ചാണക്യസൂത്രം (കിളിപ്പാട്ട്)/എട്ടാം പാദം
- ബാലേപൈങ്കിളിപ്പെണ്ണേതേൻ മൊഴിയാളേ പാർത്താൽ
- കാലത്തേക്കളയാതെ ചൊല്ലെടോ ശേഷം കഥാ 1
- പാലോടു പഴം പഞ്ചസാരയും തേനും നല്ല
- നീലമാം കരിമ്പിന്റെ ചാറതും തന്നീടുവൻ 2
- പൈദാഹം കളഞ്ഞുള്ളം തെളിഞ്ഞുമനോരമേ
- പൈതലേ കഥാശേഷം കഥയകഥയനീ 3
- തത്തയുമതുകേട്ടു ചിത്തമോദവും കല-
- ർന്നുത്തമമായ കഥാശേഷവും ചൊന്നാളെല്ലൊ:- 4
- മ്ലേച്ഛനായുപേക്ഷിതനായൊരു മന്ത്രിവരൻ
- വാച്ചോരുപരിതാപാൽ ഖിന്നനായ്പോകുന്നേരം 5
- ചാണക്യപ്രണിധിയാമുന്ദുരുകാഖ്യൻ താനും
- കാണാതേ നടന്നിതു പിന്നാലേ മറഞ്ഞുതാൻ 6
- ചെന്നുടൻ ജീർണ്ണോദ്യാനം പുക്കുടനമാത്യനും
- ഖിന്നനായ് മൂടിപ്പുതച്ചിരുന്നു നിരൂപിച്ചാൻ 7
- എത്രയും കഷ്ടമോർത്താൽ മ്ലേച്ഛനന്ദനൻ തന്റെ
- ചിത്തത്തിൽ വിവേകമില്ലായ്കയെന്നതുമിപ്പോൾ 8
- സ്വാമിക്കുനാശം ഭവിച്ചീടിനേനാരന്തരം
- തൂമയിൽ പരാഭവം വീണ്ടുകൊള്ളുവാനഹം 9
- പർവതേശ്വരൻ തന്നെസ്സേവിച്ചുയത്നം ചെയ്തേ-
- നുർവീശനവൻ താനും മരിച്ചാൻ വിധിവശാൽ 10
- തൽപുത്രൻ തന്നെസ്സേവിച്ചീടിനേൻ പുനരഹം
- നിഷ്ഫലമായ്വന്നിതുതൽസേവാഫലമിപ്പോൾ 11
- ഞാനൊരു പുരുഷൻ താൻ കണ്ടിരിക്കവേ തന്നെ
- മാനവവീരന്മാരേ കൊല്ലിച്ച മൌര്യൻ തന്നെ 12
- ചെന്നു ഞാൻ കാണുമെന്നു പർവതാത്മജനുള്ളിൽ
- തോന്നിയതോർത്തുകണ്ടാൽ ദൈവത്തിൻ ബലമത്രേ 13
- ദൈവത്താലുപഹതനായവനൊരിക്കലും
- കൈവന്നീടുമോ ശുഭം ഹാഹന്ത!നിരൂപിച്ചാൽ 14
- മാനുഷർക്കുള്ള ഗുണദോഷങ്ങളെല്ലാനാളും
- കാണുന്നിതോരോകാലമോരോരോതരമല്ലോ 15
- നന്ദഭൂപതിരാജ്യം വാണുകൊണ്ടിരിക്കുമ്പോൾ
- മന്നവൻ തന്റെ മന്ത്രിസത്തമനായീടിനേൻ 16
- ഞാൻ മേവും ഗൃഹത്തിങ്കൽ ഭൂപന്മാർ കാര്യവശാൽ
- കാണ്മാനായ് വന്നു കെട്ടിക്കിടക്കുന്നവരോടും 17
- കൂടി ഞാനൊരുമിച്ചു രാജധാനിക്കു പോംപോൾ
- വീടതിലിരുന്നുള്ള പൌരന്മാരെല്ലാവരും 18
- രാക്ഷസാമാത്യനിതാ പോകുന്നുവെന്നു ചൂണ്ടി
- പ്രേക്ഷകന്മാർക്കു കാട്ടിക്കൊടുക്കുമെല്ലോപുരാ 19
- രാജാവിനോളമുള്ള പദവിയോടും കൂടി
- രാജാജ്ഞാകരനായി വാണുകൊണ്ടിരുന്നു ഞാൻ 20
- അയ്യോ കാൺ വിധിബലം കള്ളനേപ്പോലെയിപ്പോൾ
- പയ്യവേജീർണ്ണോദ്യാനം പുക്കൊളിച്ചിരിക്കുന്നു 21
- ഇക്കാലം നിനക്കിതെന്നീശ്വരൻ നിയോഗിച്ചാ-
- ലക്കാലമതുമനുഭവിക്കെന്നതേവരൂ 22
- ചന്ദനദാസൻ തന്റെ വൃത്താന്തമറിവാനായ്
- മന്ദനാമിനിക്കുള്ളിലാഗ്രഹമിനിയുള്ളു 23
- ആരാനും പറഞ്ഞതു കേൾക്കുന്നീലയെന്നുള്ളി-
- ലോരോരൊതരമിത്ഥം ചിന്തിച്ചു മന്ത്രിശ്രേഷ്ഠൻ 24
- ചിത്തത്തിൽ നിറഞ്ഞോരു താപത്താൽ വിഷണ്ണനാ-
- യുത്തമൻ ജീർണ്ണോദ്യാനം തന്നിലങ്ങിരിക്കുമ്പോൾ 25
- ഉന്ദുരുകാഖ്യനായ ചാണക്യൻ തന്റെ ചാരൻ
- മന്ത്രിതൻ വൃത്താന്തങ്ങളെപ്പേരുമറിഞ്ഞുടൻ 26
- പാടലിപുത്രപുരമ്പുക്കവൻ മൌര്യനോടും
- കൌടില്യവിപ്രനോടുമീവണ്ണമറിയിച്ചാൻ 27
- “രാക്ഷസൻ ജീർണ്ണോദ്യാനത്തിങ്കലുണ്ടിരിക്കുന്നു
- കാംക്ഷിതമാകുന്നതു ചന്ദനദാസൻ തന്റെ 28
- വൃത്താന്തമറിവാനെന്നിനിക്കുതോന്നുന്നതു-
- മുത്തമവിപ്രകുലസത്തമ! ധരിച്ചാലും” 29
- എന്നതുകേട്ടുപറഞ്ഞീടിനാൻ ചാണക്യനും
- ഉന്ദുരുകാഖ്യനോടു മെല്ലവേ ചിരിച്ചപ്പോൾ 30
- “നീയൊരു കാര്യമുണ്ടു വേണ്ടതെന്നറിഞ്ഞാലും
- കായനാശത്തേ ചെയ്വാൻ ജീർണ്ണോദ്യാനത്തിൽ ചെന്നു 31
- രാക്ഷസൻ കാൺകെത്തന്നെ കാണാതേ വലിയൊരു
- വൃക്ഷാഗ്രത്തിന്മേൽ കെട്ടിഞാണുചാവതിനായി 32
- ഭാവിച്ചീടുക വേണമന്നേരം മന്ത്രിവരൻ
