കലാകേളി/മൂടുപടം മാറ്റൂ
< കലാകേളി
നേരിൻ നിറകതിർ വീശി-നിൽപോ-
രാരുനീ, യാരു നീ ദേവി?
വിസ്മയനീയമാം മട്ടിൽ-നീയീ
വിശ്വവിപഞ്ചിക മീട്ടി,
മുക്കുകയാണെന്നെയേതോ-ദിവ്യ-
സ്വർഗ്ഗീയഗാനസരിത്തിൽ.
വാരുറ്റ തങ്കപ്രഭയിൽ-മുങ്ങും
വാരുണാകാശച്ചെരുവിൽ,
നീളെയിളകിക്കളിപ്പൂ-നിന്റെ
നീരാളവസ്ത്രഞെറികൾ.
പൂക്കൾ വിടുർത്തിത്തരുന്നൂ-നിന്റെ
സാത്വികസ്നേഹസുഗന്ധം!
ഹാ, കാണ്മൂ മാമലതോറും-ഞാൻ നി-
ന്നേകാഗശാന്തമാം ധ്യാനം!
മേൽക്കുമേൽ താരാമണികൾ-തോറും
കേൾപ്പൂ നിൻ നിശ്ശബ്ദഗാനം.
വീർപ്പിടും തൈക്കുളിർക്കാറ്റിൽ-ക്കൂടി-
യേൽപൂ ഞാൻ നിൻ മൃദുസ്പർശം!
എപ്പോഴ്മെന്നോടുകൂടി-ത്തന്നെ-
യിത്രനാൾ നീയിരുന്നിട്ടും,
കഷ്ടമെന്നജ്ഞതമൂലം-ഹാ, നീ
മിത്ഥ്യയാണെന്നു ഞാനോർത്തു!
ഇമ്മറനീങ്ങി ഞാൻ നേരേ-നിന്നെ
ചുംബിച്ചിനി നിൽപതെന്നോ!
വാടാവെളിച്ചമേ, നിന്റെ-നേർത്ത
മൂടുപടമൊന്നു മാറ്റൂ!