ചാണക്യസൂത്രം (കിളിപ്പാട്ട്)/മൂന്നാം പാദം
(ചാണക്യസൂത്രം - കിളിപ്പാട്ട്/മൂന്നാം പാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- പാലൊത്ത മൊഴിയാളേ! ശാരികേ! മനോഹരേ!
- മാലോകർക്കിതമുള്ള നിന്നുടെ വചനങ്ങൾ 1
- ഓരോരോതരമതിവിചിത്രമായ്കേൾക്കുന്തോറും
- പാരാതെ വളരുന്നു കൌതുകമിനിക്കുള്ളിൽ 2
- ദാഹവും തളർച്ചയും തീർത്തുടൻ തെളിഞ്ഞുനീ
- മോഹനമായ കഥാശേഷവും പറകെടോ 3
- വീരനായോരുമന്ത്രിരാക്ഷസനതുകാലം
- ധീരതയോടു ചെയ്തതെന്തെന്നുപറകനീ 4
- എന്നതുകേട്ടുകിളിപ്പൈതലും ചൊല്ലീടിനാൾ
- ഇന്നതുപറവതിനെത്രയും പണിയത്രേ 5
- വൈഷമ്യം കഥക്കിതിന്മേലേടമുണ്ടാകയാൽ
- വൈഷമ്യം പറഞ്ഞുകൊൾവാനുമുണ്ടറിഞ്ഞാലും 6
- ഒട്ടുമേതിരികയില്ലെന്നതുവരുമെന്നാൽ
- ഒട്ടുഞാനറിഞ്ഞേടം പറയാം കനിവോടെ 7
- നീരസന്മാർക്കു തിരിഞ്ഞീടുവാൻ പണി തുലോം
- പാരതിൽ സരസന്മാർക്കറിയാമല്ലോ താനും 8
- വാക്കിനു സാമർത്ത്യമില്ലെന്നു വന്നാലും പിന്നെ
- കേൾക്കയിൽ ചിലർക്കിപ്പോളാഗ്രഹമുണ്ടെന്നാകിൽ 9
- ചൊല്ലുവാനിളയ്ക്കരുതല്ലോ ഞാനറിഞ്ഞേടം
- ചൊല്ലുവൻ ചുരുക്കമായെങ്കിലോ കേട്ടുകൊൾവിൻ 10
- ബുദ്ധിമാനായീടുന്ന രാക്ഷസനതുകാലം
- വൃദ്ധനായ് വനം വാഴും നന്ദരാജനെക്കണ്ടു 11
- വർദ്ധിപ്പിച്ചീടുന്നുണ്ടിക്കുലമിനിയും ഞാൻ
- ഇത്തരം നിരൂപിച്ചു മിത്രങ്ങളോടും കൂടി 12
- ഉത്തമമായ മന്ത്രമണ്ഡപമകം പൂകീ-
- ട്ടിത്തരമോരോതരം ചിന്തിച്ചു തുടങ്ങിനാർ13
- ശക്തിയേറീടും നൃപവീരന്മാർ മരിക്കയാൽ
- യുദ്ധത്തിന്നവർകളോടാവതില്ലിനിയേതും 14
- വഞ്ചിച്ചും ചന്ദ്രഗുപ്തൻ തന്നെ നാമിതുകാലം
- പഞ്ചത്വം വരുത്തുവാൻ യത്നവും ചെയ്തീടേണം 15
- സർവ്വരുമായിച്ചിന്തിച്ചിങ്ങിനെ കല്പിച്ചവൻ
- സർവ്വാർത്ഥസിദ്ധിയാകും വൃദ്ധനെ വനത്തിങ്കൽ16
- ആരുമേയറിയാതെ രക്ഷിച്ചു മന്ത്രിമുഖ്യൻ
- ധൈര്യമുൾക്കൊണ്ടു ചന്ദ്രഗുപ്തനെച്ചെന്നുകണ്ടാൻ 17
- മാനശോകാദികളുമൊക്കവേ മറച്ചവൻ
- ദീനനായ് മൌര്യൻതന്നോടിങ്ങിനേ ചൊല്ലീടിനാൻ 18
- “നന്ദനാം മഹീപതി തനിക്കും പുത്രന്മാർക്കും
- മന്ത്രിയായിത്രനാളും വാണു ഞാനറികനീ 19
- ഇക്കാലം ഭവാൻ തന്റെ മന്ത്രിയായിരിപ്പതി-
- ന്നുൾക്കാമ്പിൽ കല്പിച്ചു വന്നീടിനേൻ കൃപാനിധേ! 20
- അന്നന്നു രാജ്യം പരിപാലനം ചെയ്തീടുന്ന
- മന്നവന്മാരെസ്സേവിച്ചീടുകെന്നതേയുള്ളു 21
- നന്ദവംശത്തിലല്ലോ നിന്നുടെ ജനനവും
- എന്നതുനിരൂപിച്ചാൽ സംശയമില്ലേതുമേ 22
- അന്യവംശത്തിലുള്ള പർവ്വതരാജാവിനെ
- ചെന്നുസേവിക്കെന്നതുമെത്രയും മടിയത്രേ 23
- സ്നേഹമോ നമ്മിലുള്ളതിന്നുണ്ടായതുമല്ല
- മോഹംകൊണ്ടോരോന്നേവം വന്നുപോകത്രേനൂനം 24
- എന്നെയിന്നുപേക്ഷിക്കെന്നുള്ളതും ഭവാനിപ്പോൾ
- ഒന്നുമേ നിരൂപിച്ചാൽ ചെയ്കയുമരുതല്ലോ” 25
- രാക്ഷസാമാത്യനേവം കിഴിഞ്ഞുപറഞ്ഞപ്പോൾ
- സാക്ഷാലിന്നിതുനേരല്ലെന്നു കല്പിച്ചു മൌര്യൻ 26
- ചെന്നുടൻ ചാണക്യനോടിക്കഥ പറഞ്ഞപ്പോൾ
- മന്നിട സുരവരനിങ്ങിനെ ചൊല്ലീടിനാൻ 27
- വ്യാജത്താലെന്നാകിലുമാശ്രയിച്ചവർകളെ
- രാജാക്കന്മാർക്കു പരിപാലിച്ചേ മതിയാവൂ 28
- എന്തതിൻ പ്രയോഗമെന്നുള്ളതുമറിഞ്ഞീടാം
- ചന്തമായ് പറഞ്ഞനുസരിച്ചുവെക്കേണം നാം 29
- ഇങ്ങിനേ ചാണക്യനും മൌര്യനും പലതരം
- തങ്ങളിൽ നിരൂപിച്ചു കൈക്കൊണ്ടാരവനേയും 30
- കേവലം ചതിപ്പാനായ് രാക്ഷസനതുകാലം
- ഈവണ്ണം മൌര്യൻ തന്റെ മന്ത്രിയായ് വാണീടിനാൻ 31
- കാനനത്തിങ്കൽ മരുവീടിന നൃപൻ തന്റെ
