ചാണക്യസൂത്രം (കിളിപ്പാട്ട്)/അഞ്ചാം പാദം
- ശാരികമാർമൌലിമാലേ! മനോരമേ!
- ചാരുശീലേ! കഥാശേഷവും ചൊല്ലുനീ 1
- ആര്യചാണക്യനതുകാലമെന്തൊന്നു
- ധീരതകൈക്കൊണ്ടു ചെയ്തതുമോമലെ!? 2
- മൌര്യനായുള്ള മഹീപതിവീരനും
- കാര്യങ്ങളെന്തൊന്നു ചെയ്തതെന്നുള്ളതും 3
- പാലിളന്നീരും മധുവും നുകർന്നുനീ
- മാലകലും പർചാശുചൊല്ലീടെടൊ! 4
- ശാരികപ്പൈതലതുകേട്ടനേരത്തു
- ചാരുതരമായ്പറഞ്ഞുതുടങ്ങിനാൾ 5
- ആര്യചാണക്യന്റെ നീതിപ്രയോഗവും
- മൌര്യമഹീപതിതന്നുടെവൃത്തവും 6
- ശേഷമിനിക്കുരചെയ്വതിന്നേറ്റവും
- വൈഷംയമുണ്ടതു ചൊൽവാനരുതേതും 7
- ആർക്കുമറിഞ്ഞുകൂടാതൊന്നിതെങ്കിലും
- കേൾക്കുന്നതിനുള്ളിലാഗ്രഹമുണ്ടെങ്കിൽ 8
- ചൊല്ലുവാനേതും മടിക്കുന്നതില്ല ഞാൻ
- ഉല്ലാസമാർന്നിതു കേൾപ്പിനെല്ലാവരും 9
- ആര്യനായുള്ള ചണകസുതനൊരു
- കാര്യമിതുകാലമിങ്ങിനേ ചിന്തിച്ചാൻ 10
- “മൌര്യനായോടൊരു വ്യാജമുൾക്കൊണ്ടു ഞാൻ
- വൈരവും ഭാവിച്ചിരിക്കേണമിക്കാലം 11
- രാക്ഷസാമാത്യൻ കലഹമിതുകേട്ടു
- രൂക്ഷമായ്ക്കൊണ്ടുവരും പട നിർണ്ണയം 12
- പുഷ്പപുരിക്കടുത്തീടുന്ന നേരത്തു
- കെൽപ്പുള്ളമാത്യനേ മ്ലേച്ഛനെക്കൊണ്ടുഞാൻ 13
- നല്ലനയപ്രയോഗങ്ങൾ കൊണ്ടേറ്റവും
- കള്ളനാക്കീടുമതില്ലൊരു സംശയം” 14
- ഇത്ഥം നിരൂപിച്ചുറച്ചു ചാണക്യനും
- പൃത്ഥ്വീപതിയുമായുള്ളൊത്തുതങ്ങളിൽ 15
- ഓരോരൊകാര്യങ്ങൾ കൊണ്ടിടഞ്ഞേറ്റവും
- വൈരവും ഘോരമായ് വന്നോരനന്തരം 16
- ചന്ദ്രഗുപ്തൻ മഹീപാലകനന്നൊരു
- ചന്ദ്രമഹോത്സവം ഘോഷിച്ചു കല്പിച്ചാൻ 17
- ചാണക്യനപ്പോളതുകേട്ടു കോപിച്ചു
- മാനിച്ചതിനെ മുടക്കവും ചെയ്തുതേ 18
- ആജ്ഞയ്ക്കു ഭംഗം വരുത്തിയ നേരത്തു
- വിജ്ഞാനമേറിയ ചന്ദ്രഗുപ്തൻ നൃപൻ 19
- രോഷം നടിച്ചൊരു ദൂതനെ വിട്ടുടൻ
- ദോഷരഹിതനായുള്ള ചാണക്യനെ 20
- രാജസഭയിൽ വരുത്തി വിരവോടു
- പൂജയുമാദരവോടുചെയ്തേറ്റവും 21
- ചാണക്യഭൂസുരശ്രേഷ്ഠന്റെ കാലിണ
- താണുതൊഴുതുനമസ്കരിച്ചീടിനാൻ 22
- തൻ പദം കുമ്പിട്ട മൌര്യനാം മന്നനെ
- സംഭ്രമത്തോടെഴുന്നേല്പിച്ചുസാദരം 23
- “ശൂര! സുകുമാര! മൌര്യമഹീപതെ!