- താപത്തോടു നീയെന്തു കാട്ടുന്നതെന്നു ചൊല്ലും 33
- അന്നേരം ചിലവസ്തു പറയേണ്ടതുമിപ്പോൾ
- കർണ്ണത്തിലുപദേശിച്ചീടുവൻ വരികനീ” 34
- അന്നേരമടുത്തുചെന്നീടിനാനവൻ താനും
- കർണ്ണത്തിലുപദേശിച്ചയച്ചാൻ ചാണക്യനും 35
- പിന്നെയസ്സിദ്ധാർത്ഥകൻ തന്നേയും ചണകജൻ
- ഉന്നതനായ സമുദ്ധാർത്ഥകനേയും പിന്നെ 36
- തന്നരികത്തു വിളിച്ചിങ്ങിനേ ചൊല്ലീടിനാൻ
- “മന്നവാജ്ഞയാദിവാകീർത്തിവേഷത്തെപ്പൂണ്ടു 37
- ചന്ദനദാസൻ തന്നെക്കൊണ്ടുപോയ്ക്കൊന്നീടുവിൻ
- ഉന്നതനായ മന്ത്രി വന്നതു വിരോധിച്ചാൽ 38
- കൊല്ലാതെയതുനേരം നിങ്ങളിലൊരുവൻ താൻ
- മെല്ലവേ വന്നിങ്ങറിയിക്ക”യെന്നയച്ചുതെ 39
- കുണ്ടറതുറന്നവർ ചെട്ടിയെപ്പുറത്താക്കി
- കണ്ടഭീഷണങ്ങളാം വാക്കുകൾ പറഞ്ഞേറ്റം 40
- പാശവുമരെക്കുബന്ധിച്ചവർ കുപിതരായ്
- വേഷവും ചപലന്മാരെപ്പോലെധരിച്ചഥ 41
- ചന്ദനദാസൻതന്നെക്കൊല്ലുവാനായിക്കൊണ്ടു
- മന്ദമെന്നിയേകുലനിലത്തുകൊണ്ടുപോമ്പോൾ 42
- ശ്രേഷ്ഠിതൻ കുഡുംബിനി താനും തൻപുത്രൻ താനും
- ഇഷ്ടരായുള്ള നിജഭൃത്യരും ദുഃഖത്തോടെ 43
- ആകവേമുറവിളിച്ചയ്യോപാപമേകൂടെ-
- ച്ചാകയെന്നുറച്ചവർ കൂടവേ നടന്നിതു 44
- വദ്ധ്യമാലയുമണിഞ്ഞുത്തമനാകുംശ്രേഷ്ഠി-
- സത്തമ കുലനിലം തന്നിൽ പുക്കനന്തരം 45
- ഉന്ദുരുകൻ താനൊരു പാശവുമെടുത്തഥ
- മന്ദമെന്നിയെ ജീർണ്ണോദ്യാനത്തിലകം പുക്കു 46
- രാക്ഷസാമാത്യൻ കാണ്മാൻ കരഞ്ഞുകരഞ്ഞൊരു
- വൃക്ഷശാഖമേൽ കെട്ടി ഞാലുവാൻ തുടങ്ങുമ്പോൾ 47
- മന്ത്രിയുമതുകണ്ടുവന്നുര ചെയ്താൻ
- “കിമിദം ചിന്തിച്ചതെന്തെന്നു നീ പറഞ്ഞാലും” 48
- എന്നതുകേട്ടു മാറത്തടിച്ചു കരഞ്ഞവൻ
- ധന്യനാമമാത്യനോടിങ്ങിനെ ചൊല്ലീടിനാൻ 49
- “എന്തു ഞാൻ പറയുന്നതയ്യോപാപമേമമ
- ബന്ധുനാശത്തേ ചിന്തിച്ചിങ്ങിനേ ചെയ്യുന്നു ഞാൻ” 50
- ഇത്തരം കേട്ടു മന്ത്രിസത്തമനുരചെയ്താൻ
- ഉത്തമന്മാരില്വച്ചത്യുത്തമനല്ലോ ഭവാൻ 51
- മിത്രനാശത്താൽ നിജഗാത്രനാശത്തേചെയ്വാ-
- നുത്തമന്മാർക്കെ പുനരെത്തുമെന്നറികനീ 52
- ബന്ധുനാശത്തിന്നെന്തുകാരണമെന്നുഭവാ-
- നന്തരം കൂടാതേ കണ്ടെന്നോടു പറയണം” 53
- എന്നതുകേട്ടു മന്ത്രിവീരനോടവൻ താനും
- ഖിന്നനായുരചെയ്താനെന്തതുപറയുന്നു? 54
- “ബന്ധുവിനോടു പിരിഞ്ഞിരിപ്പാനരക്ഷണം
- ഹന്ത ഞാൻ ശക്തനല്ല സാംപ്രതം ചാകുന്നു ഞാൻ 55
- എന്തതിൻ മൂലമെന്നു ചൊല്ലുവാനിനിക്കരു-
- തെന്തിനുചൊല്ലുന്നു ഞാൻ കാലത്തെക്കളവാനോ?” 56
- മന്ത്രിയുമതുകേട്ടു പിന്നെയും നിർബന്ധിച്ചാ-
- “നെന്തതിൻ മൂലമെന്നു ചൊല്ലിയേ മതിയാവൂ” 57
- “ആവതല്ലല്ലോ ഭവാനിങ്ങിനേ നിർബ്ബന്ധിച്ചാൽ
- ചാവതു മുടക്കായ്കിൽ ചൊല്ലാമെന്നവൻ ചൊന്നാൻ” 58
- “ചാക്കുഞാൻ മുടക്കയില്ലെടോ! ഞാനും കൂടി
- ചാക്കിനു കോപ്പിട്ടതത്രേ ജീർണ്ണോദ്യാനത്തിൽ വന്നു” 59
- ഇങ്ങിനേ മന്ത്രിശ്രേഷ്ഠൻ ചൊന്നതുകേട്ടനേരം
- തിങ്ങിന താപത്തോടേ ചൊല്ലിനാനവൻ താനും 60
- “എങ്കിലൊ സ്വർണ്ണശ്രേഷ്ഠിജിഷ്ണുദാസാഖ്യനിപ്പോൾ
- തങ്കലുള്ളർത്ഥമെല്ലാം വിപ്രർക്കു ദാനം ചെയ്തു 61
- ഖിന്നനായ് നഗരത്തിൽ നിന്നുടൻ പുറപ്പെട്ടു
- അഗ്നിയിൽ ചാടിയിപ്പോൾ മരിപ്പാൻ തുടങ്ങുന്നു 62
- എത്രയും പ്രിയനല്ലോ ജിഷ്ണുദാസാഖ്യൻ മമ
- മിത്രനാശത്താൽ ഞാനും പ്രാണനെക്കളയുന്നു” 63
- മന്ത്രിയുമതുകേട്ടു സങ്കടത്തോടേ ചൊന്നാൻ
- “എന്തുനിന്നുടെ ബന്ധുവാകിയ ജിഷ്ണുദാസൻ 64
- എന്തൊരു മൂലമിപ്പോൾ വഹ്നിയിൽ വീണീടുന്നു?
