ചാണക്യസൂത്രം (കിളിപ്പാട്ട്)/ആറാം പാദം
- വരികരികിൽനീയരിയശാരികെ
- പറകശേഷമാം കഥകളൊക്കവെ 1
- വറുത്തരിയവില്പൊരിവറുത്തെള്ളും
- കുറുക്കുപാലതിൽ കുഴച്ചുസാദരം 2
- വെളുത്തവെല്ലവും പൊടിച്ചതിലിട്ട-
- ങ്ങിളക്കിമേളിച്ചു നിനക്കു ഞാൻ തരാം 3
- മടിച്ചിരിയാതെ ഭുജിച്ചിളമധു
- കുടിച്ചുദാഹവുമിളച്ചുചൊല്ലെടോ 4
- വിചിത്രമെത്രയും നിനച്ചു കാൺകിലി-
- ചരിത്രമെന്നതെപറയാവുദൃഢം 5
- അതിപ്രവരനാം മലയകേതുവും
- മതിപ്രയോഗമുള്ളമാത്യനും പിന്നെ 6
- പ്രവൃദ്ധരാഗമാർന്നിരുവരും കൂടി
- പ്രവൃത്തിച്ചതെന്തെന്നുരചെയ്തീടുനീ 7
- അതുകേട്ടുകിളിത്തരുണിയുമതി-
- മധുരമായ്മനം തെളിഞ്ഞു ചൊല്ലിനാൾ :- 8
- കഴിഞ്ഞേറ്റം കഥാവിഷമിച്ചേറ്റവു-
- മൊഴിഞ്ഞുഞാനെന്നതറികയും വേണം 9
- ഉരചെയ്‌വാൻ പണി പെരുതെന്നാകിലു-
- മൊരുവണ്ണം കഥാകഴിവോളം നേരം 10
- പറകെന്നുവന്നു, വചസിസാമർത്ഥ്യം
- കുറയുമെങ്കിലും തെളിഞ്ഞുകേട്ടാലും 11
- മലയകേതുവാം നൃപതിവീരനെ
- പലകാലം സേവിച്ചമാത്യരാക്ഷസൻ 12
- ഇരിക്കും കാലത്തങ്ങൊരുദിനം തത്ര
- കരുത്തേറും ഭദ്രഭടാദികളെയും 13
- അഭിമതം തനിക്കധികമുള്ളൊരു
- ക്ഷപണനെയും കണ്ടതിമോദം പൂണ്ടാൻ; 14
- അവരിൽ വെച്ചു ഭാഗുരായണൻ മുന്ന-
- മവനിനാഥനാം മലയകേതുതാൻ 15
- ഇരിക്കും മന്ദിരമകം പുക്കു നൃപ-
- വരനെക്കണ്ടവനവസ്ഥകളെല്ലാം 16
- അറിയിച്ചീടിനാനതുകാലം മന്ത്രി
- വരനാക്കീടിനാനവനേയും മ്ലേച്ഛൻ 17
- പടെക്കു നാഥനാം ശിഖരസേനനെ
- പടുത്വമുള്ളൊരു ഭദ്രഭടാദികൾ 18
- തിരഞ്ഞുകണ്ടവനവരോടും കൂടി
- വിരിഞ്ഞുഭൂപതിവരനെക്കണ്ടുതെ; 19
- കുടിലനായുള്ള ചണകപുത്രനോ-
- ടിടഞ്ഞുപോന്നതുമറിയിച്ചീടിനാർ; 20
- അതിനുപർവ്വതസുതനവർകളെ
- യതിനായിട്ടധിപതികളാക്കിനാൻ 21
- അതുകാലം മ്ലേച്ഛതനയനോടവ-
- രതിഗൂഢമായൊന്നുരചെയ്തീടിനാർ 22
- “ശിഖരസേനനോടൊരുമിച്ചു ഞങ്ങൾ
- അഖിലനാഥനാം ഭവാനെക്കണ്ടതി- 23
- ന്നൊരുവസ്തുവുണ്ടെന്നറിക ഭൂപതെ
- പറഞ്ഞറിയിക്കാമതുമിഹ ഞങ്ങൾ; 24
- തവസചിവനാമമാത്യരാക്ഷസൻ
- അവനിനാഥനായ് മരുവും മൌര്യനോ- 25
- ടൊരുമിച്ചീടുവാനവസരമിപ്പോൾ
- കരുതിപ്പാർക്കുന്നു; ചതിക്കും രാക്ഷസൻ 26
- അതുമൂലമാത്യകനെകൂടാതെ
- ചതിക്കുമെന്നുള്ള ഭയം കൊണ്ടു ഞങ്ങൾ 27
- ശിഖരസേനനോടൊരുമിച്ചുവന്നി-
- ട്ടഖിലനാഥനാം ഭവാനെക്കണ്ടതും” 28
- അവർകളിങ്ങിനെ പറഞ്ഞതു കേട്ടി-
- ട്ടവനിനാഥനാം മലയകേതുവും 29
- തദനു ഭാഗുരായണനേയും വിളി-
- ച്ചതു സമസ്തവുമറിയിച്ചീടിനാൻ; 30
- അരിഭയാൽ ഭാഗുരായണനന്നേരം
- പെരികെ മോദം പൂണ്ടുരചെയ്തീടിനാൻ; 31
- “കൃപനൃപതിക്കു വളർപ്പതിന്നായി
- നൃപതിയെസ്നേഹം പെരികെയുള്ളോനെ 32
- കപടം കൈവിട്ടാശ്രയിച്ചു വന്നവർ
- നൃപശിഖാമണെ! ഭവാനെക്കണ്ടതും” 33
- അതുകേട്ടുനരവരനും ചൊല്ലിനാൻ
- “ചതിവെടിഞ്ഞുള്ളൊരമാത്യനെപ്പോലെ 34
- പെരികെസ്നേഹമുള്ളവർകളാരുമി-
- ദ്ധരണിയിലില്ലെന്നറിഞ്ഞാലുമെടോ” 35
- ചിരിച്ചു ഭാഗുരായണനുമന്നേര-
- മിരിക്കും മ്ലേച്ഛനോടുര ചെയ്തീടിനാൻ 36
- “അതിനേതുമൊരു വികല്പമില്ല ഞാ-
