സാരജ്ഞർ മൌനം ഭജിച്ചമൂലം
സാഹിത്യമയ്യോ, മുടിഞ്ഞുപോലും!
ലോകപ്രവീണന്മാരായിടു, മാ-
ശ്ലോകക്കാരേതാനൊഴിഞ്ഞമൂലം,
ക്ഷീണിച്ച കാവ്യസ്വരൂപിണിക്കി-
ന്നൂണുമുറക്കവുമില്ലപോലും!
കഷ്ടം, യുവാക്കളേ, നിങ്ങളാണി-
ക്കഷ്ടകാലത്തിനു കാരണക്കാർ!
അല്ലെങ്കി,ലെന്തി,നവളുമായി-
സ്സല്ലപിക്കാനായടുത്തുകൂടി?

അമ്മഹാന്മാരവർ പണ്ഡിതന്മാർ
ബിംബിതാലങ്കാരഡംബരന്മാർ.
സൽകൃതസദ്വൃത്തർ സത്തമന്മാർ
സംസ്കൃതസമ്മോഹനാശയന്മാർ.
അക്കാമുകന്മാർ പിണക്കമായാൽ
സൽക്കാവ്യലക്ഷ്മി പിന്നെന്തുചെയ്യും?

നിങ്ങളെല്ലാം വെറുമർത്ഥശൂന്യർ
നിങ്ങളെല്ലാരും നികൃഷ്ടവൃത്തർ.
എങ്ങനെ, നിങ്ങളെപ്പിന്നെ നോക്കും
മംഗലാപാംഗിയക്കാവ്യലക്ഷ്മി?
അക്കഥപാടേ മറന്നു, ചെന്നു
ധിക്കാരം കാണിക്കയല്ലീ നിങ്ങൾ?
അയ്യോ, യുവാക്കളേ, നിങ്ങൾ ചെയ്ത-
തന്യായ, മക്രമ,മായിപ്പോയി!
ഞെട്ടിപ്പോംമട്ടിലപ്പണ്ഡിതന്മാ-
രട്ടഹസിക്കി,ലതദ്ഭുതമോ?
കാലിപ്പിള്ളേർ കടന്നെന്തു കാടും
കാണിക്കാനുള്ളതോ കാവ്യരംഗം?

ചലനമില്ലാതെ കഴികയില്ലൊട്ടു-
മുലകിലൊന്നിന്നുമുയരുവാൻ.
പഴയ പത്രങ്ങൾ കൊഴിയും, വന്നെത്തു-
മഴകെഴുമോമൽത്തളിരുകൾ
പരിധിയിലാത്ത പരിണാമങ്ങളിൽ-
പ്പരിചിലീ ലോകം തിരിയുമ്പോൾ
വഴിയേ വന്നെത്താം പല മാറ്റങ്ങളും
കഴിയുകില്ലതു തടയുവാൻ.
ഭുവനസാഹിത്യചരിതവേദിയിൽ
വിവിധലക്ഷ്യമുണ്ടിതിനല്ലാം.

പരിഹസിപ്പൂ, ഹാ, പുതിയ കൂട്ടരെ-
പ്പരിഭവം പൂണ്ട പഴമക്കാർ.
അവർതൻ ജൽപന, മവഗണിച്ചുകൊ-
ണ്ടവിളംബം പായും പുതുമക്കാർ;
നവനവോൽഫുല്ലസരളസന്ദേശ-
മവനിയിൽ നീളെ വിതറുവാൻ!
ഒരു തടവില്ലാതഭിനവാദർശ-
കിരണങ്ങൾ വാരിച്ചൊരിയുവാൻ!

വിപുലപാണ്ഡിത്യച്ചുമടുതാങ്ങികൾ
വിഗതചേഷ്ടരായ് നിലകൊൾകേ,
അവരിലെന്തൊക്കെപ്പകയുണ്ടായാലു-
മണുവും ചാഞ്ചല്യം കലരാതേ,
വിഹരിക്കുമോടക്കുഴലുമായ് ഞങ്ങൾ
വിമലസാഹിതീവനികയിൽ!
മതിമറന്നിന്നാ മണിമുരളികൾ
മധുരഗാനങ്ങൾ ചൊരിയുമ്പോൾ.
അവകേൾക്കാൻ ലോകം തലയുയർത്തുമ്പോ-
ളരുതെന്നെന്തിനു പറയുന്നു?
വെറുതേ ഞങ്ങളെത്തടാലേ, ഞങ്ങൾ
ചിരിയും കണ്ണീരും ചൊരിയട്ടേ!

