ചാലിയാറേ തൊഴാം

രചന:ചേലപ്പറമ്പ് നമ്പൂതിരി (1690-1780)

അംഭോരാശികുടുംബിനീതിലകമേ! നൽച്ചാലിയാറേ!തൊഴാ -

മൻപെന്നെപ്രതി കൈവരേണമതിനായ് ഞാനൊന്നു സംപ്രാർത്ഥയേ

തേനോലുംമൊഴി, തന്വി, സംപ്രതി മണിപ്പോതം കടപ്പോളവും

ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.


കവി: ചേലപ്പറമ്പ് നമ്പൂതിരി

വൃത്തം: വൃത്തം: ശാർദ്ദൂല വിക്രീഡിതം

കവി വിവരണം

തിരുത്തുക
ചേലപ്പറമ്പ് കോഴിക്കോട്ട് ചാലിയത്ത് ജീവിച്ചിരുന്നതായി കരുതുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണ്ണകൃതികൾ ഒന്നും ലഭിച്ചിട്ടില്ല . പാട്ടുണ്ണീ ചരിതം എന്ന ആട്ടക്കഥയുടെ കർത്താവ് ചേലപ്പറമ്പ് ആണെന്ന് ചില പണ്ഡിതന്മാർ പറയുന്നു.[1] താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര

ശ്ലോകവിവരണം

തിരുത്തുക

ചാലിയാറിലൂടെ യാത്ര ആരംഭിക്കുന്ന സമയത്ത് ചാലിയാറിനെ സ്തുതിച്ച് തന്റെ യാത്ര മംഗളകരമാക്കി തീർക്കാൻ പ്രാർത്ഥിക്കുന്നതാണ് സന്ദർഭം. സമുദ്രത്തിന്റെ പത്നിമാരിൽ ശ്രേഷ്ഠയായവളേ! നല്ലവളായ ചാലിയാറേ, നിന്നെ ഞാൻ തൊഴാം. എന്നോട് സ്നേഹം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. സ്വതവേ സൗമ്യയായ അല്ലയോ സുന്ദരീ, ഞാൻ ഈ വഞ്ചിയിൽ സഞ്ചരിക്കുന്ന സമയത്ത് വലിയ ശബ്ദവും ഓളവും, ചുഴികളും, കാറ്റും കുറച്ചീടണം.

അംഭോരാശി- (ജലസമൂഹം) -നദി, സമുദ്രം അൻപ്- കനിവ്, സ്നേഹം സം പ്രാർത്ഥയേ-പ്രാർത്ഥിക്കുന്നു. തേൻപെയ്യും മൊഴി- മധുരമായ വാക്കുള്ളവളേ, (ഇവിടെ) സൗമ്യമായ ശബ്ദം ഉള്ളവളേ! (ചാലിയാർ സ്വതവേ സൗമ്യമായി ഒഴുകുന്ന നദിയാണ്) സംപ്രതി - ഇപ്പോൾ, ഈ വേള, മണിപ്പോതം- കൈവഞ്ചി, കട- കടയുക, ഇളക്കി മറിക്കുക.

അലങ്കാരങ്ങൾ

തിരുത്തുക
  1. മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015
"https://ml.wikisource.org/w/index.php?title=ചാലിയാറേ_തൊഴാം&oldid=209991" എന്ന താളിൽനിന്ന് ശേഖരിച്ചത്