ചൂഡാമണി/പ്രേമശോഭ
പ്രേമ: വീർപ്പിടും പച്ചിലച്ചർത്തിലാരാക്കുയിൽ
പാട്ടുനിർത്തുന്നതിൻ മുൻപേ;
മഞ്ഞിൽ മുങ്ങുന്നൊരാ മഞ്ജുചന്ദ്രക്കല
മങ്ങിമായുന്നതിൻ മുൻപേ;
നിശ്ചിതകാലമതിക്രമിച്ചെൻമന-
മസ്വസ്ഥമാവതിൻ മുൻപേ;
സഞ്ജാതകൌതുകം പൂകട്ടെ ഞാനെന്റെ
സങ്കേതകുഞ്ജകം തോഴി!
ശോഭ:വിദ്യുല്ലതോജ്ജ്വലേ, നിശ്ചയം, നീയൊരു
വിശ്വവിമോഹിനിയായി,
അക്കാലാകാരനിൽനിന്നുലകിന്നൊരു
ചിത്രം ലഭിക്കുമാറായി!
പ്രേമ: ഇന്നിദം ഞാന്തന്നെ നാണിച്ചുപോംമട്ടി-
ലെന്നെച്ചമയിച്ചൊരുക്കി,
ആനന്ദമീ നിലക്കണ്ണാടിതൻ മുൻപി-
ലാനയിച്ചീവിധം നിർത്തി,
ഹാ! മന:പൂർവ്വം കളിപ്പിക്കുകല്ലി നീ,
കേമത്തിതന്നെ നീ തോഴി!
ശോഭ: "ആകാശനീലിമകോലുന്ന സാരിയാ-
ണാ മനോമോഹനന്നിഷ്ടം,"
എന്നു നീയോതിടാറുണ്ടതുകാരണ-
മിന്നതു നിന്നെ ഞാൻ ചാർത്തി.
സങ്കുലനീലവലാഹകയാമൊരു
തങ്കമിന്നൽക്കൊടിപോലെ,
താമരപ്പച്ചിലച്ചാർത്തിന്നിടയിലൊ-
രോമന്മരാളികപോലെ,
ജീവിതവേദന മൂടുമൊരുജ്ജ്വല-
ഭാവനപ്പൊങ്കതിർപോലെ,
ബന്ധുരരൂപിണീ മാറി നീയിന്നൊരു
ഗന്ധർവ്വകന്യകയായി!
ചിത്രകലാകൽപകാരാമസീമയിൽ-
ച്ചൈത്രാഗമോത്സവമായി!
പ്രേമ: ഇത്തരംകൃത്രിമമോടിപ്പകിട്ടുക-
ളിത്രമേലൊത്തു ഞാൻ ചെന്നാൽ
അന്തരംഗത്തിലപ്പുണ്യവാനെന്നൊടി-
ന്നെന്തു തോന്നീടുമെൻ തോഴി?
ശോഭ: ചെമ്പനീർപ്പൂമൊട്ടുദയരാഗം പൂശി-
യൻപിൽ കുണുങ്ങിച്ചിരിക്കെ,
സന്തോഷമല്ലാതെ പുംസ്കോകിലത്തിനി-
ന്നെന്തു തോന്നീടുവാൻ ദേവി?
പ്രേമ: കേവലം നിർജ്ജീവവസ്ഥുക്കളിൽക്കൂടി
ജീവൻ കൊളുത്തുമദ്ദേവൻ
നിസ്വരൂപങ്ങളാം ചിന്തകൾകൂടിയും
നിസ്തുലാകാരങ്ങളാക്കി
നിത്യതകൊണ്ടു നിറംപിടിപ്പിക്കുവാൻ
കെൽപിയന്നീടുമദ്ദിവ്യൻ,
ഭാവനോദ്ദീപനോപാധിയായ് വാഴ്ത്തുകി-
ല്ലീ വെറും വിഭ്രമവേഷം!
ശോഭ: വിഭ്രമമല്ല ജനിപ്പിപ്പതാനന്ദ-
വിസ്മൃതിയാണു നിൻ വേഷം.
ആഡംബരമല്ലനന്താനുഭൂതികൾ-
ക്കാലംബനമാണിതെല്ലാം!
പ്രേമ: ചായമ്പുരണ്ടൊരത്തൂലികത്തുമ്പത്തു
ചായുന്ന നാരിനുപോലും
ഇമ്മന്നിലൊപ്പം വിലപ്പെടുകില്ലെന്റെ
പൊന്മാലകളുമീ ഞാനും!
ശോഭ: കാല്യോജ്ജ്വലാംശുവിൻ കാന്തിയോടൊക്കുമോ
കാഞ്ചനശ്രീദീപനാളം?
പ്രേമ: ദാരിദ്ര്യപങ്കത്തിൽനിന്നുമസ്സൽക്കലാ-
സാരസരോജം വിടർന്നു.
