ണ്മണി, നാണം കുണുങ്ങി വന്നെത്തി, യ-
ക്കന്നിമാസക്കളിപ്പൂഞ്ചോലപോലെ, നീ!
സ്വച്ഛന്ദസംഗീതസാന്ദ്രമാക്കിത്തീർത്തു.
പച്ചപുതപ്പിച്ചു നീ മന്മനസ്സിനെ!
ശീതളമായി നിൻ സാഹചര്യത്തിനാ-
ലാതപോത്തപ്തമെന്നേകാന്തജീവിതം.
നിർമ്മലേ, മാമകപ്രേമപ്രതീക്ഷകൾ
നിന്നാഗമത്താൽ നിറം പിടിപ്പിച്ചു നീ.
എൻ നവയൌവനം വീണവായിച്ചു നിൻ
മന്ദസ്മിതം ചോർന്ന ചിന്താലഹരിയിൽ
ഭഗ്നാശയോരോന്നഴിഞ്ഞുപോയി, സ്വയം
നഗ്നമായ്ത്തീരും പ്രസന്നതമാതിരി!
കണ്ടു, ഹാ, നിന്നെ ഞാ, നേതോ കിനാവിന്റെ
ചെണ്ടു വിടർന്നുവരുന്നതുമാതിരി!
മഞ്ഞണിക്കുന്നിന്റെ പിന്നിലപ്പാതിരാ-
ച്ചന്ദ്രൻ പതുക്കെക്കിളരുന്നമാതിരി!

വിസ്മയം തോന്നുമാറെൻ വീക്ഷണത്തിനീ
വിശ്വം മുഴുവൻ പുതുമപുരട്ടി നീ!-
വിസ്മയം തോന്നുമാറെൻ കൌതുകത്തിനീ
വിശ്വം മുഴുവൻ കവിതകൊളുത്തി നീ!-
ആത്മാർത്ഥതതൻ തെളിത്തേൻ തുളുമ്പി, നി-
ന്നാർദ്രഹൃദയം വികസിച്ചുനിൽക്കവേ;
ആരോർത്തിരുന്നു, ജഗത്തിൽ, നിനക്കതെ-
ന്നാരാധനയ്ക്കുള്ളതാകുമെന്നോമലേ?

വിദ്യുല്ലതപോലെ, മുന്നിൽ പൊടുന്നനെ
പ്രത്യക്ഷയായി നീയാനന്ദദേവതേ!
ചെമ്പനീർപ്പൂവൊളി വീശി വീശി സ്വയം
വെമ്പിവന്നെത്തുമീ ഗീഷ്മാന്തസന്ധ്യയിൽ
നിർന്നിമേഷാക്ഷിയായ് നിൽപു പടിഞ്ഞാറു
നിന്നെ നോക്കിക്കൊണ്ടൊരേകാന്തതാരക!
നീളെ നിന്നെത്തിരഞ്ഞെത്തുന്നു ചാരെ, നിൻ
നീലാളകങ്ങൾ തലോടുവാൻ മാരുതൻ!
മാടിവിളിക്കുന്നു, പച്ചിലച്ചാർത്തിനാൽ
മൂടുപടമിട്ട വല്ലിക്കുടിലുകൾ;
നിൻ മധുരസ്മിതമ്പോലുള്ള പൂക്കളാൽ
നിന്നെസകൌതുകം സൽക്കരിച്ചീടുവാൻ!
നിൻ പാദന്യാസം നുകർന്നുയർന്നേൽക്കുന്നു
വെമ്പലോടോമൽത്തൃണങ്ങൾ നിൻ ചുറ്റുമായ്!
ഇന്നിപ്രകൃതിയിലെന്തിനുമാനന്ദ-
സന്ദായിനിയാണു നീ, മനോമോഹിനി!
എന്തിൻ മനസ്സും വിശുദ്ധീകരിക്കുന്നൊ-
രെന്തോ മുഖത്തു വഹിപ്പവളാണു നീ!
മാദകാലാപമ, ല്ലെതോ മഹായജ്ഞ-
പൂതമണിനാദമാണു നിന്നാനനം!
കണ്ണഞ്ചിടുമൊരു ലീലാസരസ്സല്ല,
പുണ്യഗംഗാതീർത്ഥമാണു നിൻ സൌഭഗം!
ഭോഗാനുഭൂതിയിലേക്ക, ല്ലനുപമ-
ത്യാഗത്തിലേക്കടുപ്പിപ്പു നിൻ സുസ്മിതം!

ഓമനേ, വേണ്ടാ വിജയ, മെനിക്കു നിൻ
പ്രേമസാമ്രാജ്യത്തിൽ വന്നു നിന്നാൽ മതി.
ലോകോത്തരമാമതിൽനിന്നെഴുമേതു
ശോകവുമെന്നും സഹിച്ചുകൊള്ളാമിവൻ!
ലോകം മുഴുവനപഹസിച്ചോട്ടെ, നിൻ
രാഗം കൊതിച്ചുള്ളൊരെൻ തപശ്ചര്യയിൽ,
എങ്കിലും-നിത്യനിരാശയ്ക്കു മാത്രമാ-
ണെങ്കിലും-സംതൃപ്തനാണു ഞാനോമലേ!

"https://ml.wikisource.org/w/index.php?title=കലാകേളി/ദേവി&oldid=36146" എന്ന താളിൽനിന്ന് ശേഖരിച്ചത്