- വീരനായുള്ള ഭവാനു വിജയങ്ങൾ 24
- പിന്നെയും പിന്നെയും വന്നുവന്നേറ്റവും
- ധന്യനായീടുകെ”ന്നാശിയും ചൊല്ലിനാൻ 25
- ആശീർവ്വചനങ്ങളിങ്ങനെ കേട്ടഥ
- ദേശികൻ തന്നോടു മൌര്യനും ചൊല്ലിനാൻ 26
- “നിന്തിരുവുള്ളമെല്ലൊനിരൂപിക്കിൽഞാ-
- നന്തരമില്ലൊരു ഭൂപനായ് വാണതും 27
- ശത്രുപ്രയോഗങ്ങൾ നീങ്ങും പ്രയോഗവും
- ചിത്രമതില്പരമെന്തഹോ വേണ്ടതും” 28
- ഇത്ഥമുരചെയ്ത മന്നവൻ തന്നോടു
- ചിത്തം തെളിഞ്ഞു കൌടില്യനും ചൊല്ലിനാൻ 29
- “എന്തുമൂലം ഭവാനെന്നെ വരുത്തുവാൻ
- ചിന്തിതമെന്തെന്നുരചെയ്കവൈകാതെ” 30
- പാരിടത്തിന്നധിനാഥനാം മന്നനും
- പാരാതെ കൌടില്യനോടു ചൊല്ലീടിനാൻ 31
- “ധർമ്മസ്വരൂപനാം മൌര്യനു കേവലം
- കാണ്മാനപേക്ഷയുണ്ടാകതന്നെവിഭോ” 32
- ഇത്തരം ചൊന്നൊരു മന്നവൻ തന്നോടു
- പൃത്ഥ്വീസുരനും ചിരിച്ചു ചൊല്ലീടിനാൻ 33
- “പോരുമിപ്രശ്രയം കൊണ്ടുള്ളതൊക്കവേ
- കാര്യമെന്തൊന്നിഹ ചൊല്ലുക വൈകാതെ 34
- കാര്യങ്ങളേതുമില്ലാതെ മഹീപതി
- കാര്യപുരുഷനെയുണ്ടോ വരുത്തുന്നു? 35
- എന്നതുകൊണ്ടെന്തഭിപ്രായമെന്നുനീ
- മന്നവന്മാർ മുടിരത്നമേ ചൊല്ലെടോ 36
- കൌടില്യനിങ്ങിനെ ചൊന്നോരനന്തരം
- പാടമേറുന്ന ചന്ദ്രഗുപ്തൻ നൃപൻ 37
- കിഞ്ചനവൈരം നടിച്ചു സഭയീന്നു
- ചഞ്ചലം കൈവിട്ടു ചൊല്ലിനാനിങ്ങിനെ 38
- “ചന്ദ്രോത്സവം മുടക്കീടുവാനെന്തഹോ
- നിന്ദയൊമറ്റൊരു കാര്യം നിമിത്തമോ?” 39
- മന്ദഹാസം പൂണ്ടു വിഷ്ണുഗുപ്തൻ നൃപ-
- ചന്ദ്രനോടിങ്ങിനെ ചൊന്നാനതുനേരം 40
- “ഇത്ഥം പരുഷം പറവതിനോ ഭവാൻ
- സത്വരമെന്നെ വരുത്തുവാൻ കാരണം?” 41
- “ആര്യനോടുണ്ടോ പരുഷം പറഞ്ഞു ഞാൻ
- കാര്യം പറഞ്ഞതേയുള്ളു മഹാമതേ!“ 42
- “കാര്യമറിയാതെ കല്പിക്കയില്ല ഞാൻ
- കാര്യം ഭവാനറിവേറെയില്ലേതുമേ 43
- പാർത്താൽ ഭവാൻ മമ ശിഷ്യനത്രേ ദൃഢ-
- മോർത്തുപറയേണമെന്നോടിവയെല്ലാം” 44
- “സത്യമത്രേ ശിഷ്യനല്ലെന്നെനിക്കില്ല
- ഭൃത്യനല്ലീയെന്നു സംശയമുണ്ടുള്ളിൽ 45
- കാര്യമറിയാത്തവരൊന്നു ചോദിച്ചാൽ
- കാര്യമറിഞ്ഞവർ ചൊല്ലിക്കൊടുക്കണം” 46
- ചാണക്യനുമതു കേട്ടു ചൊല്ലീടിനാൻ
- ക്ഷോണിക്കു നാഥനാം മൌര്യനോടിങ്ങിനെ 47
- “മൂന്നുപ്രകാരമായുള്ള നൃപതികൾ
- മൂന്നും പറയാം തെളിഞ്ഞു കേട്ടീടുനീ 48
- സ്വായത്തസിദ്ധികളായും ചിലർ സചി-
- വായത്തസിദ്ധികളായും ചിലരെടോ 49
- രണ്ടും സമങ്ങളായും ചിലരിങ്ങിനെ
- കണ്ടുപോരുന്നു നൃപന്മാരെയൂഴിയിൽ 50
- മൂന്നുപ്രകാരം പറഞ്ഞതിലിന്നുനീ
- നിർണ്ണയിക്കിൽ സചിവായത്തസിദ്ധിയാം 51
- എന്തിനുപിന്നെനീയോരോന്നുകൂടവ-
- ന്നന്തരാപുക്കു കയർക്കുന്നിതുമെടോ? 52
- മുറ്റും നൃപതിയായ് വാഴ്കനീയൂഴിയിൽ
- മറ്റൊന്നുമന്വേണംചെയ്കവേണ്ടെടോ” 53
- ഇത്തരം കൌടില്യവാക്കുകൾ കേട്ടതി-
- നുത്തരമൊന്നുമുരിയാടാതെ മൌര്യനും 54
- രോഷം മുഴുത്തു മുഖവും തിരിച്ചഥ
- വേഷവുമൊന്നു പകർന്നോരനന്തരം 55
- മന്ത്രിപ്രവരനയച്ച വൈതാളിക-
