ഗുരുഭക്തി
ഗുരുഭക്തി രചന: |
ഗുരുതാൻ ദൈവമെന്നുള്ളിൽ
കരുതേണം ദിവാനിശം;
വരുമെന്നാൽ ഗുണം മേന്മേ -
ലൊരു സംശയമില്ലിതിൽ.
ജ്ഞാനദീപം ജ്വലിപ്പിച്ച -
ജ്ഞാനമാം കൂരിരുട്ടിനെ
ഊനമാക്കും ഗുരുവരൻ
താനല്ലൊ ദൈവതം പരം.
അരി തന്നിൽ വരപ്പിച്ചു -
മുരിയാടിച്ചു മക്ഷരം
അറിവുള്ളവരാക്കീടു -
മറിവിൻ, ഗുരു, ബാലരെ!
ഗുരുകാരുണ്യമുണ്ടെങ്കി -
ലൊരുനാളുമൊരേടവും
വരുമാറില്ല തെറ്റെന്നാ -
ണൊരു സജ്ജനസമ്മതം.
ഗുരുകാരുണ്യ സന്താന
തരുതാൻ തണലിൽ സദാ
മരുവുന്നോർക്കു സന്താപം
വരുമാറില്ലൊരിക്കലും.
കനം, കള്ളർഭയം തൊട്ടു -
ള്ളനർത്ഥങ്ങളൊഴിഞ്ഞതാം
ധനം ദേശികനേകുന്നു
ദിനന്തോറും നിരാമയം.
കൊടുത്താൽ കുറയാ, സൂക്ഷി -
ച്ചിടുവാനില്ല ദുർഘടം;
പടുവാം ഗുരുനാഥൻ ത -
ന്നിടുമാദ്ധനമേ ധനം.
ഗുരുതൻ ചരണാംഭോജ -
മരുളും ദിക്കിനെപ്പോഴും
പുരുഭക്ത്യാ നമിക്കേണം,
പുരുഷാർത്ഥമിതൊന്നു താൻ.