- നതുകൊണ്ടല്ലെടൊ പറഞ്ഞതുമിപ്പോൾ 37
- ചണകപുത്രനോടമാത്യനേറ്റവും
- പിണക്കമാകുന്നു ധരിക്ക മാനസെ 38
- പിണക്കമില്ല ചന്ദ്രഗുപ്തനെക്കുറി-
- ച്ചിണക്കമീവഴി നിനക്കിലുണ്ടെല്ലൊ 39
- കുടിലചിത്തനാം ചണകപുത്രന്റെ
- കടുപ്പങ്ങളൊട്ടും പൊറുക്കാതെ മൌര്യൻ 40
- അധികാരം കോപിച്ചൊഴിപ്പിച്ചീടുകി-
- ലതിഗുണജ്ഞനാമമാത്യരാക്ഷസൻ 41
- മരിച്ച നന്ദനെക്കുറിച്ചു ഭക്തികൊ-
- ണ്ടുറച്ചീടും തന്റെ മനസ്സിലിങ്ങിനെ:- 42
- “നിനച്ചു കാൺകിലീ നൃപതി മൌര്യനും
- ജനിച്ചതും നന്ദകുലത്തിൽ നിർണ്ണയം 43
- നിനച്ചിതുവഴിയുറച്ചു രാക്ഷസൻ
- മനക്കരുത്തേറുമരിയ മൌര്യനെ 44
- പെരുത്ത മത്സരം കളഞ്ഞുകണ്ടുട-
- നിരിക്കുമില്ലൊരു വികല്പമേതുമെ; 45
- അവർകളെക്കുറിച്ചതുനേരം ഭവാ-
- നവിശ്വാസം വരുമതുകണ്ടിട്ടെല്ലൊ 46
- മികവേറും ഭദ്രഭടപ്രഭൃതികൾ
- ശിഖരസേനമാശ്രയിച്ചുവന്നതും!“ 47
- സചിവനായ ഭാഗുരായണൻ തന്റെ
- വചനം കേട്ടു പർവ്വതപുത്രൻ ചൊന്നാൻ 48
- “പരമാർത്ഥം സഖെ പറഞ്ഞതൊക്കവെ
- നിരന്നിതുനിന്റെ വചനമേറ്റവും 49
- ചണകജൻ തനെ കുടുമകൊണ്ടോരോ
- ജനങ്ങൾ മൌര്യനെ വെടിഞ്ഞുപോരുന്നു 50
- നമുക്കിതുകാലം പടകൊണ്ടുചെന്നി-
- ട്ടമർക്കണം മൌര്യ ചണകജന്മാരെ 51
- മമതാതൻ തന്നെക്കുറിച്ചിനിക്കൊരു
- മമതയില്ലെന്നു പറയുന്നു ജനം 52
- കഴിഞ്ഞുപത്തുമാസവുമെന്റെയച്ഛൻ
- കഴിഞ്ഞതുമുതലറികെടൊ സഖെ! 53
- ചതിച്ചുതാതനെക്കുലചെയ്തമൂലം
- പ്രതിജ്ഞയും കോപിച്ചീവണ്ണം ചെയ്തു ഞാൻ 54
- പിതൃഹന്താവിനെകുലചെയ്യാതെഞാൻ
- പിതൃക്രിയചെയ്യുന്നതുമില്ലേതുമെ 55
- കരുത്തനായ ഞാൻ പ്രതിജ്ഞയും ചെയ്തു
- പൊറുക്കുന്നതെന്റെ ബലക്ഷയം തന്നെ 56
- മറുത്തരികളേ വധിച്ചു വൈകാതെ
- മരിച്ചതാതന്റെ ജലക്രിയ ചെയ്‌വാൻ 57
- എതൃത്തുപോർചെയ്തുമരിപ്പനല്ലായ്കിൽ
- വിധിച്ചതൊക്കവെ വരുമെടൊസഖെ! 58
- അതിനമാത്യന്റെ കരുത്തുണ്ടെന്നാകി-
- ലിതുകാലം പുനരെളുപ്പമുണ്ടെടൊ 59
- ശിരസിവേദനകലർന്നുരാക്ഷസൻ
- പരവശപ്പെട്ടു കിടക്കുന്നിതിപ്പോൾ 60
- അതുകൊണ്ടു മന്ത്രിപ്രവരനെക്കാണ്മാൻ
- അധികമായിപ്പോളുഴറിവന്നു ഞാൻ 61
- പുറപ്പെടുക നാമതിനുവൈകാതെ
- പരക്കവേണ്ടനാമിരുവരുമ്മതി 62
- പലതരമിത്ഥം പറഞ്ഞുഴറ്റോടെ
- മലയകേതു ഭാഗുരായണനുമായ് 63
- പുറപ്പെട്ടുചെന്നങ്ങമാത്യൻ വാഴുന്ന
- പുരത്തിനു ചെന്നങ്ങടുത്തതുനേരം 64
- വസുസമനായുള്ളമാത്യരാക്ഷസൻ
- കുസുമമന്ദിരത്തിലെ വിശേഷങ്ങൾ 65
- അറിവതിന്നു താൻ പറഞ്ഞയച്ചൊരു
- കരഭകനൊരു പഥികൻ വേഷമായ് 66
- പരമാർത്ഥമെല്ലാമറിഞ്ഞുവന്നുടൻ
- തിറമേറും മന്ത്രിപ്രവരനെക്കണ്ടാൻ 67
- പുരം പ്രവിഷ്ടനാമവനെക്കണ്ടഥ
- ചിരിച്ചമാത്യനുമിവണ്ണം ചൊല്ലിനാൻ 98
- “പെരികനന്നെടോവരികരികിൽനീ
- പറക മൌര്യന്റെ ചരിതമൊക്കവെ” 69
- രഹസ്യമാം വണ്ണം പറവതിനപ്പോൾ
- മഹത്വമുള്ള രാക്ഷസൻ നിനച്ചുള്ളിൽ 70
- ശകടദാസനോടി”വനേയും കൊണ്ടി-
- ങ്ങകത്തുപോരികെ”ന്നുര ചെയ്തീടിനാൻ 71
- അഥശകടനും കരഭകൻ താനു-
- മതിഗുണനയമുടയമന്ത്രിയും 72
- അകത്തുപുക്കുടനടച്ചുവാതിലു-