- നന്തരം കൊള്ളാമിതെന്നു കണ്ടന്നേരം 56
- വന്ദിപ്രവരൻ ‘സ്തനകലശൻ’ ചെന്നു
- ചന്ദ്രഗുപ്തൻ തന്റെ മുമ്പിൽ നിന്നാദരാൽ 57
- വീര്യങ്ങൾ വാഴ്ത്തി സ്തുതിച്ചു തുടങ്ങിനാൻ
- “മൌര്യമഹീപതിവീര!ജയ!ജയ!! 58
- ദാതാവുതന്നുടെ വൈഭവമോർക്കുമ്പോൾ
- ചേതോഹരമെന്നതേ പറഞ്ഞീടാവൂ; 59
- ഓരോ ജനങ്ങൾ നൃപന്മാരെവന്നുക-
- ണ്ടോരോതരം സേവ ചെയ്തുകരയേറി 60
- ക്ഷോണീശനായി ഞാനെന്നഹം ഭാവിച്ചു
- വീണുപോകുന്നതറികയുമില്ലഹോ!“ 61
- മത്തഗജത്തിൻ കഴുത്തിൽ കരയേറി
- ചിത്തമുറപ്പിച്ചിരിക്കുന്ന ചേവകൻ 62
- കുത്തുകള്ളക്കണ്ടൊഴിച്ചുഗജോപരി
- ചിത്തമിളകാതെതന്നെവസിക്കയും 63
- ചിത്തത്തിലിത്ഥം വരുമെന്നൊരുമത-
- മിത്തിരിപോലും വിചാരവുമില്ലല്ലൊ; 64
- വാരിധിക്കുള്ളിലടങ്ങിയ ഭൂമിക്കു
- മൌര്യനൊരുത്തനധിപതിയെന്നഹോ 65
- സത്യലോകത്തോളമുണ്ടൊരു കേളിയും
- ചിത്രമത്രെപുനരിത്തൊഴിലെത്രയും; 66
- രാജാവു കല്പിച്ചൊരാജ്ഞ നടത്തുന്ന-
- താചരിയാതവരില്ല മഹീതലേ; 67
- സർവാഭരണമലംകരിച്ചാൽനൃപ-
- നുർവീപതിയാകയില്ലെന്നു നിർണ്ണയം 68
- ആജ്ഞയ്ക്കൊരന്തരം കൂടാതെ നിത്യവും
- പ്രാജ്ഞനായുള്ള രാജാവു രാജാവല്ലൊ’ 69
- ഇത്തരം ദോഷങ്ങൾ കൂടാതെ ഭൂപനാ-
- യുത്തമഭൂപതെ! നിത്യം ജയജയ!“ 70
- ഇത്തരമാശീർവചനങ്ങൾ കേട്ടപോ-
- തുത്തമൻ കൌടില്യനിങ്ങിനെ ചിന്തിച്ചാൻ 71
- മന്ത്രിപ്രവരനയച്ചുവന്നോനിവ-
- നന്തരം കൊള്ളാമിതെന്നുകണ്ടിക്കാലം 72
- കോപപ്രവർദ്ധനം ചെയ്വതിനായിവൻ
- ഭൂപതിതന്നെ സ്തുതിപ്പാനവകാശം 73
- രാക്ഷസന്റെപ്രയോഗങ്ങള,റിഞ്ഞുഞാൻ
- സൂക്ഷമെന്നാകിലും പറ്റുകയില്ലഹോ 74
- ചിത്തത്തിലിത്ഥം നിരൂപിച്ചു ചാണക്യ-
- നിത്തിരി നേരമിരിക്കും ദശാന്തരെ 75
- ഉത്തമചിത്തനാം ചന്ദ്രഗുപ്തൻ നിജ-
- ഭൃത്യനെത്തത്ര വിളിച്ചു ചൊല്ലീടിനാൻ 76
- “പട്ടും പുടവയുമാഭരണങ്ങളു-
- മൊട്ടുമേ വൈകാതെ വൈതാളികന്നുനീ 77
- കൊണ്ടുവന്നാശു കൊടുത്തയച്ചീടുക
- കണ്ടിട്ടുമില്ലിവനെപ്പോലെയാരെയും” 78
- അപ്പോൾ നൃപനോടു ചാണക്യവിപ്രനും
- കെല്പോടു കോപം നടിച്ചു ചൊല്ലീടിനാൻ 79
- “ഭണ്ഡാരമായുള്ളതെപ്പേരുമിന്നുനീ
- കണ്ടവർക്കൊക്കെ കൊടുക്കെന്നു കല്പിച്ചാൽ 80
- വല്ലാതെവന്നുപോമെന്നറിഞ്ഞീടുക-
- യെല്ലാം നിനക്കൊത്തവണ്ണംവരാദൃഢം 81
- സ്ഥാനത്തുവേണം വ്യയങ്ങൾ ചെയ്തീടുവാൻ
- സ്ഥാനവ്യതിക്രമം സാദ്ധ്യവുമല്ലെടോ” 82
- മൌര്യനതുകേട്ടു കോപം കലർന്നുള്ളിൽ
- ആര്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ 83
- “ആജ്ഞയ്ക്കു ഭംഗം വരുത്തുവാനെത്രയും
- പ്രാജ്ഞനത്രേ ഭവാനില്ലൊരു സംശയം 84
- ഒന്നുമിനിക്കൊത്ത വണ്ണമല്ലായ്കയാൽ
- ദണ്ഡം പ്രജകൾക്കുമുണ്ടെന്നറിഞ്ഞാലും” 85
- ഇത്തരം കേട്ടു ചണകതനൂജനു-
- മുത്തരം ചൊന്നാൻ പലരുമിരിക്കവെ 86
- “കേവലമൊത്തവണ്ണം നടന്നീടുകി-
- ലീവണ്ണമുള്ള ദോഷങ്ങളകപ്പെടും 87