- മാനസത്തോടുകൂടി മൌര്യനെയൊടുക്കുവാൻ 32
- ഗാഢമാത്സരമുള്ളിൽ വെച്ചുകൊണ്ടമാത്യനും
- ഗൂഢമായ് ചിലരെയും കല്പിച്ചാനതുകാലം 33
- ഹസ്തിപൻ ശില്പി വൈദ്യനെന്നിവർ മറ്റും ചില-
- ശസ്ത്രദന്മാരും വിഷം കൊടുക്കുന്നവർകളും 34
- രാക്ഷസപ്രയുക്തന്മാരാമിവർക്കൊരുത്തർക്കും
- തൽക്ഷണം ചന്ദ്രഗുപ്തനെക്കുല ചെയ്തീടുവാൻ 35
- ഒന്നുമേയൊരുപഴുതുണ്ടായീലതുകൊണ്ടു
- ധന്യരിൽ മുമ്പൻ ചന്ദ്രഗുപ്തനെന്നറിഞ്ഞാലും 36
- വൃദ്ധനായിരിക്കുന്ന സർവ്വാർത്ഥസിദ്ധിയപ്പോൾ
- എത്രയും വിശ്വാസമേറീടുന്ന ചാരന്മാരെ 37
- താപസവേഷം ധരിപ്പിച്ചവരുടെ കയ്യിൽ
- പാപമാനസനൊരു ബദരീഫലം നന്നായ് 38
- ഘോരമായുള്ള വിഷനീരതിലിട്ടുമുക്കി
- മൌര്യനുകൊടുക്കെന്നു ചൊല്ലിയങ്ങയച്ചിതു 39
- ചാണക്യൻ തന്റെ ചാരന്മാരതു ധരിച്ചുടൻ
- ഊനമെന്നിയേ വഴിയീന്നവരുറങ്ങുമ്പോൾ 40
- മറ്റൊരു ലന്തപ്പഴമവിടെവെച്ചു തങ്ങൾ
- തെറ്റന്നു വിഷമയമായതുമെടുത്തുടൻ 41
- മന്ദമെന്നിയേ നന്ദഭൂപനെച്ചെന്നുകണ്ടു
- വന്ദിച്ചുലന്തപ്പഴം കാശ്ചയും വെച്ചു ചൊന്നാർ 42
- “നിന്തിരുവടിക്കിതു ഭക്ഷിപ്പാൻ ലന്തപ്പഴം
- ചന്തമോടമാത്യൻ താൻ തന്നുവിട്ടിരിക്കുന്നു”43
- എന്നതുകേട്ടു നന്ദൻ പ്രീതിപൂണ്ടെടുത്തുടൻ
- തിന്നതുനേരം ചത്തുവീണിതു നന്ദഭൂപൻ 44
- താപസദത്തമായ ബദരീഫലം തിന്നു
- താപമുണ്ടായീലേതും മൌര്യനുമതുകാലം 45
- സർവ്വാർത്ഥസിദ്ധി “സിദ്ധി” പെട്ടുപോയെന്ന വാർത്ത
- സർവ്വരും പറഞ്ഞുകേട്ടിടിനാനമാത്യനും46
- ബന്ധശൈഥില്യശങ്കകൊണ്ടുതാനപ്പോഴതി-
- നെന്തുകാരണമെന്നു മിണ്ടാതെ വാണീടിനാൻ47
- സർവ്വാർത്ഥസിദ്ധിമരിച്ചീടിനോരനന്തരം
- സർവ്വകാംക്ഷിതങ്ങളും നിഷ്ഫലമായെങ്കിലും 48
- രാക്ഷസാമാത്യൻ ചന്ദ്രഗുപ്തനെക്കൊന്നീടുവാൻ
- രൂക്ഷനായ് പ്രയത്നങ്ങൾ പിന്നെയും ചെയ്തീടിനാൻ; 49
- മൌര്യനെസ്സേവിച്ചിരുന്നീടിന കാലമവൻ
- ആരുമേയറിയാതെ പർവ്വതരാജനേയും 50
- സേവിച്ചുതുടങ്ങിനാനക്കാലം പർവ്വതേശൻ
- ഭാവത്തെയറിഞ്ഞു മൌര്യാത്മജൻ തന്നെക്കൊൽവാൻ 51
- സന്തതമുപായവും ചിന്തിച്ചുചിന്തിച്ചകം
- വെന്തുവെന്തിരുന്നിതുമന്ത്രിയുമതുകാലം 52
- ചിത്രമെത്രയും പാർത്താൽ പൂർവ്വവൈരത്തിനുള്ള
- ശക്തിയെന്നുള്ളതാർക്കും പോകയുമില്ല നൂനം 53
- ശത്രുവാം പർവ്വതകൻ രാക്ഷസാമാത്യനപ്പോൾ
- എത്രയും പ്രിയനായി വന്നിതെന്നറിഞ്ഞാലും 54
- “വല്ലതും ചെയ്തു ചന്ദ്രഗുപ്തനെ വധിച്ചു ഞാൻ
- വല്ലഭമോടുരാജ്യം നിങ്ങൾക്കു തന്നീടുവൻ” 55
- എന്നുപർവ്വതനോടും തൽപുത്രനോടും പുന-
- രുന്നതനായുള്ള തൻ ഭ്രാതാവിനോടും നന്നായ്” 56
- രാക്ഷസൻ പറഞ്ഞു ബോധിപ്പിച്ചിട്ടൊരുദിനം
- അക്ഷപണകനോടു ഗൂഢമായുരചെയ്താൻ; 57
- “നമ്മുടെ സ്വാമിവധത്തിന്നുകാരണമായ
- നിർമ്മരിയാദിയാകും മൌര്യനെക്കൊന്നീടുവാൻ 58
- എന്തൊരുപായമെനു ചിന്തചെയ്യേണം സഖേ!
- ഹന്തനാമിരിക്കുമ്പോളാവതുചെയ്തീടേണം” 59
- എന്നതു കേട്ടു പറഞ്ഞീടിനാൻ ക്ഷപണകൻ
- “ധന്യനായുള്ള ഭവാൻ ഖേദിച്ചീടരുതേതും 60
- വല്ലതുമൊരുകഴിവുണ്ടാക്കീടുവ”നെന്നു
- ചൊല്ലിയേക്കാര്യം പിന്നെ ചാണക്യനോടും ചൊല്ലി 61
- ഘോരമായുള്ളോരാഭിചാരകർമ്മവുമവൻ
- ആരംഭിച്ചിതുകാട്ടിലിരുന്നുനിഗൂഢമായ് 62
- അഗ്നിയെ ജ്വലിപ്പിച്ചു മാന്ത്രികശ്രേഷ്ഠനവൻ
- നഗ്നനായിരുന്നൊരു ഹോമവും തുടങ്ങിനാൻ 63
- ഹോമകുണ്ഡത്തിൽ നിന്നങ്ങുണ്ടായിയതുനേരം
- കാമരൂപിണിയായോരായതവിലോചന 64
- ജാനകീദേവിപണ്ടു വഹ്നിയിൽ വീണനേരം
