഗം, ഞാ, നല്ലയെങ്കി-
ലടിമയാക്കീടും പിടിച്ചു നിന്നെ!
മതി, മതി, മായികമന്ദഹാസം
മലിനതേ, നിൻമുഖത്താരു നോക്കും?

അഴലിൻ മുകിലിനാൽ ബ്ഭവാനത-
ന്നമലാന്തരീമിരുണ്ടുകൂടി,
മധുരസങ്കൽപങ്ങളാകമാനം
മരവിച്ചൊതുങ്ങി ദ്രവിച്ചുപോയി.
അകലെ, നിരാശതൻ മൂടൽമഞ്ഞി-
ലനുപമസ്വപ്നങ്ങൾ മാഞ്ഞൊടുങ്ങി!

അഴകിൻമൃദുമൌനവേണുഗാനം
തഴുകിത്തളർന്നതാം സാന്ധ്യമേഘം,
ചൊരിയുന്നു മൂകമാ, യാർത്തണയു-
മിരുളിനുവേണ്ടിത്തൻജീവരക്തം!
ശിവനേയിതെന്തൊരു ശോചനീയം
ഭുവനമിതയ്യോ, വികാരശൂന്യം!

അനുനയമർമ്മരം വഞ്ചനത-
ന്നസുഖാട്ടഹാസമായ് മാറിയാലും,
കപടാനുതാപത്തിൻ കാര്യലാഭം
കനകപതാക പരത്തിയാലും;

കരയുവാൻ കണ്ണിനു കണ്ണുനീരും,
കരളി, നെരിയുവാൻ ചിന്തകളും,
സുലഭമായ് ലോകം തരുന്ന കാലം
പ്രണയത്തിനില്ലൊരധ:പതനം!
സ്വയമതിൽസ്സാന്ത്വനം സഞ്ജനിയ്ക്കും
സ്വയമതിൽസ്സംഗീതം സഞ്ചരിയ്ക്കും!

കരയാതിരിയ്ക്കാമൊരാൾക്കു, പക്ഷേ
കരളിനു കാഠിന്യമേറെ വേണം!
കരുണതൻ വാതിലടച്ചിരുന്നാൽ
കഴിയും ചിരിയ്ക്കാൻ മരിയ്ക്കുവോളം!
ശരി;-യെന്നാ, ലാതങ്കവജ്രപാതം
മുറിവുകളെത്രമേലേകിയാലും;
മൃദുലവിമലഹൃദയേ, നിൻ-
വദനത്തിൻ സൌന്ദര്യം വിശ്രമിപ്പൂ!
മിഴിനീരിലൂടേ ചരിച്ച ജീവ-
നഴകിലാറാടിതായിരിയ്ക്കും!

അകലെപ്പോ മോഹമേ വേഗ, മിന്നെൻ-
ഹൃദയത്തിനാവശ്യമില്ല നിന്നെ.
അറിയാമതിനു നിൻകൂട്ടുകൂടാ-
തമൃതസ്സരസ്സിലേയ്ക്കുള്ള മാർഗ്ഗം!
ഇടയിൽ പ്രതിബന്ധമേശിയാലു-
മൊടുവിലതങ്ങു ചെന്നെത്തിക്കൊള്ളും!-
അതുലസായൂജ്യതരംഗകങ്ങൾ-
ക്കതിഥിയായ് നീന്തിക്കുളിച്ചുകൊള്ളും!

മുഖപടം മാറ്റിയാ നിത്യസത്യ-
മുലകാകെ വീശും നവപ്രകാശം,
കപടാന്ധകാരം തുടച്ചു നീക്കി-
ക്കമനീയശാന്തി തളിയ്ക്കുവോളം
എരിയുകെൻ ചിത്തമേ, മേൽക്കുമേലേ!
ചൊരിയുകശ്രുക്കളെൻ കണ്ണുകളേ! ...
                                           13-8-1110
       10

ലഘുഭാഗ്യസരിത്തിലെക്കൊച്ചുകൊ-
ച്ചലകളിൽ സ്വയം നീന്തിക്കളിച്ച നീ,
അതിരെഴാത്തൊരിപ്പാഴ്മണൽക്കാട്ടിൽ വ-
ന്നലയുവാനിന്നിടയായതെങ്ങനെ?
അമൃതവീചികേ, നീ ഞൊടിയ്ക്കുള്ളി, ലൊ-
രസിതധൂമികയായതാണത്ഭുതം!

അവമതിയുടെ മൂടുപടവുമി-
ട്ടവഗണിതയായ്പ്പോകുന്നതെങ്ങു നീ?
അനുമതികാത്തടിമകളായി, നീ-
ന്നരികിലന്നൊക്കെ നിന്നവരെങ്ങുപോയ്?
അനുപമോജ്ജ്വലമാം നിൻമ്ഴിയി, ലീ-
യനുശയാശ്രുവിൻഹേതുവെന്തോമലേ?
                        24-7-1110

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/പ്രലോഭനങ്ങൾ&oldid=36121" എന്ന താളിൽനിന്ന് ശേഖരിച്ചത്