വിഴപ്പൊടി തേച്ച ചക്രവാളം
പകലിനെയെങ്ങോ പറഞ്ഞയയ്ക്കേ;
സുലളിതസുസ്മിതലോലുപനായ്
ശരബിന്ദുലേഖ കിഴക്കുദിക്കേ;
കനകനക്ഷത്രങ്ങൾ നീലവാനം
കതിരണിപ്പട്ടിലലങ്കരിക്കേ;
ചിരിയടക്കിക്കൊണ്ടവിടവിടെ-
ച്ചിലവെൾലിമേഖങ്ങളുല്ലസികേ;
അലരണിവാടിയിലെന്തിനോ ഞാ-
നലസമലയുകയായിരുന്നു.

കമനീയസ്വപ്നമെനിക്കുനൽകും
കവനവിലാസിനിയെങ്ങുപോയി?
ഗുണവതിയാമവൾക്കെന്നോടുള്ള
പ്രണയകലഹം നിലച്ചില്ലെന്നോ?
ശിഥിലഹൃദയനായിപ്രകാരം
സുഭഗ, ഞാൻ വാഴണമെത്ര കാലം?
ഇതുവരെയേറെനാളോമലേ, ഞാ-
നിരുളിലിരുന്നു ഭജിച്ചു നിന്നെ!

മണിമേഘത്തേരിൽ നീയേറിവന്നീ
മലർവാടിക്കുള്ളിലിരിക്കുമെന്നായ്
കരുതിയിങ്ങെത്തി ഞാൻ;-കഷ്ടമിന്നെൻ
വിഫലജിജ്ഞാസകൊണ്ടെന്തു കാര്യം?
പരിചിൽ തഴച്ചുപടർന്നാലുമെ-
ന്നഭിലാഷപ്പൂവല്ലി പൂക്കുകില്ലേ?

                             -ഫെബ്രുവരി 1934

"https://ml.wikisource.org/w/index.php?title=ചൂഡാമണി/ആശങ്ക&oldid=36435" എന്ന താളിൽനിന്ന് ശേഖരിച്ചത്