- ഇച്ചൊന്നതേതും സഹിക്കുന്നതല്ലെങ്കിൽ
- വെച്ചു ഞാനിന്നധികാരമറിഞ്ഞാലും 88
- നീനിനക്കൊത്തവണ്ണം നടന്നീടുകിൽ
- നൂനമരികൾക്കു ഭൃത്യനായ് വന്നീടും 89
- എങ്കിലിനിക്കെന്തു ചേതമതുകൊണ്ടു
- സങ്കടമെള്ളോളമില്ലെന്നറിഞ്ഞാലും;” 90
- “കൌമുദിനാമമായുള്ള മഹോത്സവം
- ഭൂമിദേവശ്രേഷ്ഠനായ ഭവാനിപ്പോൾ 91
- എന്തുമൂലം മുടക്കീടുവാനെന്നുള്ള-
- തന്തരമില്ല പറഞ്ഞേ മതിയാവൂ” 92
- വിഷ്ണുഗുപ്തൻ ചന്ദ്രഗുപ്തനോടന്നേരം
- ഉഷ്ണിച്ചു ചൊന്നാൻ വിനയവും കൂടാതെ; 93
- “കൌമുദിനാമോത്സവം തുടങ്ങീടുവാൻ
- കാമിച്ചതെന്തെന്നിനിക്കുമറിയണം” 94
- “ആജ്ഞക്കുഭംഗം വരുത്തുമെന്നോർത്തുഞാ-
- നജ്ഞാനിയായിതു കല്പിച്ചതുമിപ്പോൾ” 95
- “ഞാനുമതുതന്നെ വാഞ്ഛിച്ചതുമെടോ
- മാനമേറീടുന്ന ചന്ദ്രഗുപ്തപ്രഭോ! 96
- ഊഴിയിലുള്ള നൃപന്മാരെ നിന്നുടെ
- കീഴാക്കിവെച്ചതുമാരെന്നുതോന്നുന്നൂ 97
- ആരുമറിയാത്തതല്ലെടോനിന്നുടെ
- ധീരതയേറും പ്രഭുത്വവും പ്രൌഢിയും” 98
- “അത്ര വൈദഗ്ദ്ധ്യം ഭവാനുമുണ്ടെങ്കിലോ
- ഭദ്രഭടാദി പ്രധാനജനത്തെയും 99
- രാക്ഷസാമാത്യനേയും കളഞ്ഞീടുവാൻ
- രൂക്ഷമായെന്തപരാധമവർക്കഹോ!“ 100
- “എങ്കിലോ കേട്ടുകൊൾകെന്നു ചാണക്യനും
- ശങ്ക കൂടാതെ പറഞ്ഞുതരുവൻ ഞാൻ 101
- വാരണാദ്ധ്യക്ഷനാം ഭദ്രഭടനശ്വ-
- കാരകനായ പുരുഷദത്താഖ്യനും 102
- മദ്യപാനം ചെയ്തു മത്തരായേറ്റവും
- ഹൃദ്യമാരായുള്ള നാരീജനങ്ങളെ 103
- കണ്ടേടമെത്തിപ്പിടിപെട്ടു പുൽകയും
- കണ്ടജനങ്ങളെക്കൊന്നുമുടിക്കയും 104
- തങ്ങൾക്കു വേണ്ടും പ്രവൃത്തിയും കൈവിട്ടു
- തിങ്ങിനിറഞ്ഞോരു മാനമദങ്ങളും 105
- ഈവണ്ണമുള്ള ധിക്കാരങ്ങൾ കണ്ടു ഞാൻ
- ജീവിതം നീക്കി പ്രവൃത്തി വിരോധിച്ചു; 106
- കോപിച്ചുപോയാരവരുമതുകൊണ്ടു
- സേവിച്ചിതുചെന്നു പർവ്വതരാജനെ 107
- രാജഭണ്ഡാരങ്ങൾ വെച്ചുരക്ഷിക്കുന്ന
- രാജസേനൻ തവ സേവകനാമവൻ 108
- ഭണ്ഡാരമോഷണം ചെയ്തുതന്നെയവ-
- നുണ്ടായിതു ധനമെന്നറിഞ്ഞീടുനീ 109
- എല്ലാവരുമറിഞ്ഞീടുന്നനേരത്തു
- കള്ളനാം താനെന്നു ശങ്ക മുഴുത്തവൻ 110
- ഉൾക്കനം വിട്ടു പുറപ്പെട്ടു പോയുട-
- നൂക്കനാം മ്ലേച്ഛനെ ചെന്നു സേവിച്ചതും 111
- പിന്നെ ബലഗുപ്തഡിങ്കാരതന്മാർക്കു
- മന്നവനീകൊടുത്തീടുന്നജീവിതം 112
- ലോഭം മുഴുക്കയാൽ പോരായ്കയെന്നിട്ടു
- ലാഭമിതിലേറ്റമുണ്ടെന്നുകണ്ടവർ 113
- തിണ്ണം മലയകേതു ക്ഷിതിനാഥനെ
- ചെന്നുസേവിച്ചാരവർകളും ഭൂപതെ!; 114
- പിന്നെയും കേൾ ഭാഗുരായണനാമവൻ
- മുന്നമെ പർവതസേവകനാകയാൽ 115
- തല്പുത്രനോടൊന്നു ചെന്നു പറഞ്ഞുപോൽ
- ‘ത്വൽപ്പിതാവെക്കുലചെയ്തതുചാണക്യൻ’ 116
- ഇത്ഥം പറഞ്ഞു മലയകേതുതന്നെ
- സത്വരം തന്നിടത്തിന്നയച്ചീടിനാൻ; 117
- ചന്ദനദാസൻ തുടങ്ങിയുള്ളോർകൾക്കു
- നിന്ദനിന്നെക്കുറിച്ചുണ്ടായതുമൂലം 118
- ദണ്ഡമകപ്പെടുമെന്നുഭയപ്പെട്ടു
- കുണ്ഠനായ് ചെന്നവൻ മ്ലേച്ഛനെ സേവിച്ചാൻ; 119
