കലാകേളി/ഒടുവിൽ
< കലാകേളി
വിരസത കലരുമിപ്പരിഭവം മൂലം
വെറുതെ നീ, യെന്തിനെൻ പരിസരം മൂടി?
തുടുതുടെക്കുതുകങ്ങൾ തളിരിട്ടിന്നോള-
മിടവിടാതതിലെത്ര കതിരുതിർന്നാടി?
ഇനിയില്ല, തുനിയില്ലക്കമനീയകാലം
കനകപ്പൂഞ്ചിറകടിച്ചരികിൽ വന്നെത്താൻ!
മണിയോടക്കുഴലൂതിക്കരപുടം കോർത്താ-
പ്രണയപ്പൂവനികയിൽ വിഹരിച്ച നമ്മൾ-
ഉടൽ രണ്ടായ് പിരികിലും ഹൃദയമൊന്നായി-
ട്ടിടമില്ലാതിതുവരെ മരുവിയ നമ്മൾ
അവിരളസുഖമയസുരഭിലസ്വർഗ്ഗ-
മവനിയിലണച്ചമർന്നരുളിയ നമ്മൾ-
ഒടുവിലീ മിഴിനീരും നെടുവീർപ്പുമായി-
ട്ടിടയായതിതുവിധം പിരിയാനോ തോഴീ?