മാർ അപ്രേമിന്റെ മെമ്രോ

രചന:മാർ അപ്രേം


കർത്താവേ കൃപ ചെയ്യണമേ
പ്രാർത്ഥന നീ കൈക്കൊള്ളണമേ
നിൻ ദയവും നിൻ മോചനവും
നിന്നറയിൽനിന്നേകണമേ        1

എന്നുടയോനേ സന്നിധിയിൽ
നിദ്രതെളിഞ്ഞിന്നീയടിയാൻ
വന്നുണർവ്വോടെ നിൽപ്പതിനായ്
ഉന്നതനേ നീ കൃപചെയ്ക        2

പിന്നെയുമീനിന്നടിയാൻ ഞാൻ
നിദ്രയിലായെന്നാകിലുമേ
എന്റെയുറക്കം സന്നിധിയിൽ
ദോഷം കൂടാതാകണമേ        3

തിന്മകൾ ഞാനുണർവ്വിൽ ചെയ്താൽ
നന്മയൊടൊക്കെ പോക്കുക നീ
നിദ്രയിൽ ഞാൻ പിഴചെയ്തെങ്കിൽ
നിൻ ദയ മോചിച്ചീടണമേ        4

താഴ്മയെഴും നിൻ കുരിശാലേ
നല്ലയുറക്കം നൽകണമേ
മായകൾ ദുസ്വപ്നാദികൾ നിൻ
ദാസനു കാണാറാകരുതേ        5

ഇന്നു സമാധാനം നിറയും
നിദ്രയൊടെന്നെ കാക്കുക നീ
എന്നിലസത്തും ദുർന്നിനവും
വന്നധികാരം ചെയ്യരുതേ        6

നിന്നടിയാൻ ഞാനെന്നതിനാ-
ലെന്നുടലിന്നും കാവലിനായ്
നിൻ വെളിവിന്റെ ദൂതനെ നീ
എന്നരികത്താക്കീടണമേ        7

യേശുവേ! ജീവനിരിക്കും നിൻ
ദിവ്യ ശരീരം തിന്നതിനാൽ
നാശമുദിക്കുന്നാഗ്രഹമെൻ
ചിത്തമതിൽ തോന്നീടരുതേ        8

രാവിലുറങ്ങുമ്പോഴരികിൽ
കാവലെനിക്കാ തിരുരക്തം
നിന്നുടെ രൂപത്തിന്നു സദാ
നീ വിടുതൽ തന്നീടണമേ        9

നിൻ കൈ മെനഞ്ഞോരെന്നുടലിൽ
നിന്റെ വലംകൈയ്യാകണമേ
നിൻ കൃപ ചുറ്റും കോട്ടയുമായ്
കാവലതായും തീരണമേ        10

അംഗമടങ്ങും നിദ്രയതിൽ
നിൻബലമെന്നെ കാക്കണമേ
എന്റെയുറക്കം നിന്നരികിൽ
ധൂപം പോലെയുമാകണമേ        11

അൻപൊടു നിന്നെ പ്രസവിച്ചോ-
രമ്മയുടെ നൽ പ്രാർത്ഥനയാൽ
എൻശയനത്തിന്മേൽ രാവിൽ
ദുഷ്ടനടുക്കാറാകരുതേ        12

എൻ ദുരിതത്തിൻ പരിഹാരം
നൽകിയ നിന്റെ ബലിയാലെ
എന്നെ ഞെരുക്കീടാതെ മഹാ-
ദുഷ്ടനെ നീ മാറ്റീടണമേ        13

നിന്നുടെ വാഗ്ദാനം കൃപയാ-
ലെങ്കലഹോ നീ നിറവേറ്റി
നിൻ കുരിശാലെൻ ജീവനെ നീ
മംഗലമോടും കാക്കണമേ        14

ഏറിയൊരെന്റെ ഹീനതയിൽ
പ്രീതിയെ നീ കാണിച്ചതിനാൽ
ഞാനുണരുമ്പോൾ നിൻ കൃപയെ
ഓർത്തു പുകഴ്ത്താറാകണമേ        15

നിൻ തിരുവിഷ്ടം നിന്നടിയാ-
നൻപിലറിഞ്ഞായതുപോലെ-
തന്നെ നടപ്പാൻ നിൻ കൃപയാ-
ലെന്നിൽ നിത്യം കൃപചെയ്ക        16