- ‘എന്നുടെ ജീവനെ രക്ഷിച്ചതുമിവൻ’
- എന്നുനിരൂപിച്ചു പർവതപുത്രനും 120
- അച്ഛനെ സ്നേഹമുള്ളോനെന്നു കാൺകയാൽ
- മ്ലേച്ഛാധിപൻ ഭാഗുരായണനെത്തദാ 121
- മന്ത്രിപ്രവരനാക്കിക്കൊണ്ടനന്തരം
- സന്തോഷമുൾക്കൊണ്ടിരിക്കുന്നിതിക്കാലം; 122
- മാനമേറീടുന്ന ലോഹിതാക്ഷൻ താനും
- ജ്ഞാനമില്ലാത്തവിജയവർമ്മാവുമായ് 123
- പുത്രദ്വയത്തെ വെറുപ്പിച്ചതുമൂലം
- ഉത്തമന്മാരായ ബാലകന്മാരവർ 124
- വീട്ടിൽ പൊറുതിയില്ലാതെ പുറപ്പെട്ടു
- കഷ്ടം പരവശപ്പെട്ടു കരഞ്ഞവർ 125
- സങ്കടമെന്നോടറിയിച്ചതുമൂലം
- നിൻ കഴൽ കൂപ്പിച്ചു ബാലകന്മാരെ ഞാൻ 126
- അർത്ഥമേതാനുമവർക്കുകൊടുത്തഥ
- ചിത്തം തെളിയിച്ചു വെച്ചോരനന്തരം 127
- ഒട്ടുമതിനെ സഹിയാഞ്ഞവരുടെ
- ധൃഷ്ടരായുള്ള പിതാക്കളിരുവരും 128
- കണ്ടുപോൽ ചെന്നുടൻ പർവതരാജനെ
- പണ്ടിതു ചെയ്യുമാറില്ലെന്നറിഞ്ഞാലും; 129
- ഇത്ഥമവർക്കപരാധങ്ങളാകുന്നു
- ധാത്രീപതെ ധരിച്ചീടുക മാനസെ” 130
- ഇത്തരമുള്ള ചണകാത്മജോക്തികേ-
- ട്ടുത്തരം ചൊന്നാനവനോടു മൌര്യനും 131
- “ഓരോ ജനങ്ങൾക്കപരാധമിങ്ങിനെ
- ഓരോ തരത്തിലുണ്ടായ് വരും നിർണ്ണയം; 132
- വീര്യപുരുഷർക്കിതുണ്ടെന്നിരിക്കിലും
- കാര്യമോർത്താൽ കളയാമൊമഹീസുത! 133
- വെച്ചുകൊള്ളാതെ കളഞ്ഞതെന്തിങ്ങിനെ
- പിച്ചയല്ലിച്ചൊന്നതെന്നുധരിച്ചാലും” 134
- എന്നതുകേട്ടു കൌടില്യനും ചൊല്ലിനാൻ
- “ഇന്നതുതോന്നീലിനിക്കെടൊ മന്നവ” 135
- മന്ദഹാസം പൂണ്ടതു നേരമിങ്ങിനെ
- ചന്ദ്രഗുപ്തൻ ക്ഷിതിനായകൻ ചൊല്ലിനാൻ; 136
- “കൌശലമില്ലായ്കയൊനയങ്ങൾക്കിഹ?
- വാശിപിടിച്ചതൊഴിച്ചുകൂടായ്കയൊ?” 137
- “നീതിക്കു കൌശലം പോരായ്ക കൊണ്ടല്ല
- ചാതുര്യമോടതു ചൊല്ലിത്തരുവൻ ഞാൻ 138
- നാട്ടിൽ പ്രജകൾക്കു രാജാവിനെക്കുറി-
- ച്ചൊട്ടുമേരാഗമില്ലാതെവരും വിധൌ 139
- രണ്ടുപ്രകാരം പ്രതിവിധാനമുണ്ടു
- രണ്ടും പറയാമനുഗ്രഹം നിഗ്രഹം 140
- ഭദ്രഭടനും പുരുഷദത്താഖ്യനും
- ക്ഷുദ്രമതികളായീടുകകൊണ്ടെടോ 141
- സപ്തവ്യസനങ്ങൾ കൊണ്ടും പ്രമത്തരായ്
- ക്ഷിപ്താധികാരികളായുള്ളവർകളെ 142
- രണ്ടാമതുമതിന്നാക്കീടുകില്പുന-
- രുണ്ടാമതിനാലനേകമനർത്ഥങ്ങൾ 143
- ഹസ്തികുലത്തെയുമശ്വഗണത്തെയും
- പൃത്ഥ്വീപതെ മുടിച്ചീടുമറികനീ; 144
- ഏവമനുഗ്രഹമാകുന്നിതുമെടൊ
- കേവലം ദോഷമല്ലാതെയില്ലേതുമെ 145
- എങ്കിലൊകേൾക്കമഹീപതെ!പിന്നെയും
- ‘ഡിങ്കാരതാഖ്യൻ’ ബലഗുപ്തനെന്നിവർ 146
- എത്രയും ലുബ്ധപ്രകൃതികളാകയാൽ
- ധാത്രിയെത്തന്നെകൊടുത്തുവെന്നാകിലും 147
- പ്രീതിവരാതവർക്കെങ്ങിനെ ഭൂപതെ!
- ചേതസി പാർത്താലനുഗ്രഹം നൽകുന്നു? 148
- രാജസേനൻ ഭാഗുരായണനും പിന്നെ
- രാജധനപ്രാണനാശഭയത്തിനാൽ 149
- ഏറ്റം പരവശപ്പെട്ടവർക്കെങ്ങിനെ
- മുറ്റുമനുഗ്രഹം നൽകുന്നു സാമ്പ്രതം? 150
- ലോഹിതാക്ഷാഖ്യൻ വിജയവർമ്മാഖ്യനും
- സാഹസകാരികളാകകൊണ്ടല്ലയൊ 151
- പുത്രരോടേറ്റം മറുത്ത, വർക്കെങ്ങിനെ?