- മാനമോടതിങ്കൽനിന്നുത്ഥിതയായപോലെ65
- ധന്യശീലയായതി സുന്ദരാംഗിയാം വിഷ-
- കന്യകതന്നെക്ഷപണേശ്വരനതുനേരം 66
- മന്ത്രിവീരന്റെ കയ്യിലെത്രയും നിഗൂഢമായ്
- മാന്ത്രികവരൻ കൊടുത്തിങ്ങിനേ ചൊല്ലീടിനാൻ 67
- “മാനിനീമണിയായോരിവളെച്ചുംബിക്കുമ്പോൾ
- ഊനമെന്നിയേ മരണത്തേയും ലഭിച്ചീടും 68
- ഏകനെയാലിങനം ചെയ്തുകൊന്നീടുമിവൾ
- പോകയും ചെയ്യും പിന്നെ കാൺകയുമില്ലതാനും”69
- രാക്ഷസനതുകേട്ടു കന്യകാരത്നത്തേയും
- സൂക്ഷിച്ചുവെച്ചുകൊണ്ടാനെത്രയും സന്തോഷത്താൽ 70
- മ്ലേച്ഛരാജനെക്കൂടെ മറച്ചാനവനിതു
- നിശ്ചയമതിയല്ലെന്നുറച്ചു ശങ്കിക്കയാൽ 71
- കാലവും കുറഞ്ഞോന്നു പോയോരു ശേഷത്തിങ്കൽ
- മാലിയന്നിരിക്കുന്ന രാക്ഷസനൊരുദിനം72
- മോദമുൾക്കൊണ്ടുവിനയത്തെയും പ്രകാശിപ്പി-
- ച്ചാദരവോടു പണകാത്മജനോടു ചൊന്നാൻ 73
- “ചന്ദ്രഗുപ്തനു കൊടുത്തീടുവാനായുണ്ടൊരു
- ചന്ദ്രാഭിരാമമുഖിയായൊരുവിലാസിനീ 74
- എന്നുടെ ഗൃഹത്തിങ്കലുണ്ടവൾ മരുവുന്നു
- മന്നവർക്കുചിതയായുള്ളവളറിഞ്ഞാലും 75
- സർവ്വമോഹനരൂപയാമവളെക്കൊണ്ടിപ്പോൾ
- യൌവ്വനം സഫലമാക്കീടുക മൌര്യൻ തനെ 76
- ചാണക്യനേതുമറിഞ്ഞീല താനെന്നു ഭാവി-
- “ച്ചേണാക്ഷിതന്നെവരുത്തീടുകെ”ന്നുരചെയ്താൻ 77
- രാക്ഷസനതുകേട്ടു തന്നുടെ ഗൃഹം പുക്കു
- തൽക്ഷണേ വിഷനാരിതന്നെയും കൊണ്ടുവന്നാൻ 78
- കണ്ടിവാർകുഴലിയെകൊണ്ടുവന്നതുകണ്ടു
- തണ്ടലർ ബാണമേറ്റു കുണ്ഠരായെല്ലാവരും79
- സസ്മിതമായമുഖപത്മവും നോക്കി നോക്കി
- വിസ്മയം പൂണ്ടു നിന്നാരെന്നതേ പറയാവൂ 80
- അന്നേരം ശയനമദിരത്തിൽ പ്രവേശിപ്പാൻ
- വന്നിതുസമയവും ചാണക്യനതുനേരം 81
- മന്ദമെന്നിയേയൊരു സംഭ്രമം നടിച്ചുള്ളിൽ
- മന്ദഹാസവും ചെയ്തു പലരും നിൽക്കുന്നേരം 82
- നീതിമാനായകുലമന്ത്രിരാക്ഷസനോടു
- ആദരവോടേ വിളിച്ചിങ്ങിനെ ചൊല്ലീടിനാൻ 83
- “പർവ്വതരാജനിന്നു പാർത്തുകാണുന്നനേരം
- സർവ്വദാനമുക്കൊരുബന്ധുവെന്നറിഞ്ഞാലും 84
- സ്ത്രീരത്നമിതുതന്നെ പർവ്വതരാജാവിനു
- പാരാതെകൊടുക്കേണമില്ല സംശയമേതും 85
- ഇന്നിതുമൌര്യൻ തനിക്കെന്നു കല്പിക്കുന്നേരം
- നിർണ്ണയമിവനൊരു വൈരവുമുണ്ടായീടും 86
- താന്താനൊട്ടൊഴിഞ്ഞിട്ടും ബന്ധുവാം ജനങ്ങളെ
- സന്തോഷിപ്പിക്കയല്ലോ കാര്യമാകുന്നതെടോ” 87
- നീതിമാനായ ചണകാത്മജനിതുവഴി
- നീതിയിൽ സമക്ഷത്തുനിന്നുരചെയ്തനേരം 88
- ഉത്തരമതിനൊന്നും കാണാഞ്ഞുമന്ത്രികുല
- സത്തമനതുമെങ്കിലങ്ങിനേയെന്നുചൊന്നാൻ 89
- ഇക്കഥ പർവ്വതകൻ തന്നോടു പറവാനും
- തക്കമില്ലാതെവന്നു രാക്ഷസനതുനേരം 90
- എന്തഹോ ചാണക്യന്റെ ദുർന്നയമോരോന്നെന്നു
- ചിന്തിച്ചു മന്ത്രിവരൻ ദൂരത്തുവാങ്ങിനിന്നാൻ 91
- പഞ്ചബാണാർത്തിപൂണ്ടുപർവ്വതരാജൻ താനും
- ചഞ്ചലമിഴിയോടും കൂടവേ ശയാഗൃഹം 92
- പ്രാപിച്ചുമൌര്യൻ തന്നെക്കൊല്ലുവാനിരുന്നവൻ
- ആപത്തു തനിക്കുവന്നടുത്തതറിയാതെ 93
- രാത്രിയിലവളെച്ചെന്നാശ്ലേഷം ചെയ്തനേരം
- ധാത്രിയിൽ വീണു മരിച്ചീടിനാൻ വിധിവശാൽ 94
- പർവ്വതകനെക്കൊന്നുരാക്ഷസനെന്നുനാളെ
- സർവ്വരും പറഞ്ഞീടുമെന്നുള്ള ഭയത്തിനാൽ 95
- രാത്രിയിൽ തന്നെ പുറപ്പെട്ടു രാക്ഷസൻ തന്റെ
- മിത്രമായ് പ്രാണസ്നേഹമായ്മരുവീടുന്നൊരു 96
- വന്ദനദാസനായചെട്ടിവർത്തകൻ തന്റെ
- മന്ദിരത്തിങ്കൽ കൊണ്ടു വെച്ചുടൻ കളത്രത്തെ 97
- ചന്ദ്രഗുപ്തനെ വധിച്ചീടുവാനായിക്കൊണ്ടു
- ചന്തമായ്പ്പറഞ്ഞു താനാക്കിയ വൈദ്യാദിയെ 98