- സന്തതം വ്യാധികളാൽ ദീനനായ് ചമകയോ? 65
- ക്ഷുദ്രനാം മൌര്യൻ തന്റെ ദുർന്നയം നിമിത്തമോ?
- ഉത്തമജനങ്ങളേ കൊന്നു പോകയോ സഖേ!? 66
- കാണരുതാത കുലസ്ത്രീകളേ ഗമിക്കയോ?
- മാനത്തിന്നൊരു ഹാനി സാംപ്രതം വരികയോ?”
- എന്നതുകേട്ടനേരം ചൊല്ലിനാനവൻ താനും
- “ഇപ്പറഞ്ഞതിലൊന്നും ചെയ്തിട്ടില്ലവനിപ്പോൾ
- സല്പുരുഷരിൽ മുമ്പനാകുന്നു ജിഷ്ണുദാസൻ” 68
- രാക്ഷസനതുകേട്ടു പിന്നെയും ചോദ്യം ചെയ്താൻ
- അക്ഷമനായിത്തദാവ്യാകുലഹൃദയനായ് 69
- “ചൊല്ലെടോസുഹൃന്മരണത്തിനുള്ളവകാശം
- നല്ലനെത്രയും ജിഷ്ണുദാസനെന്നറിഞ്ഞാലും” 70
- എന്തതു പറഞ്ഞിനിക്കാരിയം മഹാമതേ?
- ബന്ധുനാശത്താൽ മനം വെന്തുരുകുന്നു മമ 71
- കിഞ്ചനപറഞ്ഞീടാമെങ്കിലോ കേൾക്കഭവാൻ:-
- “വഞ്ചതിയുള്ള ചണകാത്മജനിയോഗത്താൽ 72
- ചന്ദനദാസൻ തന്നെ കൊല്ലുവാൻ കൊണ്ടു പോംപോൾ
- ബന്ധുവാം ജിഷ്ണുദാസനെത്രയും ദുഃഖത്തോടേ 73
- ചന്ദ്രഗുപ്തനോടപേക്ഷിച്ചിതു പലതരം
- ചന്ദനദാസൻ മമ ബന്ധുവാകുന്നിതഹോ! 74
- ബന്ധുനിഗ്രഹം വേണ്ടാ ഭൂപതേ! മഹാധനം
- ചിന്തചെയ്യാതേ തരാമൊക്കവേ മഹാമതേ! 75
- സങ്കടംഅതുമൂലമേറ്റമുണ്ടിനിക്കിപ്പോൾ
- നിൻ കൃപയൊഴിഞ്ഞെന്തു ശരണം കൃപാനിധേ!? 76
- ഇത്തരമവനപേക്ഷിച്ചതു കേളായ്കയാൽ
- സത്വരമഗ്നിപ്രവേശത്തിനുതുടങ്ങുന്നു” 77
- രാക്ഷസനതുകേട്ടു കണ്ണുനീരോടും കൂടി
- തൽക്ഷണേ സഗൽഗദമിങ്ങിനേ ചൊല്ലീടിനാൻ:- 78
- “എത്രയും ചിത്രം ചിത്രം ജിഷ്ണുദാസന്റെയൊരു
- മിത്രസ്നേഹത്തിൻ ബലമെന്നതേ പറയാവൂ 79
- അർത്ഥകാരണം കൊണ്ടു പുത്രനെക്കൊല്ലും താതൻ
- പുത്രനും നിജതാതൻ തന്നെയും കൊല്ലുമല്ലോ 80
- ബന്ധുക്കൾ തമ്മിൽ തന്നെ കൊന്നുപോമർത്ഥാശയാ
- അന്തണരെയും കൊന്നു വിത്തത്തേ ഹരിച്ചീടും 81
- കാന്തനെയുറങ്ങുമ്പോൾ നാരികൾ വധിച്ചീടും
- കാന്തനും നിജകാന്താനിഗ്രഹം ചെയ്യുമല്ലോ 82
- അർത്ഥമാഹാത്മ്യമിത്ഥം പാർത്തുകാണുന്നനേരം
- ചിത്രമീജിഷ്ണുദാസൻ മിത്രമൂലത്താലർത്ഥം 83
- ഒക്കവേനൃപതിക്കു നൽകുകെന്നുറച്ചപ്പോൾ
- ഇക്കണ്ടജനങ്ങളിലുത്തമൻ ജിഷ്ണുദാസൻ 84
- ഉത്തരമതിനെന്തു ചന്ദ്രഗുപ്തനും ചൊന്ന-
- തുത്തമഗുണാംബുധേ ചൊല്ലുക മടിയാതെ” 85
- അന്നേരമുരചെയ്താനുന്ദുരുകാഖ്യൻ താനും:-
- “മന്നവൻ ചന്ദ്രഗുപ്തൻ ചൊന്നതു ധരിച്ചാലും:- 86
- അർത്ഥാശകൊണ്ടല്ല ഞാൻ ചന്ദനദാസൻ തന്നെ
- സത്വരം കാരാഗൃഹേ ബന്ധിച്ചുവലച്ചതും 87
- രാക്ഷസകുഡുംബത്തെ തന്നുടെ ഗൃഹത്തിങ്കൽ
- സൂക്ഷിച്ചുവെച്ചുകൊണ്ടു രക്ഷിക്കുന്നിതുമവൻ 88
- എത്രയും വളരെ നിർബ്ബന്ധിച്ചു പറഞ്ഞിട്ടു-
