തൊഴിലിൻ മണിക്ഷേത്രമണ്ഡപത്തിൽ
തൊഴുകൈയിൽ താമരമൊട്ടുമേന്തി
നിരുപമോൽക്കർഷങ്ങൾകൊണ്ടു നിത്യം
നിറപറ വെച്ചു നീ ലാലസിപ്പൂ!
വിവിധപ്രയത്നങ്ങൾ കൺകവർന്നു
വികസിച്ചു നിൽക്കുന്നു നിന്റെ മുൻപിൽ.
വിഭവസമൃദ്ധമാം ജീവിതത്തിൽ
വിളവെടുപ്പിന്നു നീ വിത്തുപാകി!
തവ മൃദുലാംഗുലിസ്പർശനത്തിൽ
തളിർ വിടുർന്നാടിയുത്തേജനങ്ങൾ,
അവയുടെ പച്ചത്തണലുകളി-
ലവശവിലാപങ്ങൾ വീണുറങ്ങി.
അവചുറ്റും വീശിയ സൌരഭത്തി-
ലവകാശവാദം മിഴിതുറന്നു.
ഉണർവ്വിന്റെ ചിഹ്നമേ, നിന്റെ മുൻപിൽ
പ്രണമിച്ചിടാത്തതാരീയുലകിൽ?

സതതം നിൻ നെറ്റിത്തടത്തിൽനിന്നു-
മുതിരുമസ്വേദകണികകളിൽ
നിഴലിച്ചുകാണ്മൂ നാളത്തെ ലോകം!
നിവസിച്ചിടേണ്ടൊരാദർശലോകം!
ഉഴറിടേ 'ണ്ടിന്നേ' നിന്നാശകളു-
മഴകേലും സ്വപ്നപ്രതീക്ഷകളും.
പരിവർത്തനത്തിന്റെ 'നാളെ' യെത്തി-
പ്പരമാർത്ഥതകളായ് തീർത്തുകൊള്ളും!
ഒരു കൊടുങ്കാറ്റാഞ്ഞടിച്ചുപോയാൽ
തരിമണൽക്കോട്ടകൾ വീണടിയും;
പരമപ്രതാപം നടിച്ചുനിൽക്കും
കരിയിലയൊക്കെക്കൊഴിഞ്ഞുവീഴും!

സ്ഥിതിഗതി സൂക്ഷ്മമായുറ്റുനോക്കാ-
നിതുവരെനിന്നു നീ മൂടൽമഞ്ഞിൽ.
അഭിനവോത്ഥാനത്തിൻ പൊൻപ്രഭയി-
ലഭിനയരംഗം തെളിഞ്ഞതിപ്പോൾ!
കവിതതൻ ചില്ലിൽ തെളിഞ്ഞുകാണും
കമനീയലോകമല്ലീയുലകം.
കലഹസങ്കേതമിതിലിറങ്ങാൻ
കവചം ശരിക്കണിഞ്ഞിട്ടു വേണം!

തവ തീവ്രയത്നസുദർശനത്തിൻ
തരളദ്യുതിതൻ നവോദയത്തിൽ
ക്ഷിതിയിലാലസ്യതിമിരമൊട്ടു-
ക്കതിവേഗമോടിയൊളിച്ചിടട്ടേ!
ഉണർവ്വിന്റെ ചിഹ്നമേ, മേൽക്കുമേൽ നിൻ
മണിനാദം മാറ്റൊലിക്കൊണ്ടിടട്ടേ!
നവനവോൽക്കർഷങ്ങൾ നിൻ വഴിയിൽ
നളിനദളങ്ങൾ വിരിച്ചിടട്ടേ!

"https://ml.wikisource.org/w/index.php?title=കലാകേളി/തൊഴിലാളി&oldid=36141" എന്ന താളിൽനിന്ന് ശേഖരിച്ചത്