ബാലന്മാർ ഞങ്ങൾതൻ പാട്ടിനൊന്നും
നാലുകാലില്ലാത്തതാണു കുറ്റം.
ആകട്ടേ ഞങ്ങളതേറ്റു; നിങ്ങ-
ളാകുമ്പോലെന്തും പഴിച്ചുകൊൾവിൻ!
എന്നാലും, ഞങ്ങൾ മതിമറന്നു
പിന്നെയും പിന്നെയും പാട്ടുപാടും!
വെൺമുലപ്പാലും കുടിച്ചു ഞങ്ങ-
ളമ്മണിത്തൊട്ടിലി,ലാദ്യകാലം,
നിർമ്മലസ്വപ്നത്തിൽ മുങ്ങിമുങ്ങി-
യമ്മതൻ താരാട്ടു കേട്ടുറങ്ങി.
അത്യന്തരമ്യമഗ്ഗാനമൊന്നും
'സ്രഗ്ദ്ധര'യികലല്ലായിരുന്നു.
"അമ്പിളിമ്മാമാ, തിരിഞ്ഞുനില്ലെ"-
ന്നമ്പോടതിൽപ്പിന്നെപ്പാടി ഞങ്ങൾ.
സുശുദ്ധമായൊരാ മഞ്ജുഗീതം
'വംശസ്ഥ'യൊന്നുമല്ലായിരുന്നു.
അത്തരം പാട്ടുകളന്നുതൊട്ടു
ചിത്തത്തിൽ വേരൂന്നിവന്നമൂലം,
ഇന്നവയെപ്പോലെ നേർത്തുനേർത്ത
സുന്ദരഗാനഏ ഞങ്ങൾ പാടൂ.
ആകാഞ്ഞിട്ടല്ല ഞങ്ങൾക്കവയെ
നാലുകാലിന്മേലെടുത്തു പൊക്കാൻ!

ആളുമസൂയയാൽക്കൂരിരുളി-
ലൂളന്മാരെത്രമേൽ കൂവിയാലും
പാടലകാന്തിയിൽ, പൂവനിയിൽ
പാടിപ്പറക്കും പരഭൃതങ്ങൾ!
പാതാളക്കുണ്ടിലൊളിച്ചിരുന്നു
'പാമ്പു'കളെത്രമേൽ ചീറ്റിയാലും,
വിഷ്ണുപദത്തിലുയർന്നുപൊങ്ങി
'കൃഷ്ണ'പ്പരുന്തുകൾ സഞ്ചരിക്കും!

നിങ്ങൾക്കിതുവിധം നീരസം തോന്നുമാ-
റിന്നു സാഹിത്യത്തിനെന്തുപറ്റി?
വിശ്വസാഹിത്യവിധാനങ്ങൾ വീക്ഷിച്ചു
വിസ്തൃതമാർഗ്ഗങ്ങൾ തേടിത്തേടി,
ഇന്നതുൽക്കർഷത്തെ ലക്ഷ്യമാക്കി, സ്വയം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കയല്ലീ?
ചെറ്റുമൊരു 'ബോധ'മില്ലാതെ, പിന്നെയും
കുറ്റപ്പെടുത്തുവാനാണു ഭാവം!
നാലുകാലില്ല, യമകാദിതൻ നൂലാ-
മാലകളൊന്നുമിവയിലില്ല;
എങ്കിലുമിന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോ-
ളങ്കുരിപ്പീലയോ രോമഹർഷം?
ഭാവസാന്ദ്രോജ്ജ്വല ചിന്താളോരോന്നു
ഭാവനാപക്ഷങ്ങൾ വീശിവീശി
സംഗീതമാധുരി പെയ്തുപെയ്തങ്ങനെ
സഞ്ജനിതോന്മദം സഞ്ചരിക്കേ,
നിങ്ങൾക്കസുഖമായ്ത്തോന്നുകിൽ, തെറ്റുകാർ
ഞങ്ങളോ?-കഷ്ടമിതെന്തു മൌഢ്യം!