- മത്രനാളുമേയതു കാട്ടീലാശഠനവൻ 89
- മന്ത്രി തൻ കളത്രത്തെ കാട്ടുകയില്ലെന്നവൻ
- ചിന്തിതമാകുന്നതിൻ കാരണാൽ ബന്ധിപ്പിച്ചു 90
- കൊല്ലുകയൊഴിഞ്ഞൊരു കാര്യമില്ലിനിതവ
- നല്ലതിക്കാര്യമുരിയാടാതെപൊയ്ക്കൊൾകെടോ 91
- ജിഷ്ണുദാസനോടേവം ചന്ദ്രഗുപ്തനാം നൃപൻ
- ഉഷ്ണിച്ചു പറഞ്ഞതു കേട്ടതി ദുഃഖത്തോടെ 92
- മിത്രത്തെപ്പിരിഞ്ഞുഞാനിരിക്കുന്നീലെന്നോർത്തു
- സത്വരമഗ്നിപ്രവേശത്തിനു തുടങ്ങുന്നൂ 93
- മിത്രനാശത്താൽ ഞാനും പ്രാണനെക്കളവാനാ-
- യത്രവന്നിതു മന്ത്രിസത്തമ! ധരിച്ചാലും 94
- ചെന്നതു തടുപ്പതിന്നാളല്ലെന്നിരിക്കിലും
- ഇന്നിതുചെയ്തീടുവാനാളു ഞാനറിഞ്ഞാലും 95
- മിത്രമെന്നിവണ്ണം രണ്ടക്ഷരം ചമച്ചതി-
- നെത്രമാഹാത്മ്യമെന്നു ചൊല്ലാമോ വിരിഞ്ചനും?” 96
- ഉന്ദുരുകോക്തികേട്ടുരാക്ഷസൻ ചൊന്നാനപ്പോൾ
- “ചന്ദനദാസൻ തന്നെ കൊന്നിതോ ശിവശിവ” 97
- ചൊല്ലിനാനതുകേട്ടു മന്ത്രിയോടവനപ്പോൾ
- “കൊല്ലുവാനവകാശമില്ലത്രേമഹാമതെ! 98
- കാലത്തിൻ വിളംബനമാകുന്നതിപ്പൊൾതവ
- നീലക്കാർ കുഴലിയെക്കാട്ടുവാൻ നിർബ്ബന്ധിച്ചു 99
- ഭീഷണമായിട്ടുള്ള വാക്കുകൾ പറകയും
- ദൂഷണങ്ങളെത്തന്നെ പിന്നെയും പറകയും 100
- ഈവണ്ണമോരോതരം കൊണ്ടിപ്പോൾ ശ്രേഷ്ഠീന്ദ്രനും
- കേവലം മരണത്തിന്നാകുന്നു വിളംബനം 101
- ധന്യനാം ഭവാനുടെ ബന്ധുത്വം നിനച്ചവൻ
- എന്നുമേതവകുഡുംബത്തെ നൽകീല നൂനം” 102
- ഇത്തരമവൻ പറഞ്ഞീടിനോരനന്തരം
- ഉത്തമനായ മന്ത്രിസത്തമൻ നിരൂപിച്ചാൻ 103
- “ചന്ദനദാസൻ തന്നോടൊത്തവരാരുമില്ല
- നിർണ്ണയമൊരുപുമാനൂഴിയിൽ പാർത്തുകണ്ടാൽ 104
- ബന്ധുസ്നേഹത്താൽ ഭവാനെന്തെല്ലാം ദണ്ഡങ്ങളെ
- എന്തൊരു കഷ്ടമനുഭവിച്ചതോർക്കുന്നേരം” 105
- എന്തിനിവേണ്ടതെന്നൊരാവേശം മനക്കാമ്പിൽ
- ചിന്തിച്ചുനിൽക്കുന്നേരം ജ്വലിച്ചു രോഷാഗ്നിയും 106
- കണ്ണിണചുവന്നിതു ഞെരിഞ്ഞൂപുരികങ്ങൾ
- മിന്നുന്ന കരവാളും കൈത്തലേ പിടിച്ചുടൻ 107
- ഉച്ചത്തിലിടിവെട്ടും പോലെയങ്ങുരചെയ്താൻ
- “നിശ്ചയം മരിക്കേണ്ടാ ഞനുണ്ടെന്നറിഞ്ഞാലും 108
- കൃഷ്ണവർത്മാവിൽ പ്രവേശിപ്പതിനൊരുമ്പെട്ട
- ജിഷ്ണുദാസനെത്തടുത്തീടുക വൈകാതെപോയ് 109
- ചെന്നു ഞാൻ രിപുക്കളെ വെട്ടിക്കൊന്നറുത്തുടൻ
- ചാഞ്ചല്യം കൂടാതെയാക്കീടുവനവർകളെ” 110
- സന്തോഷിച്ചവനപ്പോൾ മന്ത്രിതൻ കാക്കൽ വീണു
- വന്നിച്ചങ്ങെഴുനീറ്റു നിന്നുര ചെയ്തീടിനാൻ 111
- “ആര്യന്റെ കൃപയൊഴിഞ്ഞേതുമില്ലിനിക്കഹോ
- വീര്യപൂരുഷന്മാരിൽ മുമ്പനല്ലയോ ഭവാൻ 112
- ഞാനൊന്നു പറയുന്നതുണ്ടിനി മഹാമതേ!