- സന്തതം പരിപാലിച്ചീടുവാനായിക്കൊണ്ടു
- ബന്ധുവാം ശകടദാസാഖ്യനാം കാര്യസ്ഥനെ 99
- അറ്റമില്ലാതെയുള്ളോരർത്ഥവും കൊടുത്താക്കി
- മറ്റുള്ള ഭൃത്യരേയുമോരോരോകാര്യങ്ങളിൽ 100
- എത്രയും നിഗൂഢമായ്ക്കല്പിച്ചപുനരവൻ
- രാത്രിയിൽ തന്നെ പുറപ്പെട്ടു വേഗേന പോയാൻ 101
- ചാണക്യനതുകാലമുൾക്കാമ്പിൽ നിരൂപിച്ചാൻ
- ഹാനിക്കായ്വരുമിഹരാക്ഷസനുള്ളിൽ പുക്കാൽ 102
- ലോകരഞ്ജനം വരുത്തീടുവാൻ പണിപുന-
- രാകവെ തമ്മിൽ ഭേദിപ്പിക്കയും ചെയ്യുമിവൻ 103
- എന്നതുകൊണ്ടു നിരൂപിച്ചു കാണുന്നനേരം
- നന്നിവൻ പുറപ്പെട്ടു പോയതുമിതുകാലം 104
- രാവുപോയ് പുലർന്നപ്പോളുറങ്ങുമറതന്നിൽ
- ജീവനം വേറിറ്റഥ പർവ്വതരാജാവിനെ 105
- പാരതിൽ കുണപമായ്ക്കിടക്കുന്നതുകണ്ടു
- വാരിജമിഴിയാളെക്കണ്ടതുമില്ലയെങ്ങും 106
- അന്നേരം മ്ലേച്ഛജനമൊക്കവെമുറയിട്ടു
- വന്നവേദനയോടേ പൌരന്മാരോടും കൂടി 107
- ചാണക്യനോടു ചെന്നു ചൊല്ലിനാരയ്യോ പാപം
- “ഏണാക്ഷി കൊന്നാളല്ലോ പർവ്വതരാജാവിനെ” 108
- ചാണക്യനതുകേട്ടു ശോകരോഷാദികളെ
- മാനമുൾക്കൊണ്ടുഭാവിച്ചവരോടുരചെയ്താൻ 109
- “രാജനിഗ്രഹം ചെയ്യിപ്പിച്ചോരു മന്ത്രികുല-
- നീചനെത്തിരഞ്ഞുകൊന്നീടുവിൻ വൈകീടാതെ” 110
- എന്നതുകേട്ടുഭടന്മാരഥരാക്ഷന്റെ
- മന്ദിരത്തിങ്കൽച്ചെന്നുതിരഞ്ഞോരനന്തരം 111
- കണ്ടതില്ലെങ്ങും ഗൃഹം ശൂന്യമായ്ക്കണ്ടാരവർ
- മണ്ടി വന്നെ”ങ്ങും ഞങ്ങൾ കണതില്ലെ”ന്നു ചൊന്നാർ 112
- “പർവ്വതരാജാവിനെ രാക്ഷസൻ കൊന്നാ”നെന്നു
- സർവ്വരും പറഞ്ഞൊരു ഘോഷവും കൊണ്ടുനാട്ടിൽ 113
- അക്കാലം നയഗുണമേറിയ വിഷ്ണുഗുപ്തൻ
- ഉൾക്കാമ്പിൽ നിരൂപിച്ചാനെന്തിനി വേണ്ടതിപ്പോൾ 114
- ഇച്ചതിചെയ്തമാത്യരാക്ഷസനോടും കൂടി
- മ്ലേച്ഛനായകൻ തന്റെ പുത്രനുമനുജനും 115
- വൈരമുൾക്കൊണ്ടു ചന്ദ്രഗുപ്തനെക്കൊന്നീടുവാൻ
- പാരമായുദ്യോഗിച്ചാർ പണ്ടിവരിരുവരും 116
- എന്നതുനിരൂപിച്ചാലിന്നവർ രണ്ടിനേയും
- കൊന്നാനക്കാര്യമെന്നു തോന്നുന്നിതിനിയ്ക്കുള്ളിൽ 117
- രണ്ടുപേരേയും കൂടെക്കൊന്നുവെന്നെങ്കിലതി-
- നുണ്ടൊരുദോഷമതു ചെയ്തുവെന്നാകിൽ പിന്നെ 118
- പർവ്വതരാജാവിനെക്കൊല്ലിപ്പിച്ചതുമപ്പോൾ
- സർവ്വതശ്ചാണക്യനെന്നെല്ലാരും പറഞ്ഞീടും 119
- ഏകനെപ്പറഞ്ഞുടൻ ഭേദിപ്പിച്ചയയ്ക്കയും
- ഏകനെ വധം തന്നെ ചെയ്കയും വേണമല്ലോ 120
- വൈരമേറീടും വൈരോധകനെ വധിക്കെണം
- പാരാതെ മറ്റേവനെപ്പറഞ്ഞങ്ങയക്കണം 121
- ഭാഗധേയമുള്ളവനിങ്ങിനെ കല്പിച്ചഥ
- ഭാഗുരായണനായ തന്നുടെ സചിവനെ 122
- ആദരവോടുവിളിച്ചാരുമെയറിയാതെ
- മേദനീദേവൻ താനുമവനോടുരചെയ്താൻ 123
- “നിശ്ശേഷഗുണനിധേ! നിന്നോടിങ്ങിതുകാലം
- വിശ്വാസമേറുകയാൽ ഞാനൊന്നു പറയുന്നു 124
- ചന്ദ്രഗുപ്തനെ സ്നേഹം പണ്ടുമുണ്ടല്ലോ ഭവാ-
- നിന്നിതു രണ്ടിങ്കലുമുണ്ടെന്നുവരുമല്ലോ 125
- പർവ്വതാത്മജനായ മലയകേതു തന്നെ
- സർവ്വദാ ചെന്നുകണ്ടു ബന്ധുവായ്വന്നുനീ 126
- ശങ്ക കൂടാതെ പുനരവനോടിതുകാലം
- എങ്കലുള്ളോരു ഭയം പറഞ്ഞു ഭേദിപ്പിച്ചു 127
- വേഗമോടിവിടുന്നു പറഞ്ഞങ്ങയക്കേണം
- പാകത്തിൽ നിന്നുതന്നെ വേണമെന്നറിഞ്ഞാലും 128
- ഇഷ്ടമായതുതന്നെ പറഞ്ഞുകൊണ്ടാലവൻ
- ഇഷ്ടനായ് വരും ഭവാനില്ല സംശയമേതും” 129
- ഇത്തരം കൌടില്യന്റെ വാക്കുകേട്ടവൻ താനും
- സത്വരം പർവ്വതകപുത്രനെച്ചെന്നുകണ്ടു 130
- ഇഷ്ടനായാരും ചെവികേളാതെയൊരുദിനം
- ധൃഷ്ടനാം മ്ലേച്ഛനൃപപുത്രനോടുരചെയ്താൻ 131
- “രാജനന്ദന! ഗുണവാരിധേ! മഹാമതേ!