തുഞ്ചനും കുഞ്ചനും സൽക്കാവ്യ കൽപക-
ത്തുഞ്ചിലെ വാടാമലർക്കുലകൾ!
ഇന്നുമവകളിൽത്തേനും സുഗന്ധവു-
മില്ലെന്നു ഞങ്ങളിലാരു ചൊല്ലി?
എന്നാലും, ഞങ്ങൾക്കും പാടില്ലേ, സാഹിത്യ-
മന്ദാരപ്പൂന്തോപ്പിലൊന്നുലാത്താൻ?
ചന്ദ്രനുണ്ടെങ്കിലും മിന്നിറ്റാതില്ലല്ലോ
സുന്ദരതാരകളംബരത്തിൽ!
സ്വാന്തത്തിലെള്ളോളം ബോധമില്ലാതേവം
ഭ്രാന്തു പുലമ്പിയാലാരു കേൾക്കും?

വിണ്ണിൻ വിശുദ്ധി വഴിഞ്ഞു വിളങ്ങുമ-
"ക്കണ്ണുനീർത്തുള്ളി'യിൽ, 'നാലപ്പാടൻ',
'ലോക'ത്തെക്കാട്ടി 'പ്പുളകാങ്കുരം' ചേർത്തൊ-
രാകമ്രദീപ്തമാം 'ചക്രവാളം',
സങ്കൽപശക്തിയാൽ നിർമ്മിച്ചതിങ്കലെ-
ത്തങ്കനക്ഷത്രങ്ങൾതൻ നടുവിൽ,
ബന്ധിച്ചു ചിജ്ത്തെ നിർത്തി, യതിലെഴു-
മന്ധകാരാംശമകറ്റി നിൽക്കെ;
പേശലകാവ്യാ'ർക്കകാന്തി'കൾ വർഷിച്ചു
'ജീശങ്കരക്കുറുപ്പു'ല്ലസിക്കെ;
'വെണ്ണിക്കുള'ത്തിന്റെ 'സൌന്ദര്യപൂജ'യിൽ
കണ്ണും കരളും കുളിർത്തുപോകെ;
'രാജ'ന്റെ കാവ്യസരസ്സിലൊരായിരം
രാജീവം മിന്നി വിടർന്നുനിൽക്കേ!
'ബാലാമണി'യുടെ മാതൃഹൃദയത്തി-
ലോളം തുളുമ്പുന്ന വാത്സല്യത്താൽ,
ഇന്നോളം കാണാത്ത നൂതനകാവ്യത്തിൻ
മന്ദസ്മിതമൊന്നു വന്നുദിക്കേ;
ചേലി,'ലിടപ്പള്ളി രാഘവൻപിള്ള'തൻ
ചേതോഹരമാം 'തുഷാരഹാരം',
കൈരളീദേവിതൻ മാറിലൊരുജ്ജ്വല-
വൈരക്കൽ മാഅയായ് ലാലസിക്കെ;
'കുഞ്ഞിരാമന്നായർ'തൻ കാവ്യലക്ഷ്മിതൻ
മഞ്ജീരശിഞ്ജിതം നിർഗ്ഗളിക്കേ;
ഭാവനാമോഹനഗാനങ്ങൾ വർഷിച്ചു
'വി.വി.കെ.നമ്പ്യാർ' സമുല്ലസിക്കേ;
ചേണഞ്ചും 'ശ്രീധര'മാനസവീണയിൽ
ഗാനം തുളുമ്പിത്തുളുമ്പിനിൽക്കെ;
എത്ര 'മേലങ്ങൻ' മാരെന്തൊക്കെച്ചൊന്നാലു-
മൊട്ടും നിരാശരാവില്ല നമ്മൾ!
കാണട്ടെ, കാവ്യനിർമ്മാണത്തിൽ നമ്മൾക്കു
വേണെങ്കിലൊന്നിനി മത്സരിക്കാം!
മേലിലുയർന്നുയർന്നെത്തുകയാം മേൽക്കു-
മേല, ങ്ങതാനല്ല കാവ്യകാരൻ!

                             -മേയ് 1935

"https://ml.wikisource.org/w/index.php?title=ചൂഡാമണി/ഇന്നത്തെ_കവിത&oldid=36441" എന്ന താളിൽനിന്ന് ശേഖരിച്ചത്