- മാനമേറീടും ഭവാൻ വാളുമായടുകുമ്പോൾ 113
- സത്വരം ഭവാനണയുന്നതിനുമുന്നം തന്നെ
- വദ്ധ്യനെഗ്ഘാതകന്മാർ കൊന്നുടനോടിപ്പോകും 114
- എന്നതുകൊണ്ടു ഭവാനായുധം കൂടാതെപോയ്
- ചന്ദനദാസൻ തന്നെ വേർപെടുത്തയച്ചാലും 115
- ഞാനിതാ ജിഷ്ണുദാസനാകുന്ന സുഹൃത്തിനെ
- മാനമോടഗ്നിപ്രവേശത്തിങ്കന്നൊഴിക്കുന്നേൻ” 116
- “പോകനീ”യെന്നു പറഞ്ഞയച്ചാനവനെയു-
- മാകുലം കളഞ്ഞമാര്യേന്ദ്രനുമെഴുനീറ്റീ- 117
- ട്ടായുധം കൂടാതവൻ ചൊന്നതുപോലെതന്നെ
- വായുവേഗേന വധഭൂമിക്കു നടന്നുതേ 118
- ചന്ദനദാസൻ താനും ഭാര്യയും പുത്രൻ താനും
- കുന്തങ്ങൾ കരങ്ങളിലേന്തിയ ചണ്ഡാലരും 119
- ചെന്നുടൻ കുലനിലം പുക്കതുനേരത്തിങ്കൽ
- ഉന്നതന്മാരാം ദിവാകീർത്തികൾ ചൊല്ലീടിനാർ 120
- “ശ്രേഷ്ഠികൾ കുലശ്രേഷ്ഠ! കേളെടോ ഭവാനിപ്പോൾ
- നിഷ്ഠുരമായ കുലഭൂമിയിലകപ്പെട്ടു- 121
- മന്ത്രിതൻ കുഡുംബത്തെ നൽകുക മടിയാതെ
- ചന്ദ്രഗുപ്തനായുള്ള ഭൂപതിതനിക്കിപ്പോൾ, 122
- ഇന്നുമക്കാര്യം ഭവാൻ ചെയ്കയില്ലെന്നു വന്നാൽ
- വന്നുപോം ദേഹത്തിനു നാശമെന്നറിഞ്ഞാലും” 123
- ഇത്തരമവരുടെ വാക്കുകൾ കേട്ടിട്ടവ-
- നുത്തരമവർകളോടിങ്ങിനെ ചൊല്ലീടിനാൻ 124
- “മിത്രകാര്യത്താൽ മരിക്കുന്നതിനിനിക്കിപ്പോൾ
- ചിത്തത്തില്പരവശമില്ലെന്നു ധരിച്ചാലും” 125
- കണ്ണുനീരോടും കൂടിപ്പിന്നെയും മണിക്കാരൻ
- തന്നരികത്തുനിൽക്കും ഭാര്യയോടുരചെയ്തു 126
- “വല്ലഭേ! പൊയ്ക്കൊൾകനീ ബാലകനോടും കൂടി
- വല്ലതും വിചാരിച്ചു ഖേദിച്ചീടരുതല്ലൊ 127
- ബാലനെപ്പരിപാലിച്ചീടുക ഭവതി നീ
- കാലദോഷത്താൽ വന്നതൊഴിച്ചുകൂടാനാഥെ!“ 128
- ഭർത്താവിൻ വചനങ്ങളിങ്ങിനേ കേട്ടിട്ടവൾ
- ചിത്തതാപേന കരഞ്ഞീവണ്ണമുരചെയ്താൾ 129
- “എന്നുടെ ഭർത്താവെ! ഞാൻ നിന്നോടു പിരിഞ്ഞയ്യോ
- മന്നിടത്തിങ്കലിരിക്കുന്നതെങ്ങിനെനാഥ? 130
- നിന്നോടുകൂടെ പരലോകത്തു പോന്നു ഞാനും
- ധന്യനാം നിന്നെസ്സേവിച്ചീടുകെന്നതേയുള്ളു” 131
- “ബാലേ! നീ കൂടെ മരിച്ചീടുകെന്നാൽപ്പിന്നെ
- ബാലനാമിവനെന്തുശരണം ജീവനാഥേ! 132
- വാണിഭം ചെയ്തുകാലം കഴിച്ചു കൊൾവാനേതും
- വാണിഭത്തിങ്കൽ പരിചയിച്ചീലല്ലോ ബാലൻ” 133
- “അയ്യോ മൽ പ്രാണനാഥ! ബാലനേക്കാത്തീടുവാൻ
- പൊയ്യല്ല കുലദൈവമുണ്ടെന്നു ധരിച്ചാലും 134
- ആശ്രയമില്ലാതവർക്കീശ്വരൻ തന്നേപുന-
- രാശ്രയമാകുന്നതുമെന്നല്ലൊപറയുന്നു” 135
- അന്നേരം പുത്രൻ താനും താതനെ വന്ദിച്ചഥ
- കണ്ണുനീരോടേ കരഞ്ഞിങ്ങിനെ ചൊല്ലീടിനാൻ:- 136
- “താതനെപ്പിരിഞ്ഞരനാഴികനേരം പോലും
- ചേതസി പാർത്താലറിയുന്നതില്ലയ്യോ ഞാനും 137
- പിന്നെ ഞാനെവിടേക്കു പോകുന്നു മഹാമതേ!
- മുന്നെ ഞാനറിയുന്ന ദേശവുമില്ല പാർത്താൽ 138
- ആരിനിപ്പരിപാലിച്ചിങ്ങിനെലാളിപ്പാനു-
- മാരിനിത്തരിവളമോതിരം തരുവാനും” 139
- ഇങ്ങിനെ പറഞ്ഞവൻ കണ്ണുനീർ തൂകിത്തൂകി
- തിങ്ങിനെ ദുഃഖം പൊറഞ്ഞുച്ചത്തിൽ കരകയും 140
- അച്ഛനുമവനോടു കണ്ണുനീർ വാർത്തു ചൊന്നാ-
- “നിച്ചതി ചെയ്ത ചണകാത്മജനില്ലാത്തൊരു 141
- ദിക്കതിൽ ചെന്നു വസിച്ചീടുക വത്സ! നീയു-
- മിക്കുടിലന്മാർ നിന്നെക്കൊല്ലുമല്ലായ്കിൽ നൂനം” 142
- ദണ്ഡപാണികയെപ്പോലെ കുന്തവുമേന്തിത്തദാ
- ചണ്ഡാലന്മാരുമിരുപുറത്തും നിന്നു ചൊന്നാർ 143
- “നാട്ടിയ കഴുവിന്മേലേറ്റുവാൻ നിന്നെ ഞങ്ങൾ-
- ക്കൊട്ടുമേ വൈകിച്ചുകൂടായെന്നു ധരിച്ചാലും 144
- ഊഴിയിലിരുന്നാലും മാറത്തു കുന്തം കുത്തി-
- പ്പായിച്ചീടുവാൻ ഞങ്ങൾ നിന്നെയിക്കഴുവിന്മേൽ” 145
- “അയ്യോയെന്നതുനേരം പുത്രനും ഭാര്യ താനും
- മെയ്യഴകുള്ള കാന്ത! താത! യെന്നലറിയും” 146
- ചന്ദനദാസൻ താനും ചഞ്ചലം കൈവിട്ടപ്പോൾ
- നന്ദനനോടും നിജ ഭാമിനിയോടും ചൊന്നാൻ 147
- “എന്തിനു കരഞ്ഞുഴൽ തേടുന്നു കാന്തേ! നീയും
- ഹന്തനീവത്സ! കരഞ്ഞീടുക വേണ്ടയല്ലോ 148
- ആപത്തുവരുന്നേരമീശ്വരൻ തുണയുണ്ടാം
- താപത്തെക്കെടുപ്പാനെന്നുള്ളതുകേട്ടിട്ടില്ലേ? 149
- ബന്ധുക്കൾ നിമിത്തമായ് വന്നതിന്നിളയ്ക്കാമോ?