- വ്യാജമോരോന്നെ ഭവാനറിഞ്ഞില്ലല്ലോ കഷ്ടം 132
- രാക്ഷസനല്ല കുലചെയ്തതു പിതാവിനെ
- രൂക്ഷരോഷകനായ ചാണക്യനറികെടോ 133
- രോഷം കൊണ്ടതുമൂലം നീയിനിപ്പലരോടും
- ഘോഷം കൊണ്ടീടുന്നാകിൽ നിന്നെയും കൊല്ലുമവൻ 134
- താതന്റെ കർമ്മമതെന്നുള്ളിൽനീ കല്പിച്ചുകൊ-
- ണ്ടേതുമെ വൈകാതിനിപ്പൊയ്ക്കൊൾക ഗുണമെടോ 135
- നിർമ്മരിയാദിചണകാത്മജനെന്നുള്ളതു
- സമ്മതമെല്ലാവർക്കുമെന്നുനീ ധരിച്ചാലും 136
- കണ്ടിട്ടും കേട്ടിട്ടുമില്ലാതൊരുദിക്കിൽ വന്നാൽ
- കുണ്ഠത്വം പിണയാതെ പോവാനും പണിയത്രെ 137
- ആർക്കാനും വേണ്ടിവന്നു ചാടിയാലുള്ളാപത്തു
- പോക്കാവതല്ല താന്താൻ കണ്ടുനിൽക്കേണമെടോ 138
- അന്ധകാരങ്ങൾ ചിന്തചെയ്യാതെ പുരം പൂകീ-
- ട്ടെന്തിനി വേണ്ടതെന്നു ചിന്തിച്ചീടുക ഭവാൻ” 139
- ഭാഗുരായണനേവം പറഞ്ഞ വാക്കുകേട്ടു
- വേഗമുൾക്കൊണ്ടുഭയപ്പെട്ടുടൻ മ്ലേച്ഛസുതൻ 140
- പ്രേതകൃത്യങ്ങളൊന്നും ചെയ്യാതെ ഭയത്തോടെ
- പാതിരാനേരം പുറപ്പെട്ടുടൻ പോയീടിനാൻ 141
- നീതിമാനായ ചണകാത്മജനതുകാലം
- ചാതുര്യമോടു പറഞ്ഞീടിനാനെല്ലാരോടും 142
- “ഇന്നു പർവ്വതപുത്രനങ്ങുപോയ്വരുവതി-
- നെന്നുടെ മതംകൊണ്ടുപോയതെ”ന്നുരചെയ്താൻ 143
- അക്കാലം പർവ്വതകനെക്കുലചെയ്യിപ്പിച്ച-
- തുൾക്കാമ്പിൽ ചാണക്യനെന്നുള്ളതുശങ്കിച്ചവർ 144
- എന്തൊരു കഷ്ടം മ്ലേച്ഛരാജനെക്കൊല്ലിപ്പിച്ച-
- തന്തണർവരനായചാണക്യനെന്നല്ലോനാം 145
- ശങ്കിച്ചതല്ലെന്നുള്ളതിന്നു നിർണ്ണയം വന്നു
- എങ്കിൽ താൻ പർവ്വതകപുത്രനെയയയ്ക്കുമോ? 146
- ശത്രുശേഷത്തെവെച്ചുകൊള്ളുമോ ചാണക്യനി-
- ന്നത്ര ഭോഷത്വമുള്ളോനല്ലെന്നു ദൃഢമല്ലോ 147
- ദോഷത്തെ ഗ്രഹിച്ചപ്പോൾ ഭോഷത്വം നമുക്കത്രെ
- ഘോഷിക്കാത്തതു ഭാഗ്യമെന്നതേ പറയേണ്ടൂ 148
- സംശയമേതുമില്ല രാക്ഷസൻ തന്നെയതെ-
- ന്നാശയങ്കത്തിലുറച്ചീടിനാരെല്ലാവരും 149
- ഉത്തമനായ മന്ത്രിരാക്ഷസനതുകാലം
- ഉത്തമമായ പുഷ്പപത്തനത്തിങ്കൽനിന്നു150
- നൂറുയോജനവഴിവടക്കുദിക്കിൽ പോയി-
- ട്ടാരുമങ്ങറിയാതെ മൌര്യനെക്കൊന്നീടുവാൻ 151
- എന്തൊരുപായമെന്നു ചിന്തിച്ചു ചിന്തിച്ചുള്ളിൽ
- സന്തതമിരുന്നിതു മറ്റൊന്നും നിനയാതെ 152
- അക്കാലം പർവ്വതകപുത്രന്റെ ഗമനത്തെ
- ചൊൽക്കൊണ്ടോരമാത്യരാക്ഷസനും കേട്ടീടിനാൻ 153
- നല്ലൊരു പഴുതെന്നു കണ്ടവൻ പുറപ്പെട്ടു
- നല്ലനാം മലയകേതുവിനെച്ചെന്നുകണ്ടു 154
- വല്ലഭമോടു സേവിച്ചവനോടതുകാലം
- ചൊല്ലിനാനിത്ഥമുള്ള വാക്കുകൾ മന്ത്രീന്ദ്രനും 155
- “മൌര്യനാം പശുവിനെ നിഗ്രഹം ചെയ്തുരാജ്യം
- വീര്യവാനായ ഭവാനാശുഞാന്തന്നീടുവൻ 156
- വാട്ടമെന്നിയേരിപുക്കൂട്ടത്തെയൊടുക്കുവാൻ
- കൂട്ടുകവേണം പടക്കോപ്പുകളറിഞ്ഞാലും” 157
- പർവ്വതപുത്രനിത്ഥം രാക്ഷസൻ പറഞ്ഞപ്പോൾ
- ഗർവ്വമോടമാത്യനാക്കിടിനാനവനേയും 158
- രാക്ഷസനമാത്യസ്ഥാനത്തെയും കൊടുത്തവൻ
- രൂക്ഷനായ് പ്രതിജ്ഞയുമിങ്ങിനേ ചൊല്ലീടിനാൻ 159
- അച്ഛനെക്കൊല്ലിപ്പിച്ച വിപ്രനെക്കൊല്ലാതെ ഞാൻ
- നിശ്ചയം ശേഷക്രിയ ചെയ്തീടുന്നതുമില്ല 160
- ഈവണ്ണം പ്രതിജ്ഞയും ചെയ്തവൻ മ്ലേച്ഛന്മാരെ
- ദ്വീപങ്ങളിലേക്കയച്ചൊക്കവേ വരുത്തിനാൻ 161
- രാക്ഷസൻ ശത്രുഭേദം ചെയ്വതിനായിക്കൊണ്ടു
- സൂക്ഷ്മബുദ്ധികളായതന്നുടെ ചാരന്മാരെ 162
- ചൊക്കൊണ്ടപുഷ്പപുരത്തിങ്കലേക്കയച്ചുടൻ
- ഉൾക്കരുത്തോടുരഞ്ജിപ്പിച്ചവൻ മ്ലേച്ഛന്മാരെ 163
- യുദ്ധത്തിന്നവസരം പാർത്തുപാർത്തൊരുമ്പെട്ടു
- ബദ്ധമോദത്തോടിരുന്നീടിനാനതുകാലം 164
- നിശ്ചലഹൃദയനാം ചാണക്യമഹീസുരൻ
- മ്ലേച്ഛനന്ദനന്റെയും രാക്ഷസാമാത്യന്റെയും 165
- കൂടിക്കാഴ്ചയും യുദ്ധോദ്യോഗവും പ്രതിജ്ഞയും
- പാടവമുള്ള ചാരന്മാർ പറഞ്ഞൊക്കെക്കേട്ടാൻ 166
- പിന്നേയും പരിഭ്രമം കൂടാതെ വിഷ്ണുഗുപ്തൻ
- തന്നുടെ പക്ഷത്തിലും ശത്രുപക്ഷത്തിങ്കലും 167
- ഉള്ളവൃത്താന്തമറിഞ്ഞീടുവാനായിക്കൊണ്ടു