- മകം തെളിഞ്ഞുടനിരുന്നാരേവരും 73
- മലയകേതുവും സചിവനും കൂടി
- ചില കാര്യം നിനച്ചമാത്യനെകാണ്മാൻ 74
- പുരം പുക്കനേരമറയിലെന്നുകേ-
- ട്ടിരുവരും കൂടെയവിടെച്ചെല്ലുമ്പോൾ 75
- അറവാതിൽ നന്നായടച്ചു കണ്ടപ്പോ-
- ളിറപാർത്തുനിന്നാരവരുമന്നേരം 76
- കുതുകേനകരഭകനോടുമന്ത്രി
- പതുക്കച്ചോദിച്ചു തുടങ്ങിയന്നേരം 77
- “കരഭകനീയസ്തനകലശനെ
- യരിപുരത്തുങ്കല്പുനരുണ്ടൊകണ്ടു?” 78
- അതുകേട്ടു കരഭകനും ചൊല്ലിനാൻ
- “മതിമാനാമവനേയും കണ്ടേനഹം” 79
- മലയകേതുവുമതുകേട്ടുമോദം
- കലർന്നു ഭാഗുരായണനോടുചൊന്നാൻ 80
- “അറികനീപുഷ്പപുരവൃത്താന്തങ്ങ-
- ളറിയിക്കുന്നതുമൊരുവൻ മന്ത്രിയെ 81
- രഹസ്യമായൊരു വചനം ചൊല്ലുമ്പോൾ
- ബഹുത്വവുമാക്കിടരുതല്ലൊ പാർത്താൽ 82
- ഇറപാർത്തു കേട്ടാലറിയാമെന്തെല്ലാ-
- മ്മറവുകളെന്നു ധരിക്കെടൊ സഖെ” 83
- “പരമാർത്ഥം തന്നെ പറഞ്ഞതു ഭവാ-
- നറിയാമൊക്കെ” യെന്നവനും ചൊല്ലിനാൻ 84
- അതിവിദഗ്ദ്ധനാം കരഭകൻ തന്നോ-
- ടതുനേരം മന്ത്രിപ്രവരനും ചൊന്നാൻ 85
- “മനക്കരുത്തേറും കരഭകയിപ്പോൾ
- നിനച്ചു കാരിയം ഫലിച്ചിതൊ പാർത്താൽ?” 86
- “ഫലിച്ചിതേറ്റവും തവനയത്തിനൊ
- വലിപ്പമുണ്ടെന്നു ധരിക്ക മാനസെ” 87
- അതുകേട്ടുപറുവതകപുത്രനും
- അതിഗുണമുള്ള സഖിയോടോതിനാൻ 88
- “നിനച്ച കാര്യമെന്നിതാ പറയുന്നൂ
- ഇനിക്കതെന്തെന്നു തിരിയുന്നില്ലെടോ” 89
- “നൃപതികൾ ചൂടും മകുടരത്നമേ
- കപടമന്ത്രികൾ ചരിതമെങ്ങിനെ 90
- അറിയുന്നു പുനരിനിയും പാർക്കുമ്പോ-
- ളറിയാം പക്ഷെ”യെന്നുരചെയ്തീടിനാൻ 91
- അകത്തിരുന്നപ്പോളമാത്യരാക്ഷസൻ
- അകക്കുരുന്നേറ്റം തെളിഞ്ഞുചൊല്ലിനാൻ 92
- “പറെകെവിസ്തരിച്ചഖിലവുമെടൊ”
- “പറയാമെങ്കി” ലെന്നവനും ചൊല്ലിനാൻ 93
- “തവനിയോഗത്താലഗതിവേഷം പൂ-
- ണ്ടിവിടുന്നു പുഷ്പപുരിക്കു ചെന്നു ഞാൻ 94
- സ്തനകലശനോടഖിലവും തവ
- മനസിചിന്തിതമുരചെയ്തീടിനേൻ 95
- ചണകപുത്രനോടവനീശൻ മൌര്യൻ
- പിണങ്ങുന്നേരമപ്പഴുതറിഞ്ഞുനീ 96
- ധരണീശൻ തന്നെ സ്തുതിക്കണമെന്നു
- പറഞ്ഞുമന്ത്രിയെന്നുരചെയ്തീടിനേൻ 97
- അതിനേതുമൊരു കുറവിനിക്കില്ലെ-
- ന്നതിവിദഗ്ദ്ധനാമവനും ചൊല്ലിനാൻ 98
- അനന്തരം മൌര്യൻ പ്രജകടെയെല്ലാ
- മ്മനം കേട്ടു നന്ദനിധനചിന്തയാ 99
- നിരുത്സാഹേന കണ്ടവർക്കു സന്തോഷം
- വരുത്തേണമെന്നു നിനച്ചു കണ്ടുള്ളിൽ 100
- പുരങ്ങളൊക്കവെയലംകരിപ്പിച്ചി-
- ട്ടൊരു ചന്ദ്രോത്സവം തെളിഞ്ഞു കല്പിച്ചാൻ 101
- അതിനാലാനന്ദം കലർന്നു ലോകർക്കും
- അതിനൊരുദ്യോഗം വളർന്നനന്തരം” 102
- അതുകേട്ടുകണ്ണിലുറന്നവെള്ളമോ-
- ടധികം താപേന പറഞ്ഞുരാക്ഷസൻ 103
- “മമനൃപൻ നന്ദൻ ധരണിക്കിന്നൊരു
- കുമുദബാന്ധവന്മദനസന്നിഭൻ 104
- ഗുണഗണങ്ങൾക്കു സതതം വാഴുവാൻ
- മണികലശനാം നൃപനെക്കൂടാതെ 105
- നിറക്കുമോ ചന്ദ്രമഹോത്സവമിപ്പോൾ
- മറക്കുമോ മമ നൃപനെ ഞാനഹോ” 106
- പലതരമിത്ഥം പറഞ്ഞമാത്യനു-
- മലറിവീണിതു പെരുത്ത ദുഃഖത്താൽ 107
- കരഭകൻ താനും ശകടനും കൂടി
- പരവശം കണ്ടു പിടിച്ചമാത്യനെ 108