- ചിന്തിച്ചാൽ മമദോഷം കൊണ്ടുവന്നതുമല്ല 150
- എന്നതുകൊണ്ടു കരഞ്ഞീടുവാനവകാശം
- കന്നൽ നേർമിഴിയാളെ! പാർത്തുകണ്ടാലില്ലല്ലോ” 151
- അന്നേരം പിടിപെട്ടാർ ചന്ദനദാസൻ തന്നെ
- കണ്ണിണ ചുവത്തിയ ചണ്ഡാലരിരുവരും 152
- ചനദനദാസൻ താനും ചൊല്ലിനാനതുനേരം
- “നന്ദനൻ തന്നേപ്പുണർന്നാശ്വസിപ്പിച്ചീടുവാൻ 153
- കിഞ്ചനകാലം തരികെ”ന്നതുകേട്ടനേരം
- നെഞ്ചകം കുളിർത്തവൻ കൈവിട്ടാനവനെയും 154
- പുത്രനെപ്പുണർന്നിതു ഗാഢമായവൻ പിന്നെ
- “മിത്രത്തെയുപേക്ഷിച്ചീടായ്കെ”ന്നു ചൊല്ലീടിനാൻ 155
- “ബാല! നീ ചിരകാലം ജീവിക്കെ”ന്നാശീർവാദം
- ഓലോലേവീഴും കണ്ണുനീരോടെ ചൊല്ലീടിനാൻ 156
- തക്കത്തിൽ പിടിക്കെന്നു ചൊല്ലിയശ്വപചന്മാർ
- ചിക്കനെപ്പിടിപെട്ടാർ ശ്രേഷ്ഠിയെയതുനേരം 157
- തല്പുത്രകളത്രങ്ങളുച്ചതിലതുനേരം
- “മല്പതേ!താത” യെന്നു വാവിട്ടു കരകയും 158
- “ആരയ്യൊപരിപാലിപ്പാ”നെന്നു പറകയും
- പാരാത”ഞാനുണ്ടെ” ന്നു രാക്ഷസാമാത്യൻ താനും 159
- ഉച്ചത്തിൽ വിളിച്ചുടൻ പറഞ്ഞുവരുന്നതും
- ആശ്ചരിയപ്പെട്ടുകണ്ടീടിനാനവർകളും 160
- ക്രുദ്ധനായ്ക്കുലനിലം പുക്കുടനമാത്യനും
- സത്വരം ചണ്ഡാലരോടിങ്ങിനെ ചൊല്ലീടിനാൻ:- 161
- “ചന്ദനദാസൻ തന്നെ കൊല്ലുക വേണ്ട നിങ്ങൾ
- മന്ദനാമെന്നെത്തന്നെ കൊല്ലുകേയിനിവേണ്ടൂ 162
- സ്വാമിനാശത്തിങ്കൽ ഞാനന്ദനായ് മരിയാതെ
- ഭൂമിയിലിരുന്നുള്ള ബന്ധുനാശവും കണ്ടു 163
- ശത്രുക്കൾ ചെയ്യും പരാഭവങ്ങൾക്കെല്ലാമൊരു
- പാത്രമായ്പിടിയാതെ നാണമില്ലാതൊരെന്റെ 164
- കണ്ഡത്തിൽ വധമാല ബന്ധിച്ചു മടിയാതെ
- ചണ്ഡാലന്മാരെ! നിങ്ങൾ കൊല്ലുവിൻ വൈകീടാതെ” 165
- ചന്ദനദാസൻ താനും ഖിന്നനായതുനേരം
- മന്ദമായ് മന്ത്രികുലവീരനോടുര ചെയ്താൻ 166
- “എന്തിനു തുടങ്ങുന്നു ചിന്ത ചെയ്യാതെ ഭവാൻ?
