കുഞ്ഞാട്ടിന്റെ കല്ല്യാണം വരുന്നേ

 
     കണ്ണികൾ
കുഞ്ഞാട്ടിന്റെ കല്യാണം വരുന്നേ
കാലതാമസമില്ലെന്നറിവിൻ
കാത്തിരുന്ന-കാത്തിരുന്ന -പത്തു
കന്നിമാരെ നിങ്ങൾ ഓർത്തുകോൾവിൻ

കാലതാമസമുണ്ടെന്നു കണ്ടു
ക്ഷീണിച്ചുറങ്ങിയാക്കന്യകമാർ
പാതിരാവിൽ കേട്ടുണർന്നു-മണ-
വാളൻ വരുന്നെന്നൊരാർപ്പു വിളി

കാത്ത കന്നിമാരിൽ ബുദ്ധിയുള്ളോർ
കൈകളിൽ എണ്ണയും സംഭരിച്ചു
ബുദ്ധികെട്ടോർ- ബുദ്ധികെട്ടോർ-അഞ്ചു
കന്നിമാരെണ്ണക്കായ് പോയി കഷ്ടം!

ബുദ്ധിയുള്ളോർ തെളിയിച്ചു ദീപം
കർത്തനും വന്നണഞ്ഞ ക്ഷണത്തിൽ
സന്നാഹമായ്-സന്നാഹമായ് -അവർ
ചെന്നു കടന്നു മണിയറയിൽ

ഏണ്ണ തേടിപ്പോയ കന്യകമാർ
വന്നുചേർന്നപ്പോൾ കതകടച്ചു
ദുഃഖമോടെ-ദുഃഖമോടെ -അവർ
മുട്ടിവിളിച്ചറവാതിലിങ്കൽ

കർത്താ ഞങ്ങൾക്കു തുറക്കയെന്നു
കെഞ്ചിയേറ്റം അഞ്ചു ബുദ്ധിഹീനർ
ചൊന്നിതപ്പോൾ- ചൊന്നിതപ്പോൾ- നാഥൻ
പോകുവിൻ നിങ്ങളെവിടത്തുകാർ?

ഈ വിധം നമ്മിൽ വരാതിരിപ്പാൻ
പ്രാർത്ഥിച്ചുണർന്നു നാം കാത്തിരിക്ക
കാത്തിരുന്നാൽ- കാത്തിരുന്നാൽ- നമു-
ക്കാനന്ദമുണ്ടാകുമെന്നേക്കുമേ.