- നല്ല സാമർത്ഥ്യമുള്ള ചാരന്മാരെയും വിട്ടാൻ 168
- ചാണക്യമഹീസുരൻ പിന്നെയങ്ങൊരുദിനം
- മാനവകുലശ്രേഷ്ഠനാകിയ മൌര്യൻ തന്റെ 169
- പുഷ്പമന്ദിരപ്രവേശത്തെയും കല്പിച്ചവൻ
- ശില്പികളെയും വിളിച്ചിങ്ങിനേ ചൊല്ലീടിനാൻ 170
- “ചന്ദ്രഗുപ്തനുനാളെയർദ്ധരാത്രിക്കുനന്ദ
- മന്ദിരപ്രവേശത്തിനുണ്ടുപോൽ മുഹൂർത്ഥവും 171
- ചൊൽക്കൊണ്ടപുഷ്പപുരം നിങ്ങളുമതിനിപ്പോൾ
- ഒക്കവേയലങ്കരിച്ചീടുകവേണമല്ലോ 172
- തോരണം നാട്ടിക്കൊടിക്കൂറകൾ തൂക്കീടേണം
- ചാരുവാം വണ്ണം ചിത്രമെഴുതുകയും വേണം 173
- ഗോപുരങ്ങളും കേടുതീർത്തലകരിക്കേണം
- വാപികൾ കൂപങ്ങളും നിർമ്മലമാക്കീടേണം” 174
- സൂത്രകാരന്മാരതുകേട്ടവനോടുചൊന്നാൻ
- “ധാത്രീപാലകനായ മൌര്യനന്ദനൻ തന്റെ 175
- നന്ദമന്ദിരപ്രവേശമിതുകാലമുണ്ടാം
- എന്നുകല്പിച്ചു ദാരുവർമ്മാവാം ശില്പിവരൻ 176
- കാഞ്ചനതോരണവും തീർത്തുവെച്ചിരിക്കുന്നു
- ചഞ്ചലമില്ല ഞങ്ങൾ കണ്ടുവെന്നറിഞ്ഞാലും 177
- വിശ്വൈകമനോഹരം തോരണമതുപാർത്താൽ
- വിശ്വകർമ്മാവിനൊക്കും ദാരുവർമ്മാവുമിപ്പോൾ 178
- രാജസമായുള്ളൊരു തോരണമെടുപ്പിച്ചു
- രാജമന്ദിരദ്വാരേ കൊണ്ടുവന്നവനിപ്പോൾ 179
- ശില്പമായലങ്കരിച്ചീടുമെന്നറിഞ്ഞാലും
- ശില്പശാസ്ത്രത്തിന്നവനൊത്തവരാരുമില്ല 180
- തെറ്റന്നുഭവാനരുൾചെയ്തീടും വണ്ണം തന്നെ
- മറ്റുള്ള പണികളും ഞങ്ങൾ തീർത്തീടമല്ലോ” 181
- സൂത്രകാരന്മാരിത്ഥം ചൊന്നതുകേട്ടനേരം
- ഉത്തമനായ വിഷ്ണുഗുപ്തനും നിരൂപിച്ചാൻ 182
- ദാരുവർമ്മാവാകുന്ന സൂത്രകാരനോടു
- തോരണമുണ്ടാക്കേണമെന്നു ഞാൻ പറയാതെ 183
- തോരണം മുമ്പെയവൻ തീർത്തതു മൌര്യൻ തന്റെ
- മാരണത്തിനു തന്നെയില്ല സംശയമേതും 184
- ദുഷ്ടതയേറുന്നോരു രാക്ഷസാമാത്യൻ തനി-
- ക്കിഷ്ടനായുള്ളോനിവനെന്നുനിശ്ചയം വന്നു 185
- വേണ്ടതില്ലതുകൊണ്ടുതന്നെഞാൻ മറ്റേപ്പുറം
- കണ്ടിട്ടുണ്ടുപായമെന്നിങ്ങിനേ നിരൂപിച്ചാൻ 186
- ദാരുവർമ്മാവിനേയുമേറ്റവും പ്രശംസിച്ചു
- ധീരനാം കൌടില്യനും ശില്പികളോടുചൊന്നാൻ 187
- “തോരണം മുമ്പെ പണിതീർത്തതുകൊണ്ടുതന്നെ
- ദാരുവർമ്മാവുമുചിതജ്ഞനെന്നറിഞ്ഞാലും 188
- സ്വാമിയെസ്നേഹമവനേറയുണ്ടെന്നുവന്നു
- തൂമയോടവനനുഭവിക്കുമതിൻ ഫലം 189
- ചെന്നിനിനിങ്ങളോരോ പണികൾ തീർത്തീടുവിൻ
- വന്നിതുമുഹൂർത്തവും കാലവുമിടപോരാ” 190
- എന്നതുകേട്ടു സൂത്രകാരന്മാരുഴറ്റോടെ
- ചെന്നോരോ പണികളും വേഗേന തുടങ്ങിനാർ 191
- തോരണം കൊണ്ടന്നഥ ഗോപുരദ്വാരത്തിങ്കൽ
- ദാരുവർമ്മാവും നിവർത്തീടിനാൻ തെളിവോടെ 192
- അർദ്ധരാത്രിക്കു മുഹൂർത്തം വന്നിങ്ങടുത്തപ്പോൾ
- ഉത്തമവിപ്രകുലശ്രേഷ്ഠനാം വിഷ്ണുഗുപ്തൻ 193
- ശില്പികളേയും പൌരന്മാരെയുമതുനേരം
- ശില്പമായ് സമ്മാനിച്ചു മാനസം തെളിയിച്ചു 194
- മുമ്പിൽ താൻ പറഞ്ഞതിനന്തരംവരായ്വാനായ്
- വമ്പർക്കു മുമ്പനായ പർവ്വതേശ്വരൻ തന്റെ 195
- വീര്യമുള്ളനുജനാം വൈരോധകനെയവൻ
- മൌര്യനോടൊപ്പമൊരു പീഠത്തിന്മേലെവെച്ചു 196
- നന്ദരാജ്യത്തെനേരെനന്നായിവിഭാഗിച്ചു
- ചന്ദ്രഗുപ്തനെക്കൊണ്ടു ചാണക്യനർദ്ധരാജ്യം 197
- വൈരോധകനു കൊടുപ്പിച്ചിതുകനിവോടെ
- വൈരവും കളഞ്ഞവൻ തെളിഞ്ഞു വാണീടിനാൻ 198
- രണ്ടുരാജ്യത്തിങ്കലേക്കുമവനതുനേരം
- രണ്ടുപേരെയുമഭിഷേകവും ചെയ്യിപ്പിച്ചാൻ 199
- പുഷ്പമന്ദിരപ്രവേശത്തിനുപിന്നെയവൻ
- ശില്പമായ് മൌര്യൻ തന്നെപ്പറഞ്ഞുപിമ്പേ നിർത്തി 200
- പർവ്വതഭ്രാതാവിനെ പട്ടവും കെട്ടിപ്പിച്ചു
- സർവ്വാംഗമലങ്കരിപ്പിച്ചിതുവഴിപോലെ 201
- പൊന്മയമായിട്ടൊരു ചട്ടയുമിട്ടുകെട്ടി
- വെണ്മയിൽമിന്നും മണി മുകുടമണിയിച്ചു 202
- കാതില വളകളും മാലകൾ കാഞ്ചികളും
- ചാതുര്യമോടങ്ങലങ്കരിച്ചോരനന്തരം 203
- മൌര്യന്റെ ഗജവരൻ തന്നുടെ പുറത്തുടൻ
- വീരനാം വൈരോധകൻ തന്നെയും കരയേറ്റി 204
- പൌരന്മാരോടു വിഷ്ണുഗുപ്തനുമതുനേരം
- “പാരാതെയകമ്പടിനടന്നീടുവിനെന്നാൻ 205