- ബന്ധുകാര്യത്തിൻ ഫലം നിഷ്ഫലമാക്കീടാതെ 167
- മിത്രത്തെ ചൊല്ലി മരിച്ചീടുകിലിതിനിപ്പോൾ
- ചിത്രമാം വിഷ്ണുപദം പ്രാപിക്കാമല്ലൊസഖെ!“ 168
- കണ്ണുനീർ വാർത്തു പറഞ്ഞീടിനാനമാത്യനും
- “നന്നുനന്നെടോ തവ ബന്ധുവല്ലയോ ഞാനും 169
- നീ ചെയ്ത ബന്ധുത്വത്തിന്നേകദേശത്തെ ചെയ്വാൻ
- നീചമാനസനായൊരിനിക്കാകായെന്നുണ്ടോ?” 170
- എന്നതുകേട്ടു ചണ്ഡാലന്മാരിലേകൻശീഖ്രം
- ചെന്നുമന്നവനോടും ചാണക്യനോടും ചൊന്നാൻ 171
- “ചന്ദനദാസൻ തന്നെ കൊല്ലുവാൻ തുടങ്ങുമ്പോൾ
- മന്ത്രിരാക്ഷസൻ വന്നു ഞങ്ങളെ വിരോധിച്ചു” 172
- ഇങ്ങിനെ കേട്ടു ചന്ദ്രഗുപ്തനും ചാണക്യനും
- തിങ്ങിനെ മോദം പൂണ്ടു വേഗേന പുറപ്പെട്ടാർ 173
- ചെന്നുടൻ കുലനിലം പുക്കമാത്യന്റെ പാദം
- വന്ദിച്ചു നിന്നാർ ചണകാത്മജ മൌര്യന്മാരും 174
- മന്ത്രിയോടതുനേരം ചാണക്യമഹീസുരൻ
- മന്ദഹാസവും ചെയ്തു മന്ദമായുര ചെയ്താൻ 175
- “ചന്ദ്രഗുപ്തനും ഞാനും വന്ദിച്ചു നിൽക്കുന്നേരം
- എന്തഹോ ഭവാനേതും മിണ്ടാത്തെന്നുര ചെയ്തു” 176
- പിന്നെയും വിഷ്ണുഗുപ്തമൌര്യന്മാർചെന്നുകാക്കൽ
- വീണുടൻ നമസ്കരിച്ചീടുവാൻ തുടങ്ങുമ്പോൾ 177
- കുണ്ഠിതഭാവം പൂണ്ടു ചൊല്ലിനാനമാത്യനും
- “ചണ്ഡാലസ്പർശംകൊണ്ടു ദൂഷിതനഹമിപ്പോൾ 178
- എന്നതുകൊണ്ടുതൊട്ടുപോകരുതെന്നെ നിങ്ങൾ”
- എന്നുരചെയ്തു വാങ്ങി നിന്നിതു മന്ത്രീന്ദ്രനും 179
- കൌടില്യനതുകേട്ടു മന്ദഹാസവും പൂണ്ടു
- കേടുതീർത്തേവം മന്ത്രിരാക്ഷസനോടു ചൊന്നാൻ 180
- “ചണ്ഡാലന്മാരല്ലിവർ കണ്ഡാലാകൃതിയത്രെ
- കണ്ടറിവതിനവകാശമുണ്ടിവർകളെ 181
- പണ്ടിവർ തവ ഭൃത്യന്മാരെന്നു ധരിച്ചാലും
- ദണ്ഡാധികാരിയാകും സിദ്ധാർത്ഥനിവനല്ലൊ 182
- വ്യാജേനശകടനെക്കൊണ്ടൊരുലേഖപണ്ടു
- രാജപൂരുഷനെഴുതിച്ചതുമിവനല്ലൊ 183
- അന്യനെയറിഞ്ഞതില്ലേ ഭവാൻ മഹാമതേ!
- ധന്യനാകുന്ന സമുദ്ധാർത്ഥകനറിഞ്ഞാലും 184
- വ്യാജങ്ങൾ ഭവാനോടു സന്ധിചെയ്വതിന്നതേ
- ആചരിച്ചിതു ഞങ്ങൾ സാമ്പ്രതം മഹാമതേ! 185
- കിഞ്ചനപോലും ഭവാനോടൊരു വിദ്വേഷത്താൽ
- അഞ്ചിതമതേ ഞങ്ങൾ ചെയ്തതല്ലറിഞ്ഞാലും 186
- ലേഖയും ഭദ്രഭടാദികളും സിദ്ധാർത്ഥനും
- ഭദ്രമായ് ഭവാൻ കൊണ്ടഭൂഷണത്രയമതും 187
- മിത്രമായരികത്തു വന്നൊരു ക്ഷപണനും
- ഇന്നുമാജീർണ്ണോദ്യാനേ വന്നൊരു പുരുഷനും 188
- ചന്ദനദാസൻ തന്നെ ദണ്ഡിപ്പിച്ചതുമെല്ലാം
- ചന്ദ്രഗുപ്തനോടിണക്കീടുവാൻ ഭവാനെ ഞാൻ 189
- ചെയ്തകർമ്മങ്ങളെന്നു കേവലമറിഞ്ഞാലും
- എന്നതു ഭവാനുള്ളിൽ ക്ഷമിച്ചു കൊള്ളേണമേ 190
- ചന്ദനദാസൻ തന്റെ ജീവിതം വേണമെങ്കിൽ
- ചന്ദ്രഗുപ്തന്റെ മന്ത്രിയാകയും വേണമല്ലോ 191
- ഞാനധികാരസ്ഥാനമെടുത്ത ശസ്ത്രം ഭവാൻ
- മാനമുൾക്കൊണ്ടു ധരിച്ചീടുകനവാംബുധേ!“ 192
- രാക്ഷസനതുകേട്ടു വിപ്രനോടുരചെയ്താൻ
- “സാക്ഷാൽ ഞാനതിന്നധികാരിയല്ലറിഞ്ഞാലും 193
- യോഗ്യനായുള്ള ഭവാനെടുത്ത ശസ്ത്രമിപ്പോൾ
- ഭാഗ്യഹീനന്മാർക്കെടുത്തീടുകയരുതല്ലൊ 194
- അത്രയും വേണ്ടീലിനി മോഹമില്ലിതിനേതും
- മിത്രത്തെ വധത്തിങ്കൽ നിന്നു രക്ഷിച്ചീടേണം” 195
- വിഷ്ണുഗുപ്തനുമതു കേട്ടുര ചെയ്തീടിനാൻ
- ഉഷ്ണിച്ചു മന്ത്രികുലശ്രേഷ്ഠനോ “ടെന്നാലിപ്പോൾ 196
- ചന്ദ്രഗുപ്തന്റെ മന്ത്രിയാകയില്ലെന്നുനുണ്ടെങ്കിൽ
- ചന്ദനദാസൻ തന്നെ കൊല്ലുകേയുള്ളു നൂനം” 197
- മന്ത്രിയുമതുകേട്ടു വിപ്രനോടുരചെയ്താൻ
- “ബന്ധുസ്നേഹത്തെക്കാളില്ലപ്പുറമിനിയേതും 198