- ധാത്രീശനൽകുന്നതിപ്പോളനുഗ്രഹം; 152
- രണ്ടുപക്ഷം ഞാൻ പറഞ്ഞതിൽ മുന്നേതി-
- ലുണ്ടൊ നിരൂപിച്ചു കണ്ടാലവകാശം? 153
- പിന്നെപ്പറഞ്ഞപക്ഷത്തിന്നുവൈഷംയ-
- മെണ്ണരുതാതോളമുണ്ടെന്നറിഞ്ഞാലും 154
- നന്ദരാജ്യം നിനക്കിന്നു ലഭിക്കയാൽ
- നന്നായിണങ്ങീല നാട്ടിലുള്ളോരെല്ലാം 155
- എന്നുവരുമ്പോൾ “പ്രധാനജനങ്ങൾക്കു
- ദണ്ഡമകപ്പെട്ടുപോ”ലെന്നു കേൾക്കുമ്പോൾ 156
- വിശ്വാസമില്ലാതെയാം പ്രജകൾക്കിഹ
- വിശ്വൈകവീര! മഹീപതെ! നിർണ്ണയം; 157
- എന്നതുകൊണ്ടിഹനിഗ്രഹാനുഗ്രഹം
- മന്നവ! രണ്ടിനും ദോഷമുണ്ടോർക്കനീ 158
- പർവതപുത്രൻ മലയകേതുപ്രഭു
- ഗർവ്വിതനായ് നമുക്കുള്ള ജനത്തെയും 159
- രാക്ഷസാമാത്യനേയുമവന്തന്നുടെ
- പക്ഷത്തിലാക്കിവെച്ചാദരപൂർവകം 160
- മ്ലേച്ഛൻ പെരുമ്പടയോടുമൊരുമിച്ചു
- വാച്ചവിദ്വേഷമകത്തുവർദ്ധിക്കയാൽ 161
- യുദ്ധത്തിനായൊരുമ്പെട്ടവൻ നമ്മോടു
- ബദ്ധരോഷത്തോടിരിക്കും ദശാന്തരെ 162
- ഉത്സവത്തിന്നൊരുമ്പെട്ടതെന്തിന്നുനീ-
- യുത്സാഹമുണ്ടെങ്കിലൊന്നിഹ വേണ്ടതും 163
- അസ്ത്രശസ്ത്രാഭ്യാസവും ചെയ്തുനിത്യവും
- ധാത്രീശ,വെണ്മതിൽ, കോട്ട, കിടങ്ങുകൾ, 164
- നന്നായുറപ്പിച്ചു ശത്രു വരും വിധൌ
- നിന്നുകൊൾവാൻ കരുതീടുക മാനസെ; 165
- എന്നതുകൊണ്ടു ഞാൻ ചന്ദ്രമഹോത്സവം
- ചന്ദ്രഗുപ്താവനിനാഥ! വിലക്കിനേൻ” 166
- പാടവമേറുന്ന കൌടില്യഭൂസുരൻ
- കേടുതീർത്തേവം പറഞ്ഞോരന്തരം 167
- മൌര്യനായുള്ള നരവരശ്രേഷ്ഠനും
- ആര്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ; 168
- “ബന്ധുവാം നമ്മുടെ പർവ്വതപുത്രനെ
- എന്തുമൂലം ഭവാൻ ദൂരെക്കളഞ്ഞത്?” 169
- “എങ്കിലോ കേൾക്ക നീ ചന്ദ്രഗുപ്തപ്രഭൊ!
- ശങ്കകൂടാതെ പറയാമതുമെടൊ! 170
- പർവ്വതപുത്രനിവിടെയിരിക്കുമ്പോൾ
- പൂർവ്വം പ്രതിശ്രുതമായുള്ള രാജ്യത്തിൽ 171
- പാതിപകുത്തുകൊടുക്കയൊ വേണ്ടതും
- ചേതസി പാർത്താൽ വധിക്കയൊ വേണ്ടതും 172
- കൊന്നാലവനുടെ താതനെക്കൊന്നതും
- നിർണ്ണയം നാമെന്നു ചൊല്ലുമെല്ലാവരും 173
- നൂനമതിനാൽ കൃതഘ്നരെന്നുള്ളൊരു
- നാണയം നീളെ നടക്കും നമുക്കെടൊ 174
- നാടിഹപാതിപകുത്തുകൊടുക്കിലും
- കേടതിനുണ്ടെന്നറിക ധരാപതെ! 175
- മാനിയാം പർവ്വതരാജനെക്കൊന്നതിൽ
- നൂനം കൃതഘ്നത മാത്രം ഫലമെടൊ! 176
- ഇച്ചൊന്നതൊക്കെ നിരൂപിച്ചു കണ്ടു ഞാൻ
- മ്ലേച്ചസുതനെക്കളവാനവകാശം,“ 177
- “മന്ത്രിപ്രവരനാം രാക്ഷസൻ തന്നുടെ
- അന്തർന്നഗരത്തില്വാഴും ദശാന്തരെ 178
- എന്തോന്നുകണ്ടിട്ടപേക്ഷിച്ചതുമെന്നു
- ചിന്തിച്ചുതോന്നീലിനിക്കെ”ന്നുമൌര്യനും; 179
- “ചൊല്ലാമതും നൃപശ്രേഷ്ഠ, നീ കേളെടൊ!