- അന്നേരം സമസ്തരും പർവ്വതഭ്രാതാവിനെ
- മന്നനാം ചന്ദ്രഗുപ്തനെന്നു കല്പിച്ചീടിനാർ 206
- എത്രയും പരിചയമുള്ളവർകളും കൂടി
- രാത്രിയിലാകകൊണ്ടു മ്ലേച്ഛനെന്നറിഞ്ഞീല 207
- വെൺകൊറ്റക്കുടതഴവെഞ്ചമരികളോടും
- ശംഖമദ്ദളഭേദീമൃദംഗവാദ്യങ്ങളും 208
- പായുന്ന കുതിരകൾ പൊന്നണിഞ്ഞാനകളും
- ആയുധപാണികളുമായഥപുഷ്പപുരം 209
- മുന്നിട്ടു പുറപ്പെട്ടു ഗോപുരദ്വാരത്തിങ്കൽ
- വന്നടുക്കുന്ന നേരം ദാരുവർമ്മാവാമവൻ 210
- യന്ത്രപ്പാവകൾ തിരിഞ്ഞീടുവാനെന്നും ചൊല്ലി
- യന്ത്രതോരണച്ചരടയപ്പാൻ നോക്കിനിന്നാൻ 211
- അന്നേരം ചന്ദ്രഗുപ്തൻ തന്നുടെ പുരുഷാരം
- നിന്നിതു പുറത്തെല്ലാം ചാണക്യൻ പറകയാൽ 212
- ചന്ദ്രലേഖയാകുന്ന ഹസ്തിനീമുതുകേറി
- യന്ത്രതോരണത്തിങ്കലടുത്തുവൈരോധകൻ 213
- അന്നേരമമാത്യരാക്ഷസന്റെ ബന്ധുവായ
- ചന്ദ്രലേഖാംബഷ്ഠനാംബർബ്ബാകാഖ്യൻ താനും 214
- രാക്ഷസാജ്ഞയെചെയ്വാൻ മൌര്യനെന്നോർത്തിട്ടവൻ
- തൽക്ഷണേ വധിപ്പാനായ്വാളുറയൂരീടിനാൻ 215
- വാളുറയൂരിക്കണ്ട നേരത്തുകരിണിയും
- ചീളെന്നുനടന്നിതുഭീതിപൂണ്ടതുനേരം 216
- ദാരുവർമ്മാവും ഗതിവേഗത്തെയറിയാതെ
- പാരാതെവിട്ടീടിനാൻ യന്ത്രതോരണമപ്പോൾ 217
- പ്രഭ്രഷ്ടലക്ഷ്യമായിത്തോരണമതുനേരം
- അംബഷ്ഠൻ തന്റെ മൂർദ്ധാവിങ്കൽ വീണവൻ ചത്താൻ 218
- തന്നുടെ യത്നമതു നിഷ്ഫലമാകകൊണ്ടും
- നിർണ്ണയമാത്മവിനാശത്തിനുണ്ടാകകൊണ്ടും 219
- ഗോപുരത്തിന്റെ മുകളേറിയങ്ങിരിക്കുന്ന
- പാപചേതനനായ ദാരുവർമ്മാവുമപ്പോൾ 220
- ഗോപുരമുകളിൽ നിന്നാനമേൽ ചാടിവീണു
- കോപിതനായി പർവ്വതേശ്വബ്ഭ്രാതാവിനെ 221
- മൌര്യനെന്നോർത്തു മഴുകൊണ്ടവൻ മൂർദ്ധാവിങ്കൽ
- ധൈര്യമുൾക്കൊണ്ടുവെട്ടിക്കൊന്നാനെന്നതേവേണ്ടൂ 222
- മ്ലേച്ഛരും പൌരന്മാരുമന്നേരം കോപത്തോടെ
- തച്ചുകൊന്നിതുപിന്നെദ്ദാരുവർമ്മാവിനേയും 223
- ചന്ദ്രഗുപ്തന്റെ പുരപ്രാപ്തിയും വിഷ്ണുഗുപ്തൻ
- മന്ദമെന്നിയെപിന്നെ ഘോഷിച്ചുകഴിപ്പിച്ചാൻ 224
- അക്കാലമഭയദത്താഖ്യനെന്നൊരുവൈദ്യൻ
- ചൊൽക്കൊണ്ടോരമാത്യരാക്ഷസന്റെ നിയോഗത്താൽ 225
- ചന്ദ്രഗുപ്തനു കൊടുത്തീടുവാനായിട്ടൊരു
- സിന്ദൂരപ്പൊടിവിഷമിശ്രമായ്ക്കൊണ്ടുവന്നാൻ 226
- മൌര്യനെക്കണ്ടുപറഞ്ഞീടിനാനഥവൈദ്യൻ
- “വീര്യമേറീടുന്നോരു ചൂർണ്ണമുണ്ടെന്റെ കയ്യിൽ 227
- ഔഷധമിതുഭവാൻ സേവിച്ചീടുന്നാകിലോ
- ദോഷങ്ങൾ ദേഹത്തിലുണ്ടാകയില്ലൊരുനാളും” 228
- ചന്ദ്രഗുപ്തനുമപ്പോൾ ചെന്നുടനതുഭൂമി-
- വൃന്ദാരകേന്ദ്രനായ ചാണക്യനോടുചൊന്നാൻ 229
- അന്നേരം ചാണക്യൻ ചിന്തിച്ചങ്ങറിഞ്ഞുള്ളിൽ
- ചെന്നവനോടുവിഷചൂർണ്ണം വാങ്ങിക്കൊണ്ടു 230
- പൊന്നും കിണ്ണത്തിലിട്ടുതിരുമ്മിനോക്കുന്നേരം
- വർണ്ണംകൊണ്ടതുവിഷചൂർണ്ണമെന്നുറച്ചവൻ 231
- ചൊല്ലിനാൻ ചന്ദ്രഗുപ്തനോടി”തുകൊണ്ടന്നവൻ
- കള്ളനായുള്ള വൈദ്യനില്ല സംശയമേതും 232
- ചൂർണ്ണത്തിൽ വിഷമുണ്ടെന്നുള്ളതു ധരിക്കനീ
- വർണ്ണം കൊണ്ടറിഞ്ഞു ഞാൻ സേവിച്ചീടരുതല്ലോ 233
- നിന്നെക്കൊല്ലുവാൻ തന്നേരാക്ഷസനയച്ചിട്ടു
- വന്നവനിവ”നെന്നു മൌര്യനോടുരചെയ്താൻ 234
- വൈദ്യനോടവൻ ചൊന്നാൻ “മുമ്പിലിച്ചൂർണ്ണമിഹ
- വിദ്വാനാം ഭവാൻ കുറഞ്ഞോന്നു സേവിച്ചീടേണം 235
- രാജാക്കന്മാർക്കുമുമ്പിലൊന്നുമേ ഭക്ഷിക്കുന്ന-
- താചാരമല്ലെന്നതു കേട്ടിട്ടില്ലയോ ഭവാൻ? 236
- വിശ്വാസമില്ലായ്കകൊണ്ടെന്നതുശങ്കിക്കേണ്ടാ
- വിശ്വൈകവൈദ്യൻ ഭവാനെന്നറിഞ്ഞിരിക്കുന്നു” 237
- എന്നതുകേട്ടുവൈദ്യൻ ചൂർണ്ണത്തെ കുറഞ്ഞോന്നു
- തിന്നതുനേരം തൊണ്ട വറ്റിവീണുടൻ ചത്താൻ 238
- പിന്നെയും പ്രമോദകനെന്നുപേരായിട്ടേകൻ
- മന്നവൻ മൌര്യൻ തന്റെ ശയനാധികാരിയായ് 239
- രാക്ഷസപ്രയുക്തനായ് ചന്ദ്രഗുപ്തനെക്കൊൽവാൻ
- അക്ഷയധനവാനായപ്പുരേവാണീടിനാൻ 240
- രാക്ഷസൻ കൊടുത്തുള്ളോരർത്ഥംകൊണ്ടുവന്നപ്പോൾ
- നിക്ഷേപം വാങ്ങിക്കടം കൊടുത്തു തുടങ്ങിനാൻ 241