എന്നാലുമെന്തിന്നതിൻ യശസ്സൌരഭ-
സുന്ദരവീചികളേൽക്കെ,
ഉൾക്കുളിരേറ്റേറ്റു കോരിത്തരിക്കുന്നു
ചക്രവാളാന്തരംപോലും!
വമ്പിച്ചോരീ മണിമേടയു, മായതിൻ
സമ്പത്സമൃദ്ധിയും മായും;
ഈ രത്നഭൂഷകളെല്ലാം നശിച്ചുപോം
ചാരമായ്ത്തീരുമീ ഞാനും.
നിത്യോജ്ജ്വലങ്ങളാണാ വിരൽത്തുമ്പത്തു
പറ്റുന്ന ചായങ്ങൾപോലും!
വേണ്ട വേണ്ടീ, വെറും കൃത്രിമാഡംബരം
വേണ്ടെനിക്കൊന്നുമെൻ തോഴി!
പോകട്ടെ ഞാനായിമാത്രമീഞാനെന്റെ
ജീവാധിനാഥന്നരികിൽ!
ശോഭ: എന്നെന്നുമിങ്ങനെ മിന്നുവാന്വേണ്ടിയി-
പ്പൊന്മാലനിന്നെ ഞാൻ ചാർത്തി;
വാടാതിരിക്കുവാനീ മുല്ലമാല നിൻ
വാർകുഴൽക്കെട്ടിൽ ഞാൻ ചൂടി;
കാന്തിവീശാനെന്നുമിത്തെളിനെറ്റിയിൽ
ചാന്തുപൊട്ടൊന്നു ഞാൻ ചാർത്തി;
ഇല്ല, നശിക്കില്ലൊരിക്കലും നിന്മെയ്യി-
ലുള്ളൊരീ മോടികളൊന്നും!
ഇന്നവയോരോന്നുമത്രയ്ക്കനഘമാം
പൊന്നിൻ പരിമളം പൂശി.
അക്കലാകാരന്റെ തൂലികത്തുമ്പിലെ-
പ്പൊൽക്കിനാവായി നീ മാറി!
മായികമല്ലിവ മേലിൽ, ജഗത്തിന്റെ
മായാത്ത നേട്ടങ്ങൾ മാത്രം.
ഈടാർന്നിടും കലാവേദിയിൽ നീയൊരു
വാടാവിളക്കായ് ജ്വലിക്കെ,
വെമ്പിക്കിതച്ചു ശതാബ്ദങ്ങളെത്തി നിൻ
മുൻപിൽശിരസ്സു നമിക്കെ,
വിശ്വാഭിമാനാഭിനന്ദനം നിൻ പദ-
വിദ്രുമം തേടിഗ്ഗമിക്കെ,
ഈ രാവിൽ നിന്നെച്ചമയിച്ചയയ്ക്കുമി-
ത്തോഴിയെപ്പറ്റിയാരോർക്കും!
അക്കലാലോലനൊത്തായിരം നൂതന-
സ്വർഗ്ഗങ്ങൾ നീയിന്നുകാണും.
നാളെച്ചിരഞ്ജീവിതത്വം ലഭിച്ചവ
നാനാപദാനങ്ങൾ നേടും.
കഷ്ട, മിത്തോഴിയോ-ലോകമറിയാതെ
ഞെട്ടറ്റൊരേടത്തു വീഴും!
എന്നിരുന്നാലും, ചരിതാർത്ഥയാണു ഞാൻ
നിന്നാളിയായതുമൂലം!
പ്രേമപരവശേ, പോക നീ പോക, നിൻ
കാമുകദേവനെക്കാണാൻ!
സങ്കേതകുഞ്ജത്തില്വെച്ചിന്നു നിങ്ങൾതൻ
സങ്കൽപമൊക്കെത്തളിർക്കാൻ,
ആയിരം തങ്കക്കിനാവുകൾ കണ്ടുക-
ണ്ടാത്മാവു കോൾമയിർക്കൊള്ളാൻ,
പ്രാണനും പ്രാണനും കെട്ടിപ്പിടിച്ചൊരു
വേണുഗാനത്തിലലിയാൻ,
പോക നീ, പോക നീ, സദ്രസം സമ്പൂർണ്ണ-
ഭാഗദേയത്തിൻ തിടമ്പേ!
പ്രേമ: ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാ-
നുള്ളകാലംവരെത്തോഴി!
അക്കലാലോലുപമാനസം നേടുവാ-
നൊത്തതാണെൻ മഹാഭാഗ്യം.
സന്ദേശവാഹിനീ, നീ, രണ്ടുഹൃത്തിലെ
സ്പന്ദങ്ങളൊന്നിച്ചിണക്കി.
മാമകദൈവതം മേവും നികുഞ്ജക-
ശ്രീമയക്ഷേത്രത്തിലോളം,
നാണംവിലക്കിലും പോവട്ടെ നീയെന്നെ
നാളെക്കളിയാക്കരുതേ!...
-ജൂൺ 1937