- നിവർത്തിനാൻ വെള്ളം തളിച്ചു താപത്തിൻ
- നിവൃത്തിയുമൊട്ടു വരുത്തിനാരഹോ 109
- കരഭകനോടു പുനരമാത്യനും
- “പറകശേഷ”മെന്നുരചെയ്തീടിനാൻ 110
- അതുകേട്ടുചൊന്നാനവനു”മെങ്കിലൊ
- ചതിയേറീടുന്ന ചണകനന്ദനൻ 111
- മുടക്കിനാൻ ചന്ദ്രമഹോത്സവം പിന്നെ
- കടുപ്പമെങ്ങിനെ പറഞ്ഞുകൂടുന്നു?” 112
- അതുകേട്ടു മൌര്യൻ ചണകപുത്രനോ-
- ടതികുപിതനായുരചെയ്യുന്നേരം 113
- സ്തനകലശനപ്പൊഴുതു മൌര്യന്റെ
- ഗുണഗണം വാഴ്ത്തി സ്തുതിച്ചുസാദരം 114
- നൃപനാജ്ഞാഭംഗം സഹിച്ചുകൂടാതെ
- കപടബുദ്ധിയാം ചണകപുത്രനെ 115
- അധികാരത്തിങ്കെന്നൊഴിപ്പിച്ചാൻ തവ
- മതിഗുണങ്ങളെ പ്രശംസിച്ചുതന്നെ” 116
- പറഞ്ഞ ചാരന്റെ വചനം കേട്ടഥ
- നിറഞ്ഞൊരാനന്ദം വഴിഞ്ഞ രാക്ഷസൻ 117
- പറഞ്ഞാ”നെന്നുടെ സ്തനകലശന്റെ
- വിരുതുകളത്രെ ഫലിച്ചതുമിപ്പോൾ 118
- പെരികനന്നെല്ലോസ്തനകലശന്റെ
- വിരഞ്ഞഭേദത്തെ മുളപ്പിച്ച വാറും 119
- ശിശുക്കളും നിജകളികളിൽച്ചെന്നാൽ
- നശിപ്പിച്ചാലതു സഹിക്കയില്ലവർ 120
- നരവരനുണ്ടൊ പുനരാജ്ഞാഭംഗം
- പൊറുത്തുപാർക്കുന്നു മനസി സന്തതം” 121
- പലതരമവർ പറഞ്ഞതുകേട്ടു
- മലയകേതുവുമുരചെയ്തീടിനാൻ 122
- “ഗുണജ്ഞ ഭാഗുരായണ! നീ കേട്ടില്ലേ
- ഗുണപ്രശംസചെയ്തമാത്യന്റെ മൌര്യൻ 123
- ചണകപുത്രനെയൊഴിച്ചതോർക്കുമ്പോൾ
- ഇണക്കമുണ്ടെന്നു ധരിക്കെടോ സഖേ” 124
- “ഗുണപ്രശംസകൊണ്ടറിയണമെന്നും
- ചണകപുത്രനെയൊഴിച്ചതോർക്കുമ്പോൾ 125
- ഇതില്പരമെന്തൊന്നറിവതിനെന്നു”
- മതിമാൻ ഭാഗുരായണനും ചൊല്ലിനാൻ 126
- പുനരപികരഭകനോടുമന്ത്രി
- വിനയമുൾക്കൊണ്ടു പറഞ്ഞാനിങ്ങിനെ 127
- “നരപതി ചാണക്യനോടു കോപിപ്പാൻ
- നിറമേറും ചന്ദ്രമഹോത്സവത്തിന്റെ 128
- മുടക്കം ചെയ്തതിലൊടുങ്ങിയൊമറ്റും
- കടുപ്പമേതാനുമിനിയും കേട്ടിതൊ?” 129
- അതുകേട്ടുചൊന്നാൻ മലയകേതുവും
- മതിമാനായുള്ള സചിവനോടേവം 130
- “നരവരൻ കോപിച്ചതിൻ മൂലം തിര-
- ഞ്ഞറിഞ്ഞിട്ടെന്തൊരു ഫലം മന്ത്രിക്കിപ്പോൾ?” 131
- “ഫലമതിനെന്തെന്നുരചെയ്യാ”മെന്നു
- മലയകേതുവോടുരചെയ്തീടിനാൻ, 132
- “മതിമാനായുള്ള ചണകനന്ദന-
- നിതുകാലമൊരു ഫലവും കൂടാതെ 133
- നൃപനെ കോപിപ്പിക്കയുമില്ലപാർത്താ-
- ലുപകാരം ചെയ്താൽ മറക്കുമൊ മൌര്യൻ 134
- അതുകൊണ്ടല്ലയൊഗുരുവിനെനിന്ന-
- ങ്ങധികാരത്തിങ്കന്നൊഴിച്ചതുമിപ്പോൾ 135
- പലപ്രകാരവും നിരൂപിച്ചുകണ്ടാൽ
- നിലവിട്ടുവൈരം മുഴുത്തീടുമത്രേ 136
- അകന്നിരിക്കയില്ലിവർക്കിനിയെന്ന-
- തകമേ ചിന്തിച്ചു പറവാൻ കാരണം 137
- കരഭകൻ മന്ത്രിപ്രവരനോടപ്പോൾ
- ചിരിച്ചു ചൊല്ലിനാനിനിയുമുണ്ടെടോ 138
- മലയകേതുവാം നരപതിയേയും
- പലഗുണമുള്ള ഭവാനേയും പിന്നെ 139
- കളഞ്ഞതേതുമെ തെളിഞ്ഞീലാമൌര്യ-
- നിളക്കമുണ്ടതിലറിക സാമ്പ്രതം” 140
- അതുകേട്ടുമന്ത്രിപ്രവരനും തെളി-
- ഞ്ഞതിസ്നേഹമുള്ള ശകടനോടപ്പോൾ 141
- ഉരചെയ്തീടിനാ” നിനി മൌര്യനെന്റെ
- കരത്തിലായിതെന്നറികെടൊസഖേ! 142
- ഇനിച്ചന്ദനദാസനും സുഖം വന്നു
- നിനക്കും നിന്നുടെ ഗൃഹജനത്തിനും 143
- സുഖം വന്നു സഖേ പുനരിതുകാലം