- വല്ലായ്മ കാട്ടുന്ന ദുർമ്മന്ത്രി രാക്ഷസൻ 180
- ഉള്ളിൽ കിടന്നാലവനിഹ നമ്മെയും
- വല്ലപ്രകാരവും കൊല്ലുമറിഞ്ഞാലും 181
- ദൂരെയകറ്റിക്കളഞ്ഞാൽ പുറത്തിരു-
- ന്നാരാനെയും ചെന്നു സേവിച്ചുകൊണ്ടവൻ 182
- കാട്ടുന്നതു തടുത്തീടുവാനേതുമെ
- വാട്ടമില്ലെന്നങ്ങറിക മഹീപതെ!“ 183
- “എങ്കിലെന്താര്യനുപായം പ്രയോഗിച്ചു
- സങ്കടം കൂടാതെ രാക്ഷസാമാത്യനെ 184
- ദൂരെയകറ്റിക്കളഞ്ഞതിതെന്തെന്നു
- നേരെപറകെ”ന്നു ചൊല്ലിനാൻ മൌര്യനും 185
- “എന്തറിഞ്ഞൂ ഭവാനേറ്റമുപായങ്ങ-
- ളന്തരം കൂടാതെ ചെയ്തമാത്യേന്ദ്രനെ 186
- ഉള്ളിൽ തറച്ചിളകാതെ കിടക്കുന്ന
- ശല്യം പറിച്ചു കളയുന്നതുപോലെ 187
- തള്ളിക്കളഞ്ഞതറിഞ്ഞീലയൊഭവാ-
- നല്ലെന്നു തോന്നുവാനെന്തൊരു വിഭ്രമം!“ 188
- “അത്രവൈദഗ്ദ്ധ്യമുണ്ടെങ്കിൽ ഭവാനെന്തു
- വിക്രമം ചെയ്തു പാടാക്കിവെക്കാത്തതും?” 189
- “വിക്രമിച്ചാലതിനുണ്ടെടൊ വൈഷമ്യ-
- മുൾക്കരുത്തേറുന്ന മന്ത്രികുലോത്തമൻ 190
- പ്രാണൻ കളയുമതല്ലായ്കിൽ നിന്നുടെ
- ചേണാർന്നവൻ പടകൊന്നു മുടിച്ചീടും 191
- രണ്ടുപ്രകാരവുമെന്നാകിലുമാകാ
- കണ്ടുകളഞ്ഞുഞാനെന്നറിഞ്ഞീടുനീ 192
- ഏറ്റുമരിച്ചുവെന്നാകിലതിനൊരു
- കുറ്റം ഗുണജ്ഞനല്ലൊ മന്ത്രിസത്തമൻ 193
- കാട്ടിൽ കിടക്കുന്ന കാട്ടാനയെപ്പോലെ
- വീട്ടിൽ വരുത്തുവാൻ യത്നവും ചെയ്കനീ” 194
- ആര്യൻ പറഞ്ഞാൽ മടക്കുവാനാളല്ല
- കാര്യമറിയുന്നവർകളിൽ വെച്ചഹൊ 195
- രാക്ഷസാമാത്യനോടൊത്തവരാരുമി-
- ലിക്ഷിതിതന്നിലതിനില്ല സംശയം” 196
- “ഒക്കുമൊക്കുമെടൊ രാക്ഷസാമാത്യന-
- ങ്ങിക്കാലമെന്തൊന്നതിശയമായതും?” 197
- “ഏതുമറിഞ്ഞതില്ലെങ്കിൽ ഭവാനു ഞാൻ
- ഭൂതധാത്രീദേവ! ചൊല്ലിത്തരാമിപ്പോൾ 198
- നന്ദനൃപതികൾ നിത്യമായ് വാഴുന്ന
- മന്ദിരമിങ്ങു ലഭിച്ചോരനന്തരം 199
- തന്നിൽ നിനച്ച കാലം നിജവാസിതം
- നന്നായിവന്നിതെന്നില്ലാമനസിമെ 200
- കല്പിതം സാധിപ്പതിനറിയാതെനാം
- കല്പാന്തവും വസിച്ചീടുക യോഗമൊ? 201
- വാണാനതുമൂല,മേറപ്രജകൾക്കു
- കാണാതെയായ്വന്നുനമ്മിലനുരാഗം” 202
- ഭൂസുരനാകിയ ചാണക്യനുമതി-
- ഭാസുരമായതിനുത്തരം ചൊല്ലിനാൻ 203
- “രാഗം പ്രജകളിലേറിച്ചമകയു-
- മേകത്രവാസം വളരെക്കഴിക്കയും 204
- നന്ദനൃപതിയെക്കൂറുള്ളവർകൾക്കു
- നിന്ദകൂടാതെവരികയും ഭൂപതെ 205
- അർത്ഥപുരുഷാരമുണ്ടാകയും നിജ-
- ബുദ്ധിവിലാസം വിളങ്ങിച്ചമകയും 206
- കൂറുള്ള ബന്ധുക്കളേറയുണ്ടാകയു-
- മേറുന്ന ഭക്തി നൃപനിലുണ്ടാകയും 207
- ഇത്തരമുള്ളതുകൊണ്ടമാത്യൻ പണ്ടു
- ചിത്തമുറപ്പിച്ചിവിടെ വസിച്ചതും; 208
- രാക്ഷസാമാത്യനു തന്നുള്ളിലുണ്ടൊന്നു
- സാക്ഷാൽ കിടന്നു മുറുകുന്നു സന്തതം 209
- നന്ദനൃപന്മാരെയൊക്കെ വധിപ്പിച്ചു
- ചന്ദ്രഗുപ്തപ്രഭൊ നിന്നെ ഞാനാദരാൽ 210
- ഭൂമിക്കു നാഥനായ് വാഴിച്ചതുപോലെ
- കാമിച്ചിരിക്കുന്നു പർവ്വതപുത്രനെ 211
- വാഴിപ്പതിനുഭവാനെക്കുലചെയ്തു
- ഭോഷത്വമേറുന്ന രാക്ഷസൻ കശ്മലൻ 212
- നന്ദനെക്കൊന്നതും നിന്നെവാഴിച്ചതും
- പട്ടാംഗചൊല്ലുനീമറ്റാരതായതും 213
- ദുഷ്ടനാം രാക്ഷസൻ നോക്കിയിരിക്കവെ
