കുരിശിന്റെ വഴി/നാലാം സ്ഥലം
നാലാം സ്ഥലം
തിരുത്തുക( നാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ )
വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞുനോക്കി
സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി
"ആരോടു നിന്നെ ഞാൻ
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"
ആരറിഞ്ഞാഴത്തി-
ലലതല്ലി നിൽക്കുന്ന
നിൻ മനോവേദന?
നിൻക്കണ്ണുനീരാൽ
കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം.
ഈശൊ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു
തിരുത്തുകഈശൊമിശിഹായെ,ഞങ്ങൾ അങ്ങെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു...ഇടയ്ക്കു സങ്കടകരമായ കൂടിക്കാഴ്ച...അവിടുത്തെ മാതാവു ഓടിയെത്തുന്നു...അവർ പരസ്പരം നോക്കി....കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ...വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ...അമ്മയും മകനും സംസാരിക്കുന്നില്ല...മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു....അമ്മയുടെ വേദന മകന്റെ ദുഃഖം വർദ്ധിപ്പിക്കുന്നു.....
നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവെച്ച സംഭവം മാതാവിന്റെ ഓർമ്മയിൽ വന്നു."നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും"എന്നു പരിശുദ്ധനായ ശിമയോൻ അന്നു പ്രവചിച്ചു.
“ | കണ്ണുനീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു".ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു. | ” |
ദുഃഖസമുദ്രത്തിൽ മുഴുകിയ ദിവ്യരക്ഷിതാവേ,സഹനത്തിന്റെ ഏകാന്തനിമിഷങ്ങളിൽ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നു ഞങ്ങൾ അറിയുന്നു.അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമെ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