- സുഖം വന്നു ബന്ധുജനങ്ങൾക്കുമെല്ലാം” 144
- മലയകേതുവുമതുകേട്ടന്നേരം
- ചലഹൃദയനായ് സചിവനോടേവം 145
- പറഞ്ഞിതു” മൌര്യൻ കരത്തിൽ വന്നിതെ-
- ന്നുരചെയ്യുന്നതിന്നഭിപ്രായമിപ്പോൾ 146
- കരുത്തേറും മന്ത്രിപ്രവരനെന്തഹോ
- നിരക്കുമോമൌര്യസുതനോടിക്കാലം?” 147
- ചിരിച്ചുഭാഗുരായണനുമന്നേരം
- കരുത്തനാം മ്ലേച്ഛസുതനോടു ചൊന്നാൻ 148
- “നൃപശിഖാമണേയതിനുമറ്റെന്തു
- കപടം കാട്ടുന്നു ചണകനന്ദനൻ? 149
- വെടിഞ്ഞമാത്യനാം നൃപതിവീരനോ-
- ടുടമതേടുവാനഭിപ്രായമെടോ” 150
- ഗുരുസമനായോരമാത്യനന്നേരം
- കരഭകനോടു പറഞ്ഞുപിന്നെയും 151
- “അധികാരംവെച്ച ചണകജൻ വടു-
- വിതുകാലം കുത്ര വസിക്കുന്നു ചൊൽ നീ?” 152
- അവനതുകേട്ടു പറഞ്ഞു”ചാണക്യ-
- നവിടന്നെങ്ങുമേഗമിച്ചതില്ലല്ലോ 153
- അടവിയിൽ പുക്കു തപസ്സുചെയ്‌വതി-
- നടുത്തുയാത്രയെന്നതുകേട്ടേനഹം” 154
- മുഖപ്രസാദവും കുറഞ്ഞുരാക്ഷസ-
- നകമേ ചിന്തിച്ചു ശകടനോടപ്പോൾ 155
- പറഞ്ഞിതു”തമ്മിലിടഞ്ഞു ചാണക്യൻ
- നിറഞ്ഞകോപത്തോടധികാരംവെച്ചു 156
- പുറപ്പെട്ടു പോകാഞ്ഞതും പ്രതിജ്ഞയെ
- വിരവോടു ചെയ്യാഞ്ഞതും നിരൂപിച്ചാൽ 157
- ശകടദാസ! കേളതിനുചേർച്ചയി-
- ല്ലകമേ ചിന്തിച്ചാൽ വികല്പമുണ്ടെടോ 158
- നരവരന്മാർക്കു മകുടമായുള്ള
- നിറമെഴും മമ നൃപതിനന്ദന്റെ 159
- ദ്രുതമഗ്രാസനം പിഴുകിപ്പോന്നതും
- മതിയിലൊട്ടുമേ സഹിയാഞ്ഞോരിവൻ 160
- വൃഷലിപുത്രനെ നിജബലം കൊണ്ടു
- വസുമതിക്കധിപതിയാക്കീടിനാൻ 161
- അഹമ്മതികൊണ്ടുള്ളവന്റെ ധിക്കാരം
- സഹിച്ചവിടെത്താനിരുന്നതെങ്ങിനെ?” 162
- പലവിധമേവം പറഞ്ഞവാക്കുകൾ
- മലയകേതുകേട്ടരികിൽ വാണീടും 163
- പ്രിയസചിവനോടുരചെയ്തീടിനാൻ
- “പ്രിയസഖെ! ഭവാനിതു ധരിച്ചീലെ 164
- ചണകനന്ദനൻ പ്രതിജ്ഞചെയ്തിട്ടും
- വനം ഗമിച്ചിട്ടുമമാത്യനിക്കാലം 165
- ഒരുഫലമെന്തെന്നറിഞ്ഞതില്ലെ”ന്നു
- പറഞ്ഞ ഭൂപനോടുരചെയ്താനവൻ 166
- “അതുപറവാനൊ വിഷമം ഭൂപതേ?
- മതിമാൻ ചാണക്യനകന്നീടും തോറും 167
- തനിക്കു മൌര്യനോടടത്തുകൊള്ളുവാ-
- ന്മനക്കുരുന്നതിലുറച്ചുപാർക്കുന്നു” 168
- അഥശകടദാസനുമമാത്യനോ-
- ടതിപ്രമോദേന പറഞ്ഞാനിങ്ങിനെ 169
- “വികല്പമില്ലിതിനിഹനിരൂപിച്ചാ-
- ലകല്പമൌര്യനോടിതുകാലം പാർത്താൽ 170
- ചണകപുത്രനുപെരികെയുണ്ടെന്നു
- മനസിതോന്നുന്നതിനിയ്ക്കറിഞ്ഞാലും 171
- “അതിനവകാശം പെരികെയുണ്ടല്ലോ
- മതിയിൽ മറ്റൊന്നു നിനയ്ക്കയും വേണ്ട 172
- അഖിലഭൂപതികുലമിതുകാലം
- പകലിരവുവന്നടിപണിയുന്ന 173
- ധരണിക്കിന്നൊരു തൊടുകുറിയാകും
- നരപതികളിലധിപതിമൌര്യൻ 174
- പൊറുക്കുമോ ഭംഗം വരുത്തുന്നാജ്ഞക്കും
- ഉറയ്ക്കുമോ ചാണക്യനുമതുചെയ്താൽ 175
- കുടിലനാം ചണകജവടുവിനെ
- കുടുമകോപിച്ചാൽ പെരുതെന്നാകിലും 176
- പ്രതിജ്ഞചെയ്കയില്ലിനിമുന്നമവ-
- നതിപ്രയത്നംചെയ്തൊരുവണ്ണമതും 177
- വിധിബലംകൊണ്ടു കടന്നാനക്കാലം
- അതുപോലെദൈവം തുണയ്ക്കുമോസദാ 178
- കനത്തോരർത്ഥമുണ്ടതിനുനാശത്തെ
- നിനച്ചുശങ്കയും വളരെയുണ്ടല്ലോ” 179
