പേരിനുവേണ്ടിപ്പടച്ചട്ട ചാർത്തിയ
പോരാളിമാരെ പ്രശംസിച്ചതില്ല നീ,
തപ്തരെപ്പേർത്തും ചവിട്ടിമെതിക്കുന്ന
വിത്തേശ്വരരെപ്പുകഴ്ത്തിയതില്ല നീ.
നെഞ്ചിലമൃതം പുരട്ടുന്ന ഭൌതിക-
ചഞ്ചലസ്വപ്നങ്ങൾ വാഴ്ത്തിയതില്ല നീ,
തീരെക്ഷണികമാം ജീവിതബുദ്ബുദ-
ചാരുതയിങ്കൽ ഭ്രമിച്ചവനല്ല നീ.
പ്രായോഗികത്വക്കൊടുമ്പിരിക്കൊള്ളലി-
ലായുസ്സു കോർത്തിട്ടമർത്തിയോനല്ല നീ;
കാണുന്ന ലോകം വെറുതേ പകർത്താതെ,
കാണേണ്ടതിനെ വരച്ചുകാണിച്ചു നീ.
മൃത്യുവാലങ്കുശം വീഴാത്ത ജീവിത-
സത്യത്തെ വാഴ്ത്തി നീ പാടി, മഹാമതേ!
കാലം ശരിക്കുള്ള കൂലി നൽകും നിന്റെ
വേലയ്ക്കു-പക്ഷേ, നിരാശനാണിന്നു നീ!

                             -നവംബർ 1938