കുയിൽ
കുയിൽ |
പ്രിയമേറുമെനിക്കു പാട്ടുകേൾക്കാൻ;
കുയിലേ! പാടുകയൊന്നെനിക്കുവേണ്ടി;
തെളിവോടു കളിക്ക, പുഷ്പകാലം
വെളിവായെന്നു പറഞ്ഞിടുന്നിതോ, നീ?
ചൊടിയുണ്ട് നിനക്കു പാട്ടു പാടാൻ;
മടി താൻ പിന്നൊരു കൂടു തീർത്തിരിപ്പാൻ;
പിടയാളവൾ മുട്ടയിട്ടിടുമ്പോ -
ളടവയ്ക്കാൻ മറുപക്ഷി വേണമല്ലോ.
വശമില്ല നിനക്കു കൂടുവയ്ക്കാൻ;
വശമായിട്ടതു പിന്നെ വിട്ടുപോയോ?
പലനാളുരുവിട്ട പാഠമെല്ലാ -
മൊരുനാൾ വേണ്ട മറന്നിടാനെനിക്ക്.
ചെറുമുട്ട വിരിച്ചു കുട്ടിയാക്കി -
ത്തരുമക്കാകനു വന്ദനങ്ങൾ ചൊൽക;
ഒരുനാളുമഹോ മറന്നുകൂടാ
പരനിങ്ങോട്ടുപകാരമൊന്നു ചെയ്താൽ.