- “പറഞ്ഞതൊക്കു”മെന്നുരചെയ്തന്നേരം
- കരഭകൻ തനിക്കമാത്യരാക്ഷസൻ 180
- തരിവളനല്ലപുടവപട്ടുകൾ
- പരിചൊടു കൊടുത്തിതു സന്തോഷത്താൽ 181
- വിദഗ്ദ്ധനായ ഭാഗുരായണനപ്പോ-
- ളതിഭ്രമമുള്ള നൃപനോടു ചൊന്നാൻ 182
- “ചതിക്കും നമ്മെ രാക്ഷസനെന്നുള്ളൊരു
- മതിഭ്രമമെങ്ങും പുറത്തുകാട്ടാതെ 183
- പരുഷമായ് മന്ത്രിപ്രവരനോടൊന്നും
- പറയാതെ ഭവാനടങ്ങിപ്പാർക്കണം 184
- പരമാർത്ഥം നമുക്കറിയാം പക്ഷെയെ”-
- ന്നുറപ്പിച്ചീടിനാനവനും മ്ലേച്ഛനെ 185
- പരമാനദം പൂണ്ടഥകരഭകൻ
- പറഞ്ഞുയാത്രയുമമാത്യനോടപ്പോൾ 186
- തുറന്നുവാതിലുമകത്തുനിന്നവ-
- നിറങ്ങുമ്പോൾ കണ്ടുതൊഴുതുമന്നനെ 187
- ഉടനെ ഭാഗുരായണനോടും കൂടെ
- കടന്നു പർവ്വതേശ്വരതനുജനും 188
- അഴകേറും നൃപകുമാരനെക്കണ്ടി-
- ട്ടെഴുന്നീറ്റുനിന്നാനമാത്യരാക്ഷസൻ 189
- പരിതോഷം പൂണ്ടു പരിയങ്കംവെച്ചി-
- “ട്ടിരുന്നരുളുകെ”ന്നുരചെയ്തീടിനാൻ 190
- മലയകേതുവുമിരുന്നുചൊല്ലിനാൻ
- “തലനോവിനൊട്ടുശമനംവന്നിതൊ? 191
- വശക്കേടെന്നുകേട്ടുഴറിവന്നുഞാൻ
- വസിക്കണം ഭവാനരുതല്ലോനില്പാൻ 192
- അതുകേട്ടുതാനുമിരുന്നുചൊല്ലിനാ-
- നിതുകാലം ശത്രുവധം ചെയ്തു ഭവാൻ 193
- ശിരസിപട്ടം കെട്ടുകയൊഴിഞ്ഞെന്റെ
- ശിരസിവേദനശമിക്കയില്ലേതും 194
- “മതിമാനാകിയ ഭവാൻ നിരൂപിച്ചാ-
- ലതിനെളുതെ”ന്നുപറഞ്ഞുഭൂപനും 195
- “അരികളോടു പോരിനുവട്ടം കൂട്ടി
- പെരികെക്കാലമുണ്ടിവിടെപ്പാർക്കുന്നു 196
- ഒരുപഴുതുകണ്ടടുക്കാമെന്നതോ-
- ർത്തിരുന്നതൊട്ടുമേപിഴച്ചതില്ലല്ലൊ 197
- ഇനിവൈകാതെനാം പുറപ്പെടുകെ”ന്നു
- മനം തെളിഞ്ഞു ചൊല്ലിനാനമാത്യനും 198
- “അരികളോടു പോരിനു ഭവാനിപ്പോൾ
- പരിചോടെന്തൊരു പഴുതുകണ്ടതും” 199
- “അതുപരമാർത്ഥം പറയാമെങ്കിൽഞാ-
- നതികുടിലനാം ചണകനന്ദനൻ 200
- ഒരു ചാന്ദ്രോത്സവം മുടക്കം ചെയ്കയാൽ
- നരപതികോപിച്ചധിക്ഷേപിച്ചുപോൽ 201
- അതിനുമൌര്യനോടിടഞ്ഞുചാണക്യ-
- നധികാരം വെച്ചങ്ങടങ്ങിപ്പാർക്കുന്നു” 202
- “സചിവനോടിടഞ്ഞതുകൊണ്ടേതുമി-
- ല്ലുചിതമല്ലതെ”ന്നുരചെയ്താൻ മ്ലേച്ഛൻ 203
- “നരപതേ മൌര്യനൊഴിഞ്ഞുമറ്റുള്ള
- നരവരന്മാർക്കു സചിവവിപ്രിയം 204
- വരികിലേതുമില്ലതുപോലെപാർത്താൽ
- വരികയില്ലെന്നറികഭൂപതേ!“ 205
- നിരൂപിച്ചാലിഹവിശേഷിച്ചുമൌര്യ-
- നൊരു ചേതമില്ലെന്നിനിക്കുതോന്നുന്നു 206
- അറികതിനുകാരണമെന്തെന്നിഹ
- പറയ” ചന്ദ്രഗുപ്തനാം നൃപനുടെ 207
- പ്രകൃതികൾക്കിഹ ചണകപുത്രന്റെ
- പ്രകൃതിദോഷത്താലനുരാഗമിപ്പോൾ 208
- കുറഞ്ഞുപോകുന്നു പുനരവനിപ്പോൾ
- നിരാകൃതനായിനരവരൻ തന്നാൽ 209
- അതുകൊണ്ടുസുഖിച്ചിതുകാലംനര-
- പതിയെസ്നേഹമീപ്രജകൾക്കേറീടും” 210
- മലയകേതുതൻ വചനം കേട്ടഥ
- കുലമന്ത്രിതാനും പറഞ്ഞാനിങ്ങിനെ 211
- “അതുവരികയില്ലിതുനിരൂപിച്ചാൽ
- ഇതുകാലം നാട്ടിൽ പ്രജകളൊക്കവെ 212
- മറുത്തുരണ്ടല്ലൊവിധമറിഞ്ഞാലും
- മരിച്ച നന്ദനെക്കുറിച്ചനുരാഗം 213
- ചിലർക്കുപിന്നെമൌര്യനെത്തന്നെപാർത്താൽ
- ചിലരവർക്കിന്നു ചണകപുത്രന്റെ 214
- ചരിതദോഷംകൊണ്ടനുരാഗക്ഷയം
