കോലതീരേശസ്തവം (സ്തോത്രം)

രചന:ശ്രീനാരായണഗുരു (1893)
കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് രചിച്ച അർച്ചാവതാരസ്തുതി.

 
കാലാശ്രയമെന്നായണയുന്നോർക്കനുകൂലൻ
ഫാലാക്ഷനധർമ്മിഷ്ഠരിലേറ്റം പ്രതികൂലൻ
പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂർ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.       1

ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-
രാലോകനമാത്രേണ ഭരിക്കുന്നനുവേലം
ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-
ക്കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.       2

സർവ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തർ-
ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോൻ
ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.       3

ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാൽ
ആ ലാക്കിലുടൻ സന്മതി തോന്നിക്കുകെനിക്കെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.       4

കൈകാൽ മുതലാമെന്നുടെയംഗങ്ങളിലൊന്നും
ചെയ്യാതൊരു സത്കർമ്മമൊഴിഞ്ഞങ്ങവിവേകാൽ
വയ്യാത്തതു ചെയ്യാൻ തുനിയാതാക്കുക വേണം
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ!       5

രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ!
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ!       6

ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നിൽ
ദൂരത്തകലേണം മദ,മെന്നും സുജനാനാം
ചാരത്തു വസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ!       7

ചാപല്യവശാൽ ചെയ്തൊരു പാപങ്ങൾ പൊറുത്തെൻ
താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
പാപാപഹമാം നിൻപദമോർക്കായ് വരണം മേ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ!       8

ധാതാവിനുമാ മാധവനും കൂടിയമേയം
വീതാവധി നിൻവൈഭവമാരാണുര ചെയ്‌വാൻ?
ഏതാനുമിവന്നുള്ളഭിലാഷങ്ങൾ പറഞ്ഞേൻ
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ.       9

മാലുണ്ടതുരയ്പ്പാൻ കഴിവില്ലാശ്ശിശുവിന്റെ
പോലിങ്ങു നിരർത്ഥധ്വനിയാണെന്റെ പുലമ്പൽ
ആലംബനമാമെങ്കിലുമംബാസമമിന്നെൻ
കോലത്തുകരക്കോവിലിൽ വാഴും പരമേശൻ.       10

"https://ml.wikisource.org/w/index.php?title=കോലതീരേശസ്തവം&oldid=204415" എന്ന താളിൽനിന്ന് ശേഖരിച്ചത്