- ധൃഷ്ടനായ് ചെയ്തോരവസ്ഥകളൊന്നുമെ 214
- ഞാനല്ലയൊചൊല്ലുമത്സരം കൈവിട്ടു
- മാനം മുഴുത്തൊരു മൌര്യ മഹീപതെ!“ 215
- “ദൈവമത്രെ നവനന്ദനൃപന്മാരെ
- ഈവണ്ണമാക്കിച്ചമച്ചതറിഞ്ഞാലും 216
- ആര്യനെന്നുള്ളോരഹംഭാവമുണ്ടെങ്കിൽ
- മൌര്യനെന്നുള്ളതിനിക്കുണ്ടുതോന്നുന്നു” 217
- “ദൈവം പ്രമാണീകരിക്കുന്നവർകളെ
- ക്കേവലം മൂഢരെന്നുള്ളതറികനീ” 218
- “മൂഢരല്ലാതവർ വമ്പു പറയുമൊ
- പ്രൌഢിയെക്കാട്ടുമൊവിപ്രകുലപതെ!“ 219
- ഇത്തരം വാക്കുകൾ കേട്ട ചാണക്യനും
- ചിത്തത്തിലേറ്റം വളർന്നിതുകോപവും 220
- ധാത്രംവിറച്ചുകണ്ണും ചുവത്തിക്കൊണ്ടു
- ധാത്രീശനോടു പറഞ്ഞുതുടങ്ങിനാൻ 221
- “പോരുമെന്നോടു നീയിത്തരം ചൊന്നതു
- മേറപ്പറഞ്ഞുപോകദുരാത്മാവെ 222
- ഭൃത്യനോടെന്നപോലേനീപലതരം
- ഉത്തരം ചൊന്നതുപോരും ജളപ്രഭോ 223
- സത്യം വൃഷലനല്ലോനീനിരൂപിക്കി-
- ലുത്തമനായുള്ള ഭൂസുരൻ ഞാനെടോ 224
- മന്നവരാം നവനന്ദവധംകൊണ്ടു
- മന്ദമടങ്ങുന്നമന്യൂദഹനനെ 225
- ഉജ്വലിപ്പിക്കയാലാശുനിനക്കിന്നു
- നിശ്ചയം നാശം ഭവിക്കും ജളപ്രഭോ 226
- എന്നിൽ വലിയവൻ രാക്ഷസനെന്നൊന്നു
- നിന്നുള്ളിലുണ്ടെങ്കിലേതുമേവൈകാതെ 227
- വാളിതാവെക്കം കൊടുക്കനീരാക്ഷസ-
- ന്നാളല്ല ഞാനിത്തരങ്ങൾക്കറിഞ്ഞാലും” 228
- എന്നുപറഞ്ഞഥവാളുമെറിഞ്ഞാശു
- തിണ്ണമെഴുന്നേറ്റു ചാണക്യഭൂസുരൻ 229
- മന്നനോടൊന്നുമെമിണ്ടാതെ നോക്കാതെ
- തന്നിടം പുക്കിരുന്നിങ്ങിനെ ചിന്തിച്ചാൻ 230
- “രാക്ഷസനിപ്രയോഗങ്ങളെപ്പേരുമെ
- സൂക്ഷ്മതരമായറിഞ്ഞവനൊക്കവെ 231
- ചാണക്യനോടു വിപരീതമാക്കിഞാൻ
- നൂനമിച്ചന്ദ്രഗുപ്താവനിനാഥനെ 232
- ഇപ്പോൾ ജയിക്കുന്നതുണ്ടെന്നുറച്ചവൻ
- കെൽപ്പോടും ചെയ്യും പ്രയോഗങ്ങളൊക്കവെ 233
- നിഷ്ഫലമായ്വരുമെന്നതുമല്ലെടോ
- തൽ ഫലം നീതാനനുഭവിക്കും ദൃഢം” 234
- ഇത്തരമോരോന്നു ചിന്തിച്ചു തന്നുടെ
- പത്തനത്തിങ്കൽ വാണീടിനാൻ വിപ്രനും 235
- കോപിച്ചുപോയോരു ഭൂദേവനെക്കണ്ടു
- താപം കലർന്നു ചിന്തിച്ചിതു മൌര്യനും 236
- “ആര്യനിന്നെന്നോടു കോപിച്ചതുമിഹ
- കാര്യമായ്ത്തന്നെ വരുന്നതോദൈവമേ! 237
- കോപിച്ച ഭാവം നിരൂപിച്ചു കാണുമ്പോൾ
- ഭാവിച്ചതല്ലെന്നു തോന്നുന്നു മാനസേ 238
- വല്ലായ്മമൌര്യൻ പറഞ്ഞതുകേട്ടിട്ടു
- വല്ലതും വന്നാൽ പൊറുക്കെന്നതേയുള്ളു” 239
- ഇത്ഥം നിരൂപിച്ചു ചന്ദ്രഗുപ്തനൊരു
- ഭൃത്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ 240
- “ആര്യചാണക്യനധികാരമൊക്കവെ
- വൈരവശാൽ വെച്ചുപോയി”തെന്നിങ്ങിനെ 241
- നാട്ടിൽ പ്രജകളോടൊക്കെപ്പറയണം
- ഒട്ടുമേവൈകരുതെന്നയച്ചീടിനാൻ 242
- എല്ലാവരുമറിഞ്ഞാരതുമക്കാല-
- മെല്ലാടവുമൊരുഘോഷവുംകൊണ്ടുതെ 243
- “വെച്ചുപോൽ സർവ്വാധികാരം ചണകജൻ
- സ്വച്ഛനായ്വാഴുമാറായിതുമൌര്യനും” 245
- മൌര്യനും പിന്നെയതുതന്നെ ചിന്തിച്ചു
- ധൈര്യമുറപ്പിച്ചിരുന്നാനതുകാലം 246
- ഏതുമരുതിച്ചൊൽവാനിനിക്കെന്നു
- ചാതുര്യമോടുരചെയ്താൽ കിളിമകൾ 247
- പാലും മധുവും തെളിഞ്ഞൂനുകർന്നഥ
- പാൽമൊഴിയാളുമടങ്ങി മരുവിനാൾ 248
അഞ്ചാം പാദം സമാപ്തം.