- നിനയ്ക്കുമെന്നുള്ളതിനിയ്ക്കുതോന്നീല 215
- നവനന്ദാനുരാഗികൾക്കുമൌര്യനോ-
- ടിവനല്ലോനരവരന്മാരെയെല്ലാം 216
- കൊലചെയ്യിച്ചതെന്നകത്തുവിദ്വേഷം
- വളരെയുണ്ടതു മറച്ചവർകളും 217
- ഒരുത്തരില്ലല്ലോ പരിപാലിപ്പാനെ-
- ന്നുറച്ചു മൌര്യനെ ഗ്രഹിച്ചു പാർക്കുന്നു 218
- അരിവധം ചെയ്‌വാനൊരുമ്പെട്ടേകനെ
- പരിചോടു കാണുമളവിലാകവെ 219
- മറുത്തുമൌര്യനെ ത്യജിച്ചവനെക്ക-
- ണ്ടിരിക്കുമാശ്രയിച്ചറിക ഭൂപതേ! 220
- അവസ്ഥയീവണ്ണമിരിക്കുന്നുതവ-
- കരുത്തുണ്ടെന്നാകിൽ കഴിവുണ്ടാക്കുവൻ” 221
- ഉരത്തമാത്യന്റെ വചനം കേട്ടപ്പോൾ
- ചിരിച്ചുപർവ്വതതനയനുംചൊന്നൻ 222
- “കലഹകാരണമൊരുമഹോത്സവം
- വിലക്കം ചെയ്തതില്പരമുണ്ടൊ?” 223
- “പലവിധമുണ്ടെന്നിരിക്കിലുമിപ്പോൾ
- കലഹത്തിനുകാരണമതുതന്നെ” 224
- “കലഹത്തിന്നുകാരണമിതെങ്കിലും
- പലവിധമുണ്ടെന്നിരിക്കിലും മൌര്യൻ 225
- ചണകജൻ തന്നെ ത്യജിച്ചുവെന്നാകി-
- ലിനിയൊരുവനെസ്സചിവനാക്കീടും, 226
- സചിവനില്ലെന്നു വരികിലുമവൻ
- നിജനയംകൊണ്ടുസമസ്തകാര്യങ്ങൾ 227
- പ്രയത്നം കൂടാതെ തനിയ്ക്കും സാധിപ്പാൻ
- നയജ്ഞൻ മൌര്യനെന്നറികമാനസേ” 228
- “തനിക്കുതാൻപോന്നനരവരന്മാർക്കേ
- നിനച്ച കാര്യങ്ങൾ തനിക്കു സാധിപ്പു 229
- സചിവായത്തനായ്മരുവീടും മൌര്യൻ
- സചിവനോടുവേർപിരിഞ്ഞതാകിലൊ 230
- പൊടികണ്ണനൊരുതുണയുംകൂടാതെ
- കൊടുങ്കാട്ടിൽ കിടന്നുഴലും പോലെയും 231
- സ്തനന്ധരായചെറുപിള്ളേർതന്റെ
- ജനനിചത്താലുള്ളവസ്ഥപോലെയും 232
- വരികയെന്നിമറ്റൊരുവസ്തുവില്ലെ-
- ന്നറികഭൂമിപാലകശിഖാമണേ” 233
- “ഗുണജ്ഞനാം ഭവാൻ പറഞ്ഞതൊക്കവെ
- നിനച്ചുകാണുമ്പോൾ പരമാർത്ഥം തന്നെ 234
- ചണകപുത്രനെപ്പിരിഞ്ഞവനോടു
- രണം തുടങ്ങുമ്പോൾ ജയം വരുമല്ലൊ” 235
- “അതിനേതുമൊരു വികല്പമില്ലെടോ
- ക്ഷിതിപതികുലമകുടരത്നമേ! 236
- പലവസ്തുകൊണ്ടും നിരൂപിച്ചുകണ്ടാൽ
- ബലം ഭവാനേറും രിപുവിനേക്കായിൽ 237
- കരുത്തുള്ള പടജ്ജനമുണ്ടാകയും
- ഭരിപ്പതിന്നാളങ്ങൊരുത്തനാകയും 238
- പ്രതിപക്ഷത്തിലുള്ളവർകളിൽ ചിലർ
- ഇതുകാലം മറുത്തിഹവരികയും 239
- ചണകനന്ദനനധികാരം വെച്ചു,
- പിണങ്ങിമൌര്യനോടകന്നിരിക്കയും 240
- നവനൃപതിത്വമരിക്കുണ്ടാകയും
- നവനന്ദന്മാരാം നരവരന്മാരെ 241
- പെരുത്തൊരുരാഗം പ്രജകൾക്കപ്പുരെ
- മറക്കാതെതന്നെകിടക്കയുമെടോ 242
- ഇവയെല്ലാമേവം വരിക കൊണ്ടിപ്പോൾ
- തവജയം കരതലഗതമല്ലൊ” 243
- മലയകേതുവുമതുകേട്ടുചൊന്നാൻ
- “കലഹത്തിന്നുനല്ലവസരമിപ്പോൾ 244
- പടപുറപ്പെടുവതിനൊരുദിനം
- ഉടനേ കല്പിച്ചു പുറപ്പെടുക നാം 245
- അടുത്തിതസ്തമിപ്പതിനുസൂര്യനും
- അടുത്തനാളെ”ന്നുപറഞ്ഞുയാത്രയും 246
- നടന്നു ഭാഗുരായണനും താനുമാ-
- യുടനേ ചെന്നു തൻ പുരി പുക്കീടിനാൻ; 247
- ഗിരിനൃപസുതൻ ഗമിച്ചനന്തരം
- ഒരുപുരുഷനെ വിളിച്ചു രാക്ഷസൻ 248
- ഉരചെയ്തീടിനാൻ” ക്ഷപണകൻ തന്നെ
- വിരവിൽകൂട്ടിക്കൊണ്ടിഹവരികനീ” 249
- വിരിയേച്ചെന്നവൻ ക്ഷപണകൻ തന്നോ-
- ടുരചെയ്തീടിനാ”നമാത്യരാക്ഷസൻ 250
- പറഞ്ഞുവന്നു ഞാൻ ഭവാനേയുംകൊണ്ടു
- വിരിഞ്ഞുചെല്ലുവാൻ, പുറപ്പെടുകെടോ” 251
- ക്ഷപണകൻ താനുമിതുകേട്ടനേരം
- കപടമുദ്രയും ധരിച്ചുഴറ്റോടെ 252
- പുറപ്പെട്ടുമന്ത്രിപ്രവരൻ വാഴുന്ന
- പുരം പുക്കീടിനാൻ കപടയോഗീശൻ 253
- പരമബന്ധുവാമവനെക്കണ്ടഥ
- പരമാനന്ദം പൂണ്ടമാത്യരാക്ഷസൻ 254
- “ഇരുന്നാലു”മെന്നു പറഞ്ഞവനോടു
- പറഞ്ഞാനിങ്ങിനെ ചിരിച്ചു മെല്ലവേ 255
- “രണത്തിനുപുറപ്പെടുവതിനൊരു
- ദിനത്തെ നീയിപ്പോൾ വിധിക്കയും വേണം” 256
- ചിരിച്ചതുകേട്ടങ്ങിരുന്നവൻ താനും
- നിരത്തിനാൻ പരലെടുത്തു മെല്ലവെ 257
- കുറഞ്ഞൊരുനേരം മനസി ചിന്തിച്ചു
- പറഞ്ഞിതു മന്ത്രിപ്രവരനോടവൻ 258
- “ഗുണനിധെ!നന്നായ് നിരൂപിച്ചേനഹം
- ദിനമടുത്തനാൾ ശുഭതരമെല്ലൊ 259
- തിരിഞ്ഞുപഞ്ചമപദത്തിനുതന്നെ
- നിറമുള്ളതിഥിതുടങ്ങുംവാവല്ലൊ 260
- അനിഴമാകുന്നതറികനക്ഷത്രം
- ധനുവല്ലൊരാശിപുറപ്പെടുവാനും 261
- ബൃഹസ്പതിവാരമതുതന്നെപ്പാർത്താൽ
- മഹത്വമേറുമദ്ദിനത്തിനേറ്റവും 262
- അറികലഗ്നത്തിൽ ബുധനാകുന്നതും
- പരമതെകേതുവുദിച്ചുമാകുന്നു 263
- വടക്കുനിന്നുദക്ഷിണദിശിപോവാൻ
- പടക്കെന്നുവന്നാൽ ശശിബലം വേണം 264
- ശുഭമാം ശൂലയോഗവുമുണ്ടായ്‌വരും
- അഭിമതം നൽകും ഗുരുസൌരാഖ്യവും 265
- അരികളോടു പോരിനു പോകുന്നേരം
- ഗുരുസൌരിയോഗം പെരികെ നന്നല്ലൊ 266
- അതുനിരൂപിച്ചാലടുത്തനാൾ തന്നെ
- കുതുകമുൾക്കൊണ്ടു പുറപ്പെടുന്നാകിൽ 267
- ജയം കരതലാമലകമായ്‌വരും
- ഭയം പ്രതിയോഗിക്കതുപോലെതന്നെ” 268
- ക്ഷപണകനേവം പറഞ്ഞതുനേരം
- കപടം കൈവിട്ടു പറഞ്ഞുരാക്ഷസൻ 269
- “മതിഭ്രമംകൊണ്ടൊപറഞ്ഞു?വാവുന്നാൾ
- പിതൃക്രിയയൊഴിഞ്ഞൊരുവസ്തുവില്ല 270
- പടയ്ക്കുവാവുന്നാൾ പുറപ്പെടുകെന്നു
- കടുപ്പത്തിലെന്തു പറയുന്നതിപ്പോൾ? 271
- ഇനിക്കിതെന്തെന്നു തിരിഞ്ഞീലമറ്റു
- ഗണിതക്കാരോടും നിരൂപിച്ചാലും നീ” 272
- അതുപറഞ്ഞപ്പോൾ ക്ഷപണകൻ താനും
- അതികോപം കലർന്നുരചെയ്തീടിനാൻ 273
- “ഒരുത്തരോടും ഞാൻ നിരൂപിക്കേണ്ടതി-
- ല്ലൊരിക്കലുമെന്നങ്ങറിഞ്ഞുകൊണ്ടാലും 274
- ഇനിക്കുള്ള പക്ഷം ത്യജിച്ചു ഞാനിപ്പോൾ
- നിനെക്കുമോപിന്നെപരനുടെ പക്ഷം? 275
- പലരോടും ചെന്നു നിരൂപിപ്പാനിപ്പോ-
- ളിളകേണ്ടാഭവാനതിനാളല്ലഞാൻ 276
- കുറവുകണ്ടതുമിനിമതിപോരും
- വിരവോടിക്കാലമിതാപോകുന്നു ഞാൻ.” 277
- കുപിതനായേറ്റം പരുഷം ചൊല്ലുന്ന
- ക്ഷപണകനോടു പറഞ്ഞു രാക്ഷസൻ 278
- “അലമലം നിന്റെ പരുഷവാക്കുകൾ
- കലഹിച്ചാലെന്തു ഫലം നിരൂപിച്ചാൽ?” 279
- “കലഹിച്ചീല ഞാനമാത്യനോടേതും
- ഫലമിനികെന്തു കലഹിച്ചാലഹൊ!“ 280
- പരുഷമിങ്ങിനെ പറഞ്ഞുകോപിച്ചു
- വിരവോടുപോയാൻ ക്ഷപണകൻ താനും 281
- പെരികെകോപിക്കും ക്ഷപണജാതികൾ
- വരുമിനിയുമെന്നുറച്ചു രാക്ഷസൻ 282
- ഖരകിരണൻ പോയ് മറഞ്ഞനന്തരം
- പുരം പരം പുക്കു സുഖിച്ചുമേവിനാൻ 283
- എളുതല്ലേതുമിന്നിനിക്കുചൊൽവാനൊ
- കിളിമകൾ താനും പറഞ്ഞുമെല്ലവെ 284
- ഫലമധുഗുളകദളിപക്വങ്ങൾ
- പലതരം ഭുജിച്ചിരുന്നാളക്കാലം 285
ഇതി മുദ്രാരക്ഷസചരിതം ആറാം പാദം
സമാപ്തം