- അന്നേരം ചാണക്യനും മാനസേ നിരൂപിച്ചാൽ
- ഇന്നിവനർത്ഥം കനത്തീടുവാനെന്തുമൂലം 242
- ഇങ്ങിനേ നിരൂപിച്ചു ചാണക്യമഹീസുരൻ
- മംഗലശീലൻ വിളിച്ചവനോടുരചെയ്താൻ 243
- “നിന്നുടെ ധനാഗമമെങ്ങിനേപറകനീ
- മന്നവൻ ചന്ദ്രഗുപ്തൻ നിനക്കു തരികയൊ?” 244
- എന്നതുകേട്ടുഭയപ്പെട്ടവനോരോതരം
- ഒന്നിനൊന്നായിപ്പറഞ്ഞീടിനാനതുനേരം 245
- വാക്കിനു നേരമില്ലായ്കകൊണ്ടു ചാണക്യനർത്ഥ-
- മൊക്കയും പഠിച്ചവൻ തന്നെയും കൊല്ലിപ്പിച്ചാൻ 246
- പിന്നേയുമൊരുദിനം രാക്ഷസനയിച്ചിട്ടു
- മന്നവൻ ചന്ദ്രഗുപ്തനുറങ്ങുന്നേരത്ത്ങ്കൽ 247
- ആരുമേയറിയാതെയൊടുക്കിക്കളവാനായ്
- ഘോരരായുള്ള ബീഭത്സാദികളെന്നകൂട്ടം 248
- ധാത്രിയിൽ പോടെതുരന്നായുധങ്ങളുമായി
- രാത്രിയിൽ മൌര്യൻ കിടന്നുറങ്ങുമറയുടെ 249
- താഴത്തു സുരംഗം തീർത്തതിലിരുന്നിതോ
- രൂഴത്തിൽ പുറപ്പെട്ടു കൊല്ലാമെന്നുറച്ചവർ 250
- ധൈര്യമേറീടുന്നോരു ചാണക്യനൊരുദിനം
- മൌര്യന്റെ മണിയറതന്നിൽച്ചെന്നിരിക്കുമ്പോൾ 251
- ഭിത്തിക്കുതാഴെ നിലത്തന്നേരം ചാണക്യനും
- എത്രയും ചെറുതായ സുഷിരങ്ങളിൽ കൂടി 252
- കണ്ടഭക്ഷ്യങ്ങളെടുത്തിറുമ്പും ചാർത്തുനീളേ
- കണ്ടിതുപുറത്തുസഞ്ചരിക്കുന്നതുമവൻ 253
- മണ്ണിന്നുകീഴേ തുരന്നിരിക്കുന്നുണ്ടുചിലർ
- എന്നൊരുശങ്കകൊണ്ടു ബുദ്ധിമാൻ വിഷ്ണുഗുപ്തൻ 254
- അന്നിലം കിളപ്പിച്ചു നോക്കിയനേരത്തിങ്കൽ
- മണ്ണിൻ കീഴെ തകൂട്ടമിരിക്കുന്നതുകണ്ടാൻ 255
- ചോറ്റുരുളയുമവിൽ നാളികേരങ്ങളിവ
- മുറ്റുമോരോരോ മാംസഖണ്ഡങ്ങളിവയെല്ലാം 256
- ഭാണ്ഡമായ് കെട്ടിക്കൊണ്ടു വന്നവരശനാർത്ഥം
- ദണ്ഡമെന്നിയെ സുരാംഗാന്തരെ വാണീടുന്നു 257
- ബീഭത്സാദികളോടുമാഗൃഹത്തോടും കൂടി
- ക്ഷോഭമുൾക്കൊണ്ടു ദഹിപ്പിതു ചാണക്യനും 258
- തീപിടിപെട്ടനേരം ബീഭത്സാദികളൊക്കെ
- പേപെട്ടുധൂമംകൊണ്ടു മാർഗ്ഗവും തിരിയാതെ259
- അറ്റമില്ലാതോരഗ്നിജ്വാലകൾ പിടിപെട്ടു
- പാറ്റകൾ പോലെ പൊരിഞ്ഞൊക്കവേ ചത്താരവർ 260
- ഈവണ്ണം സദാകാലം മൌര്യനെക്കാത്തുകൊണ്ടു
- സാവധാനത്തോടിരുന്നീടിനാൻ വിഷ്ണുഗുപ്തൻ 261
- അഞ്ജസാനദരാജ്യമൊക്കവേക്രമത്താലെ
- രഞ്ജിപ്പിച്ചിതു തന്റെ നീതികൊണ്ടനുദിനം 262
- എത്രയും പ്രധാനപൂരുഷന്മാരായീടുന്ന
- ഭദ്രഭടാദികൾക്കു നീതിമാൻ ചാണക്യനും 263
- മൌര്യപുത്രനെക്കൊണ്ടു കൈതവമാർജ്ജിച്ചവൻ
- കാര്യങ്ങൾ ചെയ്യിപ്പിച്ചു ബന്ധുത്വം വർദ്ധിപ്പിച്ചാൻ 264
- രാക്ഷസാമാത്യൻ തന്റെ പക്ഷപാതികൾ ചിലർ
- തൽക്ഷണേ നയമേറും മന്ത്രിവീരന്മാരെയും 265
- ഭദ്രശീലന്മാരായി വിക്രമന്മാരാകിയ
- ഭദ്രഭടാദി പ്രധാനന്മാരാമവരെയും 266
- ചന്ദ്രഗുപ്തനോടയർത്തകറ്റിക്കളവാനായ്
- ചന്തമായ് പ്രയത്നം ചെയ്തീടിനാരതുകാലം 267
- സർവ്വവുമതുധരിച്ചക്കാലം കൌടില്യനും
- പർവ്വതപുത്രനേയും രാക്ഷസാമാത്യനേയും 268
- തങ്ങളിൽ വിശ്വാസക്കേടുണ്ടാക്കിച്ചമപ്പാനായ്
- മംഗലശീലനായ ഭാഗുരായണൻ തന്നെ 269
- ഗൂഢമായ്വിളിച്ചു ചെയ്യേണ്ടതുമുപദേശി-
- ച്ചൂഢകൌതുകമായച്ചീടിനാങ്കനിവോടേ 270
- മറ്റുള്ള ഭദ്രഭടാദി പ്രധാനന്മാരപ്പോൾ
- തെറ്റെന്നു വിഷ്ണുഗുപ്തൻ തന്നുടെ നിയോഗത്താൽ 271
- കാര്യങ്ങൾ ചെയ്യേണ്ടുന്നതൊക്കവേ ധരിച്ചുടൻ
- മൌര്യനോടൊരു വൈരം വ്യാജേന ഭാവിച്ചവർ 272
- “ഒട്ടുമേയാകാമൌര്യ” നെന്നുരചെയ്തുകൊണ്ടു
- നാട്ടീന്നുപുറപ്പെട്ടു വേഗേന പോയീടിനാർ 273
- എങ്ങിനെ രാക്ഷസനും മലയകേതുതാനും
- തങ്ങളിൽ പിണക്കുന്നുവെന്നതുനിരൂപിച്ചു274
- മൌര്യനെനന്നായ്പരിപാലിച്ചുകൊണ്ടുതന്നെ
- ധൈര്യമുൾക്കൊണ്ടു മരുവീടിനാൻ ചാണക്യനും 275
- ഇത്തരമുരചെയ്തുതഥയുമതുനേരം
- ഉത്തമശീലം തെളിഞ്ഞക്കഥാശേഷമിനി 276
- അത്തൽ തീർന്നുരചെയ്യാം നാളെയുമെന്നുപറ-
- ഞ്ഞെത്രയും സുഖിച്ചു വാണീടിനാളതുകാലം 277
- ഇതി മുദ്രാരാക്ഷസേ രാക്ഷസപ്രയോഗേ രാക്ഷസമലയകേതു
- സംവാദം നാമഗാനവിശേഷം സമാപ്തം.