ശാന്തി നിറഞ്ഞോരന്തിയെയും
നന്മ വിളങ്ങും രാവിനെയും
എന്നുടയോനാം മശിഹായേ
നിന്നടിയങ്ങൾക്കേകണമേ        17

സത്യവെളിച്ചം നീ പരനേ
നിന്റെ മഹത്വം വെളിവിൽ താൻ
നൽ വെളിവിൻ സുതരായവരും
നിൻ മഹിമയ്ക്കായ് സ്തുതി പാടും        18

മാനവരക്ഷകനേ! സ്തുതി നിൻ
ദാസരിലെന്നും നിൻ കൃപയെ
ഈയുലകിൽ നീയെന്നതുപോൽ
ആലോകത്തിലുമേകണമേ        19

എന്നുടയോനേ! സ്തുതി നൽകീ-
ടുന്നു നിനെക്കൻ രക്ഷകനേ
ആയിരമോടൊത്തായിരമായ്
യേശുവേ! നിന്നെ സ്തുതിപാടും        20

ദിവ്യജനത്തിന്നുടയോനേ!
ദിവ്യജനം വാഴ്ത്തുന്നവനേ!
കീർത്തനമോതീടുന്നവരിൻ
പ്രാർത്ഥനയെ കൈക്കൊള്ളണമേ.        21

യാവനൊരുത്തൻ മൂവരുമായ്
മൂവരതൊന്നായും മരുവും
താതസുതാശ്വാസപ്രദനാം-
സത്യപരന്നായ് സുതിനിത്യം        22

ഹീനരുടെയീ പ്രാർത്ഥനയും
താപികൾ തൻകണ്ണീരുകളും
ആദ്യഫലത്തിൻ കാഴ്ചകൾപോൽ
ഏൽക്കുമനവന്നായ് സുതുതിയെന്നും        23

വാനവരെന്നും സ്തുതിയാലേ
നിന്നു പുകഴ്ത്തീടുന്നവനേ
പൂഴികളായീടുന്നവരും
നിൻ മഹിമയ്ക്കായ് സ്തുതിപാടും        24

താതസുതാശ്വാസപദനാം
ഏകപരൻ തൻ തിരുമുമ്പിൽ
ദോഷമകന്നോരറിവോടെ
പാടുക നാം സങ്കീർത്തനവും        25

കൊല്ലുന്നൊരു നഞ്ചായവയാം
വെള്ളികൾ പൊന്നും നേടരുതേ
നല്ലനുനിന്നിൽ പ്രീതിവരാൻ
നല്ലുപദേശം നേടുക നീ        26

നാൽപ്പതുനോമ്പോടഗതിക്കാർ-
ക്കപ്പവുമേകിപ്പോറ്റുക നീ
മന്നവനീശായ് സുതനേപ്പോ
ലേഴുകുറി പ്രാർത്ഥിച്ചിടുക        27

മോശയുമേലീയായുമവർ
നോറ്റുപവാസം നാൽപ്പതുനാൾ
യേശുവുമീനോമ്പേറ്റതിനാൽ
നാശകനേ തോൽപ്പിച്ചുടനെ        28

വൻകടലിൽ നിന്നേറിയനൽ-
യോനാ നിബിയുടെ പ്രാർത്ഥനയാൽ
ഈയടിയാർക്കും നിൻകൃപയിൻ
വാതിൽ തുറക്കാറാകണമേ        29

സിംഹഗണത്തിൻ കുഴിയിൽ നി-
ന്നേറിയ ദാനീയേലിനുടെ
പ്രാർത്ഥനയാലെ നിൻകൃപയിൻ
വാതിൽ തുറക്കാറാകണമേ        30

തീക്കുഴി തന്നിൽ നിന്നരികെ
വന്നശിശുപ്രാർത്ഥനയാലെ
ഈയടിയാർക്കും നിൻകൃപയിൻ
വാതിൽ തുറക്കാറാകണമേ        31


പ്രാർത്ഥനയെ കേൾക്കുന്നവനേ!
യാചനയെ നൽകുന്നവനേ!
പ്രാർത്ഥന കേട്ടീ ദാസരുടെ
യാചനയെ നൽകീടണമേ!        32


(സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രാർത്ഥനാഗീതം. ഇതു സൂത്താറാപ്രാർത്ഥനയുടെ ഭാഗമാണ്. ) മാർ അപ്രേമിന്റെ മെമ്രോ എന്നും അറിയപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=കർത്താവേ_കൃപ_ചെയ്യണമേ&oldid=205969" എന്ന താളിൽനിന്ന് ശേഖരിച്ചത്