- കാര്യത്തെ സാധിപ്പിച്ചീടുന്നതു ബന്ധുസ്നേഹം
- വീര്യത്തിന്നിതാനമസ്കാരമെന്നതേവേണ്ടൂ” 199
- എന്നുരചെയ്തുശസ്ത്രം വാങ്ങിനാനമാത്യനും
- അന്നേരം വിഷ്ണുഗുപ്തനേറ്റവും മോദത്തോടെ 200
- മൌര്യനോടുരചെയ്താൻ” രാക്ഷസനിപ്പോൾ തവ
- കാര്യസാധകകരനായിതെന്നറിഞ്ഞാലും 201
- എന്നുടെ ബുദ്ധിവിലാസങ്ങളും പിന്നെത്തവ
- മന്നവവിചിത്രമാം ഭാഗ്യത്തിൻ വിലാസവും 202
- രാക്ഷസാമാത്യൻ തന്റെ നീതിയുമിവ മൂന്നും
- ഇക്ഷിതിതലത്തിങ്കലൊന്നായിക്കളിക്കുമ്പോൾ 203
- ദേവകൾ പോലുമെതിരില്ലെന്നുവരുമിപ്പോൾ
- കേവലം നൃപനായി വാഴ്ക നീ മഹാമതേ!“ 204
- മൌര്യനുമതുകേട്ടു മോദം പൂണ്ടുരചെയ്താൻ
- “ആര്യന്മാരുടെ ബലം കേവലം മമബലം” 205
- സന്തോഷിച്ചെല്ലാവരും പിന്നെപ്പോയ്പുരം പുക്കു
- സന്തതം സമ്മാനിച്ചു മന്ത്രിയെ നൃപന്താനും 206
- മൌര്യനുമതുകാലം കൌടില്യൻ പറകയാൽ
- ആര്യനാമമാത്യനോടിങ്ങിനെചൊല്ലീടിനാൻ 207
- “പർവ്വതപുത്രൻ തന്നെ ബന്ധിച്ചു കിടക്കുന്നു
- സർവധാതവമതത്തിന്നു തക്കവണ്ണമാം” 208
- ഉത്തമനായമന്ത്രിസത്തമനതുകേട്ടി-
- ട്ടുത്തരം നൃപതിയോടിങ്ങിനെ ചൊല്ലീടിനാൻ 209
- “പർവ്വതപുത്രനായ മലയകേതുവിനെ
- സർവധാരക്ഷിച്ചയച്ചീടുകവേണമല്ലൊ 210
- ആശ്രയമവനായിക്കഴിഞ്ഞുമുന്നമെന്നാ-
- ലാശ്രയഭൂതൻ തന്നെ സമ്മാനിച്ചയക്കണം” 211
- മൌര്യനുമതുകേട്ടിട്ടാര്യന്റെ മുഖം നോക്കി-
- “ക്കാര്യമാകുന്നതെ”ന്നു പറഞ്ഞു ചാണക്യനും 212
- ബന്ധവുമഴിച്ചുവിട്ടന്നേരം പർവതക-
- നന്ദനൻ തനിക്കുള്ള പടയും ഭണ്ഡാരവും 213
- പ്രാണനും നഗരവുമൊക്കവേകൊടുത്തഥ
- മാനവവീരന്മാനിച്ചയച്ചാനതുകാലം 214
- ആര്യന്മാരുടെ മനം തെളിഞ്ഞു പുനരഥ
- മൌര്യനാം മഹീപതി ചന്ദനദാസൻ തന്നെ 215
- തന്നരികത്തുവിളിച്ചാദരപൂർവം പിന്നെ
- മന്നവൻ സർവനഗരശ്രൈഷ്ഠ്യംകൊടുത്തുടൻ 216
- മുന്നം താനടക്കിയ ഭണ്ഡാരങ്ങളുമെല്ലാം
- എണ്ണമോരോന്നേ കൊടുത്തീടിനാൻ സന്തോഷത്താൽ 217
- ബന്ധിച്ച ജനങ്ങളെയൊക്കവെയഴിച്ചുവി-
- ട്ടന്തർമ്മോദേന പാർപ്പിച്ചീടിനാനവരെയും 218
- ചന്ദ്രഗുപ്തന്റെ ഗുണവൈഭവങ്ങളെക്കൊണ്ടു
- സന്തതം മന്ത്രിക്കുള്ളിൽ സ്നേഹവും വളർന്നുതെ 219
- ചാണക്യൻ താൻ ചെയ്തൊരു ഘോരമാം പ്രതിജ്ഞയെ
- മാനത്താൽ സന്ധിച്ചു കെട്ടീടിനാൻ കുഡുംബയും 220
- എത്രയും നിരാശനെന്നാകിലും ചാണക്യനു
- വിത്തവുമനവധി നൽകിനാൻ ചന്ദ്രഗുപ്തൻ 221
- “ഭൂമിനായകകുലമൌലിനായകക്കല്ലേ!
- ഭൂമിയെ പാലിച്ചു നീ ജീവിക്ക ചിരകാലം” 222
- ആശിയും പലതരമിങ്ങിനെചൊല്ലിച്ചൊല്ലി
- ദേശികനായ വിഷ്ണുഗുപ്തനാം ദ്വിജശ്രേഷ്ഠൻ 223
- യാത്രയും പറഞ്ഞുപോന്നാശ്രമം പുക്കു പിന്നെ
- നിത്യവും തപസ്സുകൾ ചെയ്തുകൊണ്ടിരുന്നുതേ 224
- പിന്നെയും വന്നു ചന്ദ്രഗുപ്തനേക്കണ്ടുനിജ-
- മന്ദിരം പുക്കു മരുവീടിനാൻ ദ്വിജശ്രേഷ്ഠൻ 225
- ഭാഗ്യവാനായീടുന്ന ചന്ദ്രഗുപ്തനും പിന്നെ
- യോഗ്യമായ് പിതൃഭ്രാതൃതന്നുടെ പ്രതിക്രിയാ 226
- ചിന്തിച്ചവണ്ണം തന്നെ സാധിച്ചുസന്തുഷ്ടനാ-
- യ്മന്ത്രിയോടനുദിനം ചേർന്നുകൊണ്ടവനിയെ 227
- ധർമ്മത്തിൽ പിഴയാതെ പാലിച്ചുവഴിപോലെ
- സമ്മോദം പൂണ്ടു പുഷ്പമന്ദിരേ മേവീടിനാൻ -228
- ഇക്കഥചുരുക്കിഞാനൊക്കവേപറഞ്ഞുവെ-
- ന്നുൾക്കുരുന്നിങ്കൽ മോദം കലർന്നു കിളിമകൾ 229
- ആലസ്യം കളഞ്ഞവൾ കീർത്തനങ്ങളും പാടി
- ക്കാലത്തുപറന്നുപോയീടിനാളതുകാലം. 230
- ഇതിമുദ്രാരാക്ഷസം എട്ടാം